Wednesday, September 18, 2024

ഉമ്മയോളം 


ഞാൻ കാണേണ്ടതെല്ലാം 

കണ്ടിരുന്ന  കണ്ണ് ;

കേൾക്കേണ്ടതെല്ലാം 

കേട്ടിരുന്ന കാത് 

അറിയേണ്ടതെല്ലാം 

നിറച്ചിരുന്ന  മനസ്സ് .

എന്നോളം നിങ്ങൾ മറ്റൊന്നിലും 

വിശ്വസിച്ചില്ലായിരുന്നു 

നിങ്ങളോളം ഞാൻ മറ്റൊരാജ്ഞക്കും

അടിമപ്പെട്ടില്ലായിരുന്നു .

എൻ്റെ  ശബ്ദങ്ങളിലെ ശൂന്യത 

മൗനങ്ങളിലെ  ഗാഢത 

എത്ര വിദഗ്ധ മായാണ്  

നിങ്ങൾ അരിച്ചു  വേർതിരിച്ചെടുത്തത്  .

നിങ്ങളുടെ നിശ്ചലതയുടെ പ്രതീക്ഷയായിരുന്ന 

എൻ്റെ വേഗതകളെങ്ങിനെയാണ് 

ഒറ്റശ്വാസത്തിൽ ഒരപായച്ചങ്ങലയിൽ 

ഞാൻ പിടിച്ചു വലിച്ചു നിർത്തുക 

ഞാനില്ലെങ്കിൽ  നിങ്ങളെങ്ങനെ 

എന്ന ധൃതിപ്പെടൽ 

നിങ്ങളില്ലെങ്കിൽ  ഞാനെന്ത്  എന്ന 

ചോദ്യ ചിഹ്നമായി പരിണമിച്ചിരിക്കുന്നു .

നെറ്റിത്തടത്തിൽ നിന്നേറ്റൊരു തണുപ്പ് 

എന്നെയാകെ മരവിപ്പിച്ചിരിക്കുന്നു .

കണ്ണുകളിലൂടത്  ഓർമ്മകളായി 

ഉരുകിയൊലിക്കുന്നു .

ഇവിടം ഇപ്പോൾ  തരിശുഭൂമിയായിരിക്കുന്നു .

നിശബ്ദമായ വൈകുന്നേരങ്ങ ളെങ്ങിനെയാണ് 

എൻ്റെ  ചിന്തകൾക്ക്  വളമാവുക ?

കടുകുമണിയോളം പരിഭവങ്ങളിൽ മുങ്ങിത്തപ്പി 

കടലോളം കവിതയാവുക .