Tuesday, August 29, 2023

 അടിമ

 

ശത്രുവിനെ  ശത്രുവായിത്തന്നെ 

നിലനിർത്തുക  എന്നത് 

എത്ര  ശ്രമകരമായ  ജോലിയാണ്

 .

നിന്നെക്കുറിച്ചു  ചിന്തിക്കാതെ 

എൻറെ  ഒരുനിമിഷവും 

കൊഴിഞ്ഞു  പോകില്ലെന്നൊരു 

വാഗ്ദാനമാണത് .


നിൻറെ  ഉയർച്ച താഴ്ചകൾ 

എന്നോളം 

മറ്റൊരു  ഹൃദയവും 

തൊട്ടറിഞ്ഞിട്ടില്ലെന്നൊരു 

കരുതലാണത് .

 

അകന്നിരുന്നിട്ടും 

നമ്മളെത്രമാത്രം 

അടുത്തിരിക്കുന്നുവെന്നൊരു 

ഭ്രമപ്പെടുത്തലാണത് .

 

നിന്റെ  നോട്ടങ്ങളിൽ 

എൻറെ  സ്വാത ന്ത്ര്യത്തെ 

കുരുക്കിയിട്ടല്ലോ  എന്നൊരു  

കീഴ്പ്പെടലാണത് .

 

ശത്രുവിനെ  ശത്രുവായിത്തന്നെ 

നിലനിർത്തുക  എന്നത് 

എത്ര  മൂഡമായ  തീരുമാനമാണ് 

 

ശത്രുവിനെ  സുഹൃത്താക്കുവോളം 

നമ്മളാ  ശത്രുവിന്റെ 

വെറും 

അടിമ  മാത്രമാണ്



Tuesday, June 20, 2023

 ഷോളയൂർ  കാഴ്ച്ചകൾ                   


പുറത്താക്കപ്പെട്ട  പെണ്ണുങ്ങളും 

പുറത്താക്കപ്പെട്ട  ആണുങ്ങളും 

പുറത്താക്കപ്പെട്ട  കുഞ്ഞുങ്ങളുടെ  സ്വപ്നങ്ങൾക്ക് 

ചിറകു  തുന്നുന്നു .


പഴുത്ത  ഞാവൽ കാലത്തിലൂടെ 

ആകാശത്തേക്കവർ  

വലിഞ്ഞു  കയറുന്നു .

വെളുത്ത  മേഘക്കെട്ടുകൾക്ക് 

നീലഛായം  പൂശുന്നു .

സൂര്യനെ കുന്നിൻ  ചെരുവിൽ 

പ്രതിഷ്ഠിക്കുന്നു .

കാറ്റിനെ  കാറ്റാടിയന്ത്രത്തിൽ  തളയ്ക്കുന്നു .


നിലാവിൽ  കുതിർന്ന്   ഗുൽമോഹർ പെയ്ത വഴിയിലൂടെ  

പെണ്ണുങ്ങൾ  പുലർന്നു  തുടങ്ങുന്നു .

കോടപുതച്ച  ഓർമ്മകളെ 

 ചുടുചായയിൽ  മുക്കി 

ഉണക്കാനിടുന്നു .

കാടിന്റെ  വാർത്തകളെ  കീശയിലാക്കി 

നടപ്പ്  തുടരുന്നു .

കാടോളം  വളരണം  നമ്മളെന്ന് 

ആവർത്തിക്കുന്നു .


താഴ്വാരത്തിനു  മുഖംതിരിഞ്ഞൊരു 

വെളുത്ത വീട് 

വീടിനു  കാവലിരിക്കുന്ന  

രണ്ട് വെളുത്ത   പട്ടിക്കുഞ്ഞുങ്ങൾ .

എത്ര കുരച്ചിട്ടും  ആരേയും  ഭയപ്പെടുത്താനാവാതെ 

ചങ്ങലകൾ .


തുടുത്ത  മാമ്പഴങ്ങൾക്ക്  കാവലിരിക്കുന്നു 

നരച്ച   താടിക്കാരൻ .

പൊട്ടിച്ചെറിഞ്ഞ  ചങ്ങലകൾക്ക്  പകരം 

നേർത്ത  പുഞ്ചിരി .

കയ്യിൽ  ഊന്നുവടി 

തോളിൽ  മുഷിഞ്ഞ  പുതപ്പ് 

എങ്കേ .............കണ്ണട ?


ഏലമലക്കാട്ടിലെ  പെൺകുട്ടി 

പെറ്റ  പുലിയെ  ഉമ്മവച്ചിട്ടുണ്ടത്രെ  ;

എനാത് ?...............എനാത് ?

കണ്ണുകളിൽ  കുമ്മിയാടുന്നു ...ആശ്ചര്യം 

കേൾവികളിൽ  ചോരയൂറ്റുന്ന  അട്ടകൾ .


കാടിനെ   .......നാടറിയട്ടെ 

നാടിനെ ........കാടുണർത്തട്ടെ 



Tuesday, April 25, 2023

 ഉടയോർ 


പതിവു  തെറ്റുന്നു  നമ്മളിന്നറിയാതെ 

പലതു മങ്ങനെ  മൂളി  നടക്കുന്നു 

പല വഴിക്കു  പിരിയുന്നു  നേരുകൾ 

പറയുവാനുണ്ടൊരിത്തിരി  പോരുകൾ 


നിമിഷ നേരങ്ങൾ  ചടുല  വേഗങ്ങൾ 

ഉടലു  വെന്തുള്ള മുരുകും  യാത്രകൾ 

ഹൃദയ മാഴത്തിൽ  പിഴുതെടുത്തിട്ട് 

കടലു പോലതിൽ  തിരകൾ  പായിച്ച് 

തുഴയുമാഴങ്ങൾ  അതിരുവെട്ടിച്ച്‍ 

ഒടുവിൽ  സൂര്യൻറെ  ഇരുളു മോന്തീട്ട് 


എവിടെ  ഭൂമി  കറങ്ങുന്നതില്ലയോ 

എവിടെ  സൂര്യൻ  ഉദിക്കുന്നതില്ലയോ 

എവിടെ  മാനം  ചിറകുകളില്ലയോ 

എവിടെ  വായു  മിടിക്കുന്നതില്ലയോ 


അടവു  മാറ്റി  പയറ്റുന്നു  തന്ത്രങ്ങൾ 

അനുഭവത്താൽ  പഠിക്കാത്ത  പാo ങ്ങൾ 

ഉശിരാൽ  വീശുന്ന  ചോദ്യങ്ങളിൽ  ചോര 

ഉറവയായ്  നൃത്തമാടുന്ന  വേദികൾ 


നിഴലുമാറും  വെയിൽ  നിറഞ്ഞാടും 

കുളിരുമാറും  കുരുവികൾ  നീറും 

ഉലകമെന്റേത്   മാത്രമെന്നോതാൻ 

ഉടയോർ  നമ്മളങ്ങില്ലാതെയാവും 

 മാലിന്യം 


എന്റേത് 

നിന്റേതെന്നുറക്കെ 

പ്രഖ്യാപിക്കുന്നു 


മഹാ  മനസ്കർ 

 ചോദ്യ  ചിഹ്നം 


കാൽതൊട്ടു വന്ദിച്ചു 

തലഉയർത്തിയെന്നു  

തോന്നിപ്പിച്ച്  

വാലായി  വീണ്ടും 

തുടരുന്നു 

ചോദ്യങ്ങൾ 

 ഗൗളീ മയം   


മുറിച്ചു  കളഞ്ഞ   വാലാണ് 

പിടഞ്ഞത് .

മരിച്ചു  പോയെന്നു 

തെറ്റിദ്ധരിച്ചത് 

നിങ്ങളാണ്  

 അധികാരം 


ക്ലോക്ക് 

തൻ്റെ  ബലിഷ്‌ഠമായ  കാലുകൾ 

ഉച്ചത്തിൽ  ചവിട്ടി 

എൻറെ  ഉറക്കമില്ലാത്ത  രാത്രിയുടെ 

നെഞ്ചത്ത് 

 രക്തസാക്ഷികൾ 


പ്രാർഥനകൾക്ക് 

വെളിയിൽ 

കുടിവെള്ളം  കിട്ടാതെ 

മരിച്ചുവീഴുന്ന 

അമ്മമാർ .

Monday, March 20, 2023

ത്യാഗം 


ഒരു വാക്കിനുള്ളിൽ 
ഇത്ര വലിയ  ചതിക്കുഴികൾ 
ഒളിഞ്ഞിരിക്കുന്നത് 
ആരുടെയെങ്കിലും 
ശ്രദ്ധയിൽ 
പെട്ടിട്ടുണ്ടോ 

കാലിൽ  കൊണ്ട  മുള്ളുകളെ 
ചോരകോർത്ത് വസന്തമാക്കുന്ന 
ഇന്ദ്രജാലങ്ങളെ 

ആഴ്ന്നുപോയ  മൗനങ്ങളിൽ 
കണ്ണാടിനോക്കി 
മിനുക്കിയെടുക്കുന്ന 
തന്ത്രശീലങ്ങളെ.
 
ചുറ്റിപ്പിണഞ്ഞ സർപ്പത്തെ 
താലിയാക്കി 
മഹത്വവൽക്കരിക്കുന്ന 
വിഷലിഖിതങ്ങളെ 

കേൾക്കുമ്പോഴേ 
കാർക്കിച്ചു  തുപ്പാൻ  തോന്നുന്നു 
ത്യാഗമെന്ന  വാക്കിലെ 
ചതിക്കുഴികളിലേക്ക് 
നീതി 


കണ്ണ് മൂടിക്കെട്ടിയതായിരുന്നില്ല 
വിഴുങ്ങപ്പെട്ടതായിരുന്നു 
പലരാലും 
പലതിനാലും 
പലപ്പോഴും   

മൂർച്ചയുള്ള  മനുഷ്യർ 



മരങ്ങളെ ,
മലകളെ,
പൂക്കളെ,
പുഴകളെ,
വെയിലിനെ,
മഴയെ
മഞ്ഞുരുക്കങ്ങളെ
കീറിമുറിച്ചൊരു ട്രെയിൻ
യാത്ര തുടരുന്നു .


ട്രെയിനിൽ
നിറയെ
മൂർച്ചയുള്ള മനുഷ്യർ


കണ്മുനകൾ
കൂർപ്പിച്ചു
കൂർപ്പിച്ചു
കവിതയാകുന്നു