Sunday, November 2, 2025

 ഉത്തരവാദിത്തങ്ങൾ  ഏറ്റെടുക്കാത്തവർക്ക്  ചുറ്റുമുള്ള  മനുഷ്യരുമായി  നന്നായി ചിരിക്കാനും  നല്ല രീതിയിൽ  പെരുമാറാനും കഴിയും ."ഞാൻ ", എന്നുള്ളത്  ഒരു വാക്ക്  മാത്രമല്ല  ,ഒരു വൻ ഉത്തരവാദിത്തമാണ് .ഞങ്ങൾ എന്നോ  നമ്മൾ എന്നോ  പറയാൻ  സാധിക്കാത്ത വണ്ണം   ചില ജീവിത യാഥാർഥ്യങ്ങൾ  ഞാൻ  എന്ന ഞാണിന്മേലങ്ങനെ   തൂങ്ങിയാടും . വെല്ലുവിളികൾക്കു പകരം പരിഹാരങ്ങളിലേക്ക്   ശ്രദ്ധിച്ചുതുടങ്ങുമ്പോൾ  എവിടെനിന്നോ  നമ്മളറിയാത്തൊരു  നമ്മൾ ഒരു കുഞ്ഞു തീ കനലായി  ഉള്ളിൽ കയറിപ്പറ്റും . ചുറ്റുമുള്ളതിനെയെല്ലാം  മറന്നു  ഈ കനൽ മെല്ലെ  ഊതി കത്തിച്ചുകൊണ്ടേയി രിക്കുക . നിങ്ങളിലേക്ക്  -നിങ്ങളുടെ  കരുത്തിലേക്ക് -,ആളുകളെ ഭയപ്പെടുത്തുന്ന  ആളലുകളിലേക്ക്‌  ആളുകൾ  ശ്രദ്ധിച്ചുതുടങ്ങും  .നമ്മൾ എന്താണ് നമുക്കിടുന്ന വില  അതുതന്നെയാവും  കാലം  നമുക്കായി  കരുതിവച്ചിരിക്കുന്നത് .ചിലപ്പോഴൊക്കെ  മുന്നോട്ടു നീങ്ങുക എന്നത് മാത്രമാവും  മുന്നോട്ടു നീങ്ങാനുള്ള ഏക മാർഗ്ഗം .

 "   സമീറ  ' എന്ന വാക്കിന്  കഥപറയുന്നവൾ  .വിനോദിപ്പിക്കുന്ന കൂട്ടുകാരി ,ആനന്ദം ,അതിരാവിലെ,കാറ്റ്  എന്നൊക്കെ അർത്ഥമുണ്ടത്രെ. ജനങ്ങളെ .ചിരിപ്പിക്കാൻ -പിടിച്ചിരുത്താൻ  സന്തോഷിപ്പിക്കാൻ എന്റെ  വാക്കുകൾക്ക് വല്ലാത്തൊരു  ശക്തിയുണ്ടെന്ന്  എനിക്ക്  തോന്നിയിട്ടുണ്ട് .ചിലപ്പോഴൊക്കെ  പലരേം  ശത്രുവാക്കാനുള്ള   ചങ്കൂറ്റവും .ഈ  അടുത്ത കാലത്താണ്  അധ്യാപികമാർ  പറയുന്ന കാര്യങ്ങൾ   അംഗീകരിക്കാൻ  സമൂഹം  തയ്യാറായിത്തുടങ്ങിയത് .അതിനുമുമ്പ് : മാഷ്" എന്നത്  എന്തോ വലിയ സംഭവവും  ടീച്ചർ  ഒന്നിനും  കൊള്ളാത്തവളുമായിരുന്നു . ഈ  ആണാവലുകളോട്  വല്ലാത്തൊരു  പുച്ഛമായിരുന്നു  എനിക്ക് .അതുമായി ബന്ധപ്പെട്ടാണ്  ആദ്യ കാലങ്ങളിൽ  കവിതകളെഴുതി ത്തുടങ്ങിയത് .കലഹങ്ങൾ  പതിവായത് .ഞാൻ  ഇന്നത്തെ  ഞാനായത് .

                                 2013 ലാണെന്നു തോന്നുന്നു .അന്ന് ഞാൻ ചുണ്ടമ്പറ്റ  സ്കൂളിൽ  കത്തിക്കയറി  പഠിപ്പിച്ചുകൊണ്ടിരിക്കുന്ന  കാലം .ചമതക്കുന്ന് എന്ന് ഓമനപ്പേരിലറിയപ്പെടുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സ്കൂൾ .പുതുതായി  പണികഴിപ്പിച്ച സ്റ്റാഫ്‌റൂമിനകത്ത് കലഹം  നിറഞ്ഞ  ഇഴയടുപ്പങ്ങളിൽ  ഞങ്ങളിരിക്കുന്നു . തെക്കുഭാഗത്ത്  റബ്ബർ കാടിന്റെ  ഇരുട്ട്,  വടക്കുഭാഗത്ത് മഴയെ വഹിച്ചുകൊണ്ട് ഓടിയോടിവന്ന കുഞ്ഞു കാറ്റിന്റെ  കുളിര്

                     ആജാനുബാഹുവായൊരു  മനുഷ്യൻ  സ്റ്റാഫ് റൂമിലേക്ക്  കയറിവരുന്നു .അയാളുടെ  ഇടതൂർന്ന കറുത്ത  താടിയിൽ വെള്ളി നാമ്പുകൾ  കിളിർത്തു  തുടങ്ങിയിരിന്നു . പതിവിലും  നീളം  കൂടിയ വിരലുകൾ താടി രോമങ്ങൾക്കിടയിലൂടെ മേലോട്ട്  സഞ്ചരിച്ചുകൊണ്ടിരിന്നു .അയാൾ  സ്റ്റാഫ്‌ റൂമിൻറെ ഇരുട്ടിലേക്ക്  എന്തോ കാര്യമായി  തിരയുന്ന  മട്ടിൽ  കണ്ണോടിച്ചു ."ഇയാളുടെ  എന്തേലും  ഇവിടെ  കളഞ്ഞു പോയോ 'ചിത്രടീച്ചർ  വായ പൊത്തി മെല്ലെ   എന്നോട് രഹസ്യം പറഞ്ഞു .

"ഇവിടെ കാര്യങ്ങള് നോക്കണ  ആണുങ്ങളാരുമില്ലേ "  

മൂപ്പരിത്തിരി  കലിപ്പിലാണ്

 ".ഇവിടുത്തെ  കാര്യങ്ങളൊക്കെ  നോക്കുന്നത് ഞങ്ങൾ  പെണ്ണുങ്ങൾ  തന്നെയാ .നിങ്ങൾക്ക്  എന്താ  വേണ്ടത് " 

ഞാൻ  ചോദിച്ചു .

മുമ്പെന്നോ  എക്സാം ഡ്യൂട്ടി യെടുത്തതിന്റെ  ഡ്യൂട്ടിസർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതായിരുന്നു .പാവം  .പ്രിൻസിപ്പാൾ ലീവായിരുന്നു  പോരാത്തതിന് പെണ്ണും.അയാളുടെ  കയ്യിൽ ഡ്യൂട്ടിസർട്ടിഫിക്കറ്റ്  എടുത്തു  കൊടുക്കുമ്പോൾ ഞാൻ  മനസ്സിൽ  പറഞ്ഞു  ഇയാളൊക്കെ  ഏതു കാലത്താ  ജീവിക്കുന്നത് .മാഷാത്രേ .......മാഷ്  .

                         ഒരു  സ്ത്രീ  വളരെ  നല്ലതെന്ന്  ആരെങ്കിലും  പറയുന്നുണ്ടെങ്കിൽ  അവരുടെ  ഏഴയലത്ത്  നിങ്ങളുടെ  പെണ്മക്കളെ  അടുപ്പിക്കരുത് .നല്ലതെന്ന്  സമൂഹം പറയുന്ന  സ്ത്രീ   അവളുടെ  സർവ്വം  മറ്റുള്ളവർക്കു  വേണ്ടി  സമർപ്പിച്ചവളാവാം  ,ഏതു നിമിഷവും  മറ്റുള്ളവർ  എന്ത് വിചാരിക്കുമെന്ന്  ചിന്തിച്ച്  തന്റെ തായ   എല്ലാ സന്തോഷങ്ങളെയും  കൊന്നു  കളഞ്ഞു  ഒന്നുറക്കെ   കരയാൻ പോലും  ഭയപ്പെടുന്നവൾ.

.അവളെ  സദാസമയം  മറ്റുള്ളവർ  ചൂഷണം  ചെയ്തുകൊണ്ടേയിരിക്കും .അവളാൽ  അവൾക്കു ചുറ്റുമുള്ളവർ   ഒന്നിനും  കൊള്ളാത്ത  മടിയന്മാരായി  വളർന്നു കൊണ്ടേ യിരിക്കും  .നമുക്കുള്ളതെല്ലാം   മറ്റുള്ളർക്ക്  നൽകിയാൽ  മാത്രമേ  അവർക്കിടയിൽ  നമുക്ക്  സ്ഥാനമുള്ളൂവെന്ന്  എപ്പോൾ  തോന്നി തുടങ്ങുന്നുവോ ,അപ്പോൾ  ആ  ഇടങ്ങളിൽ  നിന്ന്  മെല്ലെ  ഒരു യാത്ര പോലും  പറയാതെ  രക്ഷപ്പെടണം  .മരണത്തിലേക്കല്ല . അവർക്ക്  ഒരിക്കലും  എത്തിപ്പിടിക്കാനാവാത്ത  ഉയരത്തിലേക്ക് .

       എത്രയെത്ര  പെൺകുട്ടികളാണ്  ആരോടുമൊന്നും പറയാതെ  കുറച്ച്  ദിവസത്തേക്കുള്ള  വാർത്തകൾ  മാത്രമായി  നമ്മിൽ നിന്നുമിറങ്ങിപ്പോയത്. .എന്റെ  മകൾ  ഇത്രമാത്രം  വേദനകൾ  പേറിയിരുന്നെന്ന്  മരണത്തിനു ശേഷം മാത്രം  വാ തുറക്കുന്ന  മാതാപിതാക്കൾ .    മകൾ  നല്ല കുടുംബിനിയായി     ജീവിക്കുന്നത്  അവളുടെ   മറ്റേതൊരു   നേട്ടങ്ങളേ ക്കാളും   വിലപ്പെട്ടതാണെന്ന്  സ്വയം  ധരിച്ച് വച്ചിരിക്കുന്ന  വിഡ്ഢികൾ . പൊന്നുപോലെ  വളർത്തിയ  സ്വന്തം  പെണ്മക്കൾ   മറ്റൊരിടത്തെ  അടിമയായി     മാറുന്നത്  കാണാൻ ലജ്ജയില്ലാത്തവർ . ദുരഭിമാനികൾ  യദാർത്ഥ  കൊലയാളികൾ .

           കാലം  മാറി .ഇപ്പൊ  പെണ്ണുങ്ങളാകെ മാറി   എന്ന്  ചെറിയൊരു  ഭയം ആളുകളിൽ  ഉടലെടുത്തിട്ടുണ്ടെങ്കിലും ,  ഞാൻ  കേട്ട ;-അറിയുന്ന  പല അവളുകളും  ഇന്നും പഴയ  നല്ല ഭാര്യയായി .പുകയായി  നേർത്ത് നേർ ത്തില്ലാതാവാൻ  വിധിക്കപ്പെട്ടവൾ   തന്നെയാണ് .

      .അവൾ  ആത്മഹത്യ  ചെയ്തതിന്  4  ദിവസം  കഴിഞ്ഞാണ്  ഞാൻ  ആ വീട്ടിലേക്കെത്തിയത് .

       റോഡ്  നേർത്ത്  നേർത്ത്  പഴയ  വലിയൊരു  തറവാട്ട്  മുറ്റത്തേക്ക്  നീളുന്നു .

തറവാടിത്തത്തിന്റെ  എല്ലാവിധ  ആഡംബരങ്ങളും   അതിന്റെ  കോയാലയിൽ  പ്രതിഫലിക്കുന്നു . ഭർത്താവിന്റെ  ഉമ്മ ഒരിടത്തും .വാപ്പ  മറ്റൊരിടത്തും  കിടപ്പു  രോഗികളായി  കിടക്കുന്നു . 

     " നല്ല   പെങ്കുട്ട്യേർന്നു .വാപ്പാടേം .മ്മാടേം   കാര്യങ്ങള്  മുഴുവൻ  നോക്കീന്നത്  ഓളെന്നേർന്നു .നല്ല  പഠിപ്പിൻഡ്  ഓൾക്ക് ." 

പച്ച  മാക്സി  ധരിച്ച് അറുപത്  വയസ്സുതോന്നിപ്പിക്കുന്ന  ഒരു സ്ത്രീ  തണുത്ത നാരങ്ങാവെള്ളം  ഞങ്ങൾക്കുനേരെ നീട്ടി  പറഞ്ഞു .അയൽക്കാരിയാണെന്നു തോന്നുന്നു .

  "ഹോം  നഴ്‌സൊന്നും  ഇല്ലേ  ?"

ഞാൻ  ചോദിച്ചു 

"ഓലൊന്നും  നോക്ക്യാ  ശര്യാവൂല .ഞമ്മളെ  തന്തനേം  തള്ളേനേം  ഞമ്മളന്നെ  നോക്കണ്ടേ "

"അപ്പൊ  ഇവരുടെ  പെണ്മക്കൾ "?

"ഓലൊക്കെ  ഓരോ  കുടുംബായി  കയ്യിണതല്ലേ .എടക്കൊക്കെ  വന്നു  പോകും  

മരിച്ചുപോയ  സ്ത്രീയുടെ ഉമ്മ  ഒന്നും   സംസാരിക്കാനില്ലാതെ തലതാഴ്ത്തിയിരുന്നു . ലോകത്തുള്ള  സകലമാന  ദുഖങ്ങളും  അവരുടെ ചുറ്റും തൂങ്ങിയാടുന്നതായി  എനിക്ക്  തോന്നി അവരുടെ മടിയിൽ  അമ്മിഞ്ഞപ്പാലിനായി കരയുന്ന  അവളുടെ  പാവം  പെൺകുഞ് .

 എനിക്കെന്തോ  വല്ലാത്ത  അസ്വസ്ഥത  തോന്നി .നമുക്ക്  പെട്ടെന്ന്  മടങ്ങാം .ഞാൻ  കൂടെ വന്നവരോട്  പറഞ്ഞു .

കുറച്ചുനാൾ  കഴിഞ്ഞു  എനിക്കൊരു ഫോൺ 

മറുതലക്കൽ  തേങ്ങലുകൾ  മാത്രം 

" ടീച്ചറേ  ൻറെ  താത്ത  ഇത്രേം വല്യേ സങ്കടത്തിലൂടെയാണ്  കഴിഞ്ഞു പോണതെന്ന്  ഞങ്ങൾ  മനസ്സിലാക്കീല .ഞാൻ  ഹൈസ്കൂൾ  ടീച്ചറാണ് .ഓള് psc ലിസ്റ്റിൽ ഉയർന്ന റാങ്കിലുണ്ട് .അഡ്വൈസ് ഉടനെ  വരും ന്നാ  കേട്ടത് ."

ഞാൻ  ഓൾടെ  അനുജത്തിയാ 

"ഓല് വല്യേ തറവാടികളാ .അത് കണ്ട് കെട്ടിച്ചുകൊടുത്തതാ .ഞങ്ങളെപ്പോലെ ഫ്രീയായി ജീവിച്ച  പെങ്കുട്ട്യോൾക്ക് ആ രീതികളൊന്നും  ശരിയാവൂലാന്ന്  മുതിർന്നവർക്ക് മനസ്സിലായില്ല .ഓൾടെ സ്വർണ്ണം  തന്നെ ഓൾക്ക് ഒറ്റയ്ക്ക് ജീവിക്കാനുള്ള അത്രേം ഉണ്ട് .ന്നിട്ടും ഒഴിഞ്ഞു പോരാനുള്ള ധൈര്യം  ഓള് കാണിച്ചില്ലല്ലോ .ഓളെ പുതിയാപ്പിള ആണെങ്കി ഒരുപണിക്കും പോകാതെ മ്മാനേം വാപ്പാനേം നോക്കാൻ നിക്കാ . ഇഷ്ടം പോലെ മക്കളുണ്ടവർക്ക്  അവരെല്ലാം  നല്ല  ആർഭാടമായി  ജീവിക്കുന്നു .കുട്ട്യോൾക്ക് ഫീസടക്കണെങ്കി ഓൾക്ക് ഞങ്ങളോട് ചോദിക്കണ്ട അവസ്ഥയാ .ഇനി ഒന്നും പറഞ്ഞിട്ട് കാര്യല്ല .തെറ്റ് ഞങ്ങടെ ഭാഗത്താ .മറ്റുള്ളവർ എന്തുപറയുമെന്നാ ഞങ്ങള് ചിന്തിച്ചത് .ഓൾക്ക് എന്ത് പറയാനുണ്ടെന്നല്ല ."

 ആ പെൺകുട്ടിക്ക്  മരുമകൾ  എന്നത്  എത്ര  ഭാരിച്ച  വേദനിക്കുന്ന  ഉത്തരവാദിത്ത മായിരുന്നെന്ന്  എനിക്ക് ബോധ്യപ്പെട്ടത്  തിരിച്ചു  വീട്ടിലെത്തിയപ്പോഴുള്ള   മുനീറ ടീച്ചറുടെ  ഫോൺ വിളിയോടെയാണ് .

   " ഞാനിത്  ആരോടേലും  പറഞ്ഞില്ലേ  എ നിക്ക്  വല്ല അറ്റാക്കും  വന്ന്  ഞാൻ  മരിച്ചുപോയാ  ആരെങ്കിലും  അറീണ  ഒരാള്  വേണച്ചിട്ടാ  ഞാൻ  ങ്ങളെ  വിളിക്കണത് " 

   അപ്പുറത്ത്  നിന്നും  അവളുടെ  തേങ്ങൽ  എൻറെ  നെഞ്ചിലേക്കാഴ്ന്നിറങ്ങും  പോലെ. കിടപ്പുരോഗിയായ  ഭർത്താവിന്റെ ഉമ്മയെ നോക്കാൻ വരുന്ന  ഹോംനഴ്‌സുമാർ  വന്നിട്ട്  രണ്ടുദിവസം  തികയും  മുമ്പേ  തിരിച്ചു  പോണതാണ് പ്രശ്നം .

"ഞാൻ  ഈ ട്രാൻസ്ഫെറിൽ  വയനാട്ടിലേക്ക്  തെറിച്ചു ടീച്ചർ .എനിക്കെന്തു  ചെയ്യാൻ  പറ്റും .രണ്ടാളും  ജോലിക്ക്  പോയിട്ടുതന്നെ ഹോംനഴ്‌സുമാരുടെ  ശമ്പളം ,ഉമ്മാന്റെ  മരുന്ന് .മക്കളെ  പഠിത്തം  എല്ലാംകൂടി  ഒന്നിനും  തികയണില്ല . ഹൌ സിംഗ്  ലോൺ  അടക്കാതെ  പറ്റോ .വീട്  വെക്കണ്ടീരുന്നില്ല  എന്ന് ഇപ്പൊ  തോന്നാ .മടുത്തു ടീച്ചർ .എന്നെക്കൊണ്ട്  പറ്റണില്ല  ഇത്രേം  സ്ട്രെസ്സ്  താങ്ങാൻ .ഹോംനഴ്‌സുമാർ  പോണതിന്  എല്ലാരും  എന്നെയാണ്  കുറ്റം  പറീണത്  ആത്മഹത്യ ചെയ്താലോ ന്ന്  കുറെ  ആലോചിച്ചു .അപ്പൊ  ൻറെ മക്കള് എന്ത്  ചെയ്യും .വയ്യ  ടീച്ചർ ...വയ്യ "

"ഒരു  മോളുണ്ട് മ്മാക്ക്  തിരിഞ്ഞൊന്നു  നോക്കില്ല .  വേണ്ട നമ്മക്കൊരാശ്വാസത്തിന് ഒരു  വാക്കുപോലും" 

 അവൾ  നിർത്താതെ  കരച്ചിലും   പറച്ചിലും  തുടർന്നുകൊണ്ടേയിരുന്നു .അവളെ  എനിക്ക് ഒരുപാടുനാളായറിയാം .ഒരു  ഇമോഷനും  അവളെ  ബാധിക്കുന്നതായി  തോന്നിയിട്ടില്ല . എല്ലാറ്റിനോടും  മിതമായ പ്രതികരണങ്ങൾ .ആ  അവൾ  എവിടെപ്പോയി .ഒന്നും  താങ്ങാൻ  പറ്റാത്ത  വല്ലാത്തൊര വസ്ഥയിലേക്ക്  അവളെത്തപ്പെട്ടതെങ്ങിനെയാണ് .അവൾ  മാത്രമാണോ  ഈ അവസ്ഥയിലൂടെ  കടന്നു  പോകുന്നത് .അല്ല  കേരളത്തിലെ  മിക്കവാറും  ജോലിചെയ്യുന്ന  സ്ത്രീകളുടെ  നാല്പതുകൾ  ഇഴയുന്നത്  ഇങ്ങനെത്തന്നെയാണ് .

  ഞാനും  ഈ  വഴിയിലൂടെ  കടന്നു  പോയതാണ് ."ഞാൻ  '"എന്നു  പറയുന്നിടത്ത്  "ഞങ്ങൾ" എന്ന് കരുത്തോടെ  നേരിടാൻ റഷ്യാക്കയും  ഒപ്പത്തിനൊപ്പം കൂടെയുണ്ടായിരുന്നു .എന്നിട്ടും  എത്രയെത്ര  രാത്രികളിലാണ്  ആരോടും  ഒന്നും  പറയാനാവാതെ  സ്വയം  നഷ്ടപ്പെട്ട്  ഞാൻ  ഉറക്കമില്ലാതെ തിരിഞ്ഞും  മറിഞ്ഞും  കഴിച്ചുകൂട്ടിയത് .

  " ഹോംനഴ്‌സുമാരെ  ടീച്ചർ ക്കറിയാലോ .അവർക്ക്  വന്നാൽ  എന്തൊരു  നിബന്ധനകളാണ് .അതെല്ലാം  അംഗീകരിച്ച്  നമ്മൾ  നിർത്തിയാലോ രണ്ടുദിവസം  കഴിഞ്ഞാ  അവര്  പോകും . ചുറ്റും  കുടുംബക്കാരുടെ  വീടുകളാണ്  .അവരോടൊക്കെ  എൻറെ  സ്വഭാവം  മോശമാണെന്നാ  പറഞ്ഞു പോകുക "

  അവൾ  കരച്ചിൽ  നിർത്തുന്ന  ഭാവമില്ല ."നീ സമാധാനിക്ക്  എന്തെങ്കിലും മാർഗ്ഗമുണ്ടാവും . അല്ല  നിൻറെ  ഭർത്താവ്  എപ്പോഴും  പഴയപോലെ  തന്നെയാണോ .മൂപ്പരുടെ  ഭാഗത്തുനിന്ന്  വല്ല സഹായോം "

"അതൊന്നും  പറയണ്ട  ടീച്ചറെ  .മൂപ്പരുടെ  ഉമ്മയല്ലേ .എനിക്കുമില്ലേ  ഉമ്മേം  വാപ്പേം .ഞാൻ  അവരെ  ഒന്ന്  കണ്ടിട്ട്  എത്ര  നാളായെന്നറിയോ .എന്നിട്ടും  ഒരു സഹായത്തിനും  ഇയാൾ  കൂടൂല ."എല്ലായിടത്തും  മരുമക്കൾ  തന്നെയാ  അമ്മായിയമ്മമാരെ  നോക്കുന്നത് .നിനക്ക്  ജോലീടെ  അഹങ്കാരാ "എന്ന്  ഇടക്കിടെ  പറയും .ന്നാ  ലോസ്സ്  ഓഫ്  പേ  എടുക്കാന്നു  വച്ചാ  പിന്നെ  ആരോട്  പണം  കടം  വാങ്ങും .ദിവസങ്ങൾ  കഴിഞ്ഞു  പോണ്ടേ "

അവൾ  പിന്നേം  എന്തൊക്കെയോ  പറഞ്ഞു ."ഇപ്പൊ  ടീച്ചറോട്  ഇതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോ  ഇത്തിരി  ആശ്വാസമായ  പോലെ "

 പണ്ട്  കൂട്ടു കുടുംബങ്ങളായിരുന്നു . ഒരാൾ  കിടപ്പിലായാൽ  അത്  മറ്റൊരാളെ  മാത്രമായി  ബാധിക്കില്ലായിരുന്നു .സ്ത്രീകൾ  അധികവും വീട്ടിൽത്തന്നെ  ഉണ്ടാവും .എന്നാൽ  ഇന്ന്  അതല്ല  സ്ഥിതി .ജോലിസ്ഥലത്തെ  അതികഠിനമായ  സങ്കർഷങ്ങൾ  താണ്ടിയാണ്  അവൾ  വീട്ടിലെത്തുന്നത് . ഒട്ടും മാറ്റമില്ലാത്ത സാമൂഹിക  പശ്ചാത്തലത്തിൽ  വീട്  അവൾക്ക്  വിശ്രമിക്കാനുള്ള  ഇടമല്ല  മറിച്ച്  ജോലികൾ പകലത്തേതിനേക്കാൾ  ശക്തിയോടെ  തുടരാനുള്ള  ഇടമാണ് .

ഇത്  ഇപ്പോഴത്തെ  അവസ്ഥയാണ് .വരും  കാലങ്ങളിൽ  മരുമക്കൾ  ഇങ്ങനെയൊന്നും  പ്രവര്തിക്കാൻ  സാധ്യതയില്ല .അവരെല്ലാം  പലയിടങ്ങളിലേക്ക്  ചേക്കേറിക്കഴിഞ്ഞു .മനുഷ്യരെല്ലാം  തനിച്ചാകുന്ന  വാർധക്യ  കാലങ്ങളാണ്  ഇപ്പോഴും  പലയിടങ്ങളിലും . പക്ഷേ പുറമേനിന്ന്   നോക്കുമ്പോൾ ശരിയെന്ന്  തോന്നുന്ന പലമരുമക്കളും  ആരുമറിയാതെ  ഇങ്ങനെ  കുറ്റപ്പെടുത്തലുകളിൽ  നീറി നീറി  കരിഞ്ഞുപോകുന്നു . 

ഒരാൾ  മരിച്ചാൽ  പിറവിയെടുക്കുന്ന  ധാരാളം  ബന്ധുക്കളുണ്ടാകും . അപ്പൊ  അവർ  രക്തബന്ധമുള്ളവരാകും . ഒരു  നേരത്തെ  കൂട്ടിരുപ്പിനു  പോലും  മടികാണിച്ചിരുന്നവർ  ചടങ്ങുകളിൽ  സജീവ  സാനിധ്യമാകും . മരിച്ചു  പോയയാളുടെ  മുഹബ്ബത്തുകൾ  അവർ  നിർത്താതെ  പറഞ്ഞുകൊണ്ടിരിക്കും.കുറ്റവാളികളെ പ്പോലെ  മരുമക്കൾ  തലതാഴ്ത്തിയിരിക്കുന്നുണ്ടാവും  .എനിക്ക്  സ്വന്തക്കാരോട്   പറയാനുള്ളത് .ആങ്ങളയായും .അനിയത്തിയായും  നിങ്ങൾ ഉണ്ടായിരിക്കുമ്പോൾ  തന്നെ  ആശ്രിതരെ  തേടി നിങ്ങളുടെ  പ്രിയപ്പെട്ടവരെ നോക്കാൻ  ഈ വീട്ടുകാർ  കഷ്ട്ടപ്പെട്ടിരുന്നത്  നിങ്ങൾ  ശ്രദ്ധിച്ചിരുന്നില്ലേ .ഒരു  ദിവസമെങ്കിലും ..വേണ്ട  ഒരു നേരമെങ്കിലും  ജീവിച്ചിരിക്കുമ്പോൾ  അവർക്ക്  ആശ്വാസമാവാൻ  നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ  നിങ്ങൾ  ധൈര്യമായി  കരഞ്ഞുകൊള്ളുക . അല്ലെങ്കിൽ  നിങ്ങൾ കാണിച്ചുകൂട്ടുന്ന  കോപ്രായങ്ങൾ മടക്കി  പെട്ടിയിലാക്കി  മടങ്ങിപ്പോയിക്കൊള്ളുക .മരിച്ചുകഴിഞ്ഞതിന്  ശേഷമല്ല  ജീവിച്ചിരിക്കുമ്പോളായിരുന്നു  അവർ നിങ്ങളെ  ആവശ്യപ്പെട്ടിരുന്നത്.

   



No comments:

Post a Comment