Friday, April 17, 2020


വാക്‌സിൻ 

ഒരുപാട്  നാളത്തെ 
പ്രാർഥനക്കും 
വേദനക്കുമൊടുവിൽ 
കൊറോണക്കൊരു 
വാക്‌സിൻ 
പിറന്നു  .

ലോകം 
ആ തിരുപ്പിറവിയെ 
ഇരുകയ്യും  നീട്ടി 
സ്വീകരിച്ചു  .

മഹാമാരിയുടെ 
രക്തസാക്ഷികളപ്പോൾ 
നക്ഷത്ര ശോഭയുള്ള 
ആത്മാക്കളായി  .

പറയാൻ .......... ബാക്കിവച്ചത് ;
ചെയ്യാൻ ......... ബാക്കിവച്ചത്
നിങ്ങളിലൂടെ  പൂവണിയണമെന്ന് 
ജീവനുള്ള  ഓരോമനുഷ്യനേയും 
ആശീർവദിച്ചു  .


പിന്നെ 
ഒരു  പുതിയ ലോകമായി.
 .
"ഇനിമുതൽ  ഞാനില്ല .......നമ്മളേയുള്ളൂ'  വെന്ന് 
തെരുവിലുള്ളവരോട് 
കരുതിയ 
അതേ  കരുണയിൽ .

ആളുകൾ  മറനീക്കി  പുറത്തിറങ്ങി  .

തമ്മിൽ  കാണാതെ 
അണകെട്ടിയ  വികാരങ്ങളെ 
ആർപ്പുവിളികളോടെ 
ആലിംഗനം  ചെയ്തു .
 .
സംശയത്തിന്റെ 
മുൾമുനകളെ  
നുള്ളി 
ദൂരെയെറിഞ്ഞു  .

അതിരുകൾ 
അലിഞ്ഞില്ലാതായി  .

നിശ്ചലമായതെല്ലാം 
ചടുലവും 
സു താര്യവുമായി.

പിന്നെ 
നമ്മളെല്ലാം  മറന്നു 

സാനിറ്റൈസറിന്റെ 
സ്ഥാനത്ത്  തോക്കുകൾ 
വാതോരാതെ  ശബ്ദിച്ചു .
അതിരുകളിൽ  നിന്ന്  അതിരുകളിലേക്ക് 
ചോരച്ച് .................ചോരച്ച്
വിഷം  തുപ്പി 

 .

സ്വാതന്ത്ര്യം 

ആർക്കും
സ്വാതന്ത്രമില്ലാതാകുമ്പോൾ
സ്വാതന്ത്രമില്ലായ്മക്കൊരു
സ്വാതന്ത്ര്യമുണ്ട് .

അപ്പൊ
ചിലർക്കുള്ളതും
മറ്റുചിലർക്കില്ലാത്തതും  
തന്നെയാണ് 
ശരിക്കുള്ള
പ്രശ്നം .

Wednesday, April 1, 2020

വീട് 

സാധ്യതകളുടെ  നേർത്ത വിടവുകൾ 
പരതുമ്പഴും 
ബാധ്യതകളുടെ  ഭാരിച്ച  വേദനപേറി 
തോറ്റുപോകയല്ലായിരുന്നോ 
നമ്മുടെ  പ്രണയം .


ഓർക്കുന്നുണ്ടോ ??
തിരക്കുകളാൽ  ചവിട്ടിമെതിക്കപ്പെട്ട 
നിന്റെ  ഇരുട്ടുകളിൽ 
നിശാഗന്ധിയായ്  ഞാൻ 
വിടരാറുണ്ടായിരുന്നു 
ചിലപ്പോഴെങ്കിലും .

അറിഞ്ഞിരുന്നോ ???
എത്രകള്ളങ്ങളിൽ 
ഉടക്കിമുറിഞ്ഞിട്ടാണ് 
നിന്റെ  
എകാന്തതയിൽ 
ഞാനന്ന് 
നിറഞ്ഞുകവിഞ്ഞത് .
നിന്നോളം 
മറ്റാരെയും 
പ്രണയിച്ചില്ലെന്നു 
ഇതൾവീശിയത് .

വീടെ 
നീയും 
ഞാനും 
മാത്രമാകുന്ന 
സുന്ദരനിമിഷങ്ങൾക്ക് 
എത്ര  ലീവുകളോടാണ് 
ഞാൻ 
സമാധാനം 
പറയേണ്ടി  വന്നിട്ടുള്ളത് .
അവിശ്വാസം 

പീഢിപ്പിച്ചതായിരിക്കല്ലേ..............അച്ഛനായിരിക്കല്ലേ 
എന്നു  പ്രാർത്ഥിച്ച് 
ഏറെനാൾ കഴിയും  മുമ്പ് 

കൊന്നതായിരിക്കല്ലേ .................
അമ്മയായിരിക്കല്ലേ 
എന്നൊരു  നോവ് 
പിറന്നു വീണു .

പ്രണയിക്കാനറിയാത്തവന്റെ  
പ്രണയം 
അനുഭവിക്കാനറിയാത്തവന്റെ 
രതിയോട് 
കൊഞ്ഞനം  കുത്തുന്നു .

ചോദ്യങ്ങൾ   വാ കീറും  മുമ്പ് 
ഉത്തരങ്ങളാൽ 
കവർച്ച  ചെയ്യപ്പെടുന്നു .

അവിശ്വസിക്കാതിരിക്കാൻ 
നമ്മൾ 
പാടുപെട്ട് 
പരാജയപ്പെട്ടുകൊണ്ടേ യിരിക്കുന്നു .