Thursday, August 26, 2021

 ഇരുതല  മൂർച്ച 


പൊടുന്നനെ  അയാൾക്ക് 

രണ്ടുതലകൾ  രൂപപ്പെട്ടു .

ഒരുതല  ഒരുദൈവത്തിനും 

മറ്റേതല  മറ്റൊരു  ദൈവത്തിനും  വേണ്ടി 

വാദിച്ചു ---വാളെടുത്തു .


പയ്യെ ..പയ്യെ

മതങ്ങൾ മൂർച്ചകൂട്ടിയ  തലച്ചോറുകൾ 

അയാളെ  

പിളർന്ന് ---പിളർന്ന് 

ചോര  വാർന്ന് .


;മനുഷ്യൻ;  ഒരുതോന്നൽ 

മാത്രമാണ് .

മതങ്ങൾ 

മലക്കം മറിയുന്ന 

സത്യവും .


Friday, July 30, 2021

കനൽ 

ഉണരുക ജ്വലിക്കുക 
കനൽ കണക്കെ  നീങ്ങുക 
ഇനിയുമീ  വിവേചനം 
പൊറുക്കയില്ല 
ചൊല്ലുക .
അടിമപോൽ വിറച്ചുനിന്ന 
വഴികളെ  മറക്കുക 
അടിയുറച്ചു  വിശ്വസിച്ചു 
നമ്മൾതന്നെ  പൊരുതുക .

കൂടുതൽ  കരുത്തരായ് 
മടങ്ങിവന്നിടാം .
നോവുകൾ  തെളിച്ചെടുത്ത 
പന്തമായിടാം 
വാക്കുകൾക്ക്  മൂർച്ചകൂട്ടി 
നീതിതേടിടാം .
വാശിയോടെ  നമ്മൾതുല്യരെന്ന് 
കാട്ടിടാം .

എത്ര  കാൽച്ചുവട്ടിൽ  നമ്മൾ 
വീണുരുണ്ടലിഞ്ഞതാ 
എത്രകാതുകൾ  നമുക്കായ് 
കേട്ടതായ്  നടിച്ചതാ 
എങ്ങുമെത്തുകില്ല നമ്മളെന്നൊരുൾ 
പിടച്ചിലിൽ 
എത്രകാലമീവിഷാദ  ഭാവമായിരുണ്ടതാ .

ഉണരുക  ജ്വലിക്കുക 
കനൽകണക്കെ  നീങ്ങുക .
ഉരുകിവെന്ത വഴികളിൽ 
ഉറച്ചുറഞ്ഞു തുള്ളുക 


പ്രണയപൂർവം 

എല്ലാ  ഉണർവ്വുകളേയും 

ഒരേയൊരു  വികാരത്തിൽ 

തളച്ച് 

ആകാശത്തോളം  വലിയ 

സ്വപ്നങ്ങളെ 

അണുവിനോളം  ചെറിയ ഇരുട്ടുകളിൽ 

മടക്കിയൊതുക്കിവയ്ക്കുന്നു .

Saturday, June 26, 2021

ബന്ധങ്ങൾ 


കാരിരുമ്പിന്റെ  കരുത്തുള്ള 

ബന്ധങ്ങൾ 

മുറിയുമ്പോൾ  

തീ  പാറുന്നവ .

Wednesday, April 28, 2021

 നാഷണൽ  പാർക്ക് 

 

എൻറെ  മനസ്സ്  

ഒരു  നാഷണൽ  പാർക്കാണ് 

നിങ്ങൾക്ക് 

അതിനുള്ളിലെ  നിശ്ചിത  പാതയിലൂടെ 

നിശ്ശബ്ദരായി  കടന്നുപോവാനുള്ള  അവസരം 

മാത്രമാണുള്ളത് .


എന്തു  ഭംഗിയാണിതിനെന്നു 

അത്ഭുതപ്പെടാം .

എന്തുകുളിരാണിവിടമെന്നു 

കോരിത്തരിക്കാം .

ഇത്തിരിനേരം 

ഇവിടിരുന്നു  പോയാലോയെന്നു 

ചുമ്മാ  നേരം  പോക്കാം .


ഏതു  നിമിഷവും  മുന്നിൽ  വന്നുവീണേക്കാവുന്ന 

ഒരു  പുലിയെയോ 

കരടിയേയോ 

കാട്ടാനയേയോ 

കൂടെ  പ്രതീക്ഷി ക്കണമെപ്പോൾ .

നിങ്ങളാരാണെന്നോ 

എവിടെനിന്നാണ്  വന്നതെന്നോ 

എന്തിനാണ്  പോണതെന്നോ 

തീർത്തും  ആപ്രസക്തമാകുന്ന 

നിമിഷങ്ങളാകുമത് .


എന്നെ  കൂടെകൂട്ടാമെന്നോ 

എൻെറ  കൂടെ  കൂടാമെന്നോ 

വെറുതെ  പ്രത്യാശിക്കരുത് 

എൻറെ  ഉരുൾ  പൊട്ടലുകൾ 

എൻറെ  വ്യക്തിത്വമാണ് 

അടിവേരുകളെ  

ആഴത്തിൽ  പിഴുതുകളയുമത് .


ചിലപ്പോൾ  ഇവിടം 

നിങ്ങൾക്ക്  പ്രവേശനമില്ലാത്ത  വിധം 

പൂർണ്ണമായും  അടച്ചിട്ടെന്നും 

വരാം 

ഞാൻ  ഒരു  മാർഗ്ഗം 

മാത്രമാണ് 

 ലക്ഷ്യം  നിങ്ങളുടെ 

ഉത്തരവാദിത്വമാണ്  


 തൊട്ടാവാടി 


 വാടുന്നതല്ല  ;   

പറ്റിക്കയാണെന്ന് 

കണ്ണിറുക്കുന്നു .

Monday, February 22, 2021

അങ്ങനങ്ങനങ്ങനെ 




ചിലതങ്ങനെയാണ് 
ചിലരങ്ങനെയാണ് 
ചിലപ്പോളങ്ങനെയാണ് 

അതല്ലേ 
നമ്മൾ 
ഇങ്ങനെയായത് .

അന്നും ഇന്നും 

എത്തിനോട്ടങ്ങൾ 

തെന്നിവീഴാൻ  പാകത്തിന് .

കാഴ്ചക്കാരെ 

മാടിവിളിച്ച് 

വിട്ടു കള 

ഒന്ന് 

പറഞ്ഞു  മനസ്സിലാക്കാൻ 

പെടുന്ന  പാട് 

ജീവിതം 

ഇതെത്ര  കണ്ടതാ .

  ഒന്നുമില്ലെന്നേ 

 

കാടിൻറെ  നിഗൂഢതയിൽ 

കടലിന്റെ  ആഴങ്ങളിൽ 

മരുഭൂമിയുടെ  അനന്തതയിൽ 

''''''''''''''''''''''''''''

ഒന്നുമില്ലെന്നേ

Sunday, February 7, 2021

ലൈവ് 

അവൾ വെബ്ബിനാറിൽ 

ലൈവാണ് .

അല്ല  

  അവൾ വസ്ത്രങ്ങൾ 

ഇസ്തിരിയിടുകയാണ് 



നോക്കൂ 

ആ  വെളുത്ത  കസവുസാരി

 എത്ര പ്രയാസപ്പെട്ടാണവൾ   

മടക്കിയൊതുക്കുന്നത് 

അലമാരയിലേക്ക്  വലിഞ്ഞു  നീണ്ട് 

അടുക്കി  വക്കുന്നത് .

.

അവൾ  വെബ്ബിനാറിൽ  ലൈവാണ് 

അല്ല  

 അവൾ കുഞ്ഞിന്  മുലയൂട്ടുകയാണ് 

ആരാണിത്ര  മര്യാദയില്ലാതെ  അവളെ 

ഒച്ചവച്ചു  വിളിച്ചുകൂവുന്നത് 


അവൾ  വെബ്ബിനാറിൽ  ലൈവാണ് 

അല്ല 

നാളെകളെ  നുറുക്കി 

വറുത്ത് 

പുഴുങ്ങി യെടുക്കയാണ് .

അവൾ  ഇന്നിലല്ല 

നാളെയിലാണിപ്പോൾ 

അവൾ 

അവളല്ല 

നമ്മളൊക്കെത്തന്നെയാണ് .


അവൾ  വെബ്ബിനാറിൽ  ലൈവാണ്

അല്ല 

അവളുടെ  ഭർത്താവ്  അവളെ 

പ്രണയത്താൽ  ഉമ്മ വെക്കുകയാണ്‌ 

ഇപ്പോൾ 

ഇപ്പോൾ  മാത്രം 

അവൾ  ഇന്നിൽ  ജീവിക്കുന്നു .

വെബ്ബിനാർ  അവളാൽ  ലൈവാകുന്നു .

ഞാനെന്റെ  ഇണയെ  ഇത്രമനോഹരമായി 

ഇന്നേവരെ  ചുംബിച്ചിട്ടേയില്ലല്ലോ 

ഒരു  ചുവന്നതെറ്റാൽ 

വീഡിയോകളുടെ  ലൈറ്റണയുന്നു .

ഇന്നിൽ  ജീവിച്ച് 

ഇപ്പോൾ  ജീവിച്ച് 

ലൈവുകൾ 

ശരിക്കും 

ലൈവാകുന്നു .