Saturday, October 20, 2018

ഇടിഞ്ഞു  വീഴുമ്പോൾ .

ചവിട്ടിക്കയറിയ  പടികളെല്ലാം 
ഒലിച്ചുപോയിരിക്കുന്നു .
നോക്കൂ.......... /?
അന്ധരാണവർ .
അഴുകിയ  ഭ്രാന്താലയമാണ് 
താഴ്ച്ചയിൽ .

Monday, October 8, 2018

നല്ലത്. 

ഒരുവാക്ക്  മാറ്റിപ്പറയുമ്പോൾ 
ഒരുതോക്ക്   പത്തി താഴ്ത്തുന്നെങ്കിൽ 
അതല്ലേ  നല്ലത് .


ഒരു  മരം  മുറിക്കുമ്പോൾ 

ഒരു  ഭയം  മരിക്കുന്നെങ്കിൽ 
അതല്ലേ   നല്ലത് .


ഒരു  ചിരി  പടർത്തുവാൻ 

ഒരു  നുണ  പൊതിഞ്ഞു  നൽകാനായാൽ 
അതു  മാത്രം   നല്ലതാകുന്ന  പോലെ .

ദൈവം 
ഒരമ്മയെ  വാരിയെടുത്ത് 
പ്രളയം  മുറിച്ചു  കടക്കുന്നു .

Monday, August 27, 2018

പ്രളയോന്മാദം


നിന്നാളോർക്കുന്നുണ്ടോ 
മലയും 
കടലും 
പ്രണയത്തിലാണെന്ന് 
അന്ന്  ഞാൻ  പറഞ്ഞപ്പോൾ 
നിങ്ങൾ 
പരിഹസിച്ചു  ചിരിച്ചത് .


വിളിച്ചിറക്കി ക്കൊണ്ടോവാൻ 
വേലിയേറ്റം  വരെ  വന്ന് ;
കടൽ 
തിരിച്ചിറങ്ങി പ്പോകുന്നത് 
ഞാൻ  കണ്ടിട്ടുണ്ട് .

തന്റെ  പരിമിതികളെ 
കണ്ണീർപുഴകളിൽ  നിറച്ച് 
മല 
വിരഹ സന്ദേശമെഴുതുന്നതും .

പലവട്ടം  ചൂഷണം  ചെയ്യപ്പെട്ടിട്ടും 
പതിവു  തെറ്റിക്കാതെ 
പാരമ്പര്യ  പ്രൗഢി  കാത്തവൾ 
എന്തു  ദുരനുഭവത്താലാണ് 
തന്റെയുള്ളിലെ  ജീവനെ 
കശക്കിയെറിഞ്ഞ് 
ഒരുന്മാദിയെപ്പോലെ 
കടലിന്റേതാകാൻ 
തീരുമാനമെടുത്തത് .

Tuesday, August 14, 2018






ചെയിൻ  റിയാക്ഷൻ 


ഒരുജീവൻ   കയ്യേറുമ്പോൾ
പലജീവിതങ്ങളില്ല്ലാതാകുന്ന 
വരൾച്ചയിലേക്ക്
പ്രതികരണങ്ങൾ
പ്രതികാരമായി  അണപൊട്ടുന്നതിൽ 
അമ്പരക്കുന്നതെന്തിന് ?




ചോരച്ച  കണ്ണുനീരുറവയാണ്  
ചുറ്റിലും .;

വൃഷ്ടി  പ്രദേശത്ത്  
നിലക്കാത്ത  
നഷ്ടപ്പെയ്ത്തും .

Monday, August 13, 2018

നിരാശ
ഓർക്കുമ്പോൾ 
ജീവിച്ചതേയില്ലെന്നു  തോന്നിപ്പിക്കുന്നു ;

ചില  നിസ്സാരങ്ങൾ .

Monday, August 6, 2018

സമാധാനം 
ചിലയിടങ്ങളിൽ 
അടിച്ചമർത്തലുകളെ  
മനസ്സിലാക്കാൻ  പോലുമാവാത്തവരുണ്ട് .

ഭാഗ്യവാന്മാർ; 

അടിമയായിട്ടാണെങ്കിലും ,
അവർ 
സമാധാനത്തോടെ 
മരിക്കുന്നു .

Thursday, July 12, 2018


 പ്രണയം  പെയ്തൊഴിഞ്ഞിടം .


ഇതെന്റെ  പുറം  ജാട 
നിങ്ങളുടെ  കാഴ്ചപ്പാടിൽ 
പ്രണയത്താൽ 
മലിനമാക്കപ്പെട്ടത് .

കാഴ്ചകളെ  ഇരുട്ടിലാക്കി 
കാറ്റിന്റെ  വേഗത്തിൽ 
ചില്ലകളേറി 
ഇടിഞ്ഞു  വീഴുംവരെ 
നനവാർന്നത് .

ഇതെന്റെ  അകം 
ചകിതം . 
നിസ്സഹായതക്ക് - തൂക്കുകയർ സാക്ഷ്യം  
നിവൃത്തി  കേടിന്
ഏകാന്തത കൂട്ട് .


ഉണക്കി  ഉയർത്താനൊരു 
സൂര്യൻ 
നിങ്ങളുടെ  ഉറപ്പുകളിലെന്തേ
ഇപ്പോഴെങ്കിലും  
ഉദിച്ചു  വരാത്തൂ ?.

Wednesday, July 11, 2018

വൈറൽ  

ഒറ്റക്കിരിക്കലും  ചിലപ്പോൾ 
ഒന്നിച്ചു  ജയിക്കലാണെന്ന് 
കുറേ  വൈറസുകളോട് 
എനിക്കും 
പറയാനുണ്ട് .

Sunday, February 4, 2018

കളഞ്ഞു പോയ  കവിത .


റെയിൽവേ  ഗേറ്റിന്റെ
തൊട്ടുമുമ്പത്തെവളവിൽ
റംബുട്ടാൻ  കായ്ച്ചുനിൽക്കുന്ന
നീലച്ചായം  പൂശിയ  വീടിന്റെ
പടിഞ്ഞാറേ  മൂലയിലെ ;
പൊടിപിടിച്ച  -കുറ്റിമുല്ലയുടെ 
കഷണ്ടിത്തലയിലേക്കായിരിക്കും 
ചിലപ്പോൾ  അത്  തെറിച്ചുവീണിട്ടുണ്ടാവുക .

നേരം വൈകുന്നെന്നു 
പൊടുന്നനെയോർമ്മിപ്പിച്ച 
രെജിസ്റ്ററിൽ  വീഴാൻപോന്നൊരു 
ചുവപ്പുകുത്തിന്റെ -
ഭയമടിഞ്ഞ  ആഴത്തിലേക്കായിരിക്കും 
ചിലപ്പോളത്  ആണ്ടുപോയിട്ടുണ്ടാവുക .


ഒട്ടും  പ്രതീക്ഷിക്കാത്തൊരു  പ്രണയത്തിന്റെ 
നോക്കുപാലത്തിലിടിച്ചായിരിക്കും 
ചിലപ്പോളത്  തകർന്നടിഞ്ഞിട്ടുണ്ടാവുക  .


ആദ്യത്തെമഴയെ  പൂവിട്ടാഘോഷിക്കുന്ന 
കാട്ടുനാരകത്തിന്റെ 
ശാസ്ത്രീയനാമത്തിലായിരിക്കും 
ചിലപ്പോളത്  ഉടക്കിനിന്നിട്ടുണ്ടാവുക .


എന്തായാലും 
കളഞ്ഞുപോയ  കവിതയെ  വീണ്ടെക്കുകയെന്നാൽ 
പിരിഞ്ഞുപോയ  പ്രാണനെ  
തിരിച്ചു  വിളിക്കുക  -എന്നാണ് .   

Tuesday, January 23, 2018

സംതൃപ്തി 

 നന്ദി  പോക്കറ്റിൽത്തന്നെയിരിക്കട്ടെ;
ചെയ്ത  ഉപകാരത്തിനുള്ള 
സംതൃപ്തി -
ഞാൻ 
നേരത്തേ 
കൈപ്പറ്റിയതാണ് .
ഭാഷാശാസ്ത്രം 
എനിക്കിപ്പോഴും 
മനസ്സിലാകാത്തൊരു 
കാര്യമുണ്ട് 
.
വർണ്ണമുള്ളവൻ 
അവർണ്ണനും 
 വർണ്ണമില്ലാത്തവൻ 
സവർണ്ണനുമാകുന്നതിന്റെ 
ഭാഷാശാസ്ത്രം .
സൈബർ  സെക്സ്

 ഇവരൊക്കെത്തന്നെയല്ലേ ......
സദാചാരത്തിന്റെ 
വലിയവായിട്ട് 
പകൽവെളിച്ചത്തിൽ 
നമ്മെ 
വിഡ്‌ഢികളാക്കിയത് .
തള്ള് 

എന്റെ  കയ്യക്ഷരം   
അതിമനോഹരമാണ് ;
ഞാനതിൽ   അഹങ്കരിക്കുന്നു .


പഠിക്കുന്നകാലത്ത്   അധ്യാപകരെല്ലാം 
എന്റെ  തോളിൽ  തട്ടി  അഭിനന്ദിച്ചിട്ടുണ്ട് -
സുഹൃത്തുക്കൾ  അസൂയപ്പെട്ടിട്ടുണ്ട് .


പ്രണയലേഖനമെഴുതി   വിജയിച്ചിട്ടുണ്ട് .
അന്താരാഷ്ട്ര  കയ്യക്ഷര മത്സരത്തിൽ -
മഷിപ്പേനകൊണ്ടെഴുതിയില്ലെന്ന  ഒറ്റക്കാരണത്താലാണ് 
അവന്മാരെനിക്കു  ഒന്നാം  സ്ഥാനം  തരാതിരുന്നത്‌ .
(അല്ലേ ലും  ഈ  അവാർഡോളൊക്കെ   തട്ടിപ്പാ .
മുന്നേ  കൂട്ടി  തീരുമാനിച്ചിട്ടുണ്ടാവും  പോലും ---വിജയിയെ )


ഞാനെഴുതിയത്  ഞാൻതന്നെ  നോക്കി 
അഭിമാനം  കൊണ്ട്    എഴുന്നേറ്റുനിന്നു 
പലപ്പോഴുമെന്നെ  വണങ്ങിപ്പോയിട്ടുണ്ട് .

പീരീഡ്   കഴിഞ്ഞു   മടങ്ങിപ്പോരുമ്പോൾ 
ടീച്ചറേ  മായ്ക്കേണ്ടെന്നു  കുട്ടികൾ 
പലകുറി  കെഞ്ചിയിട്ടുണ്ട് ---ബോർഡിന്    അലങ്കാരമാണുപോലും .
(ഞാൻ  നിർബന്ധപൂർവം  മായ്ച്ചേ പോരൂ ; .
മറ്റു ടീച്ചർമാരുടെ  കണ്ണുതട്ടിയാലോ )


സുഹൃത്തേ ......
ഇനി  നീ  അതുകണ്ടിട്ടു  കാര്യമില്ല .

അതുകൊണ്ട്  ഞാനീ കവിത
ടൈപ്പ്  ചെയ്തയക്കുന്നു .

Monday, January 22, 2018

കേരജന്മം 


അടുത്ത ജന്മത്തിലെനിക്കൊരു 
തെങ്ങായ്   പിറക്കണം .

തളർന്നുവീണവന്  ഇളനീരും 
തൊലിവരണ്ടവന്  എണ്ണയുമാകണം .

എല്ലാവിഭവങ്ങളിലുമങ്ങനെ 
രസിച്ചു  രസിച്ചു  കേറണം .
മധുരത്തിന്  കിടപിടിക്കാവുന്ന 
കൂട്ടുകാരിയാവണം .


ആഘോഷിക്കുന്നവന്  ലഹരിയും 
അലങ്കാരത്തിന്റെ  പൂക്കുലയുമാവണം .

തണൽ തേടുന്നവന്  തടുക്കാവണം.;
തറയടിക്കുന്നവന്  ചൂലാവണം .
.
തത്തപ്പെണ്ണിന്  ഒളിസങ്കേതമാവണം .
ഓലോഞ്ഞാലിക്ക്  ഊഞ്ഞാലാവണം 
കായൽ കനവിലെ  കയറാവണം 
കാര്യസ്ഥനൊരു  പണിയാവണം .

അടുത്തജന്മത്തിലെനിക്കൊരു 
 തെങ്ങായ്   പിറക്കണം .

ഇരുളു കീറുന്ന  പന്തമായ്  കത്തണം .
ഇവിടെയുണ്ടെന്നു  പറയാതെ  പറയണം .

Sunday, January 21, 2018

സന്ദേശം 


വെയിൽ  -
നൂഴ്ന്നു   നിവർന്ന  വഴിയിൽ 
മഴവിൽക്കുഞ്ഞുങ്ങളെ പെറ്റിടുന്നമാതിരി ;
ചിലനേരങ്ങളിൽ 
നിൻറെ 
സന്ദേശങ്ങൾ