ആമുഖം
മാറ്റങ്ങളോടൊപ്പം കിതച്ചുകൊണ്ട് മനുഷ്യൻ ഓടുകയാണ് . ഉറക്കമില്ലാത്ത രാത്രിയുടെ ഭയപ്പെടുത്തുന്ന ശബ്ദങ്ങളായി മാറിയിരിക്കുന്നു പല ജീവിതങ്ങളും .ഓൺലൈനിലാവുക എന്ന പുതിയ തടവു സമ്പ്രദായത്തിലേക്ക് ജീവിത മാർഗ്ഗങ്ങൾ വഴിമാറുന്നു .ആരോടും ഒന്നും പറയാനാവാതെ ,പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്ന തിരിച്ചറിവോടെ പല ജീവിതങ്ങളും കഴുത്തിൽ കയറിട്ട് തൂങ്ങിയാടുന്നു .രഹസ്യങ്ങളുടെ ചുരുളഴിക്കുക എന്ന ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്ന തുളച്ചു കയറലുകൾ ഇരകളെ നിശ്ശബ്ദരായിരിക്കാൻ പ്രേരിപ്പിക്കുന്നു. .ശബ്ദമുണ്ടായിട്ടും ശബ്ദിക്കാനാവാത്തവന്റെ വേദന ഒരഗ്നി പർവ്വതം കണക്കെ സമൂഹത്തിനു മേൽ ഉരുകിയൊലിക്കാൻ ധൃ തിപ്പെടുന്നു . സഹതാപത്തോടെ കേട്ടറിഞ്ഞ പല വാർത്തകളും നിസ്സഹായതയോടെ അനുഭവിക്കേണ്ടി വരുന്നവരുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചു വരുന്നു .
എഴുത്ത് പലർക്കും പലതാണ് . എനിക്കത് എൻറെ ചുറ്റുമുള്ള അനീതികളോട് ഞാൻ ശബ്‌ദിച്ചതിന്റെ രൂപമാറ്റമാണ് . ഇത് ഞാൻ പറയാനിരുന്നതായാണ് -എനിക്ക് വേണ്ടി മാത്രമെഴുതിയതാണെന്ന പലരുടെയും കണ്ണ് നിറയലാണ് .എന്നെ ഉദ്ദേശിച്ചാണ് -എന്നെത്തന്നെ ഉദ്ദേശിച്ചാണ് -എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന ചിലരുടെയെങ്കിലും പക പോക്കലാണ് .എഴുത്തിനോട് ഞാൻ കാണിച്ച ആത്മാർത്ഥതയേക്കാൾ എഴുത്ത് എന്നോടാണ് ആത്മാർത്ഥത കാണിച്ചിട്ടുള്ളത് .എത്ര തട്ടിമാറ്റാൻ ശ്രമിച്ചാലും വിട്ടുമാറാതെ -ഞാൻ ക്ഷണിക്കാതെ ത്തന്നെ എൻറെ ഇടങ്ങളിലേക്ക് കയറിവരാൻ സ്വാതന്ത്ര്യമുള്ള പ്രിയ സുഹൃത്തിനെപ്പോലെ അത്രമേൽ പ്രണയത്തോടെ അതെന്നോട് ചേർന്നു നിൽക്കുന്നു . എനിക്കു ചുറ്റുമുള്ള പച്ച മനുഷ്യരിലേക്ക് വാക്കുകളായി -വരികളായി ;താങ്ങായി ;-തണലായി അത് പടർന്ന് പന്തലിക്കുന്നു .
കാലം മാറ്റങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു . നമുക്ക് നമ്മിലുള്ള വിശ്വാസമാണ് പ്രധാനമെന്നും ഉള്ളിൽ നിന്നും ഉരുൾപൊട്ടി വരുന്ന ഊർജ്ജത്തെ മുൻ വിധികൾക്കോ ,അതിർ വരമ്പുകൾക്കോ തടുക്കാനാവില്ലെന്നുമുള്ള സാക്ഷ്യപ്പെടുത്തലുകൾ പ്രതീക്ഷയുടെ പുതിയ പാതകൾ വെട്ടിത്തെളിക്കുന്നു . എല്ലാം കൈവിട്ടു പോയെന്നു തോന്നിപ്പിച്ചിടത്തു നിന്നും ഗൗളി കണക്കെ പലരും ഉയിർത്തെഴുന്നേൽപ്പ് നടത്തുന്നു .
"മുറിച്ചു കളഞ്ഞ വാലാണ് പിടഞ്ഞത് -മരിച്ചു പോയെന്നു തെറ്റിദ്ധരിച്ചത് നിങ്ങളാണ് " എന്ന പാകപ്പെടൽ സമാധാനത്തോടെ ജീവിത യാഥാർഥ്യങ്ങളെ പൊരുതി ജയിക്കാനുള്ള തന്റേടത്തെ അടയാളപ്പെടുത്തുന്നു .എൻറെ കവിത കളെ ഹൃദയം നിറഞ്ഞു സ്നേഹിച്ച , പ്രചരിപ്പിച്ച ,ആയുധമാക്കിയ എൻറെ പ്രിയ വായനക്കാർക്ക് ഈ ഗൗളീ മയവും ഒരാഘോഷമാവട്ടെ എന്ന പ്രാർത്ഥനയോടെ .
സ്നേഹപൂർവ്വം
സമീറ .പി .പി