നീ ജയിച്ചു .............ഞാൻ തോറ്റു
നമ്മൾ തോറ്റു തൊപ്പിയിട്ടു .
എനിക്കറിയാം നിന്റെകയ്യിൽ
തുണ്ടുണ്ടെന്ന് .
ഇന്നലെ ഫോട്ടോസ്റ്റാറ്റ് കടയിൽ
തിക്കി തിരക്കി
പലരൂപത്തിൽ -ഭാവത്തിൽ
നീ
ഉരുട്ടിയും പരത്തിയുമെടുത്തത് .
നിനക്കറിയാം
ഞാൻ
ഇമവെട്ടാതെ നോക്കുന്നുണ്ടെന്ന് .
ഒരു നല്ലകാര്യത്തിനും സമ്മതിക്കാത്ത
തന്ത വൈബ്
നിശ്ശബ്ദതയുടെ മുൾമുനകൾ കൂർപ്പിച്ച് .
നിന്നെ പിടിച്ചാലും
പിടിച്ചില്ലേലും
ഞാൻ പിടിക്കപ്പെടും .
നിനക്കറിയാത്ത -ഞാൻ
നിസ്സഹായതയുടെ ഒടിഞ്ഞ
ചൂരൽ വടി .
ഞാനറിയാതെ നീ
തുണ്ട് പുറത്തെടുക്കണം .
ഞാൻ കാണാതെ നീ
അത്
പകർത്തിയെഴുതണം .
ഒരു കള്ളലക്ഷണവുമില്ലാതെ
പറ്റിച്ചും -പറ്റിക്കപ്പെട്ടും
വളരുന്ന മലയാളിക്കൊരു
മാതൃകയാണ് നീ.
എ പ്ലസിലെത്തുക -വിജയശതമാനം കൂട്ടുക
നിനക്ക് സാമൂഹത്തോടുള്ള
ഒരേയൊരു ബാധ്യത .
ഞങ്ങൾ ആവർത്തിച്ചുറപ്പിച്ചത് ;
ആഴത്തിൽ വേരോടിയത് .
നിന്നെ ഇന്നത്തെ നീയാക്കിയത് .
തടയാനുള്ള പലശ്രമങ്ങളും
എൻറെ ഭാഗത്തു നിന്നുണ്ടാവും .
തോറ്റു പിന്മാറരുത് .
അമ്മയുടെ തലക്കടിച്ചപ്പോൾ
മരവിച്ച മനസ്സാക്ഷി
നിന്റെയീ ചെറിയതെറ്റിനായി
ഉണർന്നു പ്രവർത്തി ക്കാൻ
ഇടയില്ല .
ധൈര്യമായി
തെറ്റു ചെയ്ത്
ശീലിക്കൂ .
ആർക്കും നമ്മളെ ഒന്നും ചെയ്യാനാവില്ലെന്ന്
സുഹൃത്തിന്റെ പ്രാണനെടുത്ത്
പതിനാലുകാരൻ ആക്രോശിച്ചപോൽ
കണ്ണുനീർ -കിനിയാതെ
കണ്ണുനീരിലലിയാതെ
ആരോടും -ഒന്നിനോടും
ഒന്നും ---------------
കിട്ടിയത്
സുഹൃത്തുക്കൾക്കു കൂടി
കൈമാറൂ .
ഒരു ചെറിയ സൂചന പോലും
പുറം ലോകത്തിനു നൽകാതെ
ലഹരി കൈമാറുന്ന
അതേ വേഗത്തിൽ
കരുതലിൽ
പടർന്നു -പന്തലിച്ച്
അതിരുകൾ
ലംഘിച്ച് .
കുത്തിയും -
കൊലവിളി നടത്തിയും
ജയിച്ചു വന്നതാണ് നീ .
ജീവിക്കാൻ മറ്റു മാർഗ്ഗമറിയായ്കയാൽ
തോറ്റു വന്നതാണ് ഞാൻ .
ഞാൻ സമൂഹത്തിന്റെ
പൊതു ശത്രു .
ബെല്ലടിച്ചാൽ
പേപ്പർ കെട്ടിയാൽ
പിന്നെ
നിനക്ക് -നിന്റെ വഴി
എനിക്ക് -എന്റെ വഴി
സമീറ .പി .പി