Thursday, October 26, 2017

അവൾ ഉയർന്നു  പറക്കട്ടെ

കാലമെന്നെ  പഴിച്ചില്ല ജീവിത -
ബാഷ്പമായി  ഞാൻ ഊറിത്തണുക്കവേ .
കണ്ടതില്ലവരന്നെൻ നിറവിനാൽ 
തണ്ടിടിഞ്ഞു മരിച്ച   കായ് തോപ്പുകൾ  .

ആരറിഞ്ഞെന്റെ  രാജയോഗത്തിലെ 
ആർത്തിരമ്പുന്ന  നോവിൻ തിരകളെ 
ആധിയിൽ  വെന്ത രാവിൻറെ  ചൂരിനെ 
ആസ്തിയിൽ വീണുടഞ്ഞ  കിനാക്കളെ .

കരളുപോലെ  വിഴുപ്പടിയുമ്പഴും 
പുകപടർത്താതെ കത്തിയെരിഞ്ഞു ഞാൻ 
പുഴുകണക്കേ  ഇഴയുന്നു ജീവിതം 
പുലിമടയി ലെനിക്കെന്തു  സൗഹൃദം .

തലയണക്കു  കനംതന്നു  നോട്ടുകൾ 
തൊലിവെളുക്കാൻ  കടംകൊണ്ട  വാക്കുകൾ 
ചിരിനിവർത്താൻ  മറന്നൂ നിലാമഴ 
ചിറകുലഞ്ഞു  പിടഞ്ഞു മോഹക്കിളി .

പാതിഞാനും  പകുത്തചിത്രങ്ങളിൽ 
പാനപാത്രമുടഞ്ഞലിഞ്ഞീടവേ 
പാതിരാക്കൊലക്കത്തികൾ  മാറിലേ
ക്കാഴ്ന്നിറങ്ങാതെ  കണ്ണുമിഴിച്ചു  ഞാൻ 

കാലമെന്നെ  പഴിക്കുന്നു  മോഹന -
സൂര്യനായി  ഞാൻ  കത്തിജ്വലിക്കവേ 
നോക്കുവാൻ  കരുത്തില്ലാത്ത  ജാള്യത 
വാക്കിനുള്ളിൽ  ഉറഞ്ഞുതുള്ളുന്നുവോ ?

കാലമെത്ര  പഴിച്ചാലുമെന്നുടെ 
കാൽച്ചിലങ്കയുണരുന്ന  വീഥികൾ 
പൂത്തുകത്തുന്നു  ആനത്തകരപോൽ 
പൂഴ്ത്തി  മായ്ക്കാനൊ തുങ്ങാത്ത  ചോദ്യമായി .


Sunday, October 22, 2017

പരിഹാരം 

തിളക്കാൻവച്ച  എണ്ണ  ഞാൻ
തോരാൻ  മടിച്ച  വെള്ളം നീ
ഒന്നു  പൊട്ടിത്തെറിച്ചാൽ--------- !;

തീരാവുന്നതേയുള്ളൂ  
പ്രശ്നം .
ആമ   വാദം 


ചിന്തകൾ  പതിയെ  തലപൊക്കുന്നതും,
അധികാരത്തിൻറെ -
പുറംതോടിലേക്കുതന്നെ  ഭയന്നൊളിക്കുന്നതും 
ചർച്ചകളിൽ  അത്രകണ്ട് 
പ്രകടമാണ് .

Monday, September 18, 2017

ശുഭ  പ്രതീക്ഷ .


മഴയെ  മനസ്സു നൊന്തൊന്നു 
വിളിച്ചുനോക്കൂ --------

ചുവന്നു  തുടുത്തൊരു  പുഴ 
ഉടനെ  പ്രത്യക്ഷപ്പെടും !

പ്രതീക്ഷകൾക്ക്  പിന്നെ 
തെളിയാതിരിക്കാനാവില്ലലോ .

Sunday, September 17, 2017

കുസൃതിപ്പൂക്കൾ 


ഒരുപാട്  നാളേക്കുശേഷം 
പിറന്നനാടിൻറെ  മടിത്തട്ടിലേക്ക് 
നിങ്ങളെപ്പോഴെങ്കിലും 
മടങ്ങിച്ചെന്നിട്ടുണ്ടോ ?

എത്താൻ  വൈകിയതിലുള്ള  പ്രതിഷേധം 
ഉടനെ  മുഖം  തിരിച്ചിരിക്കും .

"എന്തേൻറെകുട്ടിത്രപെട്ടെന്നു  
നരച്ചുപോയീന്നൊരു  "വാത്സല്യം ,
"വല്ലാണ്ട്  മെലിഞ്ഞുപോയീ"ന്നൊരു   താക്കീതുകെട്ടി 
താരാട്ടിത്തുടങ്ങും .


പണ്ടെങ്ങോ  അമ്മകാണാതെ 
 പൊതിഞ്ഞു  കൈമാറിയ  സ്വർണ്ണമാല 
കാഴ്ച്ച  മങ്ങിയ   കണ്ണുകളിൽ  നിന്നും 
സ്നേഹത്തോടെ  പെയ്തിറങ്ങും .

"ഞങ്ങടെ കുട്ട്യാ " ന്നൊരഭിമാനം 
കിതച്ചുകൊണ്ട് 
പടികേറിവരും .

"നീ  ഇപ്പോഴുമൊന്നും  മറന്നിട്ടില്ലല്ലോ "
എന്നൊരു  സന്തോഷം  ,
അധികാരത്തോടെ  പണം  പിരിക്കാനൊരുങ്ങും 



പക്ഷേ ;

എത്ര  ചികഞ്ഞിട്ടും  
കണ്ടെടുക്കാനാവുന്നില്ലല്ലോ !
മണിമാളികകൾക്കടിയിലകപ്പെട്ട ,
വയലറ്റ്  നിറമുള്ള, 
വഴുവഴുപ്പുള്ള ,
രൂക്ഷഗന്ധമുള്ള ,
പേരിടാത്ത -
എന്റെ 
കുസൃതി പൂക്കളെ .

Friday, August 25, 2017

ഓക്സിജൻ  സപ്ലേ 

വേണ്ടാ 
കളി  മലയാളിയോടു  വേണ്ടാ 

ഞങ്ങൾക്ക് 
വിച്‌ഛേദിക്കാൻ 
എളുപ്പമാണ് ;
നിങ്ങടെ  നാട്ടിലേക്കുള്ള 
ഓക്സിജൻ  സപ്ലേ --------
ഞങ്ങടെ 
കാട്ടി ലെ 
മരങ്ങളെ .

കുടുംബസംഗമവും  വ്യായാമവും 


സ്വാഭാവികമായി  
നടന്നുപോകുമായിരുന്നതെല്ലാം
  
ഇപ്പോൾ 
ഏച്ചു  കെട്ടി 
മുഴപ്പിച്ചെടുക്കേണ്ട 
ഗതികേടിൽ .

Thursday, August 17, 2017

ഹോൺ 

ഇത്ര നാൾ 
നിശബ്ദമായിരുന്നതിന്റെ 
പ്രതീകരിക്കാനാവാത്തതിന്റെ 
പ്രതിഷേധം 
ഉച്ചത്തിലടിച്ചു തീർക്കുകയാണ് 
എൻറെ  വാഹനം .


പുറമേനിന്നു നോക്കുമ്പോൾ 
ആർഭാടമെന്നോ 
അനൗചിത്യമെന്നോ 
തോന്നുമെങ്കിലും 


ചെറിയ  ശരീരത്തിൽ 
വലിയശബ്ദവും 
ഘടിപ്പിച്ചുകൊണ്ടുള്ള  ഈ  വഴിവെട്ടൽ 
പിറകേ വരുന്നവരേ ---
നിങ്ങൾക്കാവും 
എന്നേക്കാൾ  ഉപകാരപ്പെടുക .
ചിതൽ 






ഇത്ര  നനവാലൊരുഭൂമി 
മരം കയറുന്നു .
ഇത്ര  മിടിപ്പാലൊരുമരം 
ചിത്രമെഴുതുന്നു .
ഇത്രവെളിച്ചത്താലൊരു  പ്രണയം 
ചിറകു  പാകുന്നു .
ഇത്ര  ആർത്തിയാലൊരു  ജന്മം 
തീറ്റ  തേടുന്നു .


ആദരവോടെ  ചോദിച്ചോട്ടെ 
അവസാനിച്ചെന്നു 
തോന്നുന്നിടത്തെല്ലാം 
ആരംഭിച്ചല്ലേയുള്ളുവെന്ന് 
നിങ്ങൾക്കല്ലാതെ 
മറ്റാർക്കാണ് 
സാക്ഷ്യപ്പെടുത്താനാവുക ?
വിട്ടുവീഴ്ച 

വിട്ടുകൊടുക്കുന്നവൻറെ  വീഴ്ച്ച തന്നെയാണെന്ന് 
നിങ്ങളെന്നോട് 
നിർബന്ധിക്കും    പോലെ !
മേൽവിലാസം 

നിൻറെ  കരച്ചിലും  ,പിടച്ചിലും 
ഓർമ്മപ്പെടുത്താൻ 
എന്റെ  നെഞ്ചിൽ 
മധുരം  കിനിയുന്നൊരു 
വിങ്ങലുണ്ട് .

നിന്റെ  അനാഥത്ത്വത്തിനും 
അരക്ഷിതാവസ്ഥക്കും  സാക്ഷിയായ് 
പല രെജിസ്റ്ററുകളിലും 
എന്റെ കയ്യൊപ്പ് 
പതിയുന്നുമുണ്ട്‌ .


പകരം  
നിനക്കായമ്മ  നൽകട്ടെ 
ഔദ്യോഗികച്ചൂടിൽ  കാച്ചിയെടുത്തൊരു 
മേൽവിലാസമെങ്കിലും . 

Tuesday, August 8, 2017

ഒളിച്ചോട്ടം 

കാറ്റിനോടൊപ്പമാണത്രേ 
മഴ 
ഒളിച്ചോടി പ്പോയത് .

സ്വന്തമായി  
രൂപം  പോലുമില്ലാത്തവനെ 
എവിടെത്തേടി  
പിടിക്കാൻ .?

Sunday, July 30, 2017


 സമീറ.പീ.പി 

വജ്രം 

വജ്രത്തെ  മുറിക്കാൻ  -
വജ്രം തന്നെ  വേണം .
നിന്നെ  മെരുക്കാൻ -
ഞാനും .

Tuesday, July 25, 2017

സമീറ .പീ.പി .ചുണ്ടമ്പറ്റ



സീബ്ര ലൈൻ 

മലർന്നങ്ങനെ കിടന്നോ  .......നീ 
വിശ്വസിച്ചവരെയിങ്ങനെ 
നടുറോട്ടിൽ 
കൊല്ലപ്പെടാൻ  വിട്ടിട്ട് !

Friday, July 14, 2017

                         സമീറ  പീ .പി  ചുണ്ടമ്പറ്റ                                                                                                                       പ്രണയത്തിന്റെ   കാൽപ്പാടുകൾ 



പ്രഭാതം  ഇരുട്ടിനെ  തൂത്തുവാരാനെത്തും  മുമ്പ്
നമുക്കൊരുമിച്ചാ  പുഴക്കരയിലെത്തണം .

ചുടുനിശ്വാസം കൊണ്ടു നീയെന്നെ  -തൊടാതെ  തൊടുമ്പോൾ
നിറമൗനംകൊണ്ട്  ഞാൻ നിന്നെ  മുറുകെ  പുണരും .
ഓമനിക്കാനൊരു  കവിത  നമുക്കുമുന്നിലപ്പോൾ
നിലാവുമായൊഴുകും.


കൊതി പെരുത്തൊരു പൂച്ചപോൽ-
നമ്മളാ  ഇരുട്ടിന്റെ  പതുങ്ങലാകും .


ഇരുണ്ടിരുണ്ട്  തമ്മിൽ  കാണാമെന്നാവുമ്പോൾ,
ഒരുസ്വപ്നത്തിലേതുപോലെ  ഉണർന്നകലണം .


കാത്തിരിപ്പുണ്ട്  ഞാനിന്നും ;
നിന്റെ  -
കാൽപ്പാടായുള്ളിൽ  പ്രണയം  നിറച്ച് .

Sunday, July 9, 2017

സമീറ .പീ .പി .ചുണ്ടമ്പറ്റ 
ഉപമ 


അവൻ  കിതച്ചോടിവന്ന് ;

ടീച്ചറേ ..............
മനുഷ്യന്മാരെപ്പോലാണ് 
നായ്ക്കൂട്ടം  വരണ് .

പേട്യാവ്‌ണു .
                                             സമീറ.പീ.പി . ചുണ്ടമ്പറ്റ


കടൽ  കരയോട് .
എത്ര  നക്കിത്തോർത്തിയിട്ടും 
വൃത്തിയാകാത്ത ,
 നിന്റെ  ശീലങ്ങൾ .
                                                                    സമീറ .പീ .പി  ചുണ്ടമ്പറ്റ
പെൻസിലും  റബ്ബറും .

തെറ്റുപറ്റിയ  നിൻറെ  വാക്കുകളെ 
ഞാൻ  മായ്ക്കാം .

കുറ്റബോധം കൊണ്ടു  നീ 
ചെറുതാവല്ലേ ..

Saturday, July 1, 2017

വേദി 

ആദ്യം  പറയുന്നോരാദ്യം  പറയുന്നോ-
രാവുവോളം  തച്ചുടച്ച ,
വേദിക്കുമേൽ  എൻറെ  വാക്കുമുളക്കുമ്പോൾ 
ആരെ  ഞാൻ  വാഴ്ത്തേണ്ടു   നിത്യം?

Friday, June 30, 2017

കവിത  സംസാരിച്ചു  തുടങ്ങുന്നത് 

ഒരു  ടീച്ചർ,  കവിതയെഴുതുമ്പോൾ 
ചില  സത്യങ്ങൾ  തുറന്നു പറയാതെ  വയ്യ .
ഒരു  കൗൺസിലർ,  കവിതയെഴുതുമ്പോൾ 
ചില  രഹസ്യങ്ങൾ  മൂടിവെക്കാതെ  വയ്യ .
ഒരു സ്ത്രീ,  കവിതയെഴുതുമ്പോൾ 
 ചില  ആയുധങ്ങൾ  അണിയാതെ വയ്യ .
ഒരു മുസ്ലിം  ,കവിതയെഴുതുമ്പോൾ 
ചില  മൗനങ്ങളെ   പുണരാതെ  വയ്യ .
എന്നാണാവോ  വെറും കവിയായൊരു -
 കവിതക്ക്  ജൻമം  കൊടുക്കാനാവുക ?
അന്നാവുമെന്റെ  കവിത  ശരിക്കും 
സംസാരിച്ചു  തുടങ്ങുക .

Thursday, June 8, 2017

ഭാവന .

മുളക്കാനുള്ള  ആഗ്രഹം 
തിളക്കാനിടുന്നതിന്റെ  തൊട്ടുമുൻപ്  ,
കൂട്ടത്തിൽ  ഒരരിമണിയിൽ  മാത്രം  
തീവ്രമാകുന്നത് 
അത്യാഗ്രഹമാകുന്നതെങ്ങിനെ ??





അതിനെത്തന്നെയാണ് 
നിങ്ങൾ  ഭ്രാന്തെന്നും 
ഞങ്ങൾ  ഭാവനയെന്നും 
വിളിക്കുന്നത് .




എന്തും 
എപ്പോഴും 
ആർക്കും 
സാധ്യമാണെന്ന 
തിരിച്ചറിവിനെ .

Friday, June 2, 2017

കംഫോർട്ട്   സോൺ 

നിങ്ങളെൻറെ 
കംഫോർട്ട്   സോൺ 
തച്ചുടച്ചു .

ഉയരുകയല്ലാതെ ,

ഇനിയെനിക്ക് 

മറ്റൊരു  മാർഗ്ഗമില്ല .
വിളി 

ഇങ്ങിനെ 
കിടന്നു  കഷ്ടപ്പെടാതെ-------

കണ്ണുതുറക്കൂ **
താങ്കൾ  സ്വപ്നത്തിലാണ് .
                                                    
                                                  സമീറ.പീ .പി .ചുണ്ടമ്പറ്റ
ഫുൾ  എ  പ്ലസ് 

മിക്ക   ഫുൾ എ പ്ലസ്സുകാരും 
വരണ്ട  മരുഭൂമിപോലാണ് .

മനുഷ്യത്വത്തിന്റെ  തരി  പച്ചപ്പുപോലുമില്ലാതെ ,
അതങ്ങനെ  പരന്നുണങ്ങികിടക്കും .

ആർത്തി തീർക്കാനുള്ളതല്ലാതെ  
അറിവിന്റെ  ചെറുതുള്ളിപോലും ;
അതിനു  താങ്ങാനുള്ള  ശേഷി കാണില്ല .

ഏതോ  ഫോസിൽ  സമൃദ്ധിയുടെ 
അഹങ്കാരത്തിൽ 
മറ്റേവരെയും  പിറകിലാക്കി -
അത്  ചീറിപ്പായും .


അതിന്റെ  പഠന കാലം 
അത്യുഷ്ണവും 
പ്രവർത്തനകാലം 
അതിശൈത്യവുമായിരിക്കും .

ഒരു മരീചികയല്ലാതെ  മറ്റൊന്നും  തിരിച്ചുതരാനാവാതെ 
നമ്മെ  കൊതിപ്പിച്ച് ......കൊതിപ്പിച്ചതങ്ങു 
കടന്നുകളയും .

Sunday, May 21, 2017

ചുറ്റിക 

പറിച്ചുകളയാനാണു   പുറപ്പെട്ടത് 
അടിച്ചമർത്താനായില്ലെങ്കിലും ,
വളച്ച്ചൊതുക്കിയ  സുഖം.


നിന്റെ ഭയം -
എന്റെ ജയം .
നിൽക്കൂ 

നാണമില്ലേ  കണ്ണുനീരെ  നിനക്ക് .?
ആരെങ്കിലും -എന്തെങ്കിലും 
പറയുമ്പോഴേക്ക് 
ഉടനെയങ്ങിറങ്ങിപ്പോവാൻ .
വേനൽ 

ഇല്ലാതാക്കലാണല്ലോ 
നിൻറെ 
നിറവ് .
പേടി 
പോലീസുകാരാ ,
പോലീസുകാരാ 
നിന്നെ  കാണുമ്പോഴുള്ള 
എന്റെപേടികാണുമ്പോൾ 
എനിക്കൊരു  പേടി .

ഇനി 
ഞാൻതന്നെയായിരിക്കുമോ 
നീ  അന്വേഷിക്കുന്ന 
ആ  കുറ്റവാളി ?


ബുദ്ധിമതി 

*ബുദ്ധിമതി *  എന്ന് 
ഞാൻ 
സ്വയം  പ്രഖ്യാപിക്കയാണ്‌ .

ഇവിടെ  ജീവിക്കാൻ 
ഈ    ബുദ്ധി ,
       മതി .

Wednesday, March 8, 2017

കൃത്യനിഷ്ഠ
ഒരുപാട്  നന്മകളെ 
സമയത്തിൽ  മുക്കി 
നിർവീര്യമാക്കുന്ന  വിധം.

അച്ചടക്കം 
ഒന്നും ചെയ്യില്ലെന്ന  
പിടിവാശിയാണത് .

വിനയം 

അവരുദ്ദേശിച്ചത് 
അടിമത്തമാണ്. 

Monday, February 6, 2017

നഖം 

ചെളിപുരളാതെ ,
ചോരപൊടിയാതെ ,
വളർത്തിയെടുക്കാൻ പെട്ടപാട് .
കരുതൽ 


മഴ  പെയ്യുന്ന  മരം  ,
ഇളം കാറ്റിനായ്‌  ബാക്കിവച്ചു -
തന്നാലായത് .