രാഷ്ട്രീയ ബോധം
എൻറെ
പഴയ അധ്യാപകർ
എത്ര നല്ലവരായിരുന്നു .
അവരാണെനിക്ക്
ഒന്നാം ക്ലാസ്സിൽ വച്ചു തന്നെ
രാഷ്ട്രീയം പഠിപ്പിച്ചത്
കോൺഗ്രസ്സുകാരി സലീന ടീച്ചർ
കമ്മ്യൂണിസ്റ്റുകാരൻ
വിനായകൻ മാഷിനു കൊടുത്ത
ചെരുപ്പൂരി യടി
എൻറെ ജീവിതത്തിലെ ആദ്യത്തെ
രാഷ്ട്രീയത്തല്ല് .
"വിനായകാ കടക്കൂ പുറത്ത് "
എന്ന
വെള്ളം വറ്റാത്ത
പള്ളിക്കുളത്തിന്റെ വക്കത്ത്
പ്രത്യക്ഷപ്പെട്ട പോസ്റ്റർ
ഞാൻ ഉൾകൊണ്ട ആദ്യത്തെ
രാഷ്ട്രീയ പോസ്റ്റർ .
സലീന ടീച്ചർ
വയ്ക്കുന്ന
അസംബ്ലിയിൽ
പങ്കെടുക്കരുതെന്ന്
വിനായകൻ മാഷ്ടെ കുട്ടികളായ ഞങ്ങളോട്
മാഷ് .
എൻറെ ജീവിതത്തിലെ
ആദ്യത്തെ
രാഷ്ട്രീയ പിടിപാട് .
വലം കയ്യിൽ സലീന ടീച്ചറും
ഇടം കയ്യിൽ
വിനായകൻ മാഷും
ക്ലാസ് ലീഡറായ
രാമദാസിനായി
അങ്ങുമിങ്ങും പിടിവലി കൂടിയത്
എന്റെ ജീവിതത്തിലെ ആദ്യത്തെ
രാഷ്ട്രീയ ലേലം വിളി .
ഇതൊക്കെ കണ്ട്
രാമദാസിൻറെ
ഫ്രണ്ട് ശ്രീനിവാസൻ
ബോധം കെട്ടപ്പോൾ
സലീന ടീച്ചറും -വിനായകൻ മാഷും
ഒന്നായത്
എൻറെ ജീവിതത്തിലെ ആദ്യത്തെ
രാഷ്ട്രീയ ഒത്തുകളി .
ഇതൊന്നുമേശാതെ
സുനിത ടീച്ചറും
രവി മാഷും
ചുരുണ്ട മുടിയിൽ ചൂടിയ
ചുവന്ന റോസാപ്പൂപോലെ
പ്രണയിച്ച് കൊണ്ടിരുന്നത് .
അതിലേക്കു മാത്രം
കണ്ണോടിച്ചിരുന്ന ഞാൻ
അന്നും
ഇന്നും
സമാധാനത്തോടെ
ജീവിക്കുന്നു .
No comments:
Post a Comment