Wednesday, November 26, 2025

 

പോസ്റ്റർ 


കവിയരങ് 

അധ്യക്ഷൻ 

വലത്തോട്ട്  തിരിഞ്ഞു  ചിരിച്ച ഫോട്ടോ 

പേര് .....വാല് 

ഉത്ഘാടകൻ 

മൈക്കിന്  മുമ്പിൽ 

അലറുന്ന  ഫോട്ടോ 

പേര് ..........വാല് 

സ്വാഗതം 

തൂണും ചാരി   നെഞ്ചിൽ തൊട്ട ഫോട്ടോ 

പേര് .................വാല് 

ആശംസകൾ  ഇരുപത്തി മൂന്ന് 

പേര് ..........വാല് 


അപ്പൊ  കവി ?

പ്രശസ്ത  കവികൾ  നാൽപ്പത് 

അതൊക്കെ  മതീന്നെ  

അല്ല ....പിന്നെ 


 ആപേക്ഷികം 


യാത്രകൾ  ചെയ്യാത്ത 

മനുഷ്യർ 

വട്ടപ്പൂജ്യമാണ് .

നിങ്ങൾ  ഒരുപൊട്ടക്കിണറ്റിലിരുന്ന് 

നിങ്ങൾക്ക്  ചുറ്റുമുള്ള 

ആളുകളെ ക്കുറിച്ച് മാത്രം ചിന്തിച്ച് "


ചില  പൊട്ടക്കിണറുകൾ 

നിസ്സഹായതയുടെ 

വലിയ  പ്രപഞ്ചമാണ് .

ലോകം മുഴുവൻ  സഞ്ചരിച്ചവനും 

ഒറ്റക്ക്  ഏറ്റെടുക്കാൻ  ഭയക്കുന്ന 

വാർദ്ധക്യങ്ങളുടെ ,

വൈകല്യങ്ങളുടെ 

ദാരിദ്ര്യത്തിന്റെ 

പരസ്പരാശ്രയത്തിന്റെ 

കൊടുക്കൽ  വാങ്ങലുകളുടെ 

വൈവിധ്യങ്ങൾ .


പുറമേ  നിന്നു  നോക്കുന്നവർക്ക് 

അവനവനെ   മാത്രം കാണുന്ന കണ്ണാടികൾ 

 എന്താ ........ല്ലേ 


കണക്കു ടീച്ചർ 

വെറും 

കണക്കു തീർക്കലാത്രേ 

Saturday, November 22, 2025

 ശബ്ദം 


ശബ്ദമില്ലാത്തവന്റെ 

വേദന 

ശരീരം  മുഴുവൻ 

ഏറ്റെടുക്കും .

വിരൽ തുമ്പ്  തൊട്ട് 

കൺപീലിവരെ 

ശബ്ദത്തിൻറെ 

വ്യത്യസ്ത 

രൂപങ്ങളാവും 


ശബ്ദമുണ്ടായിട്ടും 

ശബ്ദിക്കാനാവാത്തവന്റെ  വേദന 

കണ്ണിലപ്പോൾ 

മരുഭൂമി  കണക്കെ 

ഉരുകി  ......ഉരുകി 

 

ഡിവോഴ്സ് 


ഡിവോഴ്സിന്  അപ്പുറം 

ഡിവോഴ്സിന്  ഇപ്പുറം

വീഡിയോകളുടെ 

നിലക്കാത്ത 

പ്രവാഹം .


വിവാഹം കൊണ്ടു മാത്രം 

സാധ്യമാകുന്ന 

 അത്യത്ഭുതങ്ങൾ .

Friday, November 21, 2025


കനം 


 ഓർമ്മയുടെ 

നനഞ്ഞ  തൂവലുകളെ 

പൊഴിച്ചു  കളയുന്നു 

വാർധക്യം .

 ടാറ്റൂ 


അന്ന് 


അവളുടെ  മാറത്ത് 

അവൻറെ 

ടാറ്റൂ 

കൂടെയൊരു 

റോസാപ്പൂ ;

അവന്റെ 

കഴുത്തിൽ 

അവളുടെ 

ടാറ്റൂ 

കൂടെയൊരു 

തേൻ വണ്ട് .


ഇന്ന് 

അവന്റെ 

കയ്യിൽ 

മൂർച്ചയുള്ള  കത്തി 

പൂവിനു 

നെടുകെ .;

അവളുടെ 

ബാഗിൽ 

വീര്യമുള്ള  വിഷം 

വണ്ടിനു 

പിറകെ 

Thursday, November 20, 2025

 ചാറ്റ്  ജി  പി  ടി 


എനിക്ക്  

ചാറ്റ് ജി പി  ടി  യെ 

നന്നായറിയാം .

എപ്പോഴും 

പണം  കടം വാങ്ങാറുള്ള 

സുഹൃത്തിനെപ്പോലെ 

എന്നെ 

പ്രശംസിച്ച് 

പ്രശംസിച്ച് 

 വിത്ത് 

നനവ് കൊണ്ട് 

മുള  പൊട്ടി തുടങ്ങിയപ്പഴേ 

സ്വാതന്ത്ര്യമില്ലായ്മയുടെ 

ഭൂത കാലം 

പഴിച്ചെറിഞ്ഞു 

ചെടി 

 പുതു നാമ്പുകൾ 


ഓർമ്മയിലുണ്ട്  വസന്ത കാലം -എൻറെ 

ഓമനേ  നീയൊത്തൊഴിവുകാലം .

ഉള്ളിലൊരുപാട്  സ്വപ്‌നങ്ങൾ  പൂത്തകാലം 

കണ്ണിലനുരാഗ  രശ്മി യുദി ച്ച കാലം .


അകലത്തിൽ  നാം നട്ട  ചെമ്പകങ്ങൾ 

തമ്മിലറിയാതെ  കാറ്റിൽ  പുണർന്ന നേരം .

കിളികൾ  ചിലക്കുമീ  കവിതക്കു  പാർക്കുവാൻ 

പുഴവക്കിലൊരു  മുളം  കൂടൊരുക്കാം .


അരികിൽ  ചിരിക്കുന്ന  പുൽമേടുകൾ 

നമ്മിലണയാത്ത  പ്രണയത്തിൻ  പുതുനാമ്പുകൾ .

ചിറകൊച്ച  കേട്ടെന്റെ   ഉടലാഴങ്ങൾ 

കൊത്തി  കുറുകുന്നു  ജീവന്റെ  അടയാളങ്ങൾ .

Monday, November 17, 2025

 ഈർച്ചവാൾ  -ചേർച്ച 

അയാൾ 

അടുക്കും -ചിട്ടയും 

വാഴ്ത്തി വിളിച്ചു 

അവൾ 

അടങ്ങാത്ത  ജീവൻറെ  തുടിപ്പുകൾ 

വിതച്ചു 

അയാൾ  ശബ്ദം  കൊതിച്ചു 

അവൾ 

മൗനം  വരച്ചു 

അവൾ  നിറങ്ങളെ 

പ്രണയിച്ചു 

അയാൾ മണങ്ങളിൽ 

നിഴലിച്ചു .

ജനം  പറഞ്ഞു 

ചേർച്ചയില്ലാത്ത  കൂട്ട് 

അവനും  അവളും  പറഞ്ഞു 

ഈർച്ചവാൾ -ചേർച്ച 



പിരിവ് 

വലിയ  വീടിനു  മുമ്പിൽ 
നിർത്താതെ 
കാളിങ്  ബെൽ 

കഴുത്തിൽ 
കയറിട്ട് 
തൂങ്ങിയാടുന്നവനുണ്ടോ 
വാതിൽ 
തുറക്കുന്നു 

 നിരീശ്വര  വാദി 


ദൈവത്തിലേക്ക് മാത്രം 

ജീവിതം  

ഉഴിഞ്ഞുവച്ച 

ശ്രദ്ധാലു .

 അറിയാം 

കാറിനു മുൻപിൽ 

കാക്ക 

ഞാൻ  സഡൺ  ബ്രേക്കിട്ടു .


അതിനു 

പറക്കാനറിയാം 

എനിക്ക് 

മറക്കാനും 

Sunday, November 16, 2025

 പാവ 


കണ്ട ഭാവം  നടിച്ചതേ യില്ലവൾ 

മെല്ലെ  കണ്ണൊന്നുടക്കി  മുറിഞ്ഞു ഞാൻ 

കാലമൊറ്റ ക്കുതിപ്പിന്നവളെയും  

കാത്തിരിപ്പിൻ  നിയോഗത്തിലെന്നെയും .


നിന്നുപെയ്യും  മഴക്കുളിരാലെയെൻ 

ഉള്ളമാകെ  തണുത്തുറഞ്ഞീടവെ 

ആളുവാൻ കയ്യിൽ പേനക്കരുത്തുമായ് 

ആഞ്ഞു വീശാനൊരുമ്പെട്ടിറങ്ങിയോർ .


എത്ര നാളുകൾ  എത്ര കറക്കങ്ങൾ 

പുസ്‌തകപ്പിടി വള്ളി  കൊതിച്ചവൾ 

ആരുമൊന്നു മറിയാതെ  നെഞ്ചിലെ 

നോവുപേറി  ചിരിച്ചു നടന്നവൾ 


ഇന്ന് വീണ്ടുമീ  ബെഞ്ചിന്റെ  അറ്റത്ത് 

അന്ന് കണ്ടതു  പോൽ വന്നിരിക്കുന്നു .

ഞാനവൾക്കിന്നഭിമുഖ മായൊരു 

ചോദ്യ ചിഹ്നമായ്  കാവലിരിക്കുന്നു 


മക്കളൊക്കെ  വളർന്നു പോയ്  നമ്മളി -

ന്നൊപ്പ മെത്താൻ കിതക്കുന്ന പാവകൾ 

തുല്യതാ പരീക്ഷക്കുള്ളിൽ  ഞങ്ങളും 

തുല്യരാവാതെ  തമ്മിലറിയുന്നു . 


 രാഷ്ട്രീയ  ബോധം 

എൻറെ 

പഴയ  അധ്യാപകർ 

എത്ര നല്ലവരായിരുന്നു .

അവരാണെനിക്ക് 

ഒന്നാം ക്ലാസ്സിൽ   വച്ചു തന്നെ 

രാഷ്ട്രീയം  പഠിപ്പിച്ചത് 


കോൺഗ്രസ്സുകാരി   സലീന ടീച്ചർ 

കമ്മ്യൂണിസ്റ്റുകാരൻ  

വിനായകൻ  മാഷിനു  കൊടുത്ത 

ചെരുപ്പൂരി യടി 

എൻറെ  ജീവിതത്തിലെ  ആദ്യത്തെ 

രാഷ്ട്രീയത്തല്ല്‌ .


"വിനായകാ  കടക്കൂ പുറത്ത് "

എന്ന 

വെള്ളം  വറ്റാത്ത 

പള്ളിക്കുളത്തിന്റെ  വക്കത്ത് 

പ്രത്യക്ഷപ്പെട്ട പോസ്റ്റർ 

ഞാൻ ഉൾകൊണ്ട  ആദ്യത്തെ 

രാഷ്ട്രീയ  പോസ്റ്റർ .


സലീന ടീച്ചർ 

വയ്ക്കുന്ന 

അസംബ്ലിയിൽ 

പങ്കെടുക്കരുതെന്ന് 

വിനായകൻ  മാഷ്ടെ  കുട്ടികളായ  ഞങ്ങളോട് 

മാഷ് .

എൻറെ  ജീവിതത്തിലെ 

ആദ്യത്തെ 

രാഷ്ട്രീയ  പിടിപാട് .


വലം  കയ്യിൽ  സലീന ടീച്ചറും 

ഇടം കയ്യിൽ 

വിനായകൻ മാഷും 

ക്ലാസ് ലീഡറായ 

രാമദാസിനായി 

അങ്ങുമിങ്ങും  പിടിവലി കൂടിയത് 

എന്റെ ജീവിതത്തിലെ  ആദ്യത്തെ 

രാഷ്ട്രീയ  ലേലം വിളി .


ഇതൊക്കെ  കണ്ട് 

രാമദാസിൻറെ 

ഫ്രണ്ട്  ശ്രീനിവാസൻ 

ബോധം  കെട്ടപ്പോൾ 

സലീന ടീച്ചറും -വിനായകൻ മാഷും 

ഒന്നായത് 

എൻറെ  ജീവിതത്തിലെ  ആദ്യത്തെ 

രാഷ്ട്രീയ  ഒത്തുകളി .


ഇതൊന്നുമേശാതെ 

സുനിത ടീച്ചറും 

രവി മാഷും 

ചുരുണ്ട മുടിയിൽ ചൂടിയ 

ചുവന്ന റോസാപ്പൂപോലെ 

പ്രണയിച്ച് കൊണ്ടിരുന്നത് .

അതിലേക്കു  മാത്രം 

കണ്ണോടിച്ചിരുന്ന  ഞാൻ 

അന്നും 

ഇന്നും 

സമാധാനത്തോടെ 

ജീവിക്കുന്നു .


 ശവപ്പെട്ടി 

അവസരങ്ങൾ 

അടിമത്തത്തിന്റെ 

ശവപ്പെട്ടികളാകുന്നു 

മിക്ക പ്പോഴും .


ഭംഗിയായലങ്കരിച്ച് 

മറ്റുള്ളവരാൽ 

ശബ്ദിച്ച് .

 ചില്ല് 

അടഞ്ഞ  ചില്ലുവാതിലായിരുന്നു 

ഞാൻ 

തലയിടിച്ച്  

താഴെ  വീണത് 

നീ .

ബേബി  സോഫ്റ്റ് 

പുതിയ  ക്രീം 

എന്റെ  മുഖം  ബേബി  സോഫ്റ്റ് .

അയ്യോ എൻറെ 

കണ്ണട ?

മുഖം 

മുഖം  മനസ്സിൻറെ  
കണ്ണാടിയാണത്രെ 
കണ്ണാടി  നോക്കാത്ത  മനസ്സിനോട് 
ഇതൊക്കെ  പറഞ്ഞിട്ടെന്തു  കാര്യം 
പൂച്ച 

ചൂടു  വെള്ളത്തിൽ  വീണ  പൂച്ചയാണ് 
ഞാൻ 
അതുകൊണ്ട്  തന്നെയാണ് 
  പച്ച വെള്ളത്തെ 
ഭയക്കാത്തത് 

Saturday, November 15, 2025

 സോഷ്യൽ ഓഡിറ്റ് 


അധ്യാപകരെല്ലാം  സോഷ്യൽ  ഓഡിറ്റിനെ ഭയന്ന് 

കുട്ടികളോട്  

മറുത്തൊന്നും 

സംസാരിക്കാത്ത ഒരിടത്ത് ,

കണ്ടില്ലെന്നു നടിക്കലുകളുടെ 

സുലഭ കാലത്ത് .

ബിഗ് ബോസ്സ്  ഹൌ സ് പോലൊരു 

ടൂറിസ്റ്  ബസ്സ് 

അവർക്കു മുമ്പിൽ 

തുറക്കപ്പെടുന്നു .


അകത്ത് 

കയറാതിരിക്കാൻ 

പലർക്കും 

പല  കാരണങ്ങളാണ് .

അകത്ത്  കയറാൻ 

ഒരേയൊരു  കാരണം 

സോഷ്യൽ ഓഡിറ്റ് .


പുറം  ലോകവുമായുള്ള  ബന്ധം 

ശബ്ദത്തിന്റെ ,

വെളിച്ചത്തിന്റെ ,ഒരുക്കങ്ങളുടെ 

കുത്തൊഴുക്കിൽ 

വിച്ഛേദിക്കപ്പെടുന്നു .


ആണിനെ  കണ്ടാൽ  പിഴച്ചുപോകുമെന്ന് 

രക്ഷിതാക്കൾ.

"ആണില്ലെങ്കിലേ  വൈബ് കിട്ടൂ  "

എന്ന് 

പുത്തൻ  തലമുറ .


അധ്യാപകർ 

ആർക്കുവേണേലും 

എപ്പോൾ  വേണേലും 

കൊട്ടാൻ  പറ്റുന്ന  ചെണ്ട 

തട്ടലും  -മുട്ടലുമേറുമ്പോൾ 

സ്വയം  കൊട്ടിച്ചാകാൻ 

വിധിക്കപ്പെട്ടവർ 

.

ചിലർ 

ഒരേ യാത്രയുടെ 

ഏഴാം  വാർഷികമാഘോഷിക്കുന്നവർ .

ആവർത്തനങ്ങളുടെ 

പഞ്ചസാരയും -കഷായവും 

ഒന്നിച്ച് 

മോന്തുന്നവർ .


ഫോൺ ചാർജ് ചെയ്യുക 

മേക്കപ്പിടുക 

റീലെടുക്കുക 

തുള്ളിച്ചാടുക 

കുട്ടികൾക്കുള്ള 

ടാസ്കുകൾ .


ചെവി  പൊത്തുക 

കണ്ടില്ലെന്നു നടിക്കുക 

തുള്ളാത്ത  മനവും തുള്ളുമെന്ന് 

തള്ളുക -തുള്ളുക 

അധ്യാപകർക്കുള്ള  ടാസ്കുകൾ .


പെണ്ണുങ്ങളപ്പോൾ 

മാസ്സായി 

ഗ്രൂപ്പുകളായി 

തട്ടുകളായി 

ഇൻസ്റ്റാ വയലറ്റുള്ള  അടികളായി 

പലരായി -പലതായി .


സീറ്റുള്ള  ബസ്സിൽ  

പാട്ടില്ല 

പാട്ടുള്ള ബസ്സിൽ  -കാറ്റില്ല 

കാറ്റുള്ള  ബസ്സിൽ 

പുകയില്ല ,

പുകയുള്ള  ബസ്സിൽ -ലൈറ്റില്ല 

ലൈറ്റുള്ള  ബസ്സിൽ -വൈബി ല്ല 

വൈബുള്ള  സീറ്റിൽ  -ഞാനില്ല 

അക്കരപ്പച്ചതേടി 

അന്യരിലേക്കു മാത്രം -ചൂഴ്ന്നു  നോക്കി 


"മൊതലാക്കണം "

ചുട്ട-  കോഴി

പൊരിച്ച -കോഴി 

പുഴുങ്ങിയ -കോഴി 

കോഴിയോടു -കോഴി 

ഡിജെ ക്കൊപ്പം 

മുങ്ങിപ്പൊന്തി 

കോഴി (കോഴികൾ )



ഉറക്കം വീശുന്ന -മടക്ക  യാത്ര  

എവിടെയോ 

ചെറിയൊരു  മുട്ടൽ 

പിന്നെ 

മുട്ടലോടു  -മുട്ടൽ 


"കാട്  തീരട്ടെ -കാട്ടു  മൃഗങ്ങളല്ലേ "

മുട്ടലുകൾക്ക്  

ദീർഘ  ദൂര  മറുപടി .

രാത്രിയുടെ  ഭീകരത 

കാടിന്റെ  വന്യത 

കാത്തിരിപ്പിന്റെ 

ദയനീയത 

കുട്ടികൾ 

ആദ്യമായി 

കാട്  കാണുന്നു 

ചുരം  മടക്കുന്നു .


കാട്ടിലാകെ 

ബസ്സിന്റെ  മണം 

ബസ്സിലാകെ 

ടൂറിൻറെ  നാറ്റം  .

മൂക്ക് തുളച്ച് 

യഥാർത്ഥ  പ്രശ്നം .


അടിവാരത്ത് 

പെട്രോൾ  പമ്പിൽ നിന്നും 

പെട്രോൾ  പമ്പിലേക്ക് 

ധൃതി  വച്ച് -പൊത്തിപ്പിടിച്ച് 

അധ്യാപകരും  കുട്ടികളും 


ആളുകളിപ്പോൾ   മൂക്കുകൊണ്ട്  

സോഷ്യൽ ഓഡിറ്റ് 

നടത്തുന്നു .



Monday, November 3, 2025

 



ചിത്ര  ശലഭങ്ങൾ

 

ഒരു  പെണ്ണ്  മറ്റൊരു  പെണ്ണിനെ 

അത്രമേൽ  ആഴത്തിൽ  പ്രണയിക്കുന്നു .

മറുത്തൊന്നും   ചിന്തിക്കാനില്ലാത്ത വണ്ണം 

ജീവിതത്തെ   വർണ്ണങ്ങൾ  പൊതിഞ്ഞൊരു പൂക്കാലമാക്കുന്നു .

ആളുകൾ  അവരെ  ചിത്ര  ശലഭങ്ങളെന്ന്  വിളിക്കുന്നു 

എന്നിട്ട് 

മടുക്കാതെ  ചോദ്യ മാവർത്തിക്കുന്നു 

നിങ്ങളിൽ 

ആണാര് .............പെണ്ണാര് 

     അയാളെ  ഞാൻ  ഈ  ksrtc  ബസ്സിൽ  വച്ച്  പരിചയപ്പെട്ടതാണ് .മുണ്ടും  ഷർട്ടുമാണ്  വേഷം .കഷണ്ടി  കയറിയ  തല  സൂര്യവെട്ടത്തിൽ  തിളങ്ങിച്ചിരിക്കുന്നു .എപ്പോഴും  എന്തിനോ  ധൃതി  വക്കുന്ന  പോലെ 

മണ്ണാർക്കാട്  നിന്ന്   ആനക്കട്ടിയുള്ള ഏതോ  ഒരു  ഫാമിലേക്ക്  ദിവസവും  യാത്ര ചെയ്യാറുണ്ട് അയാൾ .ഒന്ന്  പുഞ്ചിരിച്ച് " ട്രാൻസ്ഫർ  വിളിച്ചില്ലേ" എന്ന്  കാണുന്ന  കാഴ്ചകളിലെല്ലാം  അയാൾ  ചോദിച്ചുകൊണ്ടേയിരുന്നു . 

"ഉടനെ  വിളിക്കും  .കേസ്  നടക്കുന്നു " എന്ന  സ്ഥിരം  മറുപടിയിൽ ഞാനും .

ആ  പരിചയം  ഒരു കഥയായി  വളർന്നത്  .അന്നത്തെ  യാത്രയിലാണ് .

നാളെ  ബോട്ടണി  പ്രാക്ടിക്കൽ  മോഡൽ  എക്സാ മാണ്  .മുമ്പേ  പഠിപ്പിച്ച ഓർമ്മയിൽ  നിൽക്കാത്തവരാണ്  മിക്ക കുട്ടികളും .അതിനാൽ  തന്നെ  ഓരോ  പരീക്ഷയുടെ  തലേദിവസവും  ടീച്ചർമാർക്ക്  അത്രമേൽ  കാഠിന്യമേറിയതാണ് .

"മണ്ടേ  നിക്കണില്ല  ടീച്ചർ " പല കുട്ടികളും  അവരുടെ  നിസ്സഹായാവസ്ഥ  വെളിപ്പെടുത്തുന്ന തിങ്ങനെയാണ് 

ലാബ്  അസ്സിസ്റ്റന്റുമാരില്ലാത്തതിനാൽ  പിന്നെന്നത്തേക്കു വേണ്ട   dicot  stem ,monocot  root  monocot  stem  ,anther  തുടങ്ങി  മെറ്റീരിയൽസ്  എല്ലാം  തിടുക്കപ്പെട്ട് ശേഖരിക്കുന്ന തിരക്കിലായിരുന്നു  ഞാൻ .വല്ലാത്തതൊരു തണുപ്പും ,ചാറ്റൽ  മഴയും .ചോരകുടിക്കുന്ന  അട്ടകളെ  പേടിച്ച്  ശ്രദ്ധിച്ചു  ശ്രദ്ധിച്ചാണ് എൻറെ  നടത്തം .സമയം  5  മണി .

റഷ്യാക്കാന്റെ  ഫോൺ 

"ഉമ്മാക്ക്  എന്തോ  വയറിന്  അസ്വസ്ഥത  പറയുന്നു .എന്താപ്പോ  ചെയ്യാ .കൊണ്ടൊണെങ്കി  ള്ള  ബുദ്ധിമുട്ട്  അറീല്ലേ .അത്  പേടിച്ച് മ്മ  പോണ്ടാന്നാ  പറീണത് .ഞാൻ  ഡോക്ടറെ  വിളിച്ചിട്ടുണ്ട് .രാത്രി  തിരക്കൊഴിഞ്ഞിട്ട്  വരാന്നാ  പറഞ്ഞെ .ടെൻഷൻ  അടിക്കണ്ട  .മരുന്ന് കൊടുത്താ കുറയണ്ടാകും "

"നാളെ  കുട്ടികൾക്ക് മോഡൽ എക്സാം  വച്ചിട്ടുണ്ട് .അടുത്തയാഴ്ച്ച  പ്രാക്ടിക്കൽ  എക്സാമാ .ഞാനിപ്പോ എന്താ ചെയ്യാ .ഈ  ചുരമിറങ്ങി  അങ്ങോട്ടെത്തണമെങ്കി "

ഞാൻ  വല്ലാണ്ടെ  തണുത്തുറഞ്ഞ  പോലെ 

മെറ്റീരിയൽസ്  എല്ലാം  collect  ചെയ്ത്  ഞാൻ  ചിത്രങ്ങൾ  ഒരിക്കൽ  കൂടി  ബോർഡിൽ  വരച്ചിട്ടു .

എനിക്ക്  സമയം  നീങ്ങുന്നേയില്ല . തണുത്തുറഞ്ഞ  ഒരു  ശവ  ശരീരം  കണക്കായിരിക്കുന്നു  മനസ്സ് .

എന്തെങ്കിലും  സംഭവിച്ചാൽ ,ഞാനില്ലാതെ  റഷ്യാക്കായും  കുട്ട്യോളും  ആകെ  കഷ്ടപ്പെടും .ചിന്നു  ചേച്ചിക്കാണേൽ അതിലേറെ .

കിടന്നിട്ടുറക്കം  വരുന്നില്ല .അന്നാണെൽ  എൻറെ  റൂമിൽ  ഞാൻ  മാത്രം . ഫാനില്ലാത്ത  റൂമുകളിൽ കാടിന്റെ  ശബ്ദം ഒഴുകി  നിറയാറുണ്ട്  അവിടം .പക്ഷേ  അന്നത്തെ  രാത്രി  ഏതോ  പ്രേത  സിനിമ  കണ്ട പ്രതീതിയായിരുന്നു  എനിക്ക് .ഉറക്കം  വരുന്നില്ല .ഒരിടുങ്ങിയ  റൂമിൽ  മൂന്നു  കട്ടിലുകളിൽ  പടിഞ്ഞാറു  ഭാഗത്തുള്ള  കട്ടിലിലാണ്  ഞാൻ .ഒരു  പഴുതാര എൻറെ  ചുവന്ന പുതപ്പിനുള്ളിലൂടെ  എൻറെ  കഴുത്തിൽ  ഇഴഞ്ഞു .ഞാൻ  പേടിച്ച്  നിലവിളിച്ചു .അപ്പുറത്തെ  റൂമിൽ  നിന്നും  ഷാഹിന ടീച്ചർ  ഇറങ്ങി വന്നു .

" സമീറ  വെറുതെ  തോന്നിയതാവും . ഉമ്മാനെ  കുറിച്ച്  ഓർത്തു  കിടന്നിട്ട് .നീ  ഒരു  യാസീനോതി  കിടക്ക്  ഉറക്കം  വരും .ഞാൻ  കൂടെ  വന്നു  കിടക്കണോ "

"വേണ്ട  ടീച്ചർ  എനിക്കെന്തോ  വല്ലാത്ത  പേടിപോലെ . ഉമ്മാക്കെന്തെങ്കിലും  സംഭവിച്ചാൽ "

"ഒന്നുണ്ടാവില്ല ഡോക്ടർ  വന്നു  മരുന്ന് കൊടുത്തൂന്നല്ലേ  പറഞ്ഞത് .സമാധാനായി  ഉറങ്ങു "

ഞാൻ  ഉറങ്ങിയില്ല 

5 മണിക്ക്  റഷ്യാക്കാന്റെ  ഫോൺ 

" നേരം  വെളുത്താൽ ഇങ്ങോട്ട് പോരാൻ  നോക്ക് .മ്മാക്ക്  വയറ്റിന്നു പോണൂ  .ഹോസ്പിറ്റലിൽ കൊണ്ടോവാൻ  നോക്കാണ്‌ '

"ആംബുലൻസ്  പറഞ്ഞിട്ടുണ്ട്  .ഇവിടെ  എല്ലാരൂണ്ട് .ജ്ജ്  ണ്ടെങ്കി  നിക്ക് ഒരു  പേടീല്ല .എന്താ  ചെയ്യണ്ട് ന്ന്  അറീണി ല്ല .ശോഭ  വരണെങ്കി  6  മണിയെങ്കിലും  ആവും  എങ്ങനെയാ  മേലൊന്നു  കഴുകിക്കൊടുക്ക .ചിന്നേച്ചിക്കാണെങ്കി മ്മാക്ക്  വയ്യാണ്ടായാ  പിന്നെ പേടിച്ച്  ഒന്നിനും  വയ്യ "

എനിക്കെന്തോ  വല്ലാത്ത  അസ്വസ്ഥത .ഷോളയൂരിന്റെ  തണുത്ത  കറുത്ത  മണ്ണുപോലെ  ചിന്നം  പിന്നം  പെയ്യുന്ന  മഴയിൽ  തെളിയാൻ  വെമ്പുന്ന  സൂര്യനെ  നോക്കി  ഞാൻ  ഹോസ്റ്റലിന്റെ  ചില്ലു കൂടിനുള്ളിൽ നിന്നു വേവുന്നപോലെ .

ആരും  എഴുന്നേറ്റിട്ടില്ല  .സത്യത്തിൽ  ഞാനും  ശ്രീജ ടീച്ചറുമൊഴികെ  ആരും  അവിടെ  എഴുന്നേൽക്കാറില്ല .രാവിലെ  എഴുന്നേറ്റ്  നിസ്കരിച്ച് വെറുതേ  പുറത്തേക്ക് നോക്കിയിരിക്കുന്നതിനോളം  എനിക്ക് ആനന്ദം  പകരുന്ന  മറ്റൊന്നില്ല .ഞാൻ  എഴുന്നേറ്റില്ലെങ്കിൽ  സൂര്യനുദിക്കാത്ത  പോലെയാണ്  എൻറെ  ചില  നേരത്തെ  പ്രകടനങ്ങൾ .അയ്യപ്പ  ഭക്തിഗാനത്തോടൊപ്പം  അലക്കാനുള്ള  തുണികളെല്ലാം  അലക്കിയെടുക്കുകയാണ്  ടീച്ചർ .ഇരുണ്ട  മെറ്റലിട്ട  ഷീറ്റിനടിയിൽ  ഓരോന്നും  ഭംഗിയായി  വിരിച്ചിടുന്നു .അട്ട  പതുങ്ങിയിരിക്കാൻ സാധ്യതയുള്ള  അലക്കുകല്ലിന്റെ ചെരിവിടങ്ങളിൽ  ശ്രദ്ധിച്ചു  ശ്രദ്ധിച്ചാണ്  ടീച്ചറുടെ  നിൽപ്പ് . പതിവായി  ചെയ്യാറുള്ള  വ്യായാമമുറകളിലൊന്നും  എനിക്ക്  താല്പര്യം  തോന്നിയില്ല .ഉടനെ  വീടെത്തണം  .അതിനുമുമ്പ്  മോഡൽ എക്സാം  തീർക്കണം .ബാഗെല്ലാം എഴുന്നേറ്റ പാടെ  എടുത്ത്  റെഡിയാക്കി  വച്ചിട്ടുണ്ട് .അല്ലേലും  ആ കറുത്ത ബാഗ്  എന്നും  യാത്രക്ക്  റെഡിയായാണ്  നിൽപ്പ് . ഉണക്കിയിട്ടാൽ  ഒന്നും  ഉണങ്ങില്ലെന്നു റപ്പുള്ളതുകൊണ്ട്  എല്ലാം  വീട്ടിലേക്ക്  കുത്തിനിറച്ച് വക്കും .കട്ടിലിനുമുകളിൽ  ഇരുമ്പിന്റെ  ഒരു റാക്കുണ്ട്  .എനിക്ക്  മാത്രമാണ്  ഏറ്റവും  കൂടുതൽ  ല്ഗഗേജുള്ളത്  .ബാക്കിയുള്ളവരെല്ലാം  ട്രാൻസ്ഫർ  എപ്പോ വിളിച്ചാലും  അപ്പൊ  ഓടാൻ  പാകത്തിനുള്ള  ലഗേജുകൾ  മാത്രം കൈമുതലായുള്ളവരാണ് .

എൻറെ  കയ്യിലില്ലാത്ത  വസ്തുക്കൾ  കുറവാണ് .അതുകൊണ്ട് ആർക്ക്  എന്ത്  അത്യാവശ്യം  വന്നാലും  ഞങ്ങളുടെ  റൂമിലേക്കാണ്  വരിക .

കാശ്  നല്ലോണം  വാങ്ങുന്നുണ്ടെങ്കിലും  കറന്റിന്റെ  ഒന്നും  ഉപയോഗിക്കാൻ  അവർ  സമ്മതിക്കില്ല .രാവിലെ  സ്ഥിരമായി  ചായകുടിക്കുന്ന  ശീലമുള്ളതുകൊണ്ട്  ഒരു  കെറ്റിൽ  ഞാൻ  ആരും  കാണാതെ  ഒളിപ്പിച്ച് വച്ചിരുന്നു .അതിൽ ചായ വക്കും  .പോരാത്തതിന്  കുളിക്കാനുള്ള  രണ്ടു കപ്  വെള്ളം തിളപ്പിക്കും .

             ജിഞാറ്  ടീ ,ലെമൺ  ,ടീ ,മസാല  ടീ ,തുടങ്ങിയ  പാക്കറ്റുകൾ  ഒരു  കപ്പിലെടുത്ത്  കള്ളനെപ്പോലെ  ചായയുണ്ടായേക്കും  .

 വാതിലിൽ  മുട്ട്  കേൾക്കും  .അടക്കിപ്പിടിച്ച  സംസാരവും 

"സമീറ  ഒരു ഗ്ലാസ്  .ടോയ്‌ലെറ്റി  പോണെങ്കി "

" വാതില്  വേഗമടച്ച്  അകത്തേക്ക്  വാ  ടീച്ചർ  .ആരെങ്കിലും  ഒറ്റിക്കൊടുത്താൽ




ഷോളയൂരിന്റെ  തണുപ്പിനെ  അങ്ങേ അറ്റമായിരുന്നു  ആ ആഴ്ച്ചയിൽ .ചാറ്റൽ  മഴക്കുള്ളിലൂടെ  ഉള്ളിൽ  തീക്കനലായി  ഞാൻ  നടന്നു .ഭക്ഷണം  വെറുതെ  കഴിച്ചചെന്നു  വരുത്തി  തീർത്ത് 1  .30  നുള്ള  ബസ്സിൽ  കയറിപ്പറ്റി .

ആനക്കട്ടിയിലേക്കുള്ള  യാത്ര . കാട്  വല്ലാത്ത  ഭീകരതയാണെന്നു  അന്നാണ്  ആദ്യമായെനിക്ക്  തോന്നിയത് .ഓരോ  ചുളിവുകളിലും  മടക്കുകളിലും റോഡ്  ഒരു  ലോകം  തന്നെ  ഒളിപ്പിച്ച് വച്ചിരിക്കുന്നു   

 



Sunday, November 2, 2025

 ഉത്തരവാദിത്തങ്ങൾ  ഏറ്റെടുക്കാത്തവർക്ക്  ചുറ്റുമുള്ള  മനുഷ്യരുമായി  നന്നായി ചിരിക്കാനും  നല്ല രീതിയിൽ  പെരുമാറാനും കഴിയും ."ഞാൻ ", എന്നുള്ളത്  ഒരു വാക്ക്  മാത്രമല്ല  ,ഒരു വൻ ഉത്തരവാദിത്തമാണ് .ഞങ്ങൾ എന്നോ  നമ്മൾ എന്നോ  പറയാൻ  സാധിക്കാത്ത വണ്ണം   ചില ജീവിത യാഥാർഥ്യങ്ങൾ  ഞാൻ  എന്ന ഞാണിന്മേലങ്ങനെ   തൂങ്ങിയാടും . വെല്ലുവിളികൾക്കു പകരം പരിഹാരങ്ങളിലേക്ക്   ശ്രദ്ധിച്ചുതുടങ്ങുമ്പോൾ  എവിടെനിന്നോ  നമ്മളറിയാത്തൊരു  നമ്മൾ ഒരു കുഞ്ഞു തീ കനലായി  ഉള്ളിൽ കയറിപ്പറ്റും . ചുറ്റുമുള്ളതിനെയെല്ലാം  മറന്നു  ഈ കനൽ മെല്ലെ  ഊതി കത്തിച്ചുകൊണ്ടേയി രിക്കുക . നിങ്ങളിലേക്ക്  -നിങ്ങളുടെ  കരുത്തിലേക്ക് -,ആളുകളെ ഭയപ്പെടുത്തുന്ന  ആളലുകളിലേക്ക്‌  ആളുകൾ  ശ്രദ്ധിച്ചുതുടങ്ങും  .നമ്മൾ എന്താണ് നമുക്കിടുന്ന വില  അതുതന്നെയാവും  കാലം  നമുക്കായി  കരുതിവച്ചിരിക്കുന്നത് .ചിലപ്പോഴൊക്കെ  മുന്നോട്ടു നീങ്ങുക എന്നത് മാത്രമാവും  മുന്നോട്ടു നീങ്ങാനുള്ള ഏക മാർഗ്ഗം .

 "   സമീറ  ' എന്ന വാക്കിന്  കഥപറയുന്നവൾ  .വിനോദിപ്പിക്കുന്ന കൂട്ടുകാരി ,ആനന്ദം ,അതിരാവിലെ,കാറ്റ്  എന്നൊക്കെ അർത്ഥമുണ്ടത്രെ. ജനങ്ങളെ .ചിരിപ്പിക്കാൻ -പിടിച്ചിരുത്താൻ  സന്തോഷിപ്പിക്കാൻ എന്റെ  വാക്കുകൾക്ക് വല്ലാത്തൊരു  ശക്തിയുണ്ടെന്ന്  എനിക്ക്  തോന്നിയിട്ടുണ്ട് .ചിലപ്പോഴൊക്കെ  പലരേം  ശത്രുവാക്കാനുള്ള   ചങ്കൂറ്റവും .ഈ  അടുത്ത കാലത്താണ്  അധ്യാപികമാർ  പറയുന്ന കാര്യങ്ങൾ   അംഗീകരിക്കാൻ  സമൂഹം  തയ്യാറായിത്തുടങ്ങിയത് .അതിനുമുമ്പ് : മാഷ്" എന്നത്  എന്തോ വലിയ സംഭവവും  ടീച്ചർ  ഒന്നിനും  കൊള്ളാത്തവളുമായിരുന്നു . ഈ  ആണാവലുകളോട്  വല്ലാത്തൊരു  പുച്ഛമായിരുന്നു  എനിക്ക് .അതുമായി ബന്ധപ്പെട്ടാണ്  ആദ്യ കാലങ്ങളിൽ  കവിതകളെഴുതി ത്തുടങ്ങിയത് .കലഹങ്ങൾ  പതിവായത് .ഞാൻ  ഇന്നത്തെ  ഞാനായത് .

                                 2013 ലാണെന്നു തോന്നുന്നു .അന്ന് ഞാൻ ചുണ്ടമ്പറ്റ  സ്കൂളിൽ  കത്തിക്കയറി  പഠിപ്പിച്ചുകൊണ്ടിരിക്കുന്ന  കാലം .ചമതക്കുന്ന് എന്ന് ഓമനപ്പേരിലറിയപ്പെടുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സ്കൂൾ .പുതുതായി  പണികഴിപ്പിച്ച സ്റ്റാഫ്‌റൂമിനകത്ത് കലഹം  നിറഞ്ഞ  ഇഴയടുപ്പങ്ങളിൽ  ഞങ്ങളിരിക്കുന്നു . തെക്കുഭാഗത്ത്  റബ്ബർ കാടിന്റെ  ഇരുട്ട്,  വടക്കുഭാഗത്ത് മഴയെ വഹിച്ചുകൊണ്ട് ഓടിയോടിവന്ന കുഞ്ഞു കാറ്റിന്റെ  കുളിര്

                     ആജാനുബാഹുവായൊരു  മനുഷ്യൻ  സ്റ്റാഫ് റൂമിലേക്ക്  കയറിവരുന്നു .അയാളുടെ  ഇടതൂർന്ന കറുത്ത  താടിയിൽ വെള്ളി നാമ്പുകൾ  കിളിർത്തു  തുടങ്ങിയിരിന്നു . പതിവിലും  നീളം  കൂടിയ വിരലുകൾ താടി രോമങ്ങൾക്കിടയിലൂടെ മേലോട്ട്  സഞ്ചരിച്ചുകൊണ്ടിരിന്നു .അയാൾ  സ്റ്റാഫ്‌ റൂമിൻറെ ഇരുട്ടിലേക്ക്  എന്തോ കാര്യമായി  തിരയുന്ന  മട്ടിൽ  കണ്ണോടിച്ചു ."ഇയാളുടെ  എന്തേലും  ഇവിടെ  കളഞ്ഞു പോയോ 'ചിത്രടീച്ചർ  വായ പൊത്തി മെല്ലെ   എന്നോട് രഹസ്യം പറഞ്ഞു .

"ഇവിടെ കാര്യങ്ങള് നോക്കണ  ആണുങ്ങളാരുമില്ലേ "  

മൂപ്പരിത്തിരി  കലിപ്പിലാണ്

 ".ഇവിടുത്തെ  കാര്യങ്ങളൊക്കെ  നോക്കുന്നത് ഞങ്ങൾ  പെണ്ണുങ്ങൾ  തന്നെയാ .നിങ്ങൾക്ക്  എന്താ  വേണ്ടത് " 

ഞാൻ  ചോദിച്ചു .

മുമ്പെന്നോ  എക്സാം ഡ്യൂട്ടി യെടുത്തതിന്റെ  ഡ്യൂട്ടിസർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതായിരുന്നു .പാവം  .പ്രിൻസിപ്പാൾ ലീവായിരുന്നു  പോരാത്തതിന് പെണ്ണും.അയാളുടെ  കയ്യിൽ ഡ്യൂട്ടിസർട്ടിഫിക്കറ്റ്  എടുത്തു  കൊടുക്കുമ്പോൾ ഞാൻ  മനസ്സിൽ  പറഞ്ഞു  ഇയാളൊക്കെ  ഏതു കാലത്താ  ജീവിക്കുന്നത് .മാഷാത്രേ .......മാഷ്  .

                         ഒരു  സ്ത്രീ  വളരെ  നല്ലതെന്ന്  ആരെങ്കിലും  പറയുന്നുണ്ടെങ്കിൽ  അവരുടെ  ഏഴയലത്ത്  നിങ്ങളുടെ  പെണ്മക്കളെ  അടുപ്പിക്കരുത് .നല്ലതെന്ന്  സമൂഹം പറയുന്ന  സ്ത്രീ   അവളുടെ  സർവ്വം  മറ്റുള്ളവർക്കു  വേണ്ടി  സമർപ്പിച്ചവളാവാം  ,ഏതു നിമിഷവും  മറ്റുള്ളവർ  എന്ത് വിചാരിക്കുമെന്ന്  ചിന്തിച്ച്  തന്റെ തായ   എല്ലാ സന്തോഷങ്ങളെയും  കൊന്നു  കളഞ്ഞു  ഒന്നുറക്കെ   കരയാൻ പോലും  ഭയപ്പെടുന്നവൾ.

.അവളെ  സദാസമയം  മറ്റുള്ളവർ  ചൂഷണം  ചെയ്തുകൊണ്ടേയിരിക്കും .അവളാൽ  അവൾക്കു ചുറ്റുമുള്ളവർ   ഒന്നിനും  കൊള്ളാത്ത  മടിയന്മാരായി  വളർന്നു കൊണ്ടേ യിരിക്കും  .നമുക്കുള്ളതെല്ലാം   മറ്റുള്ളർക്ക്  നൽകിയാൽ  മാത്രമേ  അവർക്കിടയിൽ  നമുക്ക്  സ്ഥാനമുള്ളൂവെന്ന്  എപ്പോൾ  തോന്നി തുടങ്ങുന്നുവോ ,അപ്പോൾ  ആ  ഇടങ്ങളിൽ  നിന്ന്  മെല്ലെ  ഒരു യാത്ര പോലും  പറയാതെ  രക്ഷപ്പെടണം  .മരണത്തിലേക്കല്ല . അവർക്ക്  ഒരിക്കലും  എത്തിപ്പിടിക്കാനാവാത്ത  ഉയരത്തിലേക്ക് .

       എത്രയെത്ര  പെൺകുട്ടികളാണ്  ആരോടുമൊന്നും പറയാതെ  കുറച്ച്  ദിവസത്തേക്കുള്ള  വാർത്തകൾ  മാത്രമായി  നമ്മിൽ നിന്നുമിറങ്ങിപ്പോയത്. .എന്റെ  മകൾ  ഇത്രമാത്രം  വേദനകൾ  പേറിയിരുന്നെന്ന്  മരണത്തിനു ശേഷം മാത്രം  വാ തുറക്കുന്ന  മാതാപിതാക്കൾ .    മകൾ  നല്ല കുടുംബിനിയായി     ജീവിക്കുന്നത്  അവളുടെ   മറ്റേതൊരു   നേട്ടങ്ങളേ ക്കാളും   വിലപ്പെട്ടതാണെന്ന്  സ്വയം  ധരിച്ച് വച്ചിരിക്കുന്ന  വിഡ്ഢികൾ . പൊന്നുപോലെ  വളർത്തിയ  സ്വന്തം  പെണ്മക്കൾ   മറ്റൊരിടത്തെ  അടിമയായി     മാറുന്നത്  കാണാൻ ലജ്ജയില്ലാത്തവർ . ദുരഭിമാനികൾ  യദാർത്ഥ  കൊലയാളികൾ .

           കാലം  മാറി .ഇപ്പൊ  പെണ്ണുങ്ങളാകെ മാറി   എന്ന്  ചെറിയൊരു  ഭയം ആളുകളിൽ  ഉടലെടുത്തിട്ടുണ്ടെങ്കിലും ,  ഞാൻ  കേട്ട ;-അറിയുന്ന  പല അവളുകളും  ഇന്നും പഴയ  നല്ല ഭാര്യയായി .പുകയായി  നേർത്ത് നേർ ത്തില്ലാതാവാൻ  വിധിക്കപ്പെട്ടവൾ   തന്നെയാണ് .

      .അവൾ  ആത്മഹത്യ  ചെയ്തതിന്  4  ദിവസം  കഴിഞ്ഞാണ്  ഞാൻ  ആ വീട്ടിലേക്കെത്തിയത് .

       റോഡ്  നേർത്ത്  നേർത്ത്  പഴയ  വലിയൊരു  തറവാട്ട്  മുറ്റത്തേക്ക്  നീളുന്നു .

തറവാടിത്തത്തിന്റെ  എല്ലാവിധ  ആഡംബരങ്ങളും   അതിന്റെ  കോയാലയിൽ  പ്രതിഫലിക്കുന്നു . ഭർത്താവിന്റെ  ഉമ്മ ഒരിടത്തും .വാപ്പ  മറ്റൊരിടത്തും  കിടപ്പു  രോഗികളായി  കിടക്കുന്നു . 

     " നല്ല   പെങ്കുട്ട്യേർന്നു .വാപ്പാടേം .മ്മാടേം   കാര്യങ്ങള്  മുഴുവൻ  നോക്കീന്നത്  ഓളെന്നേർന്നു .നല്ല  പഠിപ്പിൻഡ്  ഓൾക്ക് ." 

പച്ച  മാക്സി  ധരിച്ച് അറുപത്  വയസ്സുതോന്നിപ്പിക്കുന്ന  ഒരു സ്ത്രീ  തണുത്ത നാരങ്ങാവെള്ളം  ഞങ്ങൾക്കുനേരെ നീട്ടി  പറഞ്ഞു .അയൽക്കാരിയാണെന്നു തോന്നുന്നു .

  "ഹോം  നഴ്‌സൊന്നും  ഇല്ലേ  ?"

ഞാൻ  ചോദിച്ചു 

"ഓലൊന്നും  നോക്ക്യാ  ശര്യാവൂല .ഞമ്മളെ  തന്തനേം  തള്ളേനേം  ഞമ്മളന്നെ  നോക്കണ്ടേ "

"അപ്പൊ  ഇവരുടെ  പെണ്മക്കൾ "?

"ഓലൊക്കെ  ഓരോ  കുടുംബായി  കയ്യിണതല്ലേ .എടക്കൊക്കെ  വന്നു  പോകും  

മരിച്ചുപോയ  സ്ത്രീയുടെ ഉമ്മ  ഒന്നും   സംസാരിക്കാനില്ലാതെ തലതാഴ്ത്തിയിരുന്നു . ലോകത്തുള്ള  സകലമാന  ദുഖങ്ങളും  അവരുടെ ചുറ്റും തൂങ്ങിയാടുന്നതായി  എനിക്ക്  തോന്നി അവരുടെ മടിയിൽ  അമ്മിഞ്ഞപ്പാലിനായി കരയുന്ന  അവളുടെ  പാവം  പെൺകുഞ് .

 എനിക്കെന്തോ  വല്ലാത്ത  അസ്വസ്ഥത  തോന്നി .നമുക്ക്  പെട്ടെന്ന്  മടങ്ങാം .ഞാൻ  കൂടെ വന്നവരോട്  പറഞ്ഞു .

കുറച്ചുനാൾ  കഴിഞ്ഞു  എനിക്കൊരു ഫോൺ 

മറുതലക്കൽ  തേങ്ങലുകൾ  മാത്രം 

" ടീച്ചറേ  ൻറെ  താത്ത  ഇത്രേം വല്യേ സങ്കടത്തിലൂടെയാണ്  കഴിഞ്ഞു പോണതെന്ന്  ഞങ്ങൾ  മനസ്സിലാക്കീല .ഞാൻ  ഹൈസ്കൂൾ  ടീച്ചറാണ് .ഓള് psc ലിസ്റ്റിൽ ഉയർന്ന റാങ്കിലുണ്ട് .അഡ്വൈസ് ഉടനെ  വരും ന്നാ  കേട്ടത് ."

ഞാൻ  ഓൾടെ  അനുജത്തിയാ 

"ഓല് വല്യേ തറവാടികളാ .അത് കണ്ട് കെട്ടിച്ചുകൊടുത്തതാ .ഞങ്ങളെപ്പോലെ ഫ്രീയായി ജീവിച്ച  പെങ്കുട്ട്യോൾക്ക് ആ രീതികളൊന്നും  ശരിയാവൂലാന്ന്  മുതിർന്നവർക്ക് മനസ്സിലായില്ല .ഓൾടെ സ്വർണ്ണം  തന്നെ ഓൾക്ക് ഒറ്റയ്ക്ക് ജീവിക്കാനുള്ള അത്രേം ഉണ്ട് .ന്നിട്ടും ഒഴിഞ്ഞു പോരാനുള്ള ധൈര്യം  ഓള് കാണിച്ചില്ലല്ലോ .ഓളെ പുതിയാപ്പിള ആണെങ്കി ഒരുപണിക്കും പോകാതെ മ്മാനേം വാപ്പാനേം നോക്കാൻ നിക്കാ . ഇഷ്ടം പോലെ മക്കളുണ്ടവർക്ക്  അവരെല്ലാം  നല്ല  ആർഭാടമായി  ജീവിക്കുന്നു .കുട്ട്യോൾക്ക് ഫീസടക്കണെങ്കി ഓൾക്ക് ഞങ്ങളോട് ചോദിക്കണ്ട അവസ്ഥയാ .ഇനി ഒന്നും പറഞ്ഞിട്ട് കാര്യല്ല .തെറ്റ് ഞങ്ങടെ ഭാഗത്താ .മറ്റുള്ളവർ എന്തുപറയുമെന്നാ ഞങ്ങള് ചിന്തിച്ചത് .ഓൾക്ക് എന്ത് പറയാനുണ്ടെന്നല്ല ."

 ആ പെൺകുട്ടിക്ക്  മരുമകൾ  എന്നത്  എത്ര  ഭാരിച്ച  വേദനിക്കുന്ന  ഉത്തരവാദിത്ത മായിരുന്നെന്ന്  എനിക്ക് ബോധ്യപ്പെട്ടത്  തിരിച്ചു  വീട്ടിലെത്തിയപ്പോഴുള്ള   മുനീറ ടീച്ചറുടെ  ഫോൺ വിളിയോടെയാണ് .

   " ഞാനിത്  ആരോടേലും  പറഞ്ഞില്ലേ  എ നിക്ക്  വല്ല അറ്റാക്കും  വന്ന്  ഞാൻ  മരിച്ചുപോയാ  ആരെങ്കിലും  അറീണ  ഒരാള്  വേണച്ചിട്ടാ  ഞാൻ  ങ്ങളെ  വിളിക്കണത് " 

   അപ്പുറത്ത്  നിന്നും  അവളുടെ  തേങ്ങൽ  എൻറെ  നെഞ്ചിലേക്കാഴ്ന്നിറങ്ങും  പോലെ. കിടപ്പുരോഗിയായ  ഭർത്താവിന്റെ ഉമ്മയെ നോക്കാൻ വരുന്ന  ഹോംനഴ്‌സുമാർ  വന്നിട്ട്  രണ്ടുദിവസം  തികയും  മുമ്പേ  തിരിച്ചു  പോണതാണ് പ്രശ്നം .

"ഞാൻ  ഈ ട്രാൻസ്ഫെറിൽ  വയനാട്ടിലേക്ക്  തെറിച്ചു ടീച്ചർ .എനിക്കെന്തു  ചെയ്യാൻ  പറ്റും .രണ്ടാളും  ജോലിക്ക്  പോയിട്ടുതന്നെ ഹോംനഴ്‌സുമാരുടെ  ശമ്പളം ,ഉമ്മാന്റെ  മരുന്ന് .മക്കളെ  പഠിത്തം  എല്ലാംകൂടി  ഒന്നിനും  തികയണില്ല . ഹൌ സിംഗ്  ലോൺ  അടക്കാതെ  പറ്റോ .വീട്  വെക്കണ്ടീരുന്നില്ല  എന്ന് ഇപ്പൊ  തോന്നാ .മടുത്തു ടീച്ചർ .എന്നെക്കൊണ്ട്  പറ്റണില്ല  ഇത്രേം  സ്ട്രെസ്സ്  താങ്ങാൻ .ഹോംനഴ്‌സുമാർ  പോണതിന്  എല്ലാരും  എന്നെയാണ്  കുറ്റം  പറീണത്  ആത്മഹത്യ ചെയ്താലോ ന്ന്  കുറെ  ആലോചിച്ചു .അപ്പൊ  ൻറെ മക്കള് എന്ത്  ചെയ്യും .വയ്യ  ടീച്ചർ ...വയ്യ "

"ഒരു  മോളുണ്ട് മ്മാക്ക്  തിരിഞ്ഞൊന്നു  നോക്കില്ല .  വേണ്ട നമ്മക്കൊരാശ്വാസത്തിന് ഒരു  വാക്കുപോലും" 

 അവൾ  നിർത്താതെ  കരച്ചിലും   പറച്ചിലും  തുടർന്നുകൊണ്ടേയിരുന്നു .അവളെ  എനിക്ക് ഒരുപാടുനാളായറിയാം .ഒരു  ഇമോഷനും  അവളെ  ബാധിക്കുന്നതായി  തോന്നിയിട്ടില്ല . എല്ലാറ്റിനോടും  മിതമായ പ്രതികരണങ്ങൾ .ആ  അവൾ  എവിടെപ്പോയി .ഒന്നും  താങ്ങാൻ  പറ്റാത്ത  വല്ലാത്തൊര വസ്ഥയിലേക്ക്  അവളെത്തപ്പെട്ടതെങ്ങിനെയാണ് .അവൾ  മാത്രമാണോ  ഈ അവസ്ഥയിലൂടെ  കടന്നു  പോകുന്നത് .അല്ല  കേരളത്തിലെ  മിക്കവാറും  ജോലിചെയ്യുന്ന  സ്ത്രീകളുടെ  നാല്പതുകൾ  ഇഴയുന്നത്  ഇങ്ങനെത്തന്നെയാണ് .

  ഞാനും  ഈ  വഴിയിലൂടെ  കടന്നു  പോയതാണ് ."ഞാൻ  '"എന്നു  പറയുന്നിടത്ത്  "ഞങ്ങൾ" എന്ന് കരുത്തോടെ  നേരിടാൻ റഷ്യാക്കയും  ഒപ്പത്തിനൊപ്പം കൂടെയുണ്ടായിരുന്നു .എന്നിട്ടും  എത്രയെത്ര  രാത്രികളിലാണ്  ആരോടും  ഒന്നും  പറയാനാവാതെ  സ്വയം  നഷ്ടപ്പെട്ട്  ഞാൻ  ഉറക്കമില്ലാതെ തിരിഞ്ഞും  മറിഞ്ഞും  കഴിച്ചുകൂട്ടിയത് .

  " ഹോംനഴ്‌സുമാരെ  ടീച്ചർ ക്കറിയാലോ .അവർക്ക്  വന്നാൽ  എന്തൊരു  നിബന്ധനകളാണ് .അതെല്ലാം  അംഗീകരിച്ച്  നമ്മൾ  നിർത്തിയാലോ രണ്ടുദിവസം  കഴിഞ്ഞാ  അവര്  പോകും . ചുറ്റും  കുടുംബക്കാരുടെ  വീടുകളാണ്  .അവരോടൊക്കെ  എൻറെ  സ്വഭാവം  മോശമാണെന്നാ  പറഞ്ഞു പോകുക "

  അവൾ  കരച്ചിൽ  നിർത്തുന്ന  ഭാവമില്ല ."നീ സമാധാനിക്ക്  എന്തെങ്കിലും മാർഗ്ഗമുണ്ടാവും . അല്ല  നിൻറെ  ഭർത്താവ്  എപ്പോഴും  പഴയപോലെ  തന്നെയാണോ .മൂപ്പരുടെ  ഭാഗത്തുനിന്ന്  വല്ല സഹായോം "

"അതൊന്നും  പറയണ്ട  ടീച്ചറെ  .മൂപ്പരുടെ  ഉമ്മയല്ലേ .എനിക്കുമില്ലേ  ഉമ്മേം  വാപ്പേം .ഞാൻ  അവരെ  ഒന്ന്  കണ്ടിട്ട്  എത്ര  നാളായെന്നറിയോ .എന്നിട്ടും  ഒരു സഹായത്തിനും  ഇയാൾ  കൂടൂല ."എല്ലായിടത്തും  മരുമക്കൾ  തന്നെയാ  അമ്മായിയമ്മമാരെ  നോക്കുന്നത് .നിനക്ക്  ജോലീടെ  അഹങ്കാരാ "എന്ന്  ഇടക്കിടെ  പറയും .ന്നാ  ലോസ്സ്  ഓഫ്  പേ  എടുക്കാന്നു  വച്ചാ  പിന്നെ  ആരോട്  പണം  കടം  വാങ്ങും .ദിവസങ്ങൾ  കഴിഞ്ഞു  പോണ്ടേ "

അവൾ  പിന്നേം  എന്തൊക്കെയോ  പറഞ്ഞു ."ഇപ്പൊ  ടീച്ചറോട്  ഇതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോ  ഇത്തിരി  ആശ്വാസമായ  പോലെ "

 പണ്ട്  കൂട്ടു കുടുംബങ്ങളായിരുന്നു . ഒരാൾ  കിടപ്പിലായാൽ  അത്  മറ്റൊരാളെ  മാത്രമായി  ബാധിക്കില്ലായിരുന്നു .സ്ത്രീകൾ  അധികവും വീട്ടിൽത്തന്നെ  ഉണ്ടാവും .എന്നാൽ  ഇന്ന്  അതല്ല  സ്ഥിതി .ജോലിസ്ഥലത്തെ  അതികഠിനമായ  സങ്കർഷങ്ങൾ  താണ്ടിയാണ്  അവൾ  വീട്ടിലെത്തുന്നത് . ഒട്ടും മാറ്റമില്ലാത്ത സാമൂഹിക  പശ്ചാത്തലത്തിൽ  വീട്  അവൾക്ക്  വിശ്രമിക്കാനുള്ള  ഇടമല്ല  മറിച്ച്  ജോലികൾ പകലത്തേതിനേക്കാൾ  ശക്തിയോടെ  തുടരാനുള്ള  ഇടമാണ് .

ഇത്  ഇപ്പോഴത്തെ  അവസ്ഥയാണ് .വരും  കാലങ്ങളിൽ  മരുമക്കൾ  ഇങ്ങനെയൊന്നും  പ്രവര്തിക്കാൻ  സാധ്യതയില്ല .അവരെല്ലാം  പലയിടങ്ങളിലേക്ക്  ചേക്കേറിക്കഴിഞ്ഞു .മനുഷ്യരെല്ലാം  തനിച്ചാകുന്ന  വാർധക്യ  കാലങ്ങളാണ്  ഇപ്പോഴും  പലയിടങ്ങളിലും . പക്ഷേ പുറമേനിന്ന്   നോക്കുമ്പോൾ ശരിയെന്ന്  തോന്നുന്ന പലമരുമക്കളും  ആരുമറിയാതെ  ഇങ്ങനെ  കുറ്റപ്പെടുത്തലുകളിൽ  നീറി നീറി  കരിഞ്ഞുപോകുന്നു . 

ഒരാൾ  മരിച്ചാൽ  പിറവിയെടുക്കുന്ന  ധാരാളം  ബന്ധുക്കളുണ്ടാകും . അപ്പൊ  അവർ  രക്തബന്ധമുള്ളവരാകും . ഒരു  നേരത്തെ  കൂട്ടിരുപ്പിനു  പോലും  മടികാണിച്ചിരുന്നവർ  ചടങ്ങുകളിൽ  സജീവ  സാനിധ്യമാകും . മരിച്ചു  പോയയാളുടെ  മുഹബ്ബത്തുകൾ  അവർ  നിർത്താതെ  പറഞ്ഞുകൊണ്ടിരിക്കും.കുറ്റവാളികളെ പ്പോലെ  മരുമക്കൾ  തലതാഴ്ത്തിയിരിക്കുന്നുണ്ടാവും  .എനിക്ക്  സ്വന്തക്കാരോട്   പറയാനുള്ളത് .ആങ്ങളയായും .അനിയത്തിയായും  നിങ്ങൾ ഉണ്ടായിരിക്കുമ്പോൾ  തന്നെ  ആശ്രിതരെ  തേടി നിങ്ങളുടെ  പ്രിയപ്പെട്ടവരെ നോക്കാൻ  ഈ വീട്ടുകാർ  കഷ്ട്ടപ്പെട്ടിരുന്നത്  നിങ്ങൾ  ശ്രദ്ധിച്ചിരുന്നില്ലേ .ഒരു  ദിവസമെങ്കിലും ..വേണ്ട  ഒരു നേരമെങ്കിലും  ജീവിച്ചിരിക്കുമ്പോൾ  അവർക്ക്  ആശ്വാസമാവാൻ  നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ  നിങ്ങൾ  ധൈര്യമായി  കരഞ്ഞുകൊള്ളുക . അല്ലെങ്കിൽ  നിങ്ങൾ കാണിച്ചുകൂട്ടുന്ന  കോപ്രായങ്ങൾ മടക്കി  പെട്ടിയിലാക്കി  മടങ്ങിപ്പോയിക്കൊള്ളുക .മരിച്ചുകഴിഞ്ഞതിന്  ശേഷമല്ല  ജീവിച്ചിരിക്കുമ്പോളായിരുന്നു  അവർ നിങ്ങളെ  ആവശ്യപ്പെട്ടിരുന്നത്.