ഇടിമുഴക്കം പോലൊരു ശബ്ദം .ഞങ്ങളെ ഉറക്കത്തിൽ നിന്നും കീറി മുറിച്ചത് പുറത്തെടുത്തു .,ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന നവജാത ശിശുവിനെപോലെ കണ്ണുകളടച്ചും തുറന്നും മെല്ലെ ഉണർവ്വിൻറെ ഭയപ്പെടുത്തുന്ന വിറയലുകളിലേക്ക് ഊർന്നു വീണു .സമയം 2.30 ആയിട്ടേയുള്ളൂ .പടിഞ്ഞാറു നിന്ന് കുത്തൊഴുക്കോടെ നിലാവു പെയ്യുന്നു. .ഉമ്മാക്കെന്തെങ്കിലും അത്യാവശ്യമുള്ള ഘട്ടത്തിലാണ് രാത്രിയിൽ ഉ മ്മാന്റെ റൂമിൽ നിന്നും ഞങ്ങളുടെ റൂമിലേക്കുള്ള ഈ ബെല്ല് മുഴങ്ങാറ് . ബെല്ലടി കേട്ടാൽ എൻറെ കൈകാലുകൾ വിറക്കും .ശരീരമാകെ വിയർക്കുമ്പോലെ തോന്നും .കുറച്ചു കാലമായി ഈ ശബ്ദമങ്ങിനെ മുഴങ്ങാറില്ല .പകരം ഹോംനഴ്‌സുമാരുടെ വിളിയാണ് കേൾക്കാറ്. ആദ്യമൊന്നും റൂമിൽ കൂടെ ആരും കിടക്കുന്നത് ഉമ്മാക്ക് ഇഷ്ടമില്ലായിരുന്നു .അതിനാൽ തന്നെ രാത്രിയിൽ കൂട്ടു കിടക്കാൻ വരുന്നവർ അപ്പുറത്തെ റൂമിൽ വാതിൽ തുറന്നിട്ട് കിടക്കും .ഉമ്മ വാതിൽ അടക്കാറില്ല . ഉമ്മാന്റെ റൂമിൽ രണ്ടുഭാഗത്തായി വീടിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും കേൾക്കാൻ പാകത്തിന്ബെ ല്ലുണ്ട് .ഒന്ന് ഉമ്മ നടന്നിരുന്ന കാലത്തെ ഉയരത്തിൽ -,രണ്ട് വീൽച്ചെയറിലായ കാലത്തെ -കിടക്കുന്നതിന്റെ തലഭാഗത്ത് .
ഞങ്ങളുടെ ഉറക്കം പോയാൽ പിറ്റേന്ന് സ്കൂളിലെത്താൻ നേരം വൈകുമോ എന്ന് ടെൻഷനാവും ഉമ്മാക്ക് :."മളേ ങ്ങളെ ഒറക്കം പോയീല്ലേ .നാളെ സ്കൂളീ പോണ്ടേ . എത്ര നേരത്തെ വരാൻ പറഞ്ഞാലും ആ പെണ്ണ് വൈകീട്ടേ വരൂ .അല്ല ഓളെ കുറ്റം പറഞ്ഞിട്ടും കാര്യല്ല .ഓളെ കുടീത്തെ എല്ലാ പണീം കൈഞ്ഞിട്ടല്ലേ ഓള് വരണത് .പോരാത്തതിന് ഓളെ മ്മാക്ക് തീരെ വയ്യത്രേ .ങ്ങള് എറങ്ങി വന്നതൊന്നും മറ്റോള് അറിഞ്ഞിട്ടില്ലേ .ൻറെ തൊണക്ക് കടക്കാൻ വന്നോളാ .ന്നിട്ട് ഈ ഒച്ചപ്പാടൊന്നും ഓള് കേട്ടിട്ടില്ല ". ഉമ്മ സങ്കടം പറച്ചിൽ തുടങ്ങി ."സാരല്ല ഓല് ഒറങ്ങിക്കോ ട്ടെ ങ്ങക്ക് ഒന്നും പറ്റി ട്ടില്ലല്ലോ .ഞങ്ങള് എങ്ങനെ പേടിച്ച് വിറച്ചാ വന്നത് .ഞാൻ സമാധാനിപ്പിച്ചു "വിളിക്കൂല്ലാ ന്ന് കൊറേ വിചാരിച്ചു .ഒന്ന് പോണം ന്ന് തോണാ .ഞ് പ്പൊ പോയോ ക്ക്യാ ചെലപ്പം വെർതെ ആവും' . ഞങ്ങളുടെ ഉറക്കം തടസ്സപ്പെട്ടതിലുള്ള വേവലാതി ഉമ്മാക്ക് " സാരല്ല ഞ മ്മക്ക് പോയി നോക്കാം" .മ്മാൻറെ കൈപിടിച്ച് ഞങ്ങൾ ടോയ്‌ലെറ്റിലേക്കെത്തിക്കും .ഒരു മേശയുടെ അകലമേയുള്ളു കട്ടിലും ടോയ്‌ലെറ്റും തമ്മിൽ .ഒബീസിറ്റി കാരണം ഉമ്മാക്ക് ദൂരമായി മാറിയതാണ് .എന്തിനും എപ്പോഴും ഒരാൾ നമുക്ക് താങ്ങായി കൂടെ വേണമെന്നത് ഉമ്മ എന്റെ ഇടം കയ്യിൽ ബലമായി പിടിക്കും ."മ ളേ വീണാ ങ്ങള് കുടുങ്ങും .മുർക്കി പുടിച്ചോ ട്ടോ" . ഉമ്മ പേടി പുറത്തുകാണിക്കും ."ങ്ങള് പേടിക്കണ്ട ഞങ്ങള് രണ്ടാളുംല്ലേ ധൈ ര്യായി പോരീം . ങ്ങക്ക് ഒന്നും പറ്റൂല" ഞാൻ ധൈര്യം പകരും . എല്ലാം കഴിഞ്ഞു ഉമ്മയെ കിടത്തി പുതപ്പി ച്ച് ഞങ്ങൾ വീണ്ടും ഉറങ്ങാൻ പോകുമ്പോഴേക്കും നേരം പുലരാനായിട്ടുണ്ടാകും .സ്കൂളിലേക്ക് വൈകിയെത്തുമ്പോഴുള്ള ചില തുറിച്ചു നോട്ടങ്ങൾ ബാക്കിയുള്ള ഉറക്കത്തെപ്പോലും വല്ലാണ്ട് കുത്തിനോവിക്കും .അങ്ങനെ ഉറക്കത്തിൽ പെട്ടുപോയാലോ എന്ന പേടിയോടെ ഉണർന്നുണർന്നു പുതിയ ദിവസം തുടങ്ങിയിട്ടുണ്ടാവും .
പക്ഷേ ഇപ്പൊ ഈ ബെല്ല് ............ഉമ്മ മരിച്ച് 8 മാസം കഴിഞ്ഞു .അപ്പൊ ഞങ്ങൾ രണ്ടു പേരും ഒന്നിച്ചു കേട്ടത് ? ഒരുപാട് വർഷങ്ങളായി ഞങ്ങളുടെ മനസ്സിൽ വേരോടിയ ശീലങ്ങളായിരുന്നു ഞങ്ങൾക്ക് ഉമ്മ .ഞങ്ങളുടെ ഓരോ ഹൃദയ മിടിപ്പിലും ശ്വാസത്തിലും കോശങ്ങളോളം പടർന്നു പന്തലിച്ച കരുതലിന്റെ വൻ മരം . അതിന്റെ തണലിലായിരുന്നു ഞങ്ങളുടെ വളർച്ച. ഉമ്മയുടെ മരണത്തിനു ശേഷം ഇടക്കിടക്ക് ഞങ്ങളിങ്ങനെ പല പല ശബ്ദങ്ങൾ കേൾക്കാറുണ്ട് . അതൊരു സ്വപ്നമോ ഭ്രമമോ അല്ല . ഉമ്മയുടെ സാനിധ്യം ഇന്നും ഈ വീടിൻറെ ഭിത്തികളിലുണ്ട് ,വീട്ടുപകരണങ്ങളിലുണ്ട് , നടപ്പു വഴികളിലുണ്ട് ,പറമ്പിൽ ഞങ്ങളുടെ കണ്ണിൽ പെടാതെ മൂത്തു പഴുത്ത പഴങ്ങളിലുണ്ട് . ഉറക്കം വരുന്നില്ല ഞങ്ങൾ തിരിഞ്ഞും മറിഞ്ഞും കിടന്നു .
"പണ്ട് ഓർമ്മയുണ്ടോ നമ്മള് മ്മാന്റെ വടികുത്തി
നടക്കുന്ന സൗണ്ട് രാവിലെ അടുക്കളേ ന്നു കേട്ടത് . നമ്മൾ പോയി
നോക്കിയപ്പോ ഉമ്മ കൂർക്കം വലിച്ചുറങ്ങാ .നമ്മടെ ഉമ്മ ഇപ്പൊ
ഉണ്ടായിരുന്നെങ്കിൽ ...................... എൻറെ തൊണ്ടയിൽ വാക്കുകൾ
കുരുങ്ങി ശ്വാസം മുട്ടുമ്പോലെ ,കണ്ണുകൾ നിറഞ്ഞൊഴുകുന്നു . ഇനി ആ
കാൽച്ചുവടുകൾ ഞങ്ങളെ തിരയില്ല ,ശബ്ദങ്ങൾ ഞങ്ങളെ വിളിക്കില്ല .ഓരോ
ദിനവും ഒരു ശൂന്യതയുടെ പൂരം പോലെ .റഷ്യാക്ക ഉറക്കത്തിലേക്ക് മെല്ലെ
വഴുതി വീണെന്നു തോന്നുന്നു. .എനിക്കെന്താണ് സംഭവിച്ചു
കൊണ്ടിരിക്കുന്നത് .നോക്കൂ എനിക്കെന്നെ നഷ്ടപ്പെട്ടിരിക്കുന്നു .ഒന്നും
പഴയപോലെ ശരിയാവാത്തപോലെ .പുതുതായി ഒന്നും എന്നിലേക്കടുക്കാൻ
കൂട്ടാക്കാത്തപോലെ .
നിലാവിന്റെ പെയ്ത്ത് നിലച്ചിട്ടില്ല . ഞാൻ മെല്ലെ ജനൽ തുറന്ന് പുറത്തേക്ക് നോക്കി .പാതി ഇരുട്ടും പാതി വെളിച്ചവുമായി ആ രാത്രി എന്നെ ഓർമ്മകളിലൂടെ തിരിച്ചു നടത്തിച്ചു .ഇനി കിടന്നാൽ ഉറക്കം വരില്ലെന്ന് മനസ്സിലാക്കിയ ഞാൻ കോണിപ്പടികൾ മെല്ലെ ഇറങ്ങി .ചുമരിൽ എന്റെ തന്നെ നിഴൽ കണ്ട് ഞാൻ പേടിച്ചു .നീങ്ങിയ ജനൽ കർട്ടനിടയിലൂടെ അതി വേഗത്തിൽ ഏതോ വണ്ടി ചീറി പ്പായുന്ന വെട്ടം .ഒരു പാട് TO DO ലിസ്റ്റു കളുള്ള ഒരു പ്രത്യേക തരം ജീവി ആയതിനാൽ എൻറെ ദിവസം കുറച്ച് നേരത്തെ തുടങ്ങും .എല്ലാവരും തണുത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുമ്പോൾ ഞാൻ മാത്രം പുലരിയുടെ പിറവിയെ താലോലിച്ച് അതിൽ ആനന്ദം കണ്ടെത്തും.ഞാൻ എഴുന്നേറ്റില്ലെങ്കിൽ സൂര്യനുദിക്കാത്ത പോലെയാവും എൻറെ പ്രകടനങ്ങൾ .
" മ ളേ ആ ലൈറ്റ് ഇടണ്ട . ൻറെ കണ്ണി ക്കുത്തും " .ഹാളിലെ കിഴക്കു ഭാഗത്തെ ലൈറ്റ് ഞാൻ ഇപ്പോഴും ഇട്ടു തുടങ്ങിയിട്ടില്ല . എൻറെ ഉള്ളിൽ ഉമ്മ കയറി യിരിക്കുമ്പോലെ . ഹാളിൽ ഉമ്മയടിക്കുന്ന മുല്ലപ്പൂ മണമുള്ള സ്പ്രേയുടെ ഗന്ധം .രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യുന്ന പണി ഉമ്മാക്ക് കുളിക്കാൻ ഹീറ്ററിന്റെ സ്വിച്ചിടുക എന്നതായിരുന്നു .കുളി കഴിഞ്ഞില്ലെങ്കിൽ വല്ലാത്തൊരു വെപ്രാളമായിരുന്നു ഉമ്മാക്ക് .നിശബ്ദത ഒരു ഭയാനകമായ കടലാണ് .ഏതു നിമിഷവും തിരകളായത് ആഞ്ഞടിച്ചേക്കാം .ഈ വീടിന് അതിൻറെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു .ഒരുക്കങ്ങൾ നിലച്ചിരിക്കുന്നു .ആജ്ഞകൾ ദുർബ്ബലപ്പെട്ടിരിക്കുന്നു .ഞങ്ങൾ അനാഥരായി മാറിയിരിക്കുന്നു .
ഞാൻ അടുക്കളയിലേക്ക് നടന്നു .ഇതൊരു പ്രത്യേക തരം അടുക്കളയാണ് .എനിക്ക് വേണ്ടി ഞാൻ നിർമ്മിച്ച മൂന്നാം അടുക്കള ."സൂര്യൻറെ ഒരു കണ്ണിറുക്കലിലേക്ക് ഇത്രമാത്രം പ്രാണപ്പെടുന്നതിന്റെ വേദന അടുക്കളക്ക് മാത്രമേ പേറാനാവൂ "എന്ന് കവിത എഴുതി കഴിഞ്ഞതിനു ശേഷമാണ്ആർക്കും അത്രമേൽ പ്രണയിക്കാൻ തോന്നുന്നൊരു അടുക്കള ഞാൻ പണികഴിപ്പിച്ചത്
ഇരുട്ടിൽ കിളികളുടെ ശബ്ദമല്ലാതെ മറ്റൊന്നും മുന്തി നിൽക്കാത്ത പുലരിയിൽ അവൾ എനിക്ക് അത്രമേൽ പ്രിയപ്പെട്ടവളാകും .നിറയെ ചില്ലുജനാലകളുള്ള അവളുടെ കണ്ണുകൾ എന്നെ പ്രകൃതിയുടെ സൗന്ദ ര്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും .ഉദിച്ചു വരുന്ന സൂര്യൻ കിഴക്കു ഭാഗത്തുള്ള മണി പ്ലാന്റിന്റെ ഇലക്കൊരു വജ്രക്ക മ്മൽ തൂക്കിയിട്ടുണ്ടാകും .അതിൽ സൂര്യൻറെ ഏഴു വർണ്ണങ്ങളും നിറഞ്ഞാടും .. വടക്കും തെക്കും നല്ലൊരു പൂന്തോട്ടമുണ്ട് .പക്ഷേ അടുക്കും ചിട്ടയും പണ്ടേ ഇഷ്ടമില്ലാത്ത ഞാൻ കിഴക്ക് ഭാഗത്തേക്ക് കൂടുതൽ കണ്ണോടിക്കും .അവിടെ പലരൂപത്തിലും ഭാവത്തിലുമുള്ള മരങ്ങൾ ഒരു മനോഹരമായ കാടായി വളർന്നിരിക്കുന്നു . തേക്ക് ,ഈട്ടി ,മഹാഗണി ,പ്ലാവ് ,മാവ് ,അത്തി ,മട്ടി ,പന ,പതിമുഖം തൊട്ട് പേരറിയുന്നതും അറിയാത്തതുമായ( ബോട്ടണി ടീച്ചർ ഇങ്ങനെ പറയാൻ പാടില്ല എന്നാലും ) കുറെ മരങ്ങൾ. .അതിൻറെ വന്യതയും ഇരുട്ടും തണുപ്പുമാവും വവ്വാലുകളുടെ പ്രിയപ്പെട്ട ഇടമായി അതിനെ മാറ്റിയത് .നിപ്പ വന്നതിനു ശേഷം ഇവരുടെ സാന്നിധ്യം എല്ലാവ ർക്കും വല്ലാത്ത ഭയമാണ് . അതി രാവിലെ ഇവരുടെ ഉയർന്ന ആവൃത്തിയുള്ള ശബ്ദം ആളുകളെ അരിശം കൊള്ളിക്കും .ഉച്ചയാവുമ്പോഴേക്ക് ഇവയുടെ തൂങ്ങിയാടുന്ന ശരീരം കൊത്തിപ്പറിക്കാൻ വന്ന കാക്കകൾ ഇവരുമായി കലപില കൂട്ടും ".ആ ടീച്ചർക്ക് പ്രാന്താ .ഒരു ഉപകാരോല്ലാത്ത ഈ മരങ്ങൾ ഒന്ന് വെട്ടിക്കളഞ്ഞാലെന്താ " പറമ്പിൽ പണിക്ക് വരുന്ന ആളുകൾ പരസ്പരം പറയും . 'അവറ്റകൾക്ക് എവിടേലും പാർക്കണ്ടേ .ഈ ചുണ്ടമ്പറ്റയിൽ ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്ന മറ്റൊരിടം ങ്ങള് കാണിച്ചു താ" .ഞാൻ വിട്ടു കൊടുക്കാതെ പൊരുതിക്കൊണ്ടേയിരിക്കും ."ങ്ങക്ക് അറിയോ വാഴയില് പരാഗണം നടത്തണമെങ്കിൽ വവ്വാലുകൾ വേണം. അപ്പൊ ഇവരില്ലെങ്കിൽ വാഴയില്ല . വാഴയില്ലെങ്കിൽ നമ്മളും "ഇങ്ങനെയൊക്കെ പറയുമെങ്കിലും മരം വെട്ടാതെ ഇവറ്റകളെ എങ്ങനെ തുരത്താമെന്ന ഗവേഷണത്തിലാണ് ഞാനും റഷ്യാക്കയും .
മുത്തുവേട്ടൻ ജീവികളെ ഉപദ്രവിക്കുന്നതിനോട് വല്യേ താല്പര്യമില്ലാത്ത ആളായതിനാൽ ഈ കുതന്ത്രങ്ങളിലൊന്നും ഇടപെട്ടില്ല. .പ്രത്യേക തരം ഡ്രമ്മിൽ കല്ലിട്ട് അവറ്റകളെ പായിക്കാമെന്നു അശോകേട്ടൻ പറഞ്ഞു .പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്വന്തം ഇടം ഉപേക്ഷിക്കാൻ വവ്വാലുകൾ തയ്യാറായില്ല .ഞാനാണെങ്കിൽ "ആളുകൾ കോടാലിയുമായെത്തുന്നു പൊള്ളുന്ന വെയിലിനെ മടിയിലിട്ട് കൊഞ്ചിക്കുന്നു"എന്ന് വവ്വാൽ കവിത അവസാനിപ്പിച്ച് ഒന്ന് നെടുവീർപ്പിട്ടു .
ഇനി പടക്കം തന്നെ ശരണം .റഷ്യാക്ക പലതരം പടക്കങ്ങളുമായെത്തി. .ഓലപ്പടക്കം ,ഗുണ്ട് ,വാണം .ശത്രു വിനെ ഏതു വിധേനയും തുരത്തിയേ തീരൂ .കാഴ്ച്ചയില്ലാത്ത ശബ്ദങ്ങളെ ഞങ്ങളുടെ അതിർത്തിയിൽ നിന്നും ആട്ടിപ്പായിക്കുക . ആളുകളെ കൊണ്ട് അതുമിതും പറയിപ്പിക്കാതെ ഞങ്ങളുടെ മരങ്ങളെ കാക്കുക . ധൈ ര്യശാലിയെന്നു പുറത്തുള്ളവർ പറയുമെങ്കിലും പേടിത്തൊണ്ടി യായ ഞാൻ ഈ പടയിൽ മുൻപോരാളിയാവാതെ യുദ്ധത്തി ന്ഐ ക്യദാർഢ്യം പ്രഖ്യാപിച്ചു . . താഴെ ഓലപ്പടക്കം ,ഗുണ്ട് ഗര്ജ്ജിച്ചു തീതുപ്പി . മുകളിൽ വാണം ശത്രുവിനെ ലക്ഷ്യമാക്കി കുതിച്ചു . വല്ലാത്തൊരു പറക്കലായിരുന്നു .വവ്വാലുകളുടേത് . ഏതോ പ്രേത സിനിമ കണ്ട പ്രതീതി , .ആകാശം നിറയെ വിടർന്നു നിൽക്കുന്ന ചിറകുകൾ .ഒന്നിച്ച് വീശിയടിക്കുന്നതിന്റെ ഒരുപ്രത്യേകതരം അലർച്ച . കുറച്ച് കഴിഞ്ഞപ്പോളുണ്ട് അപ്പുറത്തെ വീടിന്റെ അടുക്കള ഭാഗത്ത്ഒരു പുക ,ഒരു വാണം അവിടെപ്പോയി പൊട്ടിയെന്ന് .ഭാഗ്യത്തിന് അനിഷ്ടമൊന്നും സംഭവിച്ചില്ല ത ൽക്കാലത്തേക്ക് വവ്വാലുകളുടെ ശല്യമില്ല .അവരിനിയും വരും .വരാതെമറ്റെവിടെ പോവാൻ? .ഞങ്ങളിനിയും തുരത്തും .തോറ്റുകൊടുക്കാൻ ഞങ്ങൾക്ക് മനസ്സില്ല ..അല്ല പിന്നെ .
കിഴക്കു ഭാഗത്തു തന്നെയാണ് ഞങ്ങളുടെ ചതുരക്കിണർ .പണ്ട് ഇത് തറവാട്ടിലെ വല്യേ കുളമായിരുന്നത്രേ .പാറയിടുക്കിൽ തെളിഞ്ഞ തണുത്ത വെള്ളം .ആർക്കു കണ്ടാലും ഒന്ന് കോരിക്കുടിക്കാൻ തോന്നുന്ന പ്രകൃതം .ഇവിടം ഇപ്പോൾ മാമ്പഴക്കാലമാണ് .മൂവാണ്ടൻ മാവിനേക്കാൾ എല്ലാവർക്കും ഇഷ്ടം കുലുങ്ങിയാടുന്ന ഈ തേന്മുട്ടി മാവിനോടാണ് .മാമ്പഴ പ്പുളി ശ്ശേരിക്ക് ഇത്രേം ചേരുന്നൊരു രസം വേറെയില്ലെന്നു എല്ലാവരും പറയും .പ്ലാവുകളാണെങ്കിൽ മത്സരിച്ച് മത്സരിച്ച് ആളുകളെ ആകർഷിക്കുന്നു .ഉമ്മാക്ക് ചക്കകളോട് എന്തെന്നില്ലാത്ത സ്നേഹമായിരുന്നു .മണമുള്ള മധുരമുള്ള ഓർമ്മകളുടെ നിറവുകൾ .
എന്നാ ഇനി പടിഞ്ഞാറോട്ട് നോക്കാം .മലബാർ ഓഡിറ്റോറിയത്തിന് തൊട്ടുമുമ്പുള്ള കട്ടയിട്ട റോഡ് അവസാനിക്കുന്നത് ഈ അടുക്കളയുടെ പടിഞ്ഞാറ് ഭാഗത്താണ് .ഉമ്മാക്ക് വീൽ ചെയർ ഇറക്കാൻ പാകത്തിന് ഒഴുകിയാണ് അടുക്കളയിലേക്കുള്ള അതിന്റെ കയറ്റം .ആളുകളെല്ലാം വീടിന്റെ മുൻവശം മറന്ന മട്ടാണ് .ഇതുവഴി എപ്പോഴും ഇടതടവില്ലാതെ ആരെങ്കിലുമൊക്കെ സഞ്ചരിച്ചു കൊണ്ടിരുന്നു ഉമ്മയുള്ളപ്പോൾ .
ഇവിടെയിരുന്ന് ഞാൻ എന്നിലെ കവിയോട് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കും .സമീറാ ..നീ എന്തിനാണിങ്ങനെ മുൾമുനയുള്ള കവിതകളെഴുതുന്നത് .നിനക്ക് ചുറ്റും നിന്നെ സ്നേഹിക്കുന്നവരാണ് കൂടുതൽ .നീ എത്രമാത്രം അനുഗ്രഹീത യാണെന്ന് വല്ല ബോധവുമുണ്ടോ നിനക്ക് .നിന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരുപാട് സംവിധാനങ്ങളുടെ നടുക്കിരുന്ന് നാണമില്ലാതെ കവിതയുടെ കല്ലുകൾ കൂർപ്പിച്ചു മൂർപ്പിച്ചു കൊണ്ടിരിക്കുന്നു .
'ഞാനൊരു കണ്ണാടി കവിത .ആർക്കും
പൂരിപ്പിക്കാവുന്ന നിശ്ശബ്ദത .എനിക്കാവില്ല സത്യം പറയാതിരിക്കാൻ
.നിനക്കാവില്ല മുഖം മിനുക്കാതിരിക്കാൻ' സത്യത്തിൽ എഴുത്ത്
ആരുടെയൊക്കെയോ മാത്രമാണെന്ന ചിന്തകൾക്കൊരു പൊളിച്ചെഴുത്ത് മാത്രമാണ്
ഞാൻ ഉദ്ദേശിച്ചത് .ഇപ്പൊ ഇതെന്റെ ആത്മാവായ് മാറിയിരിക്കുന്നു .എഴുത്ത്
കാരനായി അഭിനയിക്കാതെയും ബുദ്ധിജീവിയായി അകന്നു നിൽക്കാതെയും
,എഴുതുന്നുണ്ടെന്ന് ആരേയും തോന്നിപ്പിക്കാതെയും മൂർച്ചയുള്ള
കവിതകളെഴുതാമെന്ന് ആളുകൾക്കു ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു .
മനസ്സിലായില്ലേ ഇതൊക്കെ ഇത്രേ ഉള്ളൂ വെന്ന് . എനിക്ക്
കൂടെക്കൂട്ടാനുള്ള ഏറ്റവും വിശ്വസനീയമായ എന്തോ ഒന്ന് .ദുഃഖം വരുമ്പോഴും
സന്തോഷം വരുമ്പോഴും എന്നെ കേൾക്കുന്ന ,എന്നെ കാക്കുന്ന ...എനിക്കായി
വഴക്കിടുന്ന - പ്രണയിക്കുന്ന -എന്റെ സ്വന്തം ."ഗർഭിണിക്ക് പ്രസവം
എന്നപോൽ എഴുത്ത് എനിക്കും" അതാണ് എനിക്കെൻറെ കവിതകൾ .മക്കളെപ്പോലെ
ഇങ്ങോട്ടൊന്നും പ്രതീക്ഷിക്കാതെ വേണം അവരെ സംരക്ഷിക്കാൻ .എന്റെ
സന്തോഷങ്ങളാണ് ഓരോ കവിതക്കുഞ്ഞുങ്ങളും .
ഈ കവിത എന്നെ ഉദ്ദേശിച്ചാണ് .......എന്നെത്ത ന്നെ ഉദ്ദേശിച്ചാണ് .........എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നു മറ്റുള്ളവരിൽ നിന്നും കേൾക്കുമ്പോഴത്തെ ഒരു മനസ്സുഖമുണ്ടല്ലോ ...അതാണ് ഏറ്റവും വലിയ അവാർഡുകൾ .
ച്ചെ നമ്മളിപ്പോ അടുക്കളയെക്കുറിച്ചല്ലേ സംസാരിച്ചു കൊണ്ടിരിക്കുന്നത് .അപ്പൊ കവി എവിടുന്ന് വന്നു . ഇതാണ് എന്റെ പ്രശ്നം തുടങ്ങിയിടത്ത് നിന്നും ഒഴുകി ഒഴുകി മറ്റെവിടെയെങ്കിലും എത്തി ച്ചേരുക . അടുക്കളയുടെ പടിഞ്ഞാറുഭാഗത്ത് തൂങ്ങിയാടുന്ന ഒരു ചെടിച്ചട്ടിയിൽ അന്ന്മെ ല്ലെ ഒരു അനക്കം . സമൃദ്ധമായി വളരുന്ന ടർ റ്റിൽ വൈൻ ചെടി ഒന്നു നാണിച്ചു ചിരിച്ച പോലെ .ബുൾ ബുൾ കിളികൾ മുട്ടയിടാൻ വന്നതാണ് .മുട്ടയിട്ടു.അച്ഛൻ പോകുമ്പോൾ അമ്മ -അമ്മ പോകുമ്പോൾ അച്ഛൻ മുട്ടകൾക്ക് സ്നേഹത്തോടെ ചൂടുനൽകുന്നു .മുട്ടവിരിഞ്ഞു ..അമ്മക്കിളിയും അച്ഛൻ കിളിയും പറന്നെത്തുമ്പോൾ ചുവന്ന കൊക്കുകൾ മുകളിലേക്ക് തുറന്നു. കൊക്ക് കൊക്കോട് സ്നേഹപൂർവ്വം അന്നം കൈമാറുന്ന സുന്ദരമായ കാഴ്ച
.എല്ലാ ദിവസവും ഞാൻ വീഡിയോ പകർത്തും . ഇത് വല്ലാണ്ടങ് അമ്മക്കിളിക്ക് ദഹിച്ചില്ല .എന്നേം എന്റെ മൊബൈലും കൊത്തി താഴെ യിട്ട് അവൾ അരിശത്തോടെ എന്തോ ചിലക്കുന്നു .ഞാൻ ഓടിരക്ഷപ്പെട്ടതിന്റെ കിതപ്പ് ഇപ്പോഴും നെഞ്ചിൽ കുരുങ്ങിക്കിടക്കുന്നപോലെ . അമ്മയല്ലേ ഇരപിടിയന്മാരെ അവർ അത്രമേൽ ഭയക്കുന്നുണ്ടാവുമല്ലോ .പ്രോബ്ലം അതല്ല പിന്നെ വീട്ടിൽ വരുന്ന ആരുടെ കയ്യിൽ മൊബൈൽ കണ്ടാലും അവൾ മണ്ട ക്കി ട്ടു കൊത്തും .ഒടുക്കം കുഞ്ഞുങ്ങൾ മെല്ലെ പറന്നു അപ്പുറത്തെ കുരുമുളക് വള്ളിയിലിരുന്നപ്പോൾ തലയിൽ ഹെൽമെറ്റ് ഇട്ട് ഞങ്ങൾ ആ ചട്ടി യോടൊപ്പം കുട്ടികളേം തൂക്കിയെടുത്ത് മറ്റൊരു മരത്തിലേക്ക് പതിയെ മാറ്റി . പറക്കാറായ ആ മക്കളേം കൊണ്ട്അവർ മുറ്റത്തെ കറുവപ്പട്ട മരത്തിന്റെ ഇലകൾക്കുള്ളിൽ ഒളിച്ച്ചിരിക്കുന്നത് കണ്ടു .ആരുടേയും ജീവിതത്തിലേക്ക് വല്ലാണ്ടങ്ങ് ഒളിഞ്ഞു നോക്കരുത് .ഇതാവും അവസ്ഥ .ഞാൻ എന്നെ താക്കീതു ചെയ്തു.
ഒരു റിസോർട് മോഡലിൽ ഓടിട്ടാണ് ഈ അടുക്കളയുടെ രൂപം .വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു മൂവാണ്ടൻ മാവുണ്ടായിരുന്നു .നിറയെ മാങ്ങയും. .മുറിച്ചില്ലെങ്കിൽ അപകടമെന്ന് പലരും മുന്നറിയിപ്പ് തന്നിട്ടും അതിന്റെ ശരീരത്തിൽ കത്തി വക്കാൻ ഞാൻ സമ്മതിച്ചില്ല . ഇരുമ്പ് കമ്പികൾക്കിടയിൽ അതിന് ജീവിച്ചു പോവാനൊരു വിടവ് ഞാൻ പണികഴി പ്പിച്ചു . അതങ്ങനെ പതിവിലും കൂടുതൽ മാമ്പഴങ്ങളുമായി ആ വർഷം വല്ലാണ്ടങ്ങ് നന്ദി കാണിച്ചു 2018 ൽ ഇരുട്ടും മഴയും ആളുകളെ വിഴുങ്ങിയപ്പോൾ മാവും അതിന്റെ ഉഗ്ര രൂപം പുറത്തെടുത്തു .ആടി ..ആടി അത് ഞങ്ങളെ ഭയപ്പെടുത്തി .ഒടുക്കം ഒരുപാടാളുകൾ ചേർന്ന് എന്നെ പ്രാകി -പ്രാകി അതിനെ അവിടെ നിന്നും മുറിച്ചൊഴിവാക്കി.അന്നു മുതൽ ഞാൻ മരങ്ങളെ അതിരുവിട്ടു പ്രണിയിക്കുന്നതങ്ങു നിർത്തി . പുതിയ ജീവിത പാഠം
No comments:
Post a Comment