Saturday, December 28, 2019

അഹങ്കാരി 


ആ മാല  എന്റെ 
കഴുത്തിലോട്ടണിയൂ
നിങ്ങൾ 
.ആദരിക്കാനുദ്ദേശിച്ച 
അഹങ്കാരി 
ഞാൻ തന്നെ ., 
                           ഉത്തരവുകൾ 


അധ്യാപക  ഗ്രൂപ്പുകളിലേക്ക് 
എന്തെങ്കിലുമൊരു പോസ്റ്റിടാനാഞ്ഞാൽ 
'അധ്യാപകരുണ്ട്  സൂക്ഷിക്കുക; 
എന്നൊരു  ബോർഡ് 
കുരക്കാനോടുന്നപോലെ തോന്നും .

ഉച്ചനേരത്തെ  ശ്മശാനം പോലെ 
നിശ്ചലവും 
നിശ്ശബ്ദവുമായ 
അതിൻറെ  ഉള്ളിടം 
അച്ചടക്ക  മത്സരത്തിന് 
കച്ചകെട്ടി  കാത്തിരിക്കയാണെന്നു 
തോന്നും .

നാടിനെകുറിച്ചോ 
സമത്വത്തെക്കുറിച്ചോ 
അതിക്രമങ്ങളെകുറിച്ചോ 
എന്തെങ്കിലും  പറഞ്ഞു 
ആരെങ്കിലും 
അബദ്ധത്തിൽ 
കയറിച്ചെന്നാൽ 
;ഗ്രൂപ്പ്  മാറിപ്പോയോ  '
എന്നൊരു 
ചൂരൽ  വീശും .

ക്ഷമിക്കണം 
ഇനിയുണ്ടാവില്ലെന്ന് 
പോസ്റ്റുകൾ 
മാഞ്ഞു  പോകും .

മാറുന്നലോകത്തിലെ 
മാറാത്തപാഠങ്ങൾ 
പോലതിന്റെ 
പ്രൊഫൈലുകൾ 
യാത്ര  തുടങ്ങിയിടത്തുതന്നെ 
അവസാനിച്ചിരിക്കും .

കുശലമന്വേഷിച്ചിതുവഴി  
കടന്നുപോകുന്ന 
ഉത്തരവുകളേ................

നിങ്ങളെത്രപേരെയിങ്ങനെ 
നിർജ്ജീവമായി 
ബന്ധിച്ചിരിക്കുന്നു .

Sunday, November 24, 2019

അപേക്ഷ 

അലക്ഷ്യമായി  വിരിച്ച 
പത്രത്താള് 

അടക്കമില്ലാത്ത 
ചിരി 

സിപ്പ്  തുറന്നിട്ട 
ബാഗ് ;
അതിൽ നിന്നും  പുറത്തേക്കെത്തിനോക്കുന്ന 
നീലത്തൂവാല .

അടപ്പൂരിയ  പേന .
അന്തംവിട്ട  നിൽപ്പ് 

ഇത്രയെങ്കിലും

എന്റേതായി  ഞാൻ 
നിലനിർത്തിക്കോട്ടെ  എന്ന് 
വിനീതമായി 
അപേക്ഷിക്കുന്നു .

Wednesday, October 23, 2019

പൊട്ടക്കിണർ 

കാലം  പലതു  കഴിഞ്ഞുപോയി .പുതു 
കാവ്യം  ചികഞ്ഞൊരു  കാക്ക പാറി .
നേരും  നെറിയും  ചവച്ചു  തുപ്പി -അതിൻ 
നോവാസ്ഥി  പൊട്ടക്കിണറ്റിലെത്തി .

നേട്ടങ്ങളെല്ലാം  അഴിച്ചുവച്ച് 
സ്വപ്നക്കോ ട്ടങ്ങൾകൊണ്ട്  കിഴിച്ചെ ടുത്ത് 
പൂജ്യപ്പിറകിലൊളിച്ചിരുന്ന്‌ -പമ്മി 
  പൂച്ചയായ്  പിന്നെ  പതുങ്ങിവന്ന് .

കക്കാൻ  പഠിച്ചു   പഠിച്ചു  ജന്മം -കൃത്യ 
വക്കോളമെത്തി  പകച്ചു  നിന്ന് 
കണ്ടാലറിയാത്ത  ഭാവമെന്തേ -ഒന്നു 
കൊണ്ട് നിൻ  കണ്ണിൽ  കിനിഞ്ഞിടുന്നു .

നാക്കിൻ തലപ്പിലൂടൂർന്നവാക്ക് -തെന്നി
പേനക്ക്   സത്യ  സ്വരം  പകർന്നു .
നോക്കാൻ  മെനക്കെടാറില്ല  നമ്മൾ -ഒക്കെ 
നോട്ട പ്പിശകിൽ  കുറിച്ച്  വച്ചു .

ഞാനായി  ഞാനായി  ഞാൻ  വളരേ 
എന്നെ  ഞാനാക്കി  ഞാനാക്കി  വാഴ്ത്തീടേണം .
നീളുന്ന  ഭാവപ്പകർച്ചകൾ  നാം -ഒന്ന് 
നീന്താൻ  ഭയന്നാൽ  കഴിഞ്ഞു  കാര്യം .  



Saturday, August 31, 2019

മൂഢത 

കുറച്ച്  പൊക്കമുണ്ടായിരുന്നെങ്കിലെന്നു ----
ഞാനും 
കുറച്ചുകൂടി  കളറുണ്ടായിരുന്നെങ്കിലെന്നു --
നീയും   
ചിന്തിക്കുന്ന 
അതേ 
നടക്കായ്മകൊണ്ട് 
കുറച്ച് 
കഞ്ഞികിട്ടിയിരുന്നെങ്കിൽ  എന്ന് 
വിശക്കുന്നവനെ 
അളന്നെടുക്കരുത് .

ചിലപ്പോഴൊക്കെ 
ദൈവം 
നമ്മൾതന്നെയാണ് .

Friday, August 23, 2019

പ്രാണവേദന  

കവിത  തൂവി  പാഴായ  പാല് 
കവിത  തിങ്ങി  വേവേറിയ  ചോറ് 
കവിത  കുറുകി  ഉപ്പേറിയ  കറി 
കവിത  നീറി  കരിഞ്ഞുപോയ  ദോശ .

സൂര്യൻറെ 
ഒരു കണ്ണിറുക്കലിലേക്ക് 
ഇത്രമാത്രം 
പ്രാണപ്പെടുന്നതിന്റെ   വേദന 
അടുക്കളക്ക് 
മാത്രമേ  പേറാനാവൂ .
കിന്നാരം 

മഴ ; ഇരുട്ട്  ;അവധി 
എൻറെ  വീടിന്റെ 
തെക്കു  കിഴക്കേ  മുറി 
അതിന്റെ 
തെക്കു  കിഴക്കേ  മൂല .
ഞാൻ  തനിയെ ;

എന്നെ 
ഞാൻ 
ആത്മാർത്ഥമായി 
സ്നേഹിക്കുന്നെന്നു 
പ്രകൃതിയോടൊന്നു 
കിന്നരിച്ചോട്ടെ .
            നോവ്  

                  അസാന്നിധ്യം കൊണ്ട് 

നീ  
എന്നെ നോവിച്ച 
പ്രണയത്തിന്റെ 
അദൃശ്യമായ 
തേൻ  മുള്ളുകൾ .
അന്യൻ  

ഇന്നലെക്കൂടി 
ശ്രദ്ധിച്ചതാ 
ആരും 
തിരിഞ്ഞു നോക്കാത്ത 
ചലനശേഷി യില്ലാത്ത 
അവരുടെ  
വായിൽ 
അയാൾ  
ചോറുരുള 
വച്ചു  കൊടുക്കുന്നത് 

ഇന്ന് 
പൊട്ടിക്കരയാൻ 
ബന്ധുക്കൾ 
മത്സരിക്കുമ്പോൾ 
എത്രപെട്ടെന്നാണ് 
അയാൾ 
അന്യപുരുഷനായത് ;
അന്യ  മതസ്ഥനായത് 

 .
മയ്യിത്ത്
കാണാൻ  പാടില്ലാത്ത  മറ 
അവർക്കിടയിൽ  
വലിച്ചു 
കെട്ടപ്പെട്ടത് . 

നുണ  സത്യമാണ് 

ഒരു 
നുണ 
ഉള്ളിൽക്കിടന്നു 
പിടയുന്നു .

സത്യമായിട്ടും 
അത് 
സത്യമാണ് .
  ക്യാൻവാസ് 

മൂന്നു 
മുടിയിഴകൾ 
നെറുകിലിരുന്നു 
പ്രായം 
വരച്ചു 
തുടങ്ങുന്നു  

ഞാൻ 
ഒരു                                                                                                                                       
കറുത്ത ക്യാൻവാസാണെന്ന് 
ഇപ്പോഴല്ലേ 
മനസ്സിലായത് .                                                                                     

                                                                                                                                                                                                                                           
വിധേയത്വം 

ഒരു  പൂവ് 
ഇലയിലേക്ക് 
പച്ചപ്പെടുന്നതിന്റെ 
ദയനീയത ;

എനിക്ക് 
നിന്നോടുള്ള 
പ്രണയാർദ്രമായ 
വിധേയത്വം 

Thursday, August 8, 2019



ദൈവികം 


നീ  
ചോദിക്കാതെ  
ചോദിക്കുന്നതൊക്കെയും
പറയാതെ
പറയുന്നതൊക്കെയും
കാണാനായ്
കാണിക്കുന്നതൊക്കെയും
ഞാനറിയുന്നു.
അതാ  പറഞ്ഞത്
പ്രണയം
ദൈവീകമാണെന്ന് .
രാജ്യ ദ്രോഹി 

ഒന്നും  പറയുന്നില്ല ...........
രാജ്യദ്രോഹി യാക്കപ്പെട്ടുമോ 
എന്നു  ഞാൻ 
നിസ്സഹായനാകുന്നു 

Friday, August 2, 2019


സമീകൃതം 

കാർമേഘത്തിൽ  നിന്നൊരു  മിന്നൽ
ഒച്ചവച്ചിറങ്ങിപ്പോകുന്നു
ആരാദ്യമെന്നു
ഭൂമിയെ
മത്സരിച്ച് ചുംബിക്കുന്നു .

രാത്രിയിലൊരു
നിശാഗന്ധി
സ്വർഗ്ഗം തേടി
പുറത്തിറങ്ങുന്നു .
മിന്നാമിനുങ്ങ്
തോറ്റുകൊടുക്കില്ലെന്നു
തീപാറുന്നു .


സ്നേഹധാരയിലൊരു  മുലത്തുമ്പ്
ചുരത്താൻ
വെമ്പി  നിൽക്കുന്നു .
ചിന്തകളിൽ നിന്ന്  കുഞ്ഞ ഞ്
ഞെട്ടിത്തരിക്കുന്നു
ചുരുട്ടിപ്പിടിച്ച കൈകളപ്പോൾ
ലോകത്തെ  ഭരിക്കുന്നു.

മറവുകൾ 

മഴക്കണ്ണ് 
മുഴച്ചപോലൊരു 
മതക്ക ണ്ണ്‌ 
മറവുകൾക്കപ്പുറത്ത് 
പെയ്തത്  ഭയന്ന്.

ഒന്നുപെയ്താൽ 
ഉണരുമായിരുന്നലോകം 
ഒന്നുമറിയാതെ 
ഉണങ്ങിവരണ്ട് 

Wednesday, July 31, 2019

കവിയുടെ  ഭർത്താവ്  കവിതയുടെ  അച്ഛനല്ല

.

കവിയുടെ   ഭർത്താവാവുകയെന്നാൽ
ഏതുനിമിഷയും
യുദ്ധം  പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന
ഒരതിർത്തിയിൽ
നിയോഗിക്കപ്പെടുക
എന്നതാണ് .

അതിർത്തി  ലംഘനങ്ങൾക്കും 
നുഴഞ്ഞുകയറ്റങ്ങൾക്കുമെതിരെ 
സദാ ജാഗരൂകനാവുക 
എന്നതാണ് .

മൗനത്തെയും
അട്ടഹാസത്തേയും
ഒരേകുപ്പിക്കുള്ളിൽ
ഒട്ടും  കലരാതെ
മൂടിവക്കാൻ  നിർബന്ധിതനാവുക 
എന്നതാണ് .

നിന്നനില്പിൽ
ഒരുകടൽ
മരുഭൂമിയാകുന്നതും ;
മരുഭൂമി 
മറ്റൊരുഗ്രഹമായി
ഉ രുണ്ടൊതുങ്ങുന്നതും
ഒട്ടും
അതിശയോക്തിയില്ലാതെ
നോക്കിനിൽക്കുക 
എന്നതാണ് ..

ലോകത്തെ
തലകുത്തനെ  നിന്ന്  
കാണലാണ് .

പാതിരാത്രി 
പട്ടാപകലെന്നു 
സമ്മതിച്ചു കൊടുക്കലാണ് 

ഒരു  നല്ല  മനുഷ്യനാകാൻ 
പാകപ്പെടലാണ്   .

 

അതാണ് ഞാൻ പറഞ്ഞത് 
കവിയുടെ  ഭർത്താവ് 
കവിതയുടെ 
അച്ഛനല്ലെന്ന്; 

ഇനി  അങ്ങനെ  തോന്നുന്നെങ്കിൽ  
അതിനുത്തരവാദി 
നിങ്ങൾതന്നെയാണ്  .


 . 




മഴപ്പീലി  പ്രണയം 


മഴക്ക്  മാത്രം 
തുറക്കാനാവുന്നൊരു  പ്രണയം 
എന്നിൽ 
പീലിവിടർത്തുന്നു .

ചിലഭയങ്ങൾ  കൊണ്ടതിന്റെ 
നനഞ്ഞകൈകളെ 
ഞാൻ 
ആട്ടിയോടിക്കുന്നു .

തൊട്ടുനോക്കാൻ 
വിസമ്മതിച്ച  ഇഷ്ടത്തെ 
മഴ 
താരാട്ടി  രസിക്കുന്നു .

ഞാനാ പ്രണയത്തെ 
വാത്സല്യമെന്ന് 
നുണഞ്ഞുറങ്ങുന്നു .

ഭ്രാന്തി 

ക്ഷമിക്കുന്നതിനുമൊരു  പരിധിയുണ്ടെന്നൊരേറ് 
എന്നിൽ 
ചിലപ്പോൾ 
ഏറിവരാറുണ്ട് .

"ഭ്രാന്തി '"യെന്നു നിങ്ങൾ 
തോൽപ്പിച്ചു  കളഞ്ഞല്ലോ 
ആ ചെറു 
ചെറുത്തു നിൽപ്പിനെ .
വേരുകൾ 

നമ്മൾ  പരസ്പരം 
സന്തോഷം  തേടി 
വഴിപിരിയുന്നു .

വേരുകൾ 
സ്വാതന്ത്ര്യത്തെ 
വലിഞ്ഞു  മുറുക്കുന്നു .

നമുക്ക് 
ശ്വാസം 
മുട്ടുന്നു .

Thursday, July 25, 2019

പറയൂ 

ആർക്കൊക്കെയറിയാം 
ആണാവുന്നിടത്ത് 
ആളാവാൻ 
എനിക്കാവാത്തത് 
ഞാനായിരിക്കാൻ 
ശേഷിയുള്ളതു  കൊണ്ടാണെന്ന് .
എന്നെ  വിട്ടേക്ക്  മച്ചാനേ 

എഴുത്തിൻറെ  മിക്കയിടങ്ങളിലും
എന്തെന്നില്ല്ലാത്തൊരു
വീർപ്പുമുട്ടലാണെനിക്ക് .

നാട്യങ്ങളും
മൂടുപടങ്ങളും
വെളുക്കനെ  ചിരിക്കുന്ന തലയോട്ടികളും
തൂക്കിയിട്ടൊരു  ഗുഹക്കുള്ളിൽ
അകപ്പെട്ടപോലെ  തോന്നും .

ബഹുമാനം 
ചീഞ്ഞതിന്റെ
നനവും
നാറ്റവും
തലയ്ക്കു മുകളിലൂടെ
ഊർന്നിറങ്ങും .

മൂക്കുപൊത്തൽ
അനുസരണക്കേടാകുമോ
എന്നുഞാൻ
വെറുതെ
ശങ്കിക്കും .

പുകഴ്ത്തലുകളും
പുകഴ്ത്തലുകളിൽ  ധ്വനിച്ച  ഇകഴ്ത്തലുകളും
എന്നെത്തന്നെ  ഞാൻ  കേൾക്കുന്നൊരു
ഭീതി  ജനിപ്പിക്കും .

തുരുമ്പിച്ച
ഇരുമ്പിന്റെ  ഗന്ധമുള്ള
പഴയ  പ്രതാപങ്ങൾ
കോന്തലകളിൽ
നിന്നും
കോന്തലകളിലേക്ക്
ഏന്തുന്നത്  കണ്ട് 
എനിക്കപ്പോൾ
ചിരിപൊട്ടും .

വായപൊത്തൽ
താഴ്ത്തിക്കെട്ടലാകുമോ
എന്നുഞാൻ
വെറുതെ
ശങ്കിച്ചെന്നു
വരുത്തും .

ഞാൻ  വായിച്ചതൊന്നും
ആരും  വായിച്ചതില്ലല്ലോ
എന്നൊരു
വായനാക്കാറ്റ്
ആഞ്ഞുവീശും .
കാൽപാദങ്ങളിലൂടെ
ഒരു
നിസ്സാരമാക്കൽ
ഇഴഞ്ഞു
വലിഞ്ഞു
കയറും .


സാഹിത്യലോകം
നിർത്താതെ  പോകുന്നൊരു
ബസ്സാണത്രെ .
ഇടിച്ചു
കയറണമെന്ന്
ആളിറങ്ങുന്നതും
സീറ്റൊഴിയുന്നതും
നോക്കി  നോക്കി   കാത്തു  നിൽക്കണമെന്ന് .

ഞാനൊരു
ഓട്ടോപിടിച്ചങ്ങെത്തിയേക്കാം
എന്നെ
വിട്ടേക്ക്
മച്ചാനേ . 

Monday, May 27, 2019

വിവാഹം 
വിവാഹം  ചിലർക്ക് 
സ്വാതന്ത്ര  പ്രഖ്യാപനമാണ് .
ദേ  നോക്ക് 
എന്നെപ്പോലെ .

എത്ര  പെട്ടെന്നാണ്
  അടക്കമൊതുക്കങ്ങളുടെ   വർത്തുള ചലനത്തിൽ നിന്ന്
 ഞാൻ 
സ്വാതന്ത്രത്തിലേക്ക്  
തെറിച്ചു  വീണത് .

തറവാടിത്തത്തിന്റെ 
അസഹനീയമായ  ഭാരം 
മുതുകിൽ നിന്ന് 
ഉരുകിയടർന്നത് .

പൊട്ടിത്തെറിച്ചത് 
പൊട്ടിചിരിച്ചത് .

അടിച്ചൊതുക്കിയത് 
അഭയം  നൽകിയത് 

കവിതയെഴുതിയത് 
കഥപറഞ്ഞത് 
.
കാടുകയറിയത് 
കായൽ  നീന്തിയത് .

ഒരുമിന്നുകൊണ്ടെത്ര  പെട്ടെന്നാണ് നീ 
എന്നിലെ  എന്നെ 
ജ്വലിപ്പിച്ചത് .

Sunday, May 19, 2019

മോഷണം  കവിയെ  കലാകാരനാക്കുന്നു .
നല്ല  സ്വാധീനവും  വായനാലോകവുമുള്ള ഒരാൾക്കേ 
കവിത  മോഷ്ടിക്കാൻ  അർഹതയുള്ളൂ .

അധികമാരും  കണ്ടില്ലെന്നുറപ്പുള്ള  
മുന്തിയതെന്നത്ഭുതപ്പെട്ട 
ഒരു    കവിതയെ 
കയ്യിൽകിട്ടിയ  മാത്രയിൽ 
സ്വന്തം  പേരിൽ 
മുക്കിയല ക്കണം .

ആത്മാവിൻറെ  അവസാനതുള്ളിയും  പിഴിഞ്ഞുകളഞ്ഞു 
ആസകലം  വെടിപ്പാക്കണം .

എഴുത്തു  തംബ്രാക്കന്മാർ  
കണ്ണടച്ചാജ്ഞാപിക്കുന്ന 
ഏതെങ്കിലുമൊരു  ആനുകാലികത്തിന്റെ  തണലിൽ 
പറഞ്ഞുറപ്പിച്ച  ലക്കത്തിൽ 
ഉണക്കാനിടണം .

ഉറ്റവരോ  ഉടയവരോ  അറിഞ്ഞെത്തും മുമ്പ് 
അതിന്റെ  പൊന്നാടയിൽ 
ആദരണീയനാവണം .

പെറ്റമനസ്സിന്റെ  നോവുപേറി  
പാഞ്ഞെത്തുന്നവരോട് 
തെറ്റുപറ്റിപ്പോയെന്ന് 
പരിശുദ്ധനാവണം .

മോഷണം  ഒരു  കലയാണ് .
ഇങ്ങനെയൊക്കെയാണ് 
കവി 
ഒരുവലിയ 
കലാകാരനാവുന്നത് .

Sunday, April 7, 2019

മാന്യമഹാജനങ്ങളേ 

മാന്യ  മഹാ ജനങ്ങളേ 
നിങ്ങടെ 
കണ്ണ് 
കാത് 
നാക്ക് 
ഇതാ 
ഈപേനത്തുമ്പിൽ 
തൂക്കിലേറ്റപ്പെടാൻ 
പോകുന്നു .

മൗനം
മാപ്പർഹിക്കാത്ത  കുറ്റകൃത്യമാണ് ;
ചിലനേരങ്ങളിൽ .

Friday, March 15, 2019

മാവോയിസ്ററ് 

ഭൂമി  പിളരുമാറ്  കേണപേക്ഷിച്ചിട്ടും 
മാറ്റമില്ലാത്ത 
നീതി  നിഷേധത്തെ 
മാവോയിസ്ററ് 
തോക്കുകൊണ്ട് 

മരിച്ചുവീഴുന്നു .

Tuesday, March 12, 2019

സുഹൃത്ത് 

എനിക്കൊരു 
സുഹൃത്തിനെ  വേണം .
ആർക്കുനേരേയും  എയ്യാൻപാകത്തിന് 
വാക്കുകൾ  തുടുത്ത് 
നിന്നെപ്പോലെ 
നിർഭയയായി .

വരൂ 
ഒരു  നിക്രോ൦  കമ്പിപോൽ 
നമുക്ക് 
ചുട്ടു   പഴുക്കാം .

ഉരുകിയൊലിക്കാനോ 
ചാലകമാവാനോ 
ഒട്ടും  താല്പര്യമില്ലെന്ന 
നിശ്ചയദാർഢ്യത്തെ 
തൊട്ടാൽപൊള്ളുന്ന  ഭാവം  കൊണ്ട്  
സാക്ഷ്യപ്പെടുത്താം .

Friday, February 15, 2019

വെളിച്ചപ്പാട് 

ജീവിച്ചിരുന്നപ്പോഴുള്ള 
നമ്മുടെ 
അന്ധത  കണ്ടിട്ടാവണം

വാക്കുചുഴറ്റി

ചിലർ 
മരണാനന്തരം 
വെളിച്ചപ്പെട്ടുകൊണ്ടേ 
ഇരിക്കുന്നത് .

Thursday, January 3, 2019

ഞാൻ  വഴിപിഴച്ചുപോയി 


നിനക്കും  എനിക്കുമിടയിലൊരു 
കണ്കോണുണ്ട് 
അതിന്റെ   വിരിഞ്ഞ ശലഭങ്ങൾക്ക് 
പ്രബഞ്ചം ചുരുട്ടിയൊതുക്കുന്ന 
ഗർവ്വ് .


ഒരു  നോട്ടംകൊണ്ടിത്ര   വസന്തങ്ങളിൽ 
വിരുന്നെത്താമെങ്കിൽ  
അത് 
പ്രണയമല്ലാതെ 
മറ്റെന്താണ് ?.

നിനക്കും  എനിക്കുമിടയിലൊരു  
പുഞ്ചിരിയുണ്ട് 
അതിന്റെ   അടഞ്ഞ  അകത്തളങ്ങളിൽ  
ആത്മാക്കളുടെ  സമാഗമം 
ആനന്ദത്തിൻറെ  സിംഹാസനം 
  വെയിൽ  , 
വേനൽ  മഴ 
നിലാപ്പൊയ്ക   
കുറുകുന്ന  കവിത .

ഉണ്ട ചോറിന്  നന്ദികാണിച്ച് 
ഉപ്പുനനയുന്ന  തൂവാല .
 ഭയം , നിഴൽ 
നിശ്ശബ്ദത .


ഒരു  പുഞ്ചിരികൊണ്ടിത്ര   ഭാവങ്ങളെ  
പടച്ചൊളിപ്പിക്കാമെങ്കിൽ   
അത്  പ്രണയമല്ലാതെ 
മറ്റെന്താണ് ?

നിനക്കും  എനിക്കുമിടയിലൊരു 
വിളിദൂരമുണ്ട് .
അതിൻ്റെ  ഇണയകലങ്ങളിൽ 
വിരഹം  പ്രതിധ്വനിക്കുന്ന  ചൊടിപ്പ് .

നിർത്തൂ  
ഇവിടെ   ഈസ്റ്റോപ്പിലാണെനിക്കിറങ്ങേണ്ടത്  :

ഞാൻ  വഴി  പിഴച്ചു  പോയി .

കള്ളൻ 

ഞാൻ  നിലാവിൽ 
പതഞ്ഞു  പൊങ്ങുന്നു .
അയൽ  വീട്ടിലെ  
ടെറസ്സിനു  മുകളിൽ നിന്നും 
ഒരു 
കടലാസ്സിലേക്ക് 
പതിയെ   നിറഞ്ഞിറങ്ങുന്നു  .