Wednesday, August 27, 2025

 "ടീച്ചർടെ  അമ്മയാണോ  മാഷ്ടെ  അമ്മയാണോ " ഈ  ചോദ്യം  ഇതിനു  തൊട്ടു മുമ്പ്  കേട്ടത്  വെറ്റിലപ്പാറയിൽ  നിന്നാണ് .ആകെ  രണ്ടു   ബിയോളജി സയൻസ്  ബാച്ച്  മാത്രമുള്ള  നല്ല കെട്ടിടങ്ങളുള്ള  സ്കൂൾ  . പൊതു  വിദ്യാഭ്യാസ  സംരക്ഷണ  യജ്ഞം എല്ലാ  ക്ലാസ്റൂമുകളെയും  പ്രോജെക്ടറുകൾ  കൊണ്ട്  സമ്പന്നമാക്കിയിരിക്കുന്നു .വൃത്തിയുള്ള  ബാത്റൂമുകൾ .സ്റ്റാഫ് റൂം ,പ്രിൻസിപ്പൽ റൂം ,ലൈബ്രറി റൂം  എന്ന് വേണ്ട  എല്ലാവിധ  സൗകര്യങ്ങളും .സുവോളജിക്ക്  വിശാലമായ  ലാബുണ്ട് . പക്ഷേ  ബോട്ടണിക്ക്  ഇവിടേം  തഥൈവ .

 ഒഴിഞ്ഞു  കിടക്കുന്നൊരു  റൂം  .പഴയ  സാധനങ്ങളെന്തൊക്കെയോ  കുത്തി  നിറച്ചു  വച്ചിരിക്കുന്നു  .

"ടീച്ചറേ   ആ റൂം  വെറുതെ  കിടക്കല്ലേ  .അതെന്താ  ബോട്ടണി  ലാബാക്കിയാൽ "

വൈകുന്നേരം  സുലോചന  ടീച്ചറോട്  ഞാൻ  ചോദിച്ചു .

ടീച്ചർ  ഇടുക്കി ക്കാരിയാണ്  .ഹൈ സ്കൂളിൽ  നിന്നും  പ്രൊമോഷനായി  HSST  ജൂനിയർ  ആയി  വന്ന താണ് . രണ്ടു  മക്ക ളുമായി  ഇവിടെ  താമസിക്കുന്നു .

"ഞാൻ  വന്നിട്ട്  അഞ്ചു  മാസമായിട്ടല്ലേയുള്ളൂ  .എനിക്ക്  ഇവിടത്തെ  രീതികളൊന്നും  അറിയില്ല  ടീച്ചറേ  .അല്ല  അതു  ശരിയാണല്ലോ .ആ റൂം  ടീച്ചർക്ക്  അടിപൊളിയായി സെറ്റാക്കിയെടുക്കാം . ഇതിപ്പോ  ഡിസംബറായില്ലേ  ടീച്ചറേ .ഇപ്പൊ  തുടങ്ങിയാലല്ലേ  പ്രാക്ടിക്കൽ  പരീക്ഷയാവുമ്പോഴേക്ക്  തീരൂ .അല്ല  നിങ്ങളൊക്കെ  കുറേ  കാലമായി  ഹയർ  സെക്കന്ഡറിയിൽ  ഇല്ലേ .ഞാൻ പുതിയ  ആളല്ലേ .എന്നേക്കാൾ  നന്നായി  നിങ്ങൾക്കൊക്കെ  അറിയാമല്ലോ  ആ  രശ്മിയെ  വിളിച്ചാ  മതി  ടീച്ചർ  .ഒരു  പാവാ  .എല്ലാ  പണീം എത്ര  വേഗാ തീർക്കാന്ന്  അറിയോ .ഇവിടെ  ദിവസവും  വരും .ധൃതികൂടി  പണിയെടുത്ത്  പോകും ."

ഞാൻ  കാണാറുണ്ട്  രശ്മിയെ  .കാണാൻ  നല്ല  ഭംഗിയുണ്ട് .ഇരു  നിറം ,ഇടതൂർന്ന  നീളം  കുറഞ്ഞ മുടി ,തടിച്ച  ശരീര  പ്രകൃതം .ഒരാഴ്ചയല്ലേ  ആയുള്ളൂ  ഞാൻ  ജോയിൻ  ചെയ്തിട്ട്  .ഒന്നു  രണ്ടു  പ്രാവശ്യം ഞങ്ങൾ  സംസാരിച്ചിട്ടുണ്ട് .അവർക്ക്  ഓട്ടമാണ് ,ഓട്ടം ,വീടിനുമുമ്പിൽ  ഒരു  ചെറിയ ഹോട്ടൽ നടത്തുന്നുണ്ട് .മൂന്ന്  മഞ്ഞ  നിറമുള്ള ടേബിളുകൾ ,അതിനു  ചുറ്റും  നാലു  വീതം  സ്റ്റൂളുകൾ  .എല്ലാം  വെയിലടിച്ച്  വെള്ള യാവാൻ  ശ്രമിക്കുന്നത് .

എല്ലാ  സ്ഥലത്തേം  പോലെ  ഇവിടെയും  പെൺ  ടീച്ചർമാർ  ചായ കുടി  കുറവാണ്  .പ്ലസ്  ടു  വിൽ  ആണുങ്ങൾ ഇല്ലായിരുന്നു .ഹൈസ്കൂളിലെ  മാഷമ്മാര്   സ്കൂളിന് തൊട്ടടുത്തുള്ള  മറ്റൊരു  ചെറിയ  ഹോട്ടലിൽ  നിന്നാണ്  കഴിക്കുന്നത് 

വൈകുന്നേരം  രശ്മി  ലാബ്  വൃത്തിയാക്കാൻ  വന്നു .ആദ്യമായി  വീടുവിട്ടുനിൽ ക്കുന്നതിൻറെ  സങ്കടം  എൻറെ  വാക്കുകളിൽ  ഒഴുകി  ഒലിച്ചു .എൻറെ  സംസാരത്തിൽ  അധികവും  ഉമ്മയായിരുന്നു .

"സ്കൂൾ വിട്ടു  ചെന്നാൽ  ഞാൻ  ഉമ്മാന്റെ  റൂമിലിരിക്കും  ഹീറ്ററിന്റെ  സ്വിച്ചിടും .വെള്ളം  ചൂടാവും  വരെ  ഉമ്മ  ഒരുപാടു  കാര്യങ്ങൾ  സംസാരിക്കും .പണിക്ക്  വരുന്ന  ചേച്ചിയെക്കുറിച്ചുള്ള  പരിഭവങ്ങളാകും  മുഴുവനും .ഞാൻ  കേട്ടിരിക്കും  .കേൾക്കാനൊരാളുണ്ടാവുക  ഒരു  വല്യേ കാര്യല്ലേ  ചേച്ചീ .ഇപ്പൊ ഉമ്മ  എല്ലാം  ഉള്ളിലൊതുക്കി  നിക്കാവും .നടക്കാൻ  വയ്യാതാവുമ്പോ  നമ്മുടെ  ലോകം നമ്മെ  അന്വേഷിച്ചു  വരുന്നവരുടെ  മാത്രമായിരിക്കില്ലേ "

ഞാൻ  ഉമ്മയെക്കുറിച്ചുള്ള  കുറേ  രസകരമായ ഓർമ്മകൾ  പങ്കു  വച്ചു .

"ഉമ്മാനെ  നോക്കാൻ  ഇവിടെ  എവിടേലും  നല്ലൊരാളെ  കിട്ടുമോ  ചേച്ചി വീട്ടിൽ  സ്ഥിരം  നിക്കണം   .ഇപ്പൊ  രാവിലൊരാളും  വൈകീട്ടൊരാളുമാണ്  നിക്കണത് .ഒരാൾ  പോയി  മറ്റൊരാൾ  വരുന്ന ഗ്യാപ്പിൽ ഉമ്മ  ചിലപ്പോൾ  ഒറ്റക്കാവും .ഹോംനഴ്‌സുമാരെ  കൊണ്ടുവരാൻ  ഉമ്മ  സമ്മതിക്കണില്ല .എവിടെയൊക്കെയോ  ഹോംനഴ്സുമാര്  പ്രായമായവരെ  കഴുത്തുഞരി ച്ച് കൊന്നെന്ന് ഇപ്പൊ  പണിക്ക്  നിക്കണ  താത്ത  പറഞ്ഞു  പേടിപ്പിച്ച്  വച്ചിരിക്കാ

"ടീച്ചർടെ  അമ്മയാണോ  .അതോ  ഭർത്താവിന്റെ  അമ്മയാണോ "?രശ്മി  കുനിഞ്ഞുനിന്ന്  തലയുയർത്തി  ചോദിച്ചു .

'ഭർത്താവിന്റെ  'അമ്മ  .ഇരുപതു  വർഷത്തിലേറെയായി  അവരുടെ  ചിട്ടകളുമായി  ഞാൻ ഇഴചേർന്നു  ജീവിക്കയാണ് .ഉമ്മാക്ക്  കുറച്ചു  OCD  ഉണ്ട് .നമ്മൾ  ഈ  കഴുകിയത്  തന്നെ  കഴുകാ .തുടച്ചത്  തന്നെ  തുടക്കാ  .ആരെങ്കിലും  അടുത്തുവന്നാൽ  അസുഖം  പിടിക്കുമോ  എന്ന്  ഭയക്കാ .അ ങ്ങന ങ്ങനെ .സത്യം  പറയാലോ  ഒരു  സാധാരണ  പെൺകുട്ടിക്ക്  അഡ്ജസ്റ്റ്  ചെയ്യാൻ ഇത്തിരി  പ്രയാസാവും .ഞാൻ  പിന്നെ  ഒരു  അസാധാരണ  പെൺകുട്ടിയാണല്ലോ .ഇതിനെയൊക്കെ  ഒരു  തമാശയായിക്കണ്ട്  അങ്ങ്  വണ്ടിയോടിച്ചു .ഞാനല്ലാതെ  മറ്റാരും  തൊട്ട  പാത്രം  പോലും  ഉപയോഗിക്കാൻ  ഉമ്മാക്ക്  ബുദ്ധിമുട്ടാണ് .വീട്  വിട്ടു നിന്നപ്പോഴാണ് --ആളുകളെ  കൂടെ  നിർത്തേണ്ടി  വന്നപ്പോഴാണ്  ആകെക്കൂടി  ഞങ്ങൾക്ക്  പ്രയാസമായത് .എൻറെ  ചേച്ചീ  എൻറെ  മാഷ്  ഉമ്മാനെ  കെയർ  ചെയ്യുന്നത്  കണ്ടാൽ  നമ്മൾ  അത്ഭുതപ്പെട്ടു  പോവും .ഉമ്മാടെ  നാല്പതുകളിലാവും  ഞാൻ  ആവീട്ടിലേക്ക് വന്നു  കയറിയത് .അന്നും ഉമ്മാക്ക് കഴിക്കാനുള്ള  ഗുളികകൾ ഒരുനേരത്തിനും ഉള്ളതെടുത്ത് മാഷ്കൊ ടുക്കുന്നത് .ഇങ്ങനെയൊക്കെ  ഉമ്മമാരെ ശ്രദ്ധിക്കാൻ  പറ്റുമെന്ന്  ഞാൻ  അങ്ങനെയാ മനസ്സിലാക്കിയത് .എൻറെ ധാരണയിൽ അടുക്കളേൽ  നിറയെ  ഭക്ഷണമുണ്ടാക്കി  വീട്ടിലുള്ളവർക്കെല്ലാം  വച്ചു വിളമ്പുന്ന ക്ഷീണമില്ലാത്ത എന്തോ ഒന്നായിരുന്നു  ഉമ്മ  എന്ന  സങ്കല്പം .അമ്മമാർ  നമ്മുടെ കരുതലും ,സ്നേഹവും ആവശ്യപ്പെടുന്നുണ്ടെന്ന്  എനിക്ക്  ശരിക്കു  മനസ്സിലായത്  ഇങ്ങനെയാണ് .വീട്ടിൽ  സഹായത്തിനു  വരുന്ന  ചേച്ചി  ലീവായാൽ ഉമ്മാക്ക്  വല്ലാത്തോരു ക്ഷീണമാണ് .എവിടെനിന്നെങ്കിലും  പുതിയൊരാളെ തപ്പിപ്പിടിച്ച്  ഉമ്മാന്റെ  അടുത്തെത്തിക്കൽ  അന്നുതന്നെ  വല്ലാത്തോരു  ടാസ്‌കായിരുന്നു .

  ഞാൻ  നിർത്താതെ  ഉമ്മാന്റെ കഥകൾ  തമാശകൂട്ടി  പറഞ്ഞുകൊണ്ടേയിരുന്നു .രശ്മി പെട്ടെന്ന് വല്ലാത്തോരു  തേങ്ങലോടെ  ഒരുബെഞ്ചിന്റെ അറ്റത്തിരുന്നു .

" എന്തുപറ്റി  ചേച്ചീ ?"

ഞാൻ  പേടിച്ചുപോയി 

പൊൻ  നിറത്തിലുള്ള  വെയിൽ  ജനൽ പാളികൾക്കിടയിലൂടെ രശ്മിയുടെ  പാറിപ്പറന്ന മുടിയിഴകളിലൂടെ  ഒരു കണ്ണുനീർ  തുള്ളിയിൽ  തട്ടി ചിതറിത്തെറിച്ചു .

"എന്തേ  വയ്യേ  എന്നാ  ബാക്കി  പിന്നെ  ചെയ്യാം . നമുക്ക്  സ്കൂൾ  പൂട്ടി  വീട്ടിലേക്ക്  പോവാം "

വേണ്ട  ടീച്ചർ  നിക്ക് കൊഴപ്പോന്നൂല്ല . ഞാനെൻറെ  അമ്മേനെപ്പറ്റി ആലോയിച്ചതാ .ടീച്ചർ എത്ര  സ്നേഹത്തോടെയാ  അമ്മയെപ്പറ്റി സംസാരിക്കുന്നത് .ഞാനൊരു  നാശംപിടിച്ച  മോളാ  ടീച്ചർ  .എൻറെ  അമ്മേനെ എനിക്ക് ശരിക്കൊന്നു  നോക്കാൻ പറ്റണില്ല .ചെലപ്പം തോന്നും മക്കളേം കുട്ട്യോളേം ഒക്കെ ഒഴിവാക്കി  അമ്മെന്റടുത്തോട്ടു പോയാലോ ന്ന് .എന്നാ നിക്കതും പറ്റണില്ല ......അവിടെ പ്പോയാൽ  ങ്ങളേം  നാത്തൂനും  അവിടെ  നിക്കാൻ  സമ്മതിക്കൂല  ..ആരേം  സങ്കടപ്പെടുത്തൻ നിക്കാവില്ല .

ഓയിൽ  പ്ലാന്റേഷനിലൂടെ  അതിവേഗത്തിലടിച്ചൊരു  കാറ്റ്  രശ്മി  നേരത്തെ ബ്രിക്കിട്ട  മുറ്റത്ത്  അടിച്ചുവാരിക്കൂട്ടിയ  കരിയിലകളെ  വരാന്തയിലേക്ക്  ആട്ടിപ്പായിച്ചു .

" അയ്യോ  ദിപ്പോ എവിടുന്നാ  ഈ  കാറ്റ് . നേരത്തേ കോരിയിട്ടാൽ  മതിയായിരുന്നു ."രശ്മി  സങ്കടപ്പെട്ടു 

"സാരല്യ  നമുക്ക്  രണ്ടാൾക്കും  കൂടെ  ചെയ്യാം "

ഞാൻ  സമാധാനിപ്പിച്ചു .

"ടീച്ചറേ  ന്റമ്മക്ക്‌  ക്യാൻസറാ  .അതിനെ  കണ്ടങ്ങക്ക്   മനസ്സിലാവും  .ഒരാങ്ങളണ്ട്  ള്ളതും  ഇല്ലാത്തതും  കണക്കാ . ഓൻ ന്റമ്മേനെ  നോക്കാണ്ട്  പോലീസ്‌കേസായി  പോലീസ്  അമ്മേനെ  ൻറെ  വീട്ടിൽ  കൊണ്ടന്നാക്കി .ഒരു മാസത്തിലേറെയായി   .ഇന്ന്  അമ്മേനെ തിരിച്ചു  അങ്ങോട്ടുതന്നെ കൊണ്ടോയാക്കണം .അങ്ങനെ ചെയ്തില്ലേൽ  അമ്മേനെ കൊന്നുകളയുന്നാ  ൻറെ  കെട്ട്യോൻ  പറേണത് .അയാളത്  ചെയ്യും ടീച്ചറേ .കള്ള്  തലേക്കയറിയാ  പിന്നെ എന്ത് ചെയ്യുമെന്ന് ആർക്കും  മനസ്സിലാവൂല്ല ..ഇന്ന്  ഹോസ്പിറ്റലിൽ പോയി റേഡിയേഷനെടുത്ത് വന്നിട്ടേയുള്ളൂ .പാവത്തിന്  വായേക്കൂടി  തുള്ളി വള്ളം പോലും അറങ്ങണില്ല.ഇന്ന്  അവസാനത്തെ   KSRTC  ക്ക് അമ്മേനെ  തിരിച്ചു  പറഞ്ഞയക്കണം  .അല്ലെങ്കിൽ  നാട്ടുകാർക്കാർക്കും  ഇവിടെ  പാർക്കാൻ  പറ്റൂല്ല .

     അയാളൊരു  വല്ലാത്ത  മാന്യനാണ്  വെള്ളമടിയില്ലാത്തപ്പോൾ  .തട്ടമിട്ടവർ  നന്നേകുറവായ  അവിടെ  എന്നെക്കണ്ടതും  ഒരിക്കൽ  അയാൾ  എഴുന്നേറ്റു  നിന്നു ."അസ്സലാമു  അലൈകും .ടീച്ചർ  ഇവിടിന്നാ  .നിക്ക്  തട്ടമിട്ടവരെ  വല്ലാത്ത  ബഹുമാനാ .ഞാനാ  ഈ  ഹോട്ടലിൻറെ  മൊതലാളി  .ൻറെ  ഭാര്യ  ഒരുപാവാ .അവളാ  എല്ലാം  നടത്തികൊണ്ട്  പോണത് .ടീച്ചർ ചായ  കുടിക്ക് .എന്തെങ്കിലും  കുറവുണ്ടെ  പറയണം "അവരുടെ  വീടിൻറെ  തൊട്ടടുത്തായിരുന്നു  ഞാൻ  പേയിങ്  ഗസ്റ്റ്  ആയി  താമസിച്ചിരുന്നത് . രാത്രിയായാൽ  അയാൾ  വളർത്തുന്ന  പട്ടികളും  അയാൾ  കുടിക്കുന്ന  പാനീയങ്ങളും  വല്ലാത്തോരു  ബഹളമായിരിക്കും . വീടു  വീട്ടു  താമസിക്കുന്ന  എനിക്ക്  ഉറക്കം  വരാത്ത  പേടിപ്പെടുത്തുന്ന  രാത്രികളായിരുന്നു  ഇവയൊക്കെ  സമ്മാനിച്ചത് .

  "ടീച്ചറേ  കഴിഞ്ഞില്ലേ  ഇനി  ബാക്കി  നാളെ  ചെയ്യാം .ഇന്നലേം  കൂടി  കൊമ്പനിറങ്ങി  ഈ  റോഡിലൂടെ  നടന്നിരുന്നു .അധികം  വൈകുന്നത് അപകടമാ .മക്കളെ  വീട്ടിലാക്കിയിട്ടാ  ഞാൻ  വരുന്നത് .മതിലില്ലാത്തോണ്ട്  വല്ലാത്ത  പേടിയാ  .നല്ലൊരു  വീടുകിട്ടിയാൽ  അങ്ങോട്ട്  മാറണം .ട്രാൻസ്ഫർ  എന്നുകിട്ടുമെന്ന്  പറയാൻ  പറ്റില്ലല്ലോ ." സുലോചന  ടീച്ചർ  വിളിക്കാൻ  വന്നതാ .ഞങ്ങൾ  അന്നത്തെ  പണികളെല്ലാം  അവസാനിപ്പിച്ച്  ഗേറ്റ്  അടച്ച്  റോഡിലേക്കിറങ്ങി .

"ഈ  പനയിലാ  അവന്മാരെ  കളി  .ഓയിൽ  പ്ലാനറ്റേഷനെ  ചൂണ്ടി  ടീച്ചർ  തുടർന്നു .ഇന്നലെ  ഒരെണ്ണം  കുത്തിമറിച്ചിട്ടിട്ടുണ്ട്  ,ഇന്ന്  അത്  തിന്നാനിറങ്ങും .ഇതൊക്കെ  പോരാഞ്ഞു  ആ  കുന്നിനു  മുകളിൽ  ഒരു  പുലി  പ്രസവിച്ചു  കിടക്കുന്നുണ്ടത്രേ .സ്കൂളിൽ  കുട്ടികള്  കുറയുന്നതും  ബാച്ച്  പോകുന്നതും  ഇതൊ ക്കെക്കൊണ്ടുതന്നെയാ .എല്ലാരും  മക്കളെ  ദൂരെ  സ്കൂളുകളിൽ  സുരക്ഷതമായി  അയക്കുന്നു .

"ടീച്ചറേ  ഒരു  ചായ  കുടിച്ചിട്ട്  പോകാം " രശ്മി  ഞങ്ങളെ  ക്ഷണിച്ചു .ചായക്കടയിലെ  ബെഞ്ചിൽ    ഒരു  രൂപമിരിക്കുന്നു . കയ്യിലും  കാലിലും  ഞരമ്പുകൾ  പെറുക്കിയെടുക്കാൻ   പാകത്തിന്     പുറത്തേക്ക്  തള്ളിനിൽക്കുന്നു  .കണ്ണുകളിൽ  നിസ്സഹായതയുടെ  ഒരു  കടൽ  ഇരമ്പുന്നു    കണ്ണുകളിൽ   നിസ്സഹായതയുടെ  ഒരു  കടൽ  ഇരമ്പുന്നു . വയറ്റ ത്ത്  ഒരു  കൈ  അമർത്തിപ്പിടിച്ചിട്ടുണ്ട്   .ആരുടെയോ  ഇളം  നീലനിറത്തിലുള്ള  ഒരു  ചുരിദാർ അവർ  ധരിച്ചിരിക്കുന്നു  ,അതിനുള്ളിൽ  ഒരു  ചുള്ളിക്കമ്പുപോലെ  ഒരു  ശരീരം  

," ടീച്ചറേ  അമ്മക്കിന്ന്  അഞ്ചാമത്തെ  കീമോയാ .ഇവിടെ  നിർത്തണം ന്നുണ്ട്  .അങ്ങേരു സമ്മതിക്കൂല .ഇങ്ങനെ  വയ്യാ ത്തീ നെ  ആ ങ്ങളെ അടുത്ത്ക്ക്  വിട്ടാ ഓൻ  തിരിഞ്ഞു  നോക്കൂല .തുള്ളി  വള്ളം  കൊടുത്താമതി  .ഭക്ഷണം ഒന്നും  വേണ്ടിവരില്ല  ക്ഷീണിച്ചു  കിടന്നോളും .ഉള്ളാകെ  പൊള്ളിയിരിക്കല്ലേ  എന്തു  തിന്നാനാ "

എന്തൊരു  വല്ലാത്ത  ദുർവിധിയാണിത് .ജീവിതം  മുഴുവൻ  മക്കൾക്കു  വേണ്ടി  ഇടതടവില്ലാതെ  ഓടി  നടന്നവർ ,പരിഭവങ്ങൾ  പറഞ്ഞുപറഞ്ഞു  അവനവനെ  മറന്നു  കളഞ്ഞവൾ ,പുകയായൊഴുകിയവൾ  ..എരിഞ്ഞു  നീറിയവൾ ഇപ്പോൾ .

" ഇവിടെ  നിർത്ത്യാ  എന്റമ്മേനെ  അയാൾ  കൊല്ലും ." രശ്മി  തൻ്റെ  നിസ്സഹായത  ആവർത്തിച്ചുകൊണ്ടേയിരുന്നു .

"ഇതിലും  ഭേദം  അതാ " സുലോചന ടീച്ചർ  കട്ടക്കലിപ്പിലാണ് .

"അയാളുടെ  അമ്മയല്ലല്ലോ  നിങ്ങടെ  അമ്മയല്ലേ  .ഈ  പണിയായ  പണിയൊക്കെ എടുത്ത്  കുടുംബം  പോറ്റുന്നത്  നിങ്ങൾ . സ്വന്തം  അമ്മേനെ യിങ്ങനെ  തട്ടിക്കളിക്കാൻ  നാണമില്ലേ .പോയി  ചത്തൂടെ  നിങ്ങക്ക് "സുലോചന  ടീച്ചർ ദേഷ്യം കടിച്ചമർത്താൻ  പ്രയാസപ്പെടുന്ന  പോലെ 

" ടീച്ചറേ  ഈ  പാവത്തിനെയിങ്ങനെ  കഷ്ടപ്പെടുത്താണ്  മക്കൾ  .ഇവൾക്കെന്തിന്റെ  കേടാ  .ഇവളൊക്കെ  ഏതുകാലഘട്ടത്തിലാ  ജീവിക്കുന്നെ .അത്രേം  പറ്റില്ലേൽ  ഭര്ത്താവിനെയങ്  ഒഴിവാക്കണം  .എത്രയെത്ര  കൊലപാതകങ്ങൾ  -ഒഴിവാക്കലുകൾ -ഒറ്റപ്പെടുത്തലുകൾ  -കുറ്റപ്പെടുത്തലുകൾ .ജീവിതത്തിന്റെ അവസാന  ഘട്ടത്തിൽ  നമ്മുടെ  മാതാ പിതാക്കൾ  അനുഭവിച്ചുകൊണ്ടിരിക്കുന്നത്  എന്തൊക്കെയാണ് .ഏതു  സംവിധാനങ്ങൾക്കാണ്  അവർക്ക്  സുരക്ഷിതമായ  സന്തോഷകരമായ  ഒരു വാർദ്ധക്യം വാഗ്ദാനം  ചെയ്യാനാവുന്നത് .നാളെ  നമുക്കും  വയസ്സാകും .നമ്മുടെ കൈകാലുകളും  ശുഷ്‌കിക്കും .ഓർമ്മകൾ  മാഞ്ഞുപോകും  ,ഒന്ന്  ശ്വസിക്കാൻ -മൂത്രമൊഴിക്കാൻ  യന്ത്രങ്ങളുടെ  സഹായം  വേണ്ടിവരും .വരും  നാളുകളിൽ  നമ്മുടെ  അവസ്ഥ  ഇതിനേക്കാൾ  ഭീകരമാവും " ടീച്ചർ  പറഞ്ഞുകൊണ്ടേയിരുന്നു  .അവരുടെ  മുഖം  ദേഷ്യംകൊണ്ട്  ചുവന്നു  തുടുത്തു .

സമയം  12 .40 ആയി  നീ  ഇതുവരെയും  ഉറങ്ങിയില്ലേ .നാളെ  ഷോളയൂർക്ക്  പോണ്ടതല്ലേ .ഇനി  ഇന്നലത്തെ  പോലെ  ഉറങ്ങാതിരുന്നാൽ  രാവിലെ  ഉണരില്ല .വെറുതെ  ഓരോന്നാലോചിച്ചു  ഉറക്കം  കളയണ്ട  .സത്യം ഇന്നലെ  നമുക്കെന്താണ്  സംഭവിച്ചത്  .


No comments:

Post a Comment