Monday, February 22, 2021
Sunday, February 7, 2021
ലൈവ്
അവൾ വെബ്ബിനാറിൽ
ലൈവാണ് .
അല്ല
അവൾ വസ്ത്രങ്ങൾ
ഇസ്തിരിയിടുകയാണ്
നോക്കൂ
ആ വെളുത്ത കസവുസാരി
എത്ര പ്രയാസപ്പെട്ടാണവൾ
മടക്കിയൊതുക്കുന്നത്
അലമാരയിലേക്ക് വലിഞ്ഞു നീണ്ട്
അടുക്കി വക്കുന്നത് .
.
അവൾ വെബ്ബിനാറിൽ ലൈവാണ്
അല്ല
അവൾ കുഞ്ഞിന് മുലയൂട്ടുകയാണ്
ആരാണിത്ര മര്യാദയില്ലാതെ അവളെ
ഒച്ചവച്ചു വിളിച്ചുകൂവുന്നത്
അവൾ വെബ്ബിനാറിൽ ലൈവാണ്
അല്ല
നാളെകളെ നുറുക്കി
വറുത്ത്
പുഴുങ്ങി യെടുക്കയാണ് .
അവൾ ഇന്നിലല്ല
നാളെയിലാണിപ്പോൾ
അവൾ
അവളല്ല
നമ്മളൊക്കെത്തന്നെയാണ് .
അവൾ വെബ്ബിനാറിൽ ലൈവാണ്
അല്ല
അവളുടെ ഭർത്താവ് അവളെ
പ്രണയത്താൽ ഉമ്മ വെക്കുകയാണ്
ഇപ്പോൾ
ഇപ്പോൾ മാത്രം
അവൾ ഇന്നിൽ ജീവിക്കുന്നു .
വെബ്ബിനാർ അവളാൽ ലൈവാകുന്നു .
ഞാനെന്റെ ഇണയെ ഇത്രമനോഹരമായി
ഇന്നേവരെ ചുംബിച്ചിട്ടേയില്ലല്ലോ
ഒരു ചുവന്നതെറ്റാൽ
വീഡിയോകളുടെ ലൈറ്റണയുന്നു .
ഇന്നിൽ ജീവിച്ച്
ഇപ്പോൾ ജീവിച്ച്
ലൈവുകൾ
ശരിക്കും
ലൈവാകുന്നു .