നാഷണൽ പാർക്ക്
എൻറെ മനസ്സ്
ഒരു നാഷണൽ പാർക്കാണ്
നിങ്ങൾക്ക്
അതിനുള്ളിലെ നിശ്ചിത പാതയിലൂടെ
നിശ്ശബ്ദരായി കടന്നുപോവാനുള്ള അവസരം
മാത്രമാണുള്ളത് .
എന്തു ഭംഗിയാണിതിനെന്നു
അത്ഭുതപ്പെടാം .
എന്തുകുളിരാണിവിടമെന്നു
കോരിത്തരിക്കാം .
ഇത്തിരിനേരം
ഇവിടിരുന്നു പോയാലോയെന്നു
ചുമ്മാ നേരം പോക്കാം .
ഏതു നിമിഷവും മുന്നിൽ വന്നുവീണേക്കാവുന്ന
ഒരു പുലിയെയോ
കരടിയേയോ
കാട്ടാനയേയോ
കൂടെ പ്രതീക്ഷി ക്കണമെപ്പോൾ .
നിങ്ങളാരാണെന്നോ
എവിടെനിന്നാണ് വന്നതെന്നോ
എന്തിനാണ് പോണതെന്നോ
തീർത്തും ആപ്രസക്തമാകുന്ന
നിമിഷങ്ങളാകുമത് .
എന്നെ കൂടെകൂട്ടാമെന്നോ
എൻെറ കൂടെ കൂടാമെന്നോ
വെറുതെ പ്രത്യാശിക്കരുത്
എൻറെ ഉരുൾ പൊട്ടലുകൾ
എൻറെ വ്യക്തിത്വമാണ്
അടിവേരുകളെ
ആഴത്തിൽ പിഴുതുകളയുമത് .
ചിലപ്പോൾ ഇവിടം
നിങ്ങൾക്ക് പ്രവേശനമില്ലാത്ത വിധം
പൂർണ്ണമായും അടച്ചിട്ടെന്നും
വരാം
ഞാൻ ഒരു മാർഗ്ഗം
മാത്രമാണ്
ലക്ഷ്യം നിങ്ങളുടെ
ഉത്തരവാദിത്വമാണ്
No comments:
Post a Comment