Saturday, December 17, 2016

കവിത്വം 

കവിത്വം  ഒരു പുഴുവാണ് .
പൂമ്പാറ്റയായ്  വിരിയാനങ്ങനെ,
ചൊറിഞ്ഞും 
ഉറങ്ങിയും .

Sunday, December 11, 2016

ചുഴലിക്കാറ്റ് 


ആഞ്ഞടിക്കുന്നത് 
പലപേരിലാണെങ്കിലും 
ആവർത്തിക്കപ്പെടുന്നത് 
ഒരേപേടിതന്നെ .



കണ്ണുചിമ്മാതെ സുഹൃത്തേ ....
.
ഇത് രാഷ്ട്രീയ ,വർഗ്ഗീയ 
ആത്മീയക്കൊലയുടെ 
വിറളിപൂണ്ട 
ചുഴലിക്കാറ്റ് .
രക്ഷ 

പാവം  മനുഷ്യർ ,
ദൈവത്തെ  രക്ഷിക്കാൻ 
പെടാപാട് 
പെടുന്നു.
മഞ്ഞൾ 


മഞ്ഞച്ച് 
സോപ്പിട്ട് 
ചുവന്ന് .

Wednesday, October 5, 2016

ശത്രു 

ഉരക്കുമ്പോഴെനിക്കൊരു 
തീയാളണം .

ശക്തനായൊരു ശത്രുവിനെ ,
തിരഞ്ഞു  നടപ്പാണിന്നു -
ഞാൻ .

Saturday, September 24, 2016


ഉപോൽപന്നം 
കുത്തിക്കുലുക്കി  താഴെയിടുമെന്ന് -കുന്ന്  
കുരയ്ക്കും  പട്ടി  കടിക്കില്ലെന്ന്  -ആകാശം .

ആകാശം കറുത്തിരുണ്ട്  -മുരണ്ടു
കുന്ന് കരുത്തു കാട്ടി   -ചിരിച്ചു .


പിടിവിട്ടുവീണു  .....ഒരുകുല  ആകാശം
മടിക്കുത്ത്  വിരിച്ചു .....ഞൊടിയിട  കുന്ന് .

ഇപ്പോൾ 
മുകളിൽ  ഭൂമിയും 
താഴെ  ആകാശവും -
ഇടയിൽ 
കൊളുത്തിയിട്ട  കുറേ 
പ്രകൃതി  ഭക്തരും .


 

Saturday, September 17, 2016

ഉണരൂ  ഉപഭോക്താവേ 

കായയുള്ള  മരമാണിപ്പോൾ .
നമുക്കിനി 
ഏറുകൾക്ക് 
വിപണി  കണ്ടെത്താം .
ഒച്ചും  ഞാനും  തമ്മിൽ 

മുത്തുമാല  കൊരുത്തുനീങ്ങുന്ന 
ഒച്ച്,

അറപ്പണിഞ്ഞു  വിറങ്ങലിച്ച 
ഞാൻ .

ഒച്ചിന്റെ  ഒരറ്റത്ത് 
വിജയചിഹ്നം .

ഒച്ചിൽ  കയറി 
ഉപ്പായ്  ജയിച്ചു 
ഞാൻ .
ട്രാൻസ്ഫർ 

ഒരു ഗ്ലാസ്  ട്രാൻസ്ഫർ 
ഒറ്റയടിക്കു -
കുടിച്ചു  തീർത്തു .

കയ്ച്ചിട്ടിറക്കാനും ,
മധുരിച്ചിട്ടു  തുപ്പാനും-  വയ്യാതെ

ആത്മാർത്ഥത .


എച്ചിൽ  കഷ്ണം


പേപ്പട്ടിയോട് 
 യുദ്‌ധം ചെയ്യുന്നതിനേക്കാൾ 
ഭേദം ,
ഒരെച്ചിൽ കഷ്ണം 
എറിഞ്ഞുകൊടുത്ത് 
രക്ഷപ്പെടുന്നതാണെന്ന്-;

പലസംഘങ്ങളേയും 
പിടിച്ചുനിർത്തുന്ന  അംഗത്വങ്ങൾ .

Wednesday, September 7, 2016


ചാന്ദ്ര ദുഃഖം  
 എത്താവുന്നിടത്തെല്ലാം 
വെള്ളപൂശിയിട്ടും 
എന്റെ ആകാശം 
ഇന്നും 
കറുത്തു തന്നെ

Wednesday, August 24, 2016


 ശേഷിപ്പ് 

കൊഴിഞ്ഞ ഇല 
മരത്തിലിട്ടിട്ടുപോയ 
ചുംബനപ്പാടുകൾ 

ഉയർന്ന കുന്ന് 
നിരത്തിലൂരിവച്ച 
സ്വർഗഗീയാനുഭൂതി.
കൗൺസലിംഗ് 

തുറന്നുവിട്ടില്ലെങ്കിൽ 
അക്രമാസക്തമാകുമെന്നുറപ്പുള്ളൊരു-
രഹസ്യത്തെ
ഇരുളടഞ്ഞ  വിഷാദത്തിൽ  നിന്നും
സ്വരക്ഷക്കായ്  
 പറഞ്ഞു വിട്ടതാണന്നു  ഞാൻ .

ഇപ്പോൾ  പുറത്തു നിറയെ  രഹസ്യങ്ങൾ 
തടവറയിലെ എനിക്കു; 
കാവൽ നിൽക്കുന്നു .
കുതിപ്പ് 
ഭൂമിയുടെ  വക്കത്തിരുന്ന് 
ആകാശത്തിലേക്ക്   കാലാട്ടി -
രസിക്കുന്നവരിങ്ങനെ;  ചുരുക്കം .......എന്നെപ്പോലെ .

ഒറ്റക്കുതിപ്പുകൊണ്ട്  എത്തപ്പെട്ടവരെല്ലാ -
മിപ്പോഴെന്തേ  ,
ഒരേഭ്രമണപഥത്തിൽ 
ഒരുമാറ്റവുമില്ലാതെ ?

Monday, August 22, 2016

ഹിമ പർവ്വതം 
ഒരു   മുഖമോർത്തെടുക്കാൻ 
എത്ര സമയം  വേണം ?

 ഒരു  സ്വപ്നം കൊണ്ടൊരു 
ജന്മം താണ്ടുന്ന ധൃതിയിൽ ,

ഒരു ദൃശ്യം കൊണ്ടെല്ലാദിശകളും 
മാറിയേക്കാവുന്ന  തിരക്കിൽ .

പോയകാലങ്ങളെല്ലാം  കുടിച്ചുവറ്റിച്ചൊടുവിൽ 
ഓർമ്മകളിൽ  പിടക്കുന്ന ഹൃദയങ്ങൾ ,
കോർത്തുകെട്ടി .

നിഴലിന്റെ  അസ്ഥിരതയിൽ  ഒളിഞ്ഞും -തെളിഞ്ഞും 
നിലാവിന്റെ  അലർച്ചയെ  ,
വാരിപ്പുണർന്ന് .

ചിന്തിച്ചു  ചിന്തിച്ചു  കാടുകയറി  വരൂ .......


എന്റെകണ്ണിലൊരു  ഹിമപർവ്വതമുണ്ട് 
നിന്റെ  നോട്ടമേറ്റാൽ
 ഇടിഞ്ഞൊലിച്ചെല്ലാഅസമത്വങ്ങളേയും 
  മഹാപ്രളയമാക്കാൻ പോന്ന നിശ്ചല ദൃശ്യം 

Friday, June 24, 2016


മാറ്റം 

കാക്കകൾ 
കൂട്ടം കൂട്ടമായിവന്ന് 
കോഴിക്കുഞ്ഞുങ്ങളെ 
റാഞ്ചിക്കൊണ്ടു  പോയി .

ഊട്ടി ,
ഉറക്കി '
പറത്തി 
വളർത്താൻ 

ശീലം 

പെണ്ണുതൊട്ടതെല്ലാം 
പൊന്നുതന്നെയെന്ന് 
അവർ 
ശീലിച്ചു  കഴിഞ്ഞിരിയ്ക്കുന്നു .

മാൻ 

ചിരിക്കാൻ  സമ്മതിച്ചില്ല 
കുരുക്കുമെന്ന്  മുന്നറിയിപ്പുകൾ 

കളിക്കാൻ  സമ്മതിച്ചില്ല 
കുളിതെറ്റുമെന്ന്   കുശലം  പറച്ചിൽ 


വെറുക്കാൻ  സമ്മതിച്ചില്ല  
അറുത്തു  കളയുമെന്ന്  ഭീഷണികൾ .

എതിർക്കാൻ   സമ്മതിച്ചില്ല 
എളുപ്പമല്ലെന്ന്   തിരിച്ചറിവുകൾ .

മനുഷ്യനാകാൻ  സമ്മതിക്കാഞ്ഞിട്ടല്ലേ 

മാനായി   വേട്ടയാടപ്പെട്ടത് .?

ചോർച്ച 

ന്യായീകരണങ്ങൾ കൊണ്ട് 
ഓട്ടയടച്ച  ;
ഔദ്യോഗിക  ജീവിതത്തിനുള്ളിലൂടെ 

സമാധാനം 
മെല്ലെ 
ചോർന്നു  പോയിക്കൊണ്ടിരുന്നു .

മറവി 

പുറത്ത്  
മഴ  തിമിർക്കുന്നു .

അകത്ത് 
ചുട്ടുപൊള്ളുന്നു .

ജനലുകളെല്ലാം 
അടഞ്ഞുതന്നെ  കിടക്കുന്നു 

Thursday, June 23, 2016

കൊങ്കൺ 

ഇരുട്ട്  വെളിച്ചത്തെയും 

വെളിച്ച്ചം   ഇരുട്ടിനേയും 

വെട്ടിവീഴ്‌ത്തുന്ന  

വേഗം .

Tuesday, May 3, 2016

മകൾ 

വേനലോടിച്ചവർ 
ദാഹിച്ചു 
മകൾ ......മകൾ 

തേപ്പു  പെട്ടി 


  എന്നെ   ചൂടനാക്കി 
നിങ്ങൾ   മാന്യരായി .

Saturday, March 19, 2016

സ്വപ്നക്കൂട് 

ഉറക്കം  മുറുക്കുന്നവരും 
വലിപ്പം  കിറുക്കുന്നവരും 
ശവത്തിൽ  കുത്തി 
ജയിച്ചു  കേറുന്നു .

ഇത്രമേൽ 
എത്തിപ്പിടിക്കാവുന്ന  ദൂരത്ത് 
ആരാണ് 
നമ്മുടെ  സ്വപ്നങ്ങളെയിങ്ങനെ 
ചില്ലുകൂട്ടിൽ 
തടവിലാക്കിയത് ?

 

 

 

      സമീറ .പി .പി  ചുണ്ടമ്പറ്റ 

സാമൂഹ്യ  ജീവി 

അയഞ്ഞും  വലിഞ്ഞും 
ഓരോ കണ്ണിയിലും  വേണം 
ചങ്ങലയാവാനുള്ള 
ജാഗ്രത.














മൗനക്കടൽ 


നിൻറെ   കടൽ  -
കുടിച്ചു ഭ്രമിച്ചി ട്ടാവണം
എന്റെ
 മനമിത്ര  കനവാർന്നത് .



അതുകൊണ്ടല്ലേ

ഒരു മൗനത്തിൽ
ഒരായിരം  ഇരംബങ്ങൾ ,

കലങ്ങി  മറിഞ്ഞിങ്ങനെ
തൂവിയും  തുളുംബിയും.

Thursday, March 10, 2016



കാട്ടുമുല്ല 


ഒരു വിളിപ്പാടിനകലെയായ്‌  മന-
ക്കടലിൽ നിന്നൊരു  കവിത പൊങ്ങുന്നു
ഒഴിവയർ  മെല്ലെ നിറയുവാൻ  വെമ്പി
പതിവു  പാട്ടുമായ്‌  കരളിൽ  മുട്ടുന്നു

ഋ തു മണങ്ങളിൽ  പല നിറങ്ങളായ്‌
ഇതളുകാത്തിളം ചെടി  കിതക്കുന്നു
പുതു  മഴക്കാറി ലലിയവെ  ഭൂവി-
ലെവിടെയോ നോവിൻ  കുമിള തേങ്ങുന്നു



പുരയും - ,കണ്ണു മിച്ചെരുവിൻ  ഗർഭവും
ഹൃദയ ഭിത്തിയിൽ ചോർ ന്നൊലിക്കുന്നു 
കഴുക ദൃ ഷ്ടികൾ  കഥ മെനഞ്ഞതിൻ
ഞൊറികളിൽ  നാട്യച്ചിരികളാ ടുന്നു

ന റുനിലാവിന്റെ  ചിറകിലേ റുവാൻ
ചെറു കിനാക്കളിൽ  കൊതി  മുളക്കുന്നു
ഉണരുവാനിന്നു  സമയമായെന്നൊ -
രുദയ കിരണത്തിനലകളോതുന്നു