Saturday, September 6, 2025

"  തീരെ  ഉറങ്ങിയില്ലല്ലേ നിനക്കെന്താ  പ്രാന്താണോ  .അതുവരെ  എത്തണ്ടേ " റഷ്യാക്ക നീരസം  പ്രകടിപ്പിച്ചു ." അത് സാരല്ല  KSRTC  യിൽ  കയറിയാൽ  ഇഷ്ടം  പോലെ  ഉറങ്ങാലോ  .ഞാൻ  ധൃതിയിൽ  താഴേക്കിറങ്ങി .ഈ  ധൃതിവക്കൽ  തുടങ്ങിയിട്ട്  ഒരുപാട്  വർഷങ്ങളായി  .ഞാൻ  എവിടേക്കെങ്കിലും  പോകുന്നുണ്ടെന്നറിഞ്ഞാൽ  തലേന്ന്  രാത്രി  ഉമ്മ തീരെ  ഉറങ്ങിയിട്ടുണ്ടാവില്ല .ഞാൻ  പുറപ്പെടാനൊരുങ്ങുന്ന  ചെറിയ  ശബ്ദങ്ങൾക്കായി  കാത്തിരിക്കും .

പിന്നെ  ആവശ്യങ്ങളുടെ  ഒരു നീണ്ട  നിരയായിരിക്കും  .പലപ്പോഴും  തലേന്ന്  പുറപ്പെടുന്ന  കാര്യം  ഞാൻ  സംസാരിക്കാറേയില്ല  .പിന്നെ  കരച്ചിലായി  പരാതിയും  പരിഭവങ്ങളുമായി  ,ഉറക്കമില്ലായ്മയായി 

കാറിൽ  പെരിന്തൽമണ്ണ  ബസ്റ്റാണ്ടിലേക്കാകണം  .റഷ്യാക്ക  വണ്ടിയോടിക്കുന്നു  .റോഡിനിരുവശവും  നടക്കാനിറങ്ങിയവരുടെ  നീണ്ട നിര  .ശ്രദ്ധിക്കാതെ ഓടിച്ചാൽ  ആരെങ്കിലും  തട്ടിപ്പോകുമോ  എന്ന്  ഭയന്നാണ്  യാത്ര .സ്റ്റാൻഡിലേക്ക്  കയറിയ ഉടൻ  കൈകാണിച്ച  ksrtc  എന്താണെന്നറിയില്ല  നിർത്താതെ  പോയി .തൊട്ടു പിറകെ തന്നെ  കോയമ്പത്തൂർ  ബസ് വന്നു . ഇരുട്ട്  വെളിച്ചത്തിലേക്ക്  മെല്ലെ  കാലെടുത്തു  വെക്കുന്നേയുള്ളൂ .ഡ്രൈവർക്ക് തൊട്ടുപിറകിലെ  സീറ്റിലായി  ഞാനിരുന്നു . ആളുകൾ  കുറവാണ്  ബസ്സിൽ . എൻറെ  കറുത്ത  ബാഗ് ഞാൻ  സീറ്റിൽ  വിശാലമായി  വച്ചു .മുന്നിലെ  സീറ്റിലിരിക്കരുത്  അപകടമാണ്  റഷ്യാക്കാ  ഇടയ്ക്കിടെ  ഓർമ്മിപ്പിക്കുമെങ്കിലും  പിന്നിലെ  സീറ്റുകളിൽ  കാലെത്തില്ല .കാഴ്ചകിട്ടില്ല  ഈ  രണ്ടസൗകര്യങ്ങൾ  കണക്കിലെടുത്ത് ഞാനെപ്പോഴും  മുൻസീറ്റുതന്നെ  തിരഞ്ഞെടുക്കും .

ഒരു വർഷം  ഞാനീ ആനവണ്ടിയിൽ  യാത്രചെയ്തു .സ്വന്തമെന്നൊരു  തോന്നൽ എത്തുമെന്നൊരുറപ്പ്  .മതിവരുവോളം  കാറ്റ്  വെളിച്ചം .മഞ്ഞു  വകഞ്ഞുമാറ്റി  സൂര്യൻ  കയറിവരുന്നത്  ഒരുപാട്  നീളത്തിൽ  കാണാനൊക്കും  ഈ  പാലക്കാട്  കോഴിക്കോട്  റൂട്ടിൽ . മണ്ണാർക്കാടെത്തുംന്നവരെ നല്ല റോഡാണ് .റോഡുവക്കിലെ  ആൽമരങ്ങൾക്കിടയിലൂടെ  ഒളിഞ്ഞും  തെളിഞ്ഞും ചുവന്നുതുടുത്ത  സൂര്യൻറെ  സൗന്ദര്യം  ഞാനന്ന്  മതിവരുവോളം  ആസ്വദിച്ചു .ഇത്രനാൾ  കൂടെസഞ്ചരിച്ചിട്ടും  ഞാനൊട്ടുമേ  ശ്രദ്ധിച്ചതില്ലാത്ത  വശ്യമനോഹാരിത .

  ജീവിതത്തിൽ  വരുന്ന  എല്ലാ  ബുദ്ധിമുട്ടുകളെയും  എങ്ങനെ  മാനസികോല്ലാസത്തിനുള്ള  വഴികളാക്കി  മാറ്റാമെന്ന്  ഞാനെന്നോടുതന്നെ  ചോദിക്കും  ഇത്രയധികം  സമയം  ഒരുജോലിയും  ചെയ്യാതെ  ചിന്തിച്ചു  ചിന്തിച്ചു കാടുകയറാൻ  പറ്റുന്നുണ്ടല്ലോ  .അല്ലെങ്കിൽ  ജോലിക്കാരിയായൊരു  സ്ത്രീക്ക് എവിടുന്നു  കിട്ടും  ഇതുപോലെ  റീ ലാ ക്സ്  ചെയ്യാനുള്ള  സമയം

പുലർച്ചെ  എഴുന്നേൽക്കുന്നതുകൊണ്ട്  ഈ  റൂട്ടിലെത്തിയാൽ  ഉറക്കമെനിക്ക്  പതിവാണ് "മണ്ണാർക്കാടെത്തിയാൽ  എന്നെ  ഒന്നു വിളിക്കണേ " കണ്ടക്ടറോട്  ഞാൻ  പതിവുപോലെ  പറഞ്ഞേൽപ്പിച്ചു .പതിവു  ചിരിയിൽ  അയാൾ സമ്മതം  മൂളി .ഉറക്കത്തിലെപ്പോഴോ  ബസ് ഒരുസഡൻ ബ്രേക്കിട്ടു  നിന്നപോലെ  .പാതി  ഉറക്കത്തിൽ  എൻറെ  തൊട്ടടുത്ത്  ഏകദേശം  45 നു മുകളിൽ പ്രായമുള്ള  ഒരു  സ്ത്രീ  വന്നിരുന്നു .മുമ്പെപ്പോഴോ  ഞാനവരെ  കണ്ടിട്ടുണ്ട്  .അഗളി  ഏതോ ഓഫിസിൽ  വർക്ക്  ചെയ്യുന്നു .  അവർ  എൻറെ  തൊട്ടടുത്തിരുന്നു .ബേബി  പിങ്ക്  നിറത്തിലുള്ള  ചുരിദാറിനു  പിറകിൽ   തലമുടി  പെയ്തുകൊണ്ടേയിരിക്കുന്നു . പിൻഭാഗമാകെ  നനഞ്ഞു   കുതിർന്ന  അവരെക്കണ്ട്  എനിക്കെന്തോ  വല്ലാത്ത  അസ്വസ്ഥത  തോന്നി  .അവർ  ഫോണിൽ  മക്കളോട്  ദേഷ്യം  പിടിക്കുന്നു  ." ഞാനെങ്ങനെയാണ്  അതൊക്കെ  ഉണ്ടാക്കിവച്ച്  ഈ  ബസ്സിൽ  കേറിയതെന്ന്  നിങ്ങള്ക്കാര്ക്കേലും  അറിയോ . അവനോട്  ഞാനെന്നെ  ബസ്റ്റോപ്  വരെ  ആക്കാൻ  പറഞ്ഞിട്ട്  അവന്  സൗകര്യമില്ല  .രാത്രി  മുഴുവൻ  ഫോണിൽ  തോണ്ടിക്കൊണ്ടിരുന്നാ  പിന്നെങ്ങനെ  ഉണരാനൊക്കും  .അച്ഛൻ  നീട്ടിട്ടില്ലേ .ഞാനൊരുകാര്യം  പറയാം  .ഈ  പോക്കാണ്  നിങ്ങൾ  ഇനീം  തുടരാൻ  പോണെങ്കി  അമ്മ  അധികകാലം  ഉണ്ടാവുമെന്ന്  തോന്നണില്ല .അവിടെ  ഉണ്ടാക്കി  വച്ചതെടുത്ത്  കഴിച്ച്  ക്ലാസ്സിപ്പോവാൻ  നോക്ക് "

"അഗളിയാണെന്നല്ലേ  അന്ന്  പറഞ്ഞത് " ഞാനവരെ  ഒന്ന്  ശാന്തമാക്കാൻ  ശ്രമിച്ചു .അതെ  ടീച്ചറിപ്പോഴും  ഷോളയൂർ  തന്നെയാണോ 

അല്ല  ഞാൻ  ട്രാന്സ്ഫെറായിട്ട്  ഒരുവർഷമായി  .ഇന്ന്  കുട്ടികളുടെ  സെന്റോഫ്  ഓർമ്മകളൊന്നു  പൊടിതട്ടിയെടുക്കാൻ  ഇറങ്ങിയതാ .

"ഭീകരമായ  ഓർമ്മകൾ  അല്ലേ " അവരൊന്നു  ചിരിച്ചു 

"അല്ല  ഓർമ്മകൾക്ക്  നല്ല  മധുരമുണ്ട്  ,അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ  വേദനാജനകമായിരുന്ന പലതും  ഇപ്പൊ  ഓർക്കുമ്പോ വല്ലാത്ത  സുഖം  ആസ്വദിക്കാനായില്ലല്ലോ  എന്ന  കുറ്റബോധം  ..നമ്മൾ  വീടിനെക്കുറിച്ചും   ,വീട്ടുകാരെക്കുറിച്ചും  മാത്രം  ചിന്തിച്ചുകൊണ്ടിരിക്കുന്നു .വീട്  വിട്ടാൽ  തിരിച്ചെത്തും  വരെ ഒരെണ്ണത്തിനേം  ഓർക്കരുത് .ഫോണങ്  സ്വിച്ച്ഓഫ് ആക്കി  വച്ചെക്കണം ."

അവർ  ഒന്നും  മിണ്ടാതെ  പുറത്തേക്ക്  നോക്കിയിരുന്നു ." ചുരിദാറിൻറെ  ബാക്കിലാകെ  നനഞ്ഞു ല്ലേ  പെരിയഡ്‌സ്  ആയിരുന്നു  ഒന്നു  നോക്കൂ  ടീച്ചർ ." അവർ  സീറ്റിൽ  നിന്നെഴുന്നേറ്റു  .

" കൊഴപ്പമില്ല  ചേച്ചി ചുരിദാറിനു  പിറകിൽ  നല്ല  മിറർ വർക്കുണ്ടല്ലേ '

"പിറകിലോ .അയ്യോ  ഞാൻ  ചുരിദാർ  തിരിച്ചിട്ടെന്നാ  തോന്നണേ .ഇനീപ്പോ  എന്താ  ചെയ്യാ "അവരാകെ  വെപ്രാളപ്പെടാൻ  തുടങ്ങി .

"സാരല്ല  നമുക്ക്  മണ്ണാർക്കാട്  സ്റ്റാൻഡിൽ  വാഷ്‌റൂമിൽ  കയറി  മാറാം "

"ദൈവാ  ടീച്ചറെ  എന്റെ സീറ്റിനടുത്തെത്തിച്ചത് .അല്ലേൽ  ഞാനാകെ  ടെൻഷനടിച്ച്  ചത്തുപോയേനെ .ഓഫിസിൽ  ഇങ്ങനെ  ചെന്നിറങ്യാ .അല്ലേല്ത്തന്നെ  ഒരോരുത്തന്മാരുടെ  നോട്ടം  കണ്ടാ  ഒറ്റവെട്ടിന്  കൊല്ലാൻ  തോന്നും . തടി  കൂടുതലുള്ളതാ  അവർക്കിടയിൽ  എന്നെ  പരിഹാസപാത്രമാക്കിയത്  .എന്തൊക്കെ  ചെയ്തിട്ടും  തടികുറയുന്നില്ല  .ഹുസ്ബന്റിനിപ്പോ  ഞാൻ  ഒരു  കോമഡി  കഥാപാത്രം  മാത്രമാണ് . അയാളെന്നെ  ഒന്ന്  ഉമ്മവെച്ചിട്ടു  ഏഴുകൊല്ലമെങ്കിലും  ആയിക്കാണും .നമ്മളും  മനുഷ്യരല്ലേ  നമുക്കുമില്ലേ  പരിഗണിക്കപ്പെടാനുള്ള  ആഗ്രഹങ്ങൾ ." നിന്നെക്കണ്ടാൽ  എനിക്കൊന്നും  തോന്നുന്നില്ല " അയാളുടെ  സ്ഥിരം  ഡയലോഗാണിത്


  കൃത്യനിഷ്ഠ                                accidents

ഒരുപാട്  നന്മകളെ  

സമയത്തിൽ  മുക്കി 

നിർവീര്യമാക്കുന്ന  വിധം .

          രാവിലെ  ജോലിസ്ഥലത്തെത്തും  മുമ്പ്  ഒരു  സ്ത്രീ  അനുഭവിച്ചു  കൂട്ടുന്ന  യാതനകളെ  കുറിച്ച്  നിങ്ങളെപ്പോഴെങ്കിലും  ചിന്തിട്ടുണ്ടോ .നെഞ്ചിൽ  തീക്കനലായി     തീൻ  മേശയുടെ  തറക്കലുകളിലേക്ക്  സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ  സ്വയം നഷ്ടപ്പെടുന്ന  അവളുടെ  ആത്മാഭിമാനത്തെ ഏതു  ത്യാഗത്തിൻറെ  പുണ്യപുസ്തകത്തിലാണ് നിങ്ങൾ അടക്കം  ചെയ്തു  വച്ചിരിക്കുന്നത് .

   ക്ലാസ്സില്ലാത്ത ചിലർ  തമാശ  പറഞ്ഞു  ചിരിച്ചിരിക്കയാണ്  സ്റ്റാഫ്  റൂമിൽ.

 ഫെമിനിസത്തെക്കുറിച്ചും  ,സ്ത്രീ  വിരുദ്ധമായ  ചിന്താഗതികളെക്കുറിച്ചും  പുരുഷന്മാർ  വാതോരാതെ  സംസാരിക്കുന്നു .

"  നിങ്ങളൊക്കെ  ഇത്ര  മാറിയോ . വിദ്യാഭ്യാസത്തിന്റെ  ഒരു  ശക്തി "

സ്ത്രീകൾക്ക് വേണ്ടി  എപ്പോഴും  ഒച്ചവച്ചുകൊണ്ടിരിക്കുന്ന  റീന  ടീച്ചർ  തന്റെ  സഹപ്രവർത്തകരുടെ  ഉയർച്ചയിൽ  അഭിമാനം  കൊണ്ടു .

" എൻറെ  പൊന്നു  ചങ്ങാതിമാരെ  ഞങ്ങളോടൊപ്പം   ജോലി  ചെയ്തതുകൊണ്ടാ  നിങ്ങളൊക്കെ ഇത്ര  നിലവാരമുള്ളവരായി  മാറിയത് .അന്ന്  കഴിഞ്ഞയാഴ്ച  ഞാൻ  ഒരു  ട്രെയിനിങ് ന്  പോയീല്ലേ  .പകുതിയിലധികവും  സ്ത്രീകളായിരുന്നു .എന്നിട്ടും  വിരലിലെണ്ണാവുന്ന  ആണുങ്ങൾ  അവരുടെ  ചുറ്റുമുള്ള  സ്ത്രീകളെക്കുറിച്ച്  പറയുന്ന  നിലവാരം  കുറഞ്ഞ  തമാശകൾ  കേട്ട്  വല്ലാത്ത  സങ്കടം  തോന്നി .ഇവരൊക്കെ  ഇനി  എന്നു  മാറാനാ " 

" പേടികൊണ്ടാ  ടീച്ചറേ .ഇവിടെ  അങ്ങനെ  എന്തേലും  പറഞ്ഞാ  പിന്നെ  ഓൻ  ജീവനോടെ  ണ്ടാവോ " സുമേഷ്  ചെറുപ്പത്തിന്റെ നിഷ്കളങ്കത  വിരിച്ചിട്ടു .

 " ഇപ്പൊ  നമ്മൾ  പരസ്പരം  തുറന്നു  സംസാരിക്കുന്നു . കൂടെ  വർക്ക്  ചെയ്യുന്ന  സ്ത്രീ  അനുഭവിച്ചു  കൊണ്ടിരിക്കുന്ന  ശാരീരിക  മാനസിക  പ്രയാസങ്ങളെക്കുറിച്ച്  മിക്ക  ആണുങ്ങളും  ബോധവാന്മാരാണ് "

 ഉദയൻ  മാഷ്  കുറച്ച്  ആവേശം  കൊണ്ട  മട്ടാണ് .

 " കൂടെ  കിടക്കുന്ന  സ്ത്രീകളെക്കുറിച്ച്  പലവൻ മാർക്കുമറിയാത്തതാണ്  യഥാര്ത്ഥ  പ്രശ്നം "

 ഡിവേഴ്സിനു  വക്കിലെത്തി നിൽക്കുന്ന  ശാരിക  ടീച്ചർ  കലിപ്പോടെ  മുന്നിലിരിക്കുന്ന  ചോക്കു  പെട്ടിയെടുത്ത്   അതിൽ  നിന്നൊരു  ചോക്കെടുത്ത്  മേശയിലോരൊറ്റ  കുത്ത് .

ചോക്കു  പൊട്ടി  ചിതറി    തൊട്ടപ്പുറത്തിരിക്കുന്ന S 1 A  ക്ലാസ്സിന്റെ  തുറന്നു  വച്ച റെജിസ്റ്ററിൽ  ചെന്നു  വീണു .

 ഉദയൻ  മാഷ്  തുടർന്നു .

"  അന്ന്   ഹയർ  സെക്കണ്ടറിയിൽ  ഗസ്റ്റുകൾ  മാത്രമുള്ള  കാലം  .ടീച്ചർമാർക്ക് ചുരിദാറിടാനുള്ള  പെര്മിഷൻ  ഇല്ലാത്തകാലം  ഒരു  ടീച്ചർ .9 45  ന് നേരം  വൈകി  ക്ലാസ്സിലേക്കോടിക്കേറി . ആ  പീരീഡ്  കഴിഞ്ഞു  സ്റ്റാഫ്  റൂമിലേക്ക്  വന്നു  കയറിയപ്പഴാ  എല്ലാരും  കണ്ടത് സാരി  ഞൊറിഞ്ഞെടുത്തതിന്റെ  ഇടതുഭാഗത്ത്‌ കുത്തിത്തിരുകി  വച്ചിരിക്കുന്നു  അവർക്ക്  അന്നിടാനുള്ള  ജെട്ടി ."

ടീച്ചര്മാരെല്ലാം  പെട്ടെന്നു  തലതാഴ്ത്തി .

 "നിങ്ങളെ  വിഷമിപ്പിക്കാനോ  അവരെ  കളിയാക്കാനോ  അല്ല  .ജോലിക്ക്  പുറപ്പെടുന്ന  സ്ത്രീകൾ  അനുഭവിക്കുന്ന  ദയനീയാവസ്ഥകളെ   അന്നുമുതലാണ്  ഞാൻ  മനസ്സിലാക്കി  തുടങ്ങിയത് "

"  ഒരുകുടുംബം  നിലനിന്നു  പോകുന്നത്  ഒരുപരിധിവരെ  സ്ത്രീകളുടെ  ഈ  കീഴടങ്ങലുകളിലാണ്  .അവരന്ന് സ്റ്റാഫ്  റൂമിലിരുന്ന്  സങ്കടപ്പെട്ട്‌  കുറെ കരയുന്നത്  കണ്ടു  .ആളുകളെ  ഫേസ്  ചെയ്യാനാകാതെ ."

 ഈ  സംഭവ കഥ  ഒരിക്കൽ  വാല്യൂ ഷൻ  ക്യാമ്പിൽ  ലഞ്ച്  ബ്രേക്കിന്റെ  സമയത്തിരുന്നു  ഞാൻ  വിവരിച്ചു .

"നമ്മളൊക്കെ  അങ്ങനെത്തന്നെയല്ലേ  ടീച്ചറെ .സ്കൂളിന്റെ  പടിചവിട്ടുമ്പോഴാണ്  നമ്മൾ  ജീവനുള്ള  മനുഷ്യർ തന്നെയാണല്ലോ  എന്ന്  ചിന്തിച്ചു പോകുന്നത് . സത്യത്തിൽ  ജോലിയില്ലാത്ത  സ്ത്രീകളേക്കാൾ  അടിമകളല്ലേ  നമ്മൾ .സമാധാനത്തോടെ  ഒന്നുറങ്ങാൻ  പറ്റാറുണ്ടോ  നമുക്ക് .പണിക്ക്  പോകുന്ന  സ്ത്രീകളോട്  ആളുകൾക്കൊരു  സിംപതിയൊക്കെയുണ്ട്  .എന്നാ  നമ്മൾ  ജോലിക്കാരല്ലേ  .പഠിക്കുന്ന  കാലത്ത്  പട്ടിയെപ്പോലിരുന്നു  മോങ്ങി .ഇപ്പൊ  പോത്തിനെപ്പോലെ  പണിയെടുക്കുന്നു "

സോന  ടീച്ചർ  ആകെ  കലിപ്പിലാണ് 

"ഇപ്പൊ  ഉള്ള  ന്യൂ  ജെൻ  ഭർത്താക്കന്മാർ എത്ര  അണ്ടർസ്റ്റാന്ഡിങ്  ആണ് .നമ്മൾ ഈ  50 ,40 വയസ്സുകാർക്കാണ്  ഏറ്റവും  വലിയ  പ്രശ്നം .മോളീന്ന്  വീഴും  ചെയ്തു  ,കീഴോട്ട്  എത്തീട്ടൂല്ല "

'സോന  ടീച്ചർ  പറഞ്ഞത്  തന്നെയാണ്  ശരി .പഴയ  തലമുറയുടെ  ദുശ്ശാഠ്യങ്ങളും  പുതിയ  തലമുറയുടെ  സ്വാതന്ത്ര്യ  ബോധത്തിനുമിടയിൽ വീർപ്പുമുട്ടിയ  ജന്മങ്ങളാണ്  നമ്മൾ .വേഗത  കുറഞ്ഞൊരു  കാലഘട്ടത്തിൽ  പിറന്ന്  ഏറ്റവും  വേഗതകൂടിയ  യൗവ്വനങ്ങളിൽ  കിതക്കുന്നവർ "

 അമ്പിളി  ടീച്ചർ  ഇത്തിരി  സാഹിത്യം  കൂട്ടി  വിളമ്പി .

 എൻറെ  സ്കൂളിലേക്കുള്ള  മിക്ക  യാത്രകളും  ഇങ്ങനെത്തന്നെയായിരുന്നല്ലോ .

ആരൊക്കെ  എന്തൊക്കെ പറഞ്ഞാലും  എല്ലാ  ജീവവായുവും  ഊതിക്കെടുതിയാവും  ഞാൻ  രാവിലെ  സ്കൂളിലെത്തുന്നത് .നമുക്ക്  സന്തോഷത്തിനു  വേണ്ടി  ചെയ്യുന്ന എന്തോഒരു  നേരംപോക്ക്  പോലെയായിരുന്നു  ചുറ്റുമുള്ള  ആളുകളുടെ  കാഴ്ച്ചപ്പാട്‌ .വീട്ടു  ജോലിക്ക്  സ്ഥിരം  ആളുകളുള്ള ,നാലുപാടും  സ്നേഹിക്കാൻ  ആളുകളുള്ള ,പറയത്തക്ക  സാമ്പത്തിക  പ്രയാസങ്ങളില്ലാത്ത  ഞാൻ  ഇങ്ങനെയൊക്കെ  കടന്നു  പോയിട്ടുണ്ടെങ്കിൽ  ഇതെല്ലാമുള്ള  ഒരു  സ്ത്രീ  എത്ര  മാനസിക  പ്രയാസങ്ങളിലൂടെയാവും  ജോലിസ്ഥലത്ത്  എത്തിയിട്ടുണ്ടാവുക .

    അന്നും ഇതേ  തിരക്കുകളിലൂടെ   ഞാൻ  തിടുക്കപ്പെട്ടോടി . സമയം  8. 45  ഇനി  വെറും 15  മിനുറ്റ് . പുറത്തിറങ്ങാൻ  നോക്കുന്ന  നേരം  മഴ . സ്കൂട്ടേറെടുക്കാനാവില്ല  .എനിക്ക്  റൈൻ കോട്ടിട്ട്  വണ്ടിയോടിക്കാൻ  ഇഷ്ടമില്ല  .സ്കൂളിലേക്ക്  10 മിനുറ്റ്  ദൂരമേയുള്ളൂ  .കാറോടിക്കാനും  അറിയില്ല .

"റഷ്യാക്കാ  ഒന്ന്  കൊണ്ടാക്കിത്തരോ  .നല്ല  മഴ "

ഞാൻ  പതിവുപോലെ  ചോദിച്ചു 

"അഞ്ചു  മിനുറ്റ്  ഞാൻ കുളിക്കാണ്  .ഇപ്പൊ  വരാം "

റഷ്യാക്ക ബാത്റൂമിൽ  നിന്നും  വിളിച്ചുപറഞ്ഞു  .

 "അഞ്ചു  മിനുറ്റ്   വല്യേ  സമയമാണ്  റഷ്യാക്കാ  ഞാൻ  സ്കൂട്ടറിൽ  പൊയ്ക്കോളാ "

സത്യത്തിൽ  പുറത്തുള്ള  മഴയേക്കാൾ  വല്യേ  പെയ്ത്തായിരുന്നു  എൻറെ  കണ്ണിൽ  .ഹെൽമെറ്റ്  കൂടെയിട്ടപ്പോൾ  ശരിക്കും  കണ്ണു  കാണാത്ത  പോലെ .

മനസ്സു  നിറയെ  ചിന്തകളായിരുന്നു  .റഷ്യാക്കാക്ക്  പത്തു  മണി ക്കല്ലെ  ക്ലാസ്സൊള്ളൂ  .എന്നെ  കൊണ്ടാക്കീട്ട്  കുളിച്ചാ  പോരെ .

 ചിന്തകളങ്ങനെ  കാടുകയറി  .എൻറെ  ചുറ്റും  ഒരുപാട്  ജീവനുള്ള  മനുഷ്യർ . മുകളിൽ  ആകാശം  .

എൻറെ  വീട്ടിൽ  നിന്നും  വെറും  50  മീറ്റർ  ദൂരത്തിൽ  മെയിൻ  റോഡിലേക്ക്  തിരിയുമ്പോ  നേരെ  കൊണ്ടുപോയിക്കൊടുത്തത്  ഒരു വെളുത്ത  സ്വിഫ്റ്റ്  ഡിസൈർ  കാറിൽ .

 വെളുത്ത  ഷർട്ടും ,കറുത്ത പാന്റ്‌സും  ധരിച്ച  മാന്യനായൊരു  ചെറുപ്പക്കാരൻ  ഭയന്ന്  വിറങ്ങലിച്ചു  നിൽക്കുന്നു . തെറ്റു  ചെയ്തതത്  ഞാനാണെന്ന്  അവനും  അവിടെ  കൂടിയിരിക്കുന്നവർക്കുമറിയാം . എന്നിട്ടും  വല്ലാത്തോരു  കരുതലോടെ  ആരൊക്കെയോ  എന്നെ  പിടിച്ചെഴുന്നേൽപ്പിച്ചു . 

"റഷീദ്  മാഷേ  വിളിക്ക് . നിറയെ   പേടിച്ച ആളുകളുടെ  അന്വേഷണങ്ങൾ "

' വിളിക്കണ്ട  എനിക്കൊന്നും  പറ്റി ട്ടില്ല ."രാവിലത്തെ  വാശി  എന്നിൽ പകവീട്ടാൻ  സടകുടഞ്ഞെഴുന്നേറ്റു 

വിറക്കുന്ന  കാലുകളോടെ  ഞാൻ  എൻറെ  ചുവന്ന  സ്‌കൂട്ടീ  പെപ്  സ്റ്റാർട്ട്  ചെയ്തു . എവിടെയാണ്  വേദനയെന്നറിയില്ല  .എന്തോ  ഒരു  മരവിപ്പ് .കാറിൻറെ  ഒരു  സൈഡ്  മുഴുവൻ  ഞെളുങ്ങിയിട്ടും  സ്വിഫ്റ്റ് കാരൻ  എന്നോട് ഒന്നും  പറഞ്ഞില്ല  .ഞാൻ  ജീവനോടെയുണ്ടല്ലോ  എന്നാവും  അയാൾ  സമാധാനിച്ചത് .

"എനിക്ക്  ഒമ്പതുമണിക്ക്  സ്കൂളിലെത്തണം " ഞാൻ  ആരോടെന്നില്ലാതെ  പറഞ്ഞു 

"അതിന്  കുറച്ചുകൂടെ  നേരത്തെയിറങ്ങണം  . " അപ്പോൾ  മാത്രം  വെളുത്ത  കുപ്പായക്കാരൻ  അതൃപ്തി  രേഖപ്പെടുത്തി .

പെട്ടെന്നൊരു  ദുരന്തം  വരുമ്പോൾ  നമുക്ക്  എന്തെന്നില്ലാത്തോരു  ധൈര്യം  വരും .മനശ്ശാസ്ത്രപരമായി  ഈ  ഒരവസ്ഥ യിലൂടെയാണ്  ഞാൻ  കടന്നുപോയത് .

 വണ്ടി  സ്കൂൾ  മുറ്റത്ത്  നിർത്തി  .ഞാൻ  എന്റെ സീറ്റിൽ  പോയിരുന്നു  .ഒരു  പൊട്ടിക്കരച്ചിലായിരുന്നു  .രണ്ടാം  ഘട്ടം .

 

(സ്കൂട്ടർ  ആക്സിഡന്റ്  2 )


ഞാൻ  ഉറക്കത്തിലും  ഉണർച്ചയിലുമായങ്ങനെ  ചിന്തിച്ചുകൊണ്ടിരിക്കയാണ് .കുറുകെ  ചാടിയൊരു  പട്ടിയെ രക്ഷപ്പെടുത്തനുള്ള  ശ്രമത്തിൽ  MES  കോളേജിൻറെ  മുന്നിലെ  വളവിൽ  ബസ് സഡൻ  ബ്രേക്കിട്ടു . പലരും  ബസ്സിന്റെ  ബോണറ്റിൽ  ചെന്നുവീണു .അതിലൊരാൾ  എന്റെ  കൂടെയിരുന്നിരുന്ന  ആ സ്ത്രീയായിരുന്നു .അവർ  ഗാഢ നിദ്രയിലായിരുന്നു .മോങ്ങാനിരുന്ന  പട്ടിയുടെ  തലയിൽ  തേങ്ങ  വീണപോലെയായിരുന്നു  അവരുടെ   അവസ്ഥ .തലതിരിച്ചിട്ട ചുരിദാർ  മാറ്റേണ്ട  ടെൻഷൻ  പേറിയിരിക്കുമ്പോഴാണ്  ഇങ്ങനത്തെ  ഒരുദുരന്തം  കൂടി  അവരെ  തേടിയെത്തിയത്  .മൂക്ക്  ബോണറ്റിലിടിച്ച്  ചോരവീഴുന്നു .ഞാനാണെങ്കി  ഉറക്കെ  കരഞ്ഞേനെ  .അവർ  കയ്യിലുള്ള  ബ്രൗൺ നിറത്തിലുള്ള  തൂവാലയെടുത്ത്  ചോരയെല്ലാം  ഒപ്പിയെടുക്കുന്നു  .

കണ്ടക്ടർ  അവരുടെ  അടുത്തേക്കുവന്നു .

"ചേച്ചി  ഹോസ്പിറ്റലിൽ  പോണോ  .കൂടെ  ആരെങ്കിലുമുണ്ടോ ?"

"ഇല്ല  .എനിക്ക്  കുഴപ്പമൊന്നുമില്ല "

അവർ  എത്ര ശാന്തമായാണ്  കോണ്ടുക്ടറോട്  സംസാരിച്ചത്  ഞാൻ  അത്ഭുതപ്പെട്ടു .അവരുടെ  തൂവാലയാണെങ്കി  ചോരയിൽ  മുങ്ങിക്കുളിച്ചിരിക്കുന്നു  .സംസാരിക്കാൻ  നന്നേ  പ്രയാസപ്പെടുന്ന പോലെ .

" നോക്കൂ  ടീച്ചറേ  എൻറെ  ചുരിദാർ  തലത്തിരിഞ്ഞല്ലേ  ഇട്ടേക്കുന്നത് .ഞാൻ  എഴുന്നേറ്റാൽ  അത്  ഈ ബസ്സിലുള്ള  മൊത്തം  ആളുകൾ  കാണില്ലേ  അതൊന്നു  മാറ്റാൻ  എൻറെ  കൂടെ  വരണേ "

ഞാൻ  അത്ഭുതപ്പെട്ടുപോയി .ഇത്രേം  വലിയ  പ്രശ്നത്തിനിടയിലും  തന്റെ  ലു ക്കിനെക്കുറിച്ച്  അവരെത്രമാത്രം  ഭയപ്പെടുന്നു .

"നിങ്ങൾ ക്ക്  മണ്ണാർക്കാടല്ലേ  ഇറങ്ങേണ്ടത്  .എഴുന്നേറ്റോളൂ " കണ്ടക്ടർ  എന്നെ നോക്കിപ്പറഞ്ഞു .

മുകളിലെ  കമ്പിയിൽ  പിടിയെത്തില്ലെന്നുറപ്പുള്ള  ഞാൻ  സീറ്റുകളുടെ  കമ്പിയിൽ  പിടിച്ച്  ബാലൻസുചെയ്ത്  ഡോറിനടുത്തേക്കു  നീങ്ങി .എന്റെ  മറവു ചാരി  മറ്റേചേച്ചിയും 

ഇരുട്ട്  പൂർണ്ണമായും  തുടച്ചു നീക്കപ്പെട്ടിട്ടില്ല . സ്റ്റാൻഡിൽ  ബൾബുകൾ  കത്തുന്നു .വലതുവശത്തതായി  ആനക്കട്ടി ബസ്  പാർക്കുചെയ്തിട്ടുണ്ട് .ഇടതുവശത്തു  നല്ല  ചുടുചായയും  എണ്ണപ്പലഹാരവും .ആളുകൾ തണുപ്പകറ്റാൻ  ചൂടോടെ  കുടിക്കുന്നു .

" ടീച്ചർ  ഈ ബസ്സിൽ  പോണ്ടാട്ടോ  .എൻറെ  ഡ്രെസ്സുമാറ്റി  നമുക്ക്  അടുത്തബസ്സിൽ  പോകാം " അഗളിചേച്ചി  എൻറെ  സഹായം  ഉറപ്പു  വരുത്തി .

ഈ  ബസ്സിൽ  പോയാലെയുള്ളൂ  ഷോളയൂർക്കുള്ള  കണക്ഷൻ  ബസ്  കിട്ടുക .അല്ലേൽ  സമയം  11 .30  ആകും   സ്കൂളിലെത്താൻ .

 നല്ല  വൃത്തിയുള്ള  ബസ്റ്റാൻഡ്  ആണ്  മണ്ണാർക്കാട് .പലപ്പോഴും  രാവിലെ  ഒരു  പേപ്പർ  കഷ്ണം  പോലും  കാണാറില്ല .തൂത്തു  വൃത്തിയാക്കുന്ന  സ്ത്രീകൾ  വളരെ  ഭംഗിയായി  അവരുടെ  ജോലി  നിർവ്വഹിക്കുന്നു .ടോയ്‌ലറ്റ്  വൃത്തിയാക്കുന്ന  തിരക്കിലാണ്  ഞങ്ങൾ  കയറിച്ചെന്നത്  .

'ഇന്നെന്താ  കുഞ്ഞു  ബാഗുമായിട്ട് .ഇന്ന്  തന്നെ  തിരിച്ചുപോരാനാണോ ?

5  രൂപ  നീട്ടിയപ്പോൾ  അയാളെന്നോട്  ചോദിച്ചു 

മൂത്രമൊഴിച്ചില്ലേൽ  ഷോളയൂരെത്തുമ്പോഴേക്ക്  വലിയ  വിലനൽകേണ്ടിവരുമെന്നു  അറിയാവുന്നതുകൊണ്ട്  മൂത്രമൊഴിക്കാതെ  ഞാൻ ബസ്  കയറൽ  പതിവില്ലായിരുന്നു .

നമ്മുടെ  കഷ്ടപ്പാട്  കണ്ടിട്ടാവണം  അവർക്കൊക്കെ  വല്ലാത്ത  സഹാനുഭൂതിയാണ്  എന്നോട് .

ടീച്ചറെങ്ങനെയാ  ഇവരോടൊക്കെ  ഇത്രേം  കമ്പനിയായത് .ഞാൻ  4  കൊല്ലമായി  എനിക്കൊരു  പരിചയക്കാരും  ഇവിടെയെങ്ങുമില്ല .

അതൊന്നൂല്ല  ന്നേ  നമ്മളൊക്കെ  മനുഷ്യരല്ലേ .ഒരുചിരിയിൽ  അലിയാത്ത  മതിലുകളുണ്ടോ/?

" അല്ല  ഒരുപരിചയമില്ലാത്ത  എനിക്കുവേണ്ടി  ടീച്ചറിത്രേം  സമയം  ചെലവഴിക്കുന്നു . എൻറെ  വീട്ടുകാരിൽ നിന്നുപോലും  എനിക്ക്  ഇങ്ങനെയൊരു  പരിഗണന  കിട്ടിയിട്ടില്ല .ഞാനെ പ്പോഴുമോർക്കും  ടീച്ചറെ ."

 ഡ്രസ്സ്  മാറി .മൂക്കിൽ  നിന്നുവരുന്ന  രക്തമെല്ലാം  തുടച്ചു  കളഞ്ഞു  അവർ  വല്ലാത്തൊരു   നന്ദിപ്രകടനം .എനിക്കാണേൽ  നന്ദികേൾക്കുമ്പോൾ  എന്തോ  വല്ലാണ്ടായപോലെ  തോന്നും .

" ബസ്  കയറിയില്ലേ  .? 

റഷ്യക്കാന്റെ  ഫോൺ 

"താ  അടുത്ത ബസിന് പോകും "

ഡ്രൈവറുടെ  പിന്നിലെ  രണ്ടാമത്തെ  സൈഡ്  സീറ്റിൽ  ഞാനിരുന്നു 

അവർ  തൊട്ടു    പിന്നിലെ സൈഡ്  സീറ്റിലും.

 ഞാനെൻറെ  പച്ച സൈഡ്  ബാഗ്  സീറ്റിൽ കെട്ടിയിട്ടു  .അതിനുള്ളിൽ  ഒരു  ഐ ഫോൺ  ഒരു  ഓപ്പോഫോൺ  ഇയർ  പോഡ്  പൈസ  ചീപ് ,മിടായി  തലവേദനക്കൊരു   മഫ്റ്റാൽ  ഫോർട്ട്  അങ്ങനെ  പലതും .

 ഞാൻ  മാസ്‌കിറ്റു  ഇയർ പോഡ്  ചെവിയിൽ  തിരുകി 

" ഇനിയൊന്നു  തിരികെ  നടക്കണം  ,വന്ന വഴിയോർത്തോർത്തു  പോകണം " ഒരു  കവിത  പ്ലേയ്  ചെയ്തു . ഏറ്റവും  ആശ്വാസത്തിൽ  ഞാൻ  പാട്ടു കേട്ടിട്ടുള്ളത്  ഈ  യാത്രയിലാണ് .

"നാണുണ്ടേ"  ഇളം  മഞ്ഞ നിറത്തിലുള്ള  ഷിർട്ടിട്ടൊരാൾ ബസിൽ  ചാടിക്കയറി 

അയാൾ  ബസിൻറെ  ഏറ്റവും മുമ്പിലെ സൈഡ് സീറ്റിൽ  ഇരിപ്പുറപ്പിച്ചു 

"ഹേ ടീച്ചറോ  ഇന്നെന്താ  നേരം  വൈകി . ഉമ്മാന്റെ  ഒക്കെ  മാറിയോ   കുറേ  നാളായല്ലോ  ങ്ങളെ  കണ്ടിട്ട്  ഞാൻ  വിചാരിച്ച്  ട്രാൻസ്ഫെറായി  കാണും  ന്ന് 

ഉമ്മ  മരിച്ചു  ഒരു  വർഷമായി  ഞാൻ ട്രാൻസ്ഫെറായിട്ടു  വളരെ  കുറച്ചു  നാളേ ണ്ടായൊള്ളൂ

ങ്ങളെ  നാട്ടിതന്നെ  കിട്ടിയോ 

ആ  ഞാൻ  പഠിച്ച  സ്കൂൾ  തന്നാ 

അൽഹംദുലില്ലാ  ആരായാലും  ങ്ങളെ  എടങ്ങേറ്  കണ്ടിട്ട്  ഞാനും  പടച്ചോനോട്  ഡോയർന്നീര്ന്നു . " 

" ഇയാൾ  ആരാ  ടീച്ചറെ  .പിന്നിൽ  നിന്നും  അഗളി ചേച്ചി  മെല്ലെ  തോണ്ടി  ചോദിച്ചു 


 



 ( UTHARAVAADITHWANGAL

 

 

Friday, September 5, 2025

 ഇടിമുഴക്കം  പോലൊരു  ശബ്ദം  .ഞങ്ങളെ  ഉറക്കത്തിൽ നിന്നും കീറി മുറിച്ചത്  പുറത്തെടുത്തു .,ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന നവജാത ശിശുവിനെപോലെ    കണ്ണുകളടച്ചും  തുറന്നും     മെല്ലെ ഉണർവ്വിൻറെ  ഭയപ്പെടുത്തുന്ന  വിറയലുകളിലേക്ക്  ഊർന്നു വീണു    .സമയം  2.30  ആയിട്ടേയുള്ളൂ .പടിഞ്ഞാറു നിന്ന്  കുത്തൊഴുക്കോടെ   നിലാവു പെയ്യുന്നു. .ഉമ്മാക്കെന്തെങ്കിലും  അത്യാവശ്യമുള്ള ഘട്ടത്തിലാണ്  രാത്രിയിൽ  ഉ മ്മാന്റെ  റൂമിൽ നിന്നും ഞങ്ങളുടെ  റൂമിലേക്കുള്ള ഈ ബെല്ല് മുഴങ്ങാറ് .  ബെല്ലടി കേട്ടാൽ  എൻറെ  കൈകാലുകൾ  വിറക്കും .ശരീരമാകെ   വിയർക്കുമ്പോലെ തോന്നും .കുറച്ചു  കാലമായി      ഈ  ശബ്ദമങ്ങിനെ   മുഴങ്ങാറില്ല   .പകരം  ഹോംനഴ്‌സുമാരുടെ  വിളിയാണ് കേൾക്കാറ്.  ആദ്യമൊന്നും റൂമിൽ കൂടെ ആരും കിടക്കുന്നത് ഉമ്മാക്ക് ഇഷ്ടമില്ലായിരുന്നു  .അതിനാൽ തന്നെ  രാത്രിയിൽ കൂട്ടു കിടക്കാൻ  വരുന്നവർ  അപ്പുറത്തെ  റൂമിൽ  വാതിൽ തുറന്നിട്ട് കിടക്കും .ഉമ്മ  വാതിൽ അടക്കാറില്ല . ഉമ്മാന്റെ റൂമിൽ രണ്ടുഭാഗത്തായി  വീടിന്റെ  മിക്കവാറും എല്ലാ  ഭാഗങ്ങളിലും  കേൾക്കാൻ   പാകത്തിന്ബെ ല്ലുണ്ട് .ഒന്ന് ഉമ്മ നടന്നിരുന്ന കാലത്തെ ഉയരത്തിൽ   -,രണ്ട് വീൽച്ചെയറിലായ കാലത്തെ  -കിടക്കുന്നതിന്റെ തലഭാഗത്ത് .

ഞങ്ങളുടെ  ഉറക്കം  പോയാൽ പിറ്റേന്ന് സ്കൂളിലെത്താൻ  നേരം വൈകുമോ എന്ന് ടെൻഷനാവും ഉമ്മാക്ക് :."മളേ  ങ്ങളെ  ഒറക്കം പോയീല്ലേ  .നാളെ  സ്കൂളീ പോണ്ടേ . എത്ര  നേരത്തെ വരാൻ പറഞ്ഞാലും  ആ പെണ്ണ് വൈകീട്ടേ  വരൂ .അല്ല ഓളെ കുറ്റം പറഞ്ഞിട്ടും കാര്യല്ല .ഓളെ  കുടീത്തെ എല്ലാ പണീം കൈഞ്ഞിട്ടല്ലേ  ഓള് വരണത് .പോരാത്തതിന് ഓളെ മ്മാക്ക് തീരെ  വയ്യത്രേ .ങ്ങള് എറങ്ങി വന്നതൊന്നും മറ്റോള് അറിഞ്ഞിട്ടില്ലേ .ൻറെ തൊണക്ക് കടക്കാൻ വന്നോളാ .ന്നിട്ട് ഈ ഒച്ചപ്പാടൊന്നും ഓള് കേട്ടിട്ടില്ല ". ഉമ്മ  സങ്കടം  പറച്ചിൽ തുടങ്ങി ."സാരല്ല ഓല്  ഒറങ്ങിക്കോ ട്ടെ  ങ്ങക്ക്  ഒന്നും പറ്റി ട്ടില്ലല്ലോ .ഞങ്ങള് എങ്ങനെ പേടിച്ച് വിറച്ചാ വന്നത് .ഞാൻ സമാധാനിപ്പിച്ചു    "വിളിക്കൂല്ലാ ന്ന്  കൊറേ വിചാരിച്ചു .ഒന്ന് പോണം ന്ന് തോണാ .ഞ് പ്പൊ പോയോ ക്ക്യാ ചെലപ്പം വെർതെ ആവും' . ഞങ്ങളുടെ  ഉറക്കം  തടസ്സപ്പെട്ടതിലുള്ള         വേവലാതി    ഉമ്മാക്ക്   " സാരല്ല ഞ മ്മക്ക് പോയി നോക്കാം" .മ്മാൻറെ കൈപിടിച്ച് ഞങ്ങൾ ടോയ്‌ലെറ്റിലേക്കെത്തിക്കും .ഒരു മേശയുടെ അകലമേയുള്ളു  കട്ടിലും ടോയ്‌ലെറ്റും തമ്മിൽ .ഒബീസിറ്റി കാരണം ഉമ്മാക്ക് ദൂരമായി മാറിയതാണ് .എന്തിനും  എപ്പോഴും  ഒരാൾ  നമുക്ക്  താങ്ങായി  കൂടെ വേണമെന്നത്   ഉമ്മ എന്റെ ഇടം കയ്യിൽ ബലമായി  പിടിക്കും ."മ ളേ വീണാ ങ്ങള് കുടുങ്ങും  .മുർക്കി  പുടിച്ചോ ട്ടോ" . ഉമ്മ    പേടി  പുറത്തുകാണിക്കും  ."ങ്ങള് പേടിക്കണ്ട  ഞങ്ങള് രണ്ടാളുംല്ലേ   ധൈ ര്യായി  പോരീം . ങ്ങക്ക് ഒന്നും പറ്റൂല" ഞാൻ  ധൈര്യം  പകരും .   എല്ലാം  കഴിഞ്ഞു ഉമ്മയെ  കിടത്തി  പുതപ്പി ച്ച് ഞങ്ങൾ  വീണ്ടും ഉറങ്ങാൻ  പോകുമ്പോഴേക്കും  നേരം  പുലരാനായിട്ടുണ്ടാകും .സ്കൂളിലേക്ക്  വൈകിയെത്തുമ്പോഴുള്ള  ചില തുറിച്ചു  നോട്ടങ്ങൾ  ബാക്കിയുള്ള  ഉറക്കത്തെപ്പോലും  വല്ലാണ്ട്  കുത്തിനോവിക്കും  .അങ്ങനെ  ഉറക്കത്തിൽ  പെട്ടുപോയാലോ  എന്ന  പേടിയോടെ ഉണർന്നുണർന്നു  പുതിയ  ദിവസം  തുടങ്ങിയിട്ടുണ്ടാവും  .

 പക്ഷേ  ഇപ്പൊ  ഈ  ബെല്ല് ............ഉമ്മ മരിച്ച്  8  മാസം  കഴിഞ്ഞു .അപ്പൊ  ഞങ്ങൾ  രണ്ടു  പേരും  ഒന്നിച്ചു  കേട്ടത് ? ഒരുപാട്  വർഷങ്ങളായി  ഞങ്ങളുടെ  മനസ്സിൽ  വേരോടിയ  ശീലങ്ങളായിരുന്നു  ഞങ്ങൾക്ക്  ഉമ്മ  .ഞങ്ങളുടെ  ഓരോ ഹൃദയ മിടിപ്പിലും  ശ്വാസത്തിലും  കോശങ്ങളോളം  പടർന്നു   പന്തലിച്ച കരുതലിന്റെ  വൻ മരം . അതിന്റെ  തണലിലായിരുന്നു  ഞങ്ങളുടെ   വളർച്ച. ഉമ്മയുടെ  മരണത്തിനു  ശേഷം  ഇടക്കിടക്ക്   ഞങ്ങളിങ്ങനെ  പല  പല  ശബ്ദങ്ങൾ  കേൾക്കാറുണ്ട് . അതൊരു  സ്വപ്നമോ  ഭ്രമമോ  അല്ല  .  ഉമ്മയുടെ   സാനിധ്യം  ഇന്നും   ഈ  വീടിൻറെ  ഭിത്തികളിലുണ്ട്  ,വീട്ടുപകരണങ്ങളിലുണ്ട്    , നടപ്പു  വഴികളിലുണ്ട്   ,പറമ്പിൽ  ഞങ്ങളുടെ   കണ്ണിൽ  പെടാതെ  മൂത്തു  പഴുത്ത  പഴങ്ങളിലുണ്ട് .  ഉറക്കം  വരുന്നില്ല ഞങ്ങൾ  തിരിഞ്ഞും  മറിഞ്ഞും  കിടന്നു .

"പണ്ട്  ഓർമ്മയുണ്ടോ  നമ്മള്  മ്മാന്റെ  വടികുത്തി  നടക്കുന്ന  സൗണ്ട്  രാവിലെ  അടുക്കളേ ന്നു   കേട്ടത് . നമ്മൾ  പോയി  നോക്കിയപ്പോ  ഉമ്മ  കൂർക്കം വലിച്ചുറങ്ങാ .നമ്മടെ  ഉമ്മ  ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ  ......................  എൻറെ   തൊണ്ടയിൽ  വാക്കുകൾ  കുരുങ്ങി  ശ്വാസം  മുട്ടുമ്പോലെ ,കണ്ണുകൾ  നിറഞ്ഞൊഴുകുന്നു . ഇനി  ആ  കാൽച്ചുവടുകൾ  ഞങ്ങളെ  തിരയില്ല ,ശബ്ദങ്ങൾ  ഞങ്ങളെ  വിളിക്കില്ല   .ഓരോ  ദിനവും  ഒരു  ശൂന്യതയുടെ  പൂരം  പോലെ   .റഷ്യാക്ക ഉറക്കത്തിലേക്ക്  മെല്ലെ  വഴുതി  വീണെന്നു  തോന്നുന്നു. .എനിക്കെന്താണ്   സംഭവിച്ചു  കൊണ്ടിരിക്കുന്നത് .നോക്കൂ  എനിക്കെന്നെ  നഷ്ടപ്പെട്ടിരിക്കുന്നു .ഒന്നും  പഴയപോലെ  ശരിയാവാത്തപോലെ .പുതുതായി ഒന്നും എന്നിലേക്കടുക്കാൻ  കൂട്ടാക്കാത്തപോലെ .

  നിലാവിന്റെ  പെയ്ത്ത്  നിലച്ചിട്ടില്ല . ഞാൻ  മെല്ലെ  ജനൽ  തുറന്ന്  പുറത്തേക്ക്  നോക്കി .പാതി  ഇരുട്ടും  പാതി  വെളിച്ചവുമായി  ആ രാത്രി  എന്നെ  ഓർമ്മകളിലൂടെ  തിരിച്ചു  നടത്തിച്ചു .ഇനി  കിടന്നാൽ  ഉറക്കം  വരില്ലെന്ന്  മനസ്സിലാക്കിയ  ഞാൻ  കോണിപ്പടികൾ  മെല്ലെ  ഇറങ്ങി  .ചുമരിൽ  എന്റെ തന്നെ  നിഴൽ  കണ്ട്  ഞാൻ   പേടിച്ചു .നീങ്ങിയ  ജനൽ  കർട്ടനിടയിലൂടെ  അതി  വേഗത്തിൽ  ഏതോ വണ്ടി  ചീറി പ്പായുന്ന  വെട്ടം .ഒരു  പാട്   TO DO  ലിസ്റ്റു കളുള്ള  ഒരു  പ്രത്യേക തരം ജീവി ആയതിനാൽ  എൻറെ  ദിവസം  കുറച്ച്  നേരത്തെ  തുടങ്ങും .എല്ലാവരും തണുത്ത് മൂടിപ്പുതച്ച്  കിടന്നുറങ്ങുമ്പോൾ ഞാൻ മാത്രം പുലരിയുടെ  പിറവിയെ  താലോലിച്ച്  അതിൽ ആനന്ദം  കണ്ടെത്തും.ഞാൻ  എഴുന്നേറ്റില്ലെങ്കിൽ  സൂര്യനുദിക്കാത്ത  പോലെയാവും എൻറെ  പ്രകടനങ്ങൾ . 

 " മ ളേ  ആ ലൈറ്റ്  ഇടണ്ട . ൻറെ  കണ്ണി ക്കുത്തും " .ഹാളിലെ  കിഴക്കു  ഭാഗത്തെ  ലൈറ്റ്  ഞാൻ  ഇപ്പോഴും  ഇട്ടു  തുടങ്ങിയിട്ടില്ല .  എൻറെ  ഉള്ളിൽ  ഉമ്മ കയറി യിരിക്കുമ്പോലെ   . ഹാളിൽ  ഉമ്മയടിക്കുന്ന മുല്ലപ്പൂ മണമുള്ള  സ്പ്രേയുടെ ഗന്ധം .രാവിലെ  എഴുന്നേറ്റാൽ  ആദ്യം ചെയ്യുന്ന പണി ഉമ്മാക്ക് കുളിക്കാൻ ഹീറ്ററിന്റെ  സ്വിച്ചിടുക  എന്നതായിരുന്നു .കുളി  കഴിഞ്ഞില്ലെങ്കിൽ   വല്ലാത്തൊരു  വെപ്രാളമായിരുന്നു ഉമ്മാക്ക് .നിശബ്ദത  ഒരു ഭയാനകമായ  കടലാണ് .ഏതു നിമിഷവും തിരകളായത്  ആഞ്ഞടിച്ചേക്കാം  .ഈ വീടിന് അതിൻറെ  ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു .ഒരുക്കങ്ങൾ നിലച്ചിരിക്കുന്നു .ആജ്ഞകൾ ദുർബ്ബലപ്പെട്ടിരിക്കുന്നു .ഞങ്ങൾ  അനാഥരായി  മാറിയിരിക്കുന്നു .

              ഞാൻ   അടുക്കളയിലേക്ക്   നടന്നു .ഇതൊരു  പ്രത്യേക തരം അടുക്കളയാണ് .എനിക്ക് വേണ്ടി ഞാൻ നിർമ്മിച്ച മൂന്നാം അടുക്കള ."സൂര്യൻറെ ഒരു കണ്ണിറുക്കലിലേക്ക് ഇത്രമാത്രം  പ്രാണപ്പെടുന്നതിന്റെ വേദന അടുക്കളക്ക് മാത്രമേ  പേറാനാവൂ "എന്ന് കവിത എഴുതി കഴിഞ്ഞതിനു ശേഷമാണ്ആർക്കും അത്രമേൽ പ്രണയിക്കാൻ  തോന്നുന്നൊരു  അടുക്കള ഞാൻ  പണികഴിപ്പിച്ചത് 

ഇരുട്ടിൽ  കിളികളുടെ  ശബ്ദമല്ലാതെ മറ്റൊന്നും മുന്തി നിൽക്കാത്ത പുലരിയിൽ അവൾ  എനിക്ക്  അത്രമേൽ  പ്രിയപ്പെട്ടവളാകും .നിറയെ  ചില്ലുജനാലകളുള്ള അവളുടെ  കണ്ണുകൾ  എന്നെ പ്രകൃതിയുടെ സൗന്ദ ര്യത്തിലേക്ക്  കൂട്ടിക്കൊണ്ടു പോകും .ഉദിച്ചു വരുന്ന സൂര്യൻ കിഴക്കു ഭാഗത്തുള്ള മണി പ്ലാന്റിന്റെ ഇലക്കൊരു വജ്രക്ക മ്മൽ     തൂക്കിയിട്ടുണ്ടാകും    .അതിൽ സൂര്യൻറെ ഏഴു വർണ്ണങ്ങളും  നിറഞ്ഞാടും .. വടക്കും തെക്കും നല്ലൊരു പൂന്തോട്ടമുണ്ട് .പക്ഷേ  അടുക്കും  ചിട്ടയും പണ്ടേ ഇഷ്ടമില്ലാത്ത  ഞാൻ  കിഴക്ക് ഭാഗത്തേക്ക് കൂടുതൽ കണ്ണോടിക്കും .അവിടെ   പലരൂപത്തിലും ഭാവത്തിലുമുള്ള മരങ്ങൾ  ഒരു മനോഹരമായ  കാടായി  വളർന്നിരിക്കുന്നു . തേക്ക് ,ഈട്ടി ,മഹാഗണി ,പ്ലാവ് ,മാവ് ,അത്തി ,മട്ടി ,പന ,പതിമുഖം തൊട്ട് പേരറിയുന്നതും അറിയാത്തതുമായ( ബോട്ടണി ടീച്ചർ ഇങ്ങനെ പറയാൻ പാടില്ല എന്നാലും ) കുറെ മരങ്ങൾ. .അതിൻറെ  വന്യതയും  ഇരുട്ടും  തണുപ്പുമാവും  വവ്വാലുകളുടെ  പ്രിയപ്പെട്ട ഇടമായി  അതിനെ മാറ്റിയത് .നിപ്പ വന്നതിനു ശേഷം ഇവരുടെ സാന്നിധ്യം എല്ലാവ ർക്കും വല്ലാത്ത ഭയമാണ് . അതി രാവിലെ ഇവരുടെ ഉയർന്ന ആവൃത്തിയുള്ള  ശബ്ദം ആളുകളെ അരിശം കൊള്ളിക്കും .ഉച്ചയാവുമ്പോഴേക്ക് ഇവയുടെ തൂങ്ങിയാടുന്ന  ശരീരം കൊത്തിപ്പറിക്കാൻ വന്ന കാക്കകൾ  ഇവരുമായി  കലപില കൂട്ടും   ".ആ ടീച്ചർക്ക് പ്രാന്താ .ഒരു ഉപകാരോല്ലാത്ത ഈ മരങ്ങൾ ഒന്ന് വെട്ടിക്കളഞ്ഞാലെന്താ "  പറമ്പിൽ പണിക്ക് വരുന്ന  ആളുകൾ  പരസ്പരം  പറയും . 'അവറ്റകൾക്ക്  എവിടേലും പാർക്കണ്ടേ .ഈ ചുണ്ടമ്പറ്റയിൽ  ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്ന മറ്റൊരിടം ങ്ങള് കാണിച്ചു താ" .ഞാൻ   വിട്ടു  കൊടുക്കാതെ  പൊരുതിക്കൊണ്ടേയിരിക്കും  ."ങ്ങക്ക് അറിയോ വാഴയില് പരാഗണം നടത്തണമെങ്കിൽ  വവ്വാലുകൾ  വേണം. അപ്പൊ  ഇവരില്ലെങ്കിൽ   വാഴയില്ല . വാഴയില്ലെങ്കിൽ  നമ്മളും "ഇങ്ങനെയൊക്കെ  പറയുമെങ്കിലും മരം വെട്ടാതെ ഇവറ്റകളെ എങ്ങനെ തുരത്താമെന്ന ഗവേഷണത്തിലാണ് ഞാനും റഷ്യാക്കയും  .

            മുത്തുവേട്ടൻ  ജീവികളെ  ഉപദ്രവിക്കുന്നതിനോട് വല്യേ താല്പര്യമില്ലാത്ത ആളായതിനാൽ ഈ കുതന്ത്രങ്ങളിലൊന്നും ഇടപെട്ടില്ല. .പ്രത്യേക തരം ഡ്രമ്മിൽ കല്ലിട്ട് അവറ്റകളെ പായിക്കാമെന്നു അശോകേട്ടൻ പറഞ്ഞു .പഠിച്ച പണി  പതിനെട്ടും  നോക്കിയിട്ടും സ്വന്തം ഇടം ഉപേക്ഷിക്കാൻ വവ്വാലുകൾ തയ്യാറായില്ല .ഞാനാണെങ്കിൽ  "ആളുകൾ കോടാലിയുമായെത്തുന്നു  പൊള്ളുന്ന വെയിലിനെ മടിയിലിട്ട് കൊഞ്ചിക്കുന്നു"എന്ന്  വവ്വാൽ കവിത അവസാനിപ്പിച്ച് ഒന്ന് നെടുവീർപ്പിട്ടു .

ഇനി  പടക്കം തന്നെ ശരണം .റഷ്യാക്ക പലതരം പടക്കങ്ങളുമായെത്തി. .ഓലപ്പടക്കം ,ഗുണ്ട് ,വാണം .ശത്രു വിനെ ഏതു വിധേനയും തുരത്തിയേ തീരൂ .കാഴ്ച്ചയില്ലാത്ത  ശബ്ദങ്ങളെ ഞങ്ങളുടെ അതിർത്തിയിൽ നിന്നും ആട്ടിപ്പായിക്കുക . ആളുകളെ           കൊണ്ട് അതുമിതും പറയിപ്പിക്കാതെ  ഞങ്ങളുടെ മരങ്ങളെ കാക്കുക  . ധൈ ര്യശാലിയെന്നു  പുറത്തുള്ളവർ  പറയുമെങ്കിലും പേടിത്തൊണ്ടി യായ ഞാൻ  ഈ  പടയിൽ   മുൻപോരാളിയാവാതെ   യുദ്ധത്തി ന്ഐ ക്യദാർഢ്യം  പ്രഖ്യാപിച്ചു .   . താഴെ  ഓലപ്പടക്കം ,ഗുണ്ട്  ഗര്ജ്ജിച്ചു തീതുപ്പി .  മുകളിൽ  വാണം ശത്രുവിനെ  ലക്ഷ്യമാക്കി  കുതിച്ചു .  വല്ലാത്തൊരു    പറക്കലായിരുന്നു .വവ്വാലുകളുടേത്  . ഏതോ  പ്രേത സിനിമ  കണ്ട പ്രതീതി , .ആകാശം  നിറയെ  വിടർന്നു  നിൽക്കുന്ന   ചിറകുകൾ  .ഒന്നിച്ച്  വീശിയടിക്കുന്നതിന്റെ ഒരുപ്രത്യേകതരം അലർച്ച .   കുറച്ച്   കഴിഞ്ഞപ്പോളുണ്ട്  അപ്പുറത്തെ  വീടിന്റെ  അടുക്കള  ഭാഗത്ത്ഒരു  പുക  ,ഒരു വാണം  അവിടെപ്പോയി  പൊട്ടിയെന്ന് .ഭാഗ്യത്തിന്  അനിഷ്ടമൊന്നും  സംഭവിച്ചില്ല     ത  ൽക്കാലത്തേക്ക്  വവ്വാലുകളുടെ  ശല്യമില്ല .അവരിനിയും വരും .വരാതെമറ്റെവിടെ   പോവാൻ? .ഞങ്ങളിനിയും  തുരത്തും .തോറ്റുകൊടുക്കാൻ ഞങ്ങൾക്ക്  മനസ്സില്ല ..അല്ല പിന്നെ .

     കിഴക്കു ഭാഗത്തു തന്നെയാണ്  ഞങ്ങളുടെ  ചതുരക്കിണർ .പണ്ട് ഇത്  തറവാട്ടിലെ  വല്യേ  കുളമായിരുന്നത്രേ .പാറയിടുക്കിൽ  തെളിഞ്ഞ തണുത്ത വെള്ളം .ആർക്കു കണ്ടാലും  ഒന്ന് കോരിക്കുടിക്കാൻ  തോന്നുന്ന പ്രകൃതം .ഇവിടം  ഇപ്പോൾ  മാമ്പഴക്കാലമാണ് .മൂവാണ്ടൻ  മാവിനേക്കാൾ  എല്ലാവർക്കും ഇഷ്ടം കുലുങ്ങിയാടുന്ന  ഈ  തേന്മുട്ടി മാവിനോടാണ് .മാമ്പഴ പ്പുളി ശ്ശേരിക്ക് ഇത്രേം ചേരുന്നൊരു രസം വേറെയില്ലെന്നു എല്ലാവരും പറയും .പ്ലാവുകളാണെങ്കിൽ  മത്സരിച്ച് മത്സരിച്ച് ആളുകളെ ആകർഷിക്കുന്നു .ഉമ്മാക്ക്  ചക്കകളോട്  എന്തെന്നില്ലാത്ത  സ്നേഹമായിരുന്നു .മണമുള്ള മധുരമുള്ള ഓർമ്മകളുടെ  നിറവുകൾ .

           എന്നാ  ഇനി  പടിഞ്ഞാറോട്ട്  നോക്കാം .മലബാർ  ഓഡിറ്റോറിയത്തിന്  തൊട്ടുമുമ്പുള്ള  കട്ടയിട്ട  റോഡ്  അവസാനിക്കുന്നത്  ഈ  അടുക്കളയുടെ പടിഞ്ഞാറ്  ഭാഗത്താണ് .ഉമ്മാക്ക്  വീൽ ചെയർ  ഇറക്കാൻ പാകത്തിന്  ഒഴുകിയാണ്  അടുക്കളയിലേക്കുള്ള  അതിന്റെ  കയറ്റം .ആളുകളെല്ലാം  വീടിന്റെ   മുൻവശം  മറന്ന  മട്ടാണ് .ഇതുവഴി  എപ്പോഴും ഇടതടവില്ലാതെ    ആരെങ്കിലുമൊക്കെ  സഞ്ചരിച്ചു കൊണ്ടിരുന്നു  ഉമ്മയുള്ളപ്പോൾ .

 ഇവിടെയിരുന്ന്  ഞാൻ  എന്നിലെ  കവിയോട്  എപ്പോഴും  സംസാരിച്ചു കൊണ്ടിരിക്കും .സമീറാ ..നീ  എന്തിനാണിങ്ങനെ  മുൾമുനയുള്ള  കവിതകളെഴുതുന്നത് .നിനക്ക്  ചുറ്റും  നിന്നെ സ്നേഹിക്കുന്നവരാണ്  കൂടുതൽ .നീ എത്രമാത്രം അനുഗ്രഹീത യാണെന്ന് വല്ല ബോധവുമുണ്ടോ നിനക്ക് .നിന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരുപാട്  സംവിധാനങ്ങളുടെ നടുക്കിരുന്ന്  നാണമില്ലാതെ  കവിതയുടെ കല്ലുകൾ കൂർപ്പിച്ചു  മൂർപ്പിച്ചു  കൊണ്ടിരിക്കുന്നു .

'ഞാനൊരു  കണ്ണാടി കവിത .ആർക്കും പൂരിപ്പിക്കാവുന്ന  നിശ്ശബ്ദത .എനിക്കാവില്ല സത്യം  പറയാതിരിക്കാൻ .നിനക്കാവില്ല  മുഖം മിനുക്കാതിരിക്കാൻ'    സത്യത്തിൽ  എഴുത്ത്‌  ആരുടെയൊക്കെയോ  മാത്രമാണെന്ന  ചിന്തകൾക്കൊരു  പൊളിച്ചെഴുത്ത് മാത്രമാണ് ഞാൻ  ഉദ്ദേശിച്ചത്‌ .ഇപ്പൊ ഇതെന്റെ  ആത്മാവായ് മാറിയിരിക്കുന്നു .എഴുത്ത് കാരനായി  അഭിനയിക്കാതെയും  ബുദ്ധിജീവിയായി  അകന്നു നിൽക്കാതെയും ,എഴുതുന്നുണ്ടെന്ന്  ആരേയും  തോന്നിപ്പിക്കാതെയും  മൂർച്ചയുള്ള  കവിതകളെഴുതാമെന്ന്  ആളുകൾക്കു    ബോധ്യപ്പെട്ടു  തുടങ്ങിയിരിക്കുന്നു . മനസ്സിലായില്ലേ ഇതൊക്കെ  ഇത്രേ  ഉള്ളൂ വെന്ന് .  എനിക്ക്  കൂടെക്കൂട്ടാനുള്ള  ഏറ്റവും വിശ്വസനീയമായ   എന്തോ ഒന്ന് .ദുഃഖം വരുമ്പോഴും  സന്തോഷം  വരുമ്പോഴും എന്നെ കേൾക്കുന്ന ,എന്നെ കാക്കുന്ന ...എനിക്കായി  വഴക്കിടുന്ന - പ്രണയിക്കുന്ന -എന്റെ  സ്വന്തം  ."ഗർഭിണിക്ക്  പ്രസവം എന്നപോൽ  എഴുത്ത് എനിക്കും" അതാണ് എനിക്കെൻറെ കവിതകൾ .മക്കളെപ്പോലെ ഇങ്ങോട്ടൊന്നും പ്രതീക്ഷിക്കാതെ വേണം അവരെ സംരക്ഷിക്കാൻ .എന്റെ  സന്തോഷങ്ങളാണ് ഓരോ കവിതക്കുഞ്ഞുങ്ങളും .

       ഈ കവിത  എന്നെ ഉദ്ദേശിച്ചാണ് .......എന്നെത്ത ന്നെ ഉദ്ദേശിച്ചാണ് .........എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നു  മറ്റുള്ളവരിൽ  നിന്നും  കേൾക്കുമ്പോഴത്തെ  ഒരു മനസ്സുഖമുണ്ടല്ലോ ...അതാണ് ഏറ്റവും വലിയ അവാർഡുകൾ .

ച്ചെ  നമ്മളിപ്പോ അടുക്കളയെക്കുറിച്ചല്ലേ  സംസാരിച്ചു കൊണ്ടിരിക്കുന്നത് .അപ്പൊ കവി എവിടുന്ന് വന്നു . ഇതാണ്        എന്റെ  പ്രശ്നം   തുടങ്ങിയിടത്ത് നിന്നും   ഒഴുകി ഒഴുകി മറ്റെവിടെയെങ്കിലും  എത്തി ച്ചേരുക  . അടുക്കളയുടെ  പടിഞ്ഞാറുഭാഗത്ത് തൂങ്ങിയാടുന്ന ഒരു ചെടിച്ചട്ടിയിൽ   അന്ന്മെ ല്ലെ ഒരു അനക്കം . സമൃദ്ധമായി  വളരുന്ന  ടർ റ്റിൽ  വൈൻ  ചെടി  ഒന്നു  നാണിച്ചു  ചിരിച്ച  പോലെ  .ബുൾ ബുൾ കിളികൾ മുട്ടയിടാൻ  വന്നതാണ് .മുട്ടയിട്ടു.അച്ഛൻ പോകുമ്പോൾ  അമ്മ -അമ്മ  പോകുമ്പോൾ  അച്ഛൻ  മുട്ടകൾക്ക്   സ്നേഹത്തോടെ  ചൂടുനൽകുന്നു  .മുട്ടവിരിഞ്ഞു ..അമ്മക്കിളിയും അച്ഛൻ കിളിയും പറന്നെത്തുമ്പോൾ   ചുവന്ന കൊക്കുകൾ മുകളിലേക്ക് തുറന്നു. കൊക്ക് കൊക്കോട് സ്നേഹപൂർവ്വം  അന്നം കൈമാറുന്ന സുന്ദരമായ  കാഴ്ച 

.എല്ലാ ദിവസവും  ഞാൻ വീഡിയോ പകർത്തും . ഇത് വല്ലാണ്ടങ്  അമ്മക്കിളിക്ക് ദഹിച്ചില്ല .എന്നേം എന്റെ മൊബൈലും കൊത്തി താഴെ യിട്ട് അവൾ അരിശത്തോടെ എന്തോ ചിലക്കുന്നു .ഞാൻ  ഓടിരക്ഷപ്പെട്ടതിന്റെ  കിതപ്പ്  ഇപ്പോഴും  നെഞ്ചിൽ  കുരുങ്ങിക്കിടക്കുന്നപോലെ . അമ്മയല്ലേ   ഇരപിടിയന്മാരെ അവർ  അത്രമേൽ  ഭയക്കുന്നുണ്ടാവുമല്ലോ .പ്രോബ്ലം അതല്ല  പിന്നെ വീട്ടിൽ വരുന്ന ആരുടെ കയ്യിൽ മൊബൈൽ കണ്ടാലും അവൾ മണ്ട ക്കി ട്ടു   കൊത്തും  .ഒടുക്കം കുഞ്ഞുങ്ങൾ മെല്ലെ പറന്നു അപ്പുറത്തെ കുരുമുളക് വള്ളിയിലിരുന്നപ്പോൾ  തലയിൽ ഹെൽമെറ്റ് ഇട്ട് ഞങ്ങൾ ആ ചട്ടി യോടൊപ്പം  കുട്ടികളേം   തൂക്കിയെടുത്ത്  മറ്റൊരു മരത്തിലേക്ക് പതിയെ  മാറ്റി  . പറക്കാറായ  ആ മക്കളേം  കൊണ്ട്അവർ  മുറ്റത്തെ  കറുവപ്പട്ട  മരത്തിന്റെ  ഇലകൾക്കുള്ളിൽ  ഒളിച്ച്ചിരിക്കുന്നത്   കണ്ടു        .ആരുടേയും  ജീവിതത്തിലേക്ക്  വല്ലാണ്ടങ്ങ്  ഒളിഞ്ഞു  നോക്കരുത് .ഇതാവും  അവസ്ഥ .ഞാൻ എന്നെ  താക്കീതു  ചെയ്തു.

      ഒരു റിസോർട് മോഡലിൽ ഓടിട്ടാണ്  ഈ അടുക്കളയുടെ  രൂപം .വടക്ക് പടിഞ്ഞാറ് ഭാഗത്ത്  ഒരു മൂവാണ്ടൻ മാവുണ്ടായിരുന്നു .നിറയെ മാങ്ങയും.  .മുറിച്ചില്ലെങ്കിൽ അപകടമെന്ന്  പലരും മുന്നറിയിപ്പ് തന്നിട്ടും അതിന്റെ ശരീരത്തിൽ കത്തി വക്കാൻ  ഞാൻ സമ്മതിച്ചില്ല . ഇരുമ്പ്  കമ്പികൾക്കിടയിൽ അതിന്  ജീവിച്ചു പോവാനൊരു  വിടവ് ഞാൻ പണികഴി പ്പിച്ചു .  അതങ്ങനെ  പതിവിലും  കൂടുതൽ   മാമ്പഴങ്ങളുമായി    ആ  വർഷം  വല്ലാണ്ടങ്ങ്  നന്ദി കാണിച്ചു 2018 ൽ ഇരുട്ടും മഴയും ആളുകളെ വിഴുങ്ങിയപ്പോൾ മാവും അതിന്റെ ഉഗ്ര രൂപം പുറത്തെടുത്തു .ആടി ..ആടി  അത് ഞങ്ങളെ ഭയപ്പെടുത്തി .ഒടുക്കം ഒരുപാടാളുകൾ ചേർന്ന്   എന്നെ പ്രാകി -പ്രാകി  അതിനെ  അവിടെ നിന്നും മുറിച്ചൊഴിവാക്കി.അന്നു  മുതൽ  ഞാൻ  മരങ്ങളെ  അതിരുവിട്ടു  പ്രണിയിക്കുന്നതങ്ങു  നിർത്തി .   പുതിയ  ജീവിത  പാഠം