Thursday, November 24, 2022

 പിരിവ് ........പിരിവ്  

 

പിരിവ്  പിരിവ് 

പിടിച്ചു  പറി വ് 

പതിവായ്  നാട്ടിലറവ് .

ചിരിച്ചു  കൊണ്ട്   കഴുത്തറുത്ത് 

ചിലർ  വിലസും  ചതിവ് .


അടച്ച  വാതിൽ  തുറക്കും  നമ്മളു-

ടച്ചു വാർക്കും  നഗരം .

അടുപ്പു  പൂട്ടാൻ  ഗതിയില്ലേലും 

അടക്കണം  നീ  വിഹിതം .


വകുപ്പുമന്ത്രി  വരുന്നു  നമ്മ

ളൊരുക്കണം  നാടിടക്ക് 

മടിച്ചു  നിന്നാലെടുക്കാം ...നിന്നെ 

വിരട്ടും  കൂട്ടരുട ക്ക് 


ഇടയിൽ  ദൈവമിറങ്ങിവന്ന് 

പിരിവു വാരാനൊഴുകേ  

തിരിച്ചു  ചോദ്യമരുതേ ...നിന്നെ 

ശപിച്ചു  കൊല്ലുമഴകേ .


അടിമ  നമ്മിലുടമ 

നാടിന്നിടിവു ലോകമറിയേ 

കവിതയല്ല  കരളുവെന്ത 

കനലുമായ്  ഞാനരികെ 


Friday, April 1, 2022

'

'മൗനം മാപ്പർഹിക്കാത്ത  കുറ്റകൃത്യമാകുന്നു  ചില  നേരങ്ങളിൽ " .കുറ്റകരമായ  മൗനത്തിൻറെ   സ്വയം  പ്രഖ്യാപിത  ആശ്വാസത്തിൽ  മനസാക്ഷിയോട് ഒട്ടും നീതിപുലർത്താനാവാതെ  ചോർന്നു  പോകുന്ന  ഊർജ്ജത്തെ  ഉപയോഗിച്ച് അക്ഷരങ്ങളെ  ചലിപ്പിക്കാൻ ശ്രമിക്കുകയാണ്  ഞാൻ .കണ്ടതും  കേട്ടതും  അനുഭവിച്ചതുമായ  കനലുകളെ  വെല്ലുവിളികളുടെ  കൊടുങ്കാറ്റിലേക്ക്  തികച്ചും ശാന്തമായൊരു  ഒഴുക്കിവിടൽ 

 ഉള്ളവനും   -ഇല്ലാത്തവനും  തമ്മിലുള്ള  യുദ്ധം ,സ്ത്രീയും  -പുരുഷനും  തമ്മിലുള്ള  യുദ്ധം ,കുട്ടികളും   മുതിർന്നവരും  തമ്മിലുള്ള  യുദ്ധം ,മാറ്റങ്ങളും  മാറാത്ത  മാമൂലുകളും  തമ്മിലുള്ള  യുദ്ധം .മനസ്സിലൊരായിരം  ചിറകുകൾ   മുളക്കുമ്പോഴും  അവയെ  നനച്ചൊതുക്കാൻ  ശേഷിയുള്ള  ഭയതിന്റെ നിഴലാട്ടങ്ങൾ ..അവിശ്വസിക്കാതിരിക്കാൻ  നമ്മെ  പാടുപെട്ട്  പാകപ്പെടുത്തിയെടുത്തിട്ടുള്ള  ചിന്താകുരുക്കുകൾ .ഭൂമിപിളരുമാറ്  കേണപേക്ഷിച്ചിട്ടും  മാറ്റമില്ലാത്ത  നീതിനിഷേധങ്ങൾ   ,ഭ്രാന്തെന്ന്  ചിരിച്ചു  തോൽപ്പിച്ചു  കളയുന്ന  ചെറു   -ചെറുത്തുനിൽപ്പുകൾ . 

          തുറന്നശബ്ദങ്ങൾ  ഇല്ലാതാവുകയെന്നാൽ   തിരുത്തപ്പെടലുകൾ  ഇല്ലാതാകുന്നു  എന്നാണ് . തെറ്റു ....... ശരികളുടെ    മുൾമുനകളിൽ  ചവിട്ടിനിന്നെഴുതേണ്ട  പുതുകാലഘട്ടത്തിൽ  ഞാൻ  പറത്തിവിട്ട  കുഞ്ഞുതീപൊരികളെ  ഇരുകയ്യും  നീട്ടിസ്വീകരിച്ച  എൻറെ  പ്രിയവായനക്കാർക്ക്  ഈ  കനലൊഴുക്കും  ഉൾക്കൊള്ളാനാവുമെന്ന ...ആസ്വദിക്കാനാവുമെന്ന   ശുഭപ്രതീക്ഷയോടെ 

                                                                                 സ്നേഹപൂർവ്വം 

                                                                           സമീറ  പി പി 

Friday, February 25, 2022

യാത്ര 

ഓമനിക്കാൻ  നമുക്കോർമ്മകൾ  കൊണ്ടൊരു 
കൂടൊരുക്കാം  മലമേട്ടിൽ 
ഓളങ്ങൾ  പോലെനിന്നാകിളി ക്കൂടിന്റെ 
താളമായാടിത്തിമിർക്കാം 

കാടും  മലകളും  കാട്ടാറുപോലെ 
കുണുങ്ങിച്ചിരിച്ചൊന്നിറങ്ങാം 
കാണുന്ന  കാഴ്ചകളീകിളിക്കൂട്ടിലേ 
ക്കാനന്ദമോടെ  പകർത്താം .

നോവുകളെല്ലാം  മറക്കാം 
നമുക്കുള്ളി ലാകാശമില്ലേ   വിടർത്താൻ 
മേഘമായ്  പാറിപ്പറക്കാം --തണുപ്പിന്റെ 
കോടയായ്  മൂടിപ്പുതക്കാം .

സമയം 

ഒരേ സമയം 
അമ്മയും  കുഞ്ഞുമാവുക 
ഒരേ  സമയം 
ഡോക്ടറും  രോഗിയുമാവുക 
ഒരേസമയം 
പഠിതാവും  പാഠപുസ്തകവുമാവുക 
ഒരേ  സമയം 
തെറ്റും  ശരിയുമാവുക 

യു  ട്യൂബ്  നോക്കി പ്രസവിച്ച  കുട്ടി 
എങ്ങനെയാവും 
ആ  സമയത്തിലൂടെ 
കടന്നു  പോയിട്ടുണ്ടാവുക .
മധുരം 

നീ  എൻറെ 
പഞ്ചസാര .
മധുരിച്ച്  
മധുരിച്ച്  
നാം 
ഭേദിച്ച 
അതിർവരമ്പുകൾ .

Saturday, February 19, 2022

തിരിച്ചു  വരവുകൾ 

ഉടലാണ്ടു പോയിട്ടും  വെയിലിനെ 

മധുരമായ്  പൂക്കുകയാണ്‌ 

ചെടി .


പൊടിക്കാറ്റിട്ട്  ഇതൾമിനുക്കുകയാണ് 

മഴ 


ചിറകുകളിലെ  ഭാരം 

എത്രമനോഹരമായാണ്  

ഇതളുകൾ  കുടഞ്ഞുകളയുന്നത്‌ .


കാർമേഘത്തിലേക്കൊരു   മയിൽ‌പ്പീലി 

വിടരുന്നപോൽ ;

മിടിപ്പുകളിലോരോന്നിലും 

പീലിക്കണ്ണഴക് .


ഹൃദയങ്ങളിലേക്ക്  വേരാഴ്ന്നു വളരുന്നു 

കരളുറപ്പുള്ള  ചില 

തിരിച്ചുവരവുകൾ