മടക്ക യാത്ര
എനിക്കൊറ്റക്ക് KSRTC യിൽ വീണ്ടും ആ ചുരം കയറണം . കുറെ ഓർമ്മകൾ വേരോടെ പിഴുതെടുക്കണം .ചിലത് നട്ടുവളർത്തണം ,മറ്റു ചിലത് ദൂരെ വലിച്ചെറിയണം .ജീവിത പ്രാരാബ്ധങ്ങളിൽ എനിക്കൊട്ടുമേ ആസ്വദിക്കാൻ കഴിയാതിരുന്ന അതിൻറെ കയറ്റിറക്കങ്ങളിൽ തങ്ങിയും തട്ടിത്തെറിച്ചും . ; മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ആസ്വാദനത്തിൻറെ എന്റേതു മാത്രമായ പുതിയ തലത്തിൽ .ഒരിക്കൽ എവിടെയോ നഷ്ടപ്പെട്ട എന്നെ ഒരു ചെറുപുഞ്ചിരിയോടെ പിറന്നുവീണ കുഞ്ഞിനോടെന്നപോലെ ഒത്തിരി കരുതലോടെ ,കരുണയോടെ വരവേൽക്കണം . ഈ യാത്രയിൽ ഞാനൊട്ടും ധൃ തി വക്കില്ല . ഇതുവഴി ഞാൻ സഞ്ചരിച്ചിരുന്നു വെന്നും ഇവിടം അത്രകണ്ട് മനോഹാരമായിരുന്നെന്നും എനിക്കെന്നോടുതന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു .
ഷോളയൂരിലെ സെന്റ് ഓഫ് പരിപാടിയാണ് " .വരില്ലേ ടീച്ചർ ............വരില്ലേ ടീച്ചർ ." കുട്ടികൾ ഒന്നിനു പിറകെ ഒന്നായി ഫോൺ ചെയ്തു ചോദിക്കുന്നു .സ്നേഹത്താൽ നമ്മെ അത്രമാത്രം കൊത്തിവലിക്കുന്നൊരു കുട്ടിക്കൂട്ടം
" നാളെ പോയി നാളെത്തന്നെ തിരിച്ചെത്താൻ ബുദ്ധിമുട്ടാകും .ഞാൻ ലീവാക്കി കൂടെ വരാം "റഷ്യാക്ക ആശങ്കയറിയിച്ചു .
സത്യത്തിൽ അവിടെ നിന്നും രക്ഷപ്പെട്ടതിൻറെ ആശ്വാസമാണ് റഷ്യയ്ക്കയുടെ വാക്കുകളിൽ .
" വേണ്ട ....എനിക്കൊറ്റക്ക് പോണം . ഞാൻ പോയി തിരിച്ചു വരാം . അവിടെ നിൽക്കുമ്പോഴെല്ലാം ഞാൻ ഇവിടത്തെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത് . എന്നെ ഫോൺ ചെയ്യരുത് .എത്ര പാതിരാത്രിയായാലും ഞാൻ തിരിച്ചെത്തും "
നഷ്ട ബോധമായിരുന്നു എനിക്ക് .ഒരു വർഷം അവിടെ നിന്നിട്ടും ഒരു നിമിഷം പോലും വീടിനെക്കുറിച്ച് ചിന്തിക്കാതെ ജീവിച്ചില്ലല്ലോ എന്ന നഷ്ടബോധം . കുടുംബ ബന്ധങ്ങളിൽ ഞാനിത്രമേൽ അടിമയാക്കപ്പെട്ടല്ലോ എന്ന കുറ്റ ബോധം
സത്യത്തിൽ ആരായിരുന്നു ഞാൻ .എന്തായിരുന്നു എൻറെ നിയോഗം .
ശരിക്കും ഒരു വർഷമായി ഷോളയൂരിലെത്തിയിട്ട് .ഒട്ടും താല്പര്യമില്ലാതെ അഡ്ജസ്റ്മെന്റ് ട്രാൻസ്ഫെറിൽ തെറിച്ചു വന്നതാണ് . ഉമ്മക്ക് ഞാനില്ലാതെ പറ്റില്ല എന്നത് എന്നെ നീറിപ്പിച്ചോരു വാസ്തുതയായിരുന്നു . വെറ്റിലപ്പാറയിൽ നിന്നും ഉറക്കം വരാത്ത രാത്രിയിൽ മറ്റൊരിടത്ത് ഹോസ്റ്റൽ വാസത്തിനായി നിറച്ചു വച്ച പെട്ടിയും സാധനങ്ങളും എന്നെ നോക്കി പല്ലിളിക്കുന്നു . അഡ്ജസ്റ്റ് മെന്റ് ട്രാൻസ്ഫെറിൽ വീടിനടുത്തെത്തുമെന്നാണ് ഞങ്ങൾ വിചാരിച്ചത് .ഇതിപ്പോ സ്വന്തം മാതൃ ജില്ലയിൽ ഏറ്റവും അറ്റത്ത് . .കോയമ്പത്തൂറിനോട് ചേർന്ന്
ജോയിൻ ചെയ്യാൻ പോയപ്പോൾ ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു . എന്ന് ജനറൽ ട്രാൻസ്ഫർ വിളിക്കും .കിടപ്പിലായ അമ്മായിയമ്മ ഒരു വശത്ത് ,പത്താം ക്ലാസ്സിലെത്തിയ മകൾ ,സിവിൽ പഠിക്കുന്ന മകൻ മറ്റൊരു വശത്ത് .
ഫെബ്രുവരിയുടെ ചുരം എന്തു മാത്രം നരക വേദനയായിരുന്നു എനിക്കന്നു സമ്മാനിച്ചത് . എന്നാൽ ഇന്നിപ്പോൾ എത്രപ്രണയത്തോടെയാണ് ഞാനത് കയറാൻ പോകുന്നത് .നാം കാണുന്നതും അനുഭവിക്കുന്നതുമെല്ലാം ആപേക്ഷി കമാണ് .അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴത്തെ വേദന എത്രപെട്ടെന്നാണ് മധുരമുള്ള ഓർമ്മകളായി പടർന്നു പന്തലിച്ചത് . ഇവിടം എത്തപ്പെട്ടില്ലായിരുന്നെങ്കിൽ ഞാൻ എൻറെ സത്വത്തെ തിരിച്ചറിയാത്ത വളായി മാറിയേനെ .ഇലപൊഴിഞ്ഞ മരങ്ങൾക്കിടയിൽ തിളിര്ത്തുവരുന്ന തളിരിലകൾ .ആകാശം മുട്ടി നിൽക്കുന്ന പാറക്കൂട്ടങ്ങൾ .നമ്മെ വിഴുങ്ങാൻ ഒന്നിച്ച് വാ പൊളിച്ചു വരുമെന്ന് തോന്നിപ്പിക്കുന്നവ .ദാഹജലത്തിനായ് കേഴുന്ന മരങ്ങളിൽ ആരോ കൊണ്ടിട്ട തീ പൊരി അങ്ങ് ദൂരെ ആളിക്കത്തുന്നു .അതിൻറെ കറുത്ത പുക എന്റെ ഭയപ്പാടുകളെ പുഷ്ടിപ്പെടുത്തുന്നു .
ചാര നിറത്തിലുള്ള ചുവന്ന റോസാപ്പൂക്കൾ നിറഞ്ഞ എന്റെ ചുരിദാറിന്റെ ഒട്ടും കനമില്ലാത്ത കണ്ണാടിപോലത്തെ ഷോളെടുത്ത് ഞാൻ മുഖം മറച്ചു .എങ്ങോട്ടാണീ യാത്ര കയറ്റിറക്കങ്ങളുടെ ഈ ജീവിത പാത ," "അട്ടപ്പാടി വൈബ് ..ഷോളയൂർ വൈബ് " ഈ അടുത്ത കാലത്തു് കണ്ട യു ട്യൂബ് തംബ് നൈലുകളൊന്നും എന്നെ ആശ്വസിപ്പിച്ചില്ല .
ആളുകൾ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു ."പേടിക്കേണ്ട സമീറ .അവിടുന്ന് പോ ന്നു കഴിയുമ്പോഴാ നമ്മളെത്രമാത്രം സന്തോഷത്തിലായിരുന്നു എന്നറിയുന്നത് . ഒരു പ്രശ്നോല്ല പാവം കുട്ടികളാ ' മുൻപ് അവിടെ ജോലി ചെയ്ത ടീച്ചർമാരിൽ പലരും പറഞ്ഞതിങ്ങനെയായിരുന്നു . "
ഇപ്പൊ ഞാനും അങ്ങനെത്തന്നെയാണ് പറയാറുള്ളത് . ട്രാൻസ്ഫർ കിട്ടിയിടത്ത് ഏതുപാതിരാത്രിയായാലും പരമാവധി വേഗത്തിൽ ജോലിചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി ജോയ്‌നിങ് ടൈം എടുത്ത് മെല്ലെയാണ് അവിടെ എല്ലാവരും ജോയിൻ ചെയ്തത് . ഓരോ ട്രാൻസ്ഫെറിലും നാടുകൊതിക്കുന്നവർ തുടച്ചു നീക്കപ്പെടുമെന്നതിനാൽ പുതിയ ആളുകൾ ഏറ്റവും കൂടുതൽ പേർ വന്നു ജോയിൻ ചെയ്യുന്ന ഇടം .കയറിയ വഴികളോ ഇറങ്ങിയ ഇറക്കങ്ങളോ എൻറെ കണ്ണിൽ പെട്ടില്ല .
" റഷ്യാക്കാ ജനറൽ ട്രാൻസ്ഫർ വിളിക്കില്ലേ " ഇതു മാത്രമായിരുന്നു എൻറെ ചോദ്യം
ആകാശം നീല വിരിച്ച് പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങൾ അതിൽ നീന്തിത്തുടിക്കുന്നു .ദൂരെ കാറ്റാടിയന്ത്രത്തിന്റെ ചിറകുകൾ കുന്നിൻ മുകളിൽ കുത്തിമറിയുന്നു .പടർന്നു പന്തലിച്ച ഞാവൽ മരത്തിന്റെ ഇടതൂർന്ന പച്ചപ്പിലൂടെ സൂര്യൻ ഭൂമിയെ ഉമ്മവെക്കുന്നു . കരച്ചിൽ അടക്കാൻ കഴിയാതെ ശ്രീലാൽ സ്റ്റാഫ് റൂമിനു മുമ്പിലുള്ള തൂണിൽ മുഖം ചേർത്ത് നിൽക്കുന്നു .
അവൻറെ നിൽപ്പും ഭാവവും കണ്ട് എനിക്കെന്റെ അനിയനെയാണ് ഓർമവന്നത് .
"ഇന്ന് ജോയിൻ ചെയ്തതാണോ"
റഷ്യാക്ക അവനോടു ചോദിച്ചു .
"അതെ ങ്ങള് എവിടുന്നാ "
അവൻ മറുചോദ്യമെറിഞ്ഞു .
"ഞങ്ങൾ പെരിന്തൽമണ്ണ "
ഞാൻ മറുപടി പറഞ്ഞു
ആണോ
"ഞാൻ മലപ്പുറം കാരനാ തെറിച്ചു വന്നതാ ടീച്ചറേ . ജോലികിട്ടീട്ട് കുറച്ചേ ആയുള്ളൂ . വീടിനടുത്തായിരുന്നു .ഇവിടൊക്കെ എങ്ങനെ യാണോ ആവോ .നിക്ക് വല്ലാത്ത പേടിയാവു ണു "
" ങ്ങളെ സബ്ജെക്ട് "? അവൻ ചോദിച്ചു
ബോട്ടണി
"ഞാൻ മലയാളാ '
ചോദിക്കാതെ തന്നെ അവൻ ഉത്തരം തന്നു .
ഹയർ സെകണ്ടറിയിൽ വ്യക്തിയേക്കാൾ പ്രധാനമാണ് വിഷയങ്ങൾ .ഓരോ വിഷയത്തിനും ഓരോരോ അളവുകോലുകൾ
മുമ്പ് ജോലി ചെയ്ത സ്കൂളിൽ നിന്നും ഒരുപാട് പേർ ചേർന്ന് ഒരു കൊച്ചുകുഞ്ഞിനെപ്പോലെയാണവൻ ജോയിൻ ചെയ്യാൻ വന്നതെന്നും .കണ്ണു നിറഞ്ഞു ഒപ്പുവെക്കേണ്ട കോളം മാറിയാണ് ഒപ്പുവച്ചതെന്നും എല്ലാവരും തമാശയോടെ പിന്നീട് പറയാറുണ്ടായിരുന്നു .
"ജോയിൻ ചെയ്യാൻ വന്നതാണോ"?
ആരോ വാതിലിൽ വന്നു ചോദിച്ചു .
:"അതെ"
പ്രിൻസിപ്പൽ വിളിക്കുന്നു .
ഞങ്ങൾ ഇരുട്ടു നിറഞ്ഞ ഒരു കുടുസ്സു റൂമിലേക്ക് പ്രവേശിച്ചു
ജനൽ ചില്ലകൾ അടർന്നു വീണ വിടവുകൾ . അലമാരകൾ കൊണ്ട് ശ്വാസം മുട്ടുന്ന ചുമരുകൾ
പ്രിൻസിപ്പാൾ രജിസ്റ്റർ എന്റെ നേരെ നീട്ടി
"ലീവെടുക്കാൻ പ്ലാനുണ്ടോ "?
ഇല്ല
"അല്ല സാധാരണ ആളുകൾ ഇവിടെക്കിട്ടിയാൽ ലീവെടുക്കാറാണ് പതിവ്
ഞാൻ കണ്ണൂർ കാരിയാണ് .കഴിഞ്ഞവർഷമാണ് ഇവിടെ ജോയിൻ ചെയ്തത് .
യാത്ര കുറച്ചു റിസ്കാണ് . ആദ്യമൊക്കെ എത്താൻ നല്ല പാടായിരുന്നു .ഇപ്പൊ
കോയമ്പത്തൂർ വഴി സുഖാണ് "
മോഡൽ എ ക്സാമിന്റെ ദിവസങ്ങളായിരുന്നു .
" ടീച്ചർ സമീറ ടീച്ചർക്കുള്ള എക്സാം ഡ്യൂട്ടി ഇട്ടോ "
പ്രിൻസിപ്പൽ ഏതോ ഒരു ടീച്ചറെ വിളിച്ചു പറഞ്ഞു
"ഇന്നിവിടെ സെൻറ് ഓഫാ .എല്ലാരും ഭക്ഷണം കഴിച്ചിട്ട് പോയാ മതി "
പ്രിൻസിപ്പൽ പറഞ്ഞു
ആകാശത്ത് ചിത്രം വരച്ചപോലൊരു വീട്ടി മരം .ദൂരെ മലയിടുക്കുകളുടെ പരന്ന ഭംഗി , റിസോർട്ടുകളുടെ നീണ്ട നിര ,അതെ ഞാനൊരു സ്വപ്നലോകത്തെത്തപ്പെട്ടിരിക്കുന്നു . സ്കൂൾ ഇറക്കത്തിലാണ് .
കുറച്ചു മുകളിലേക്ക് കയറിയപ്പോൾ കുട്ടികളുടെ കലാപരിപാടികൾ .പാട്ടിലും ഡാൻസിലും മുഴുകിയ അവർ വരുന്നവരേം പോകുന്നവരേം ഒന്നും ശ്രദ്ധിക്കുന്നേയില്ല . കലകളോട് അ ത്രമാത്രം ഇഴുകിച്ചേരാൻ കാടിന്റെ മക്കൾക്ക് വല്ലാത്തൊരു കഴിവുണ്ട് .ഇവരുടെ കലകളെല്ലാം ജീവിതം കൊണ്ട് തുന്നി ചേർത്തതാണ് .
പച്ചയുടുപ്പിട്ട് കുറേ കുട്ടികൾ സിനിമാറ്റിക് ഡാൻസ് കളിക്കുന്നു .
'അപ്പടി പോടെ .പോടെ പോടെ '
എത്ര എനെർജിറ്റിക് ആയ സ്റ്റെപ്പുകൾ
ഈ ഡ്രെസ്സുകളെല്ലാം അവര് മീഷോയിൽ നിന്നും വാങ്ങിച്ചതാണെത്രെ .ആരോ ആരോടോ പറയുന്നത് കേട്ടു
കുമ്മിയാട്ടം ഞാൻ ആദ്യമായി കാണുന്നത് അപ്പോഴാണ്
ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് എത്ര താളഭംഗിയോടെയാണ് ഓരോ ചുവടുകളും ഒരു ആഘോഷമാക്കി മാറ്റുന്നത് .
വീട്ടിലെ എല്ലാ പ്രശ്നങ്ങളും ഒരു നിമിഷം അലിഞ്ഞില്ലയതാ യെനിക്ക് തോന്നി .
ജോലി ഉള്ളതുകൊണ്ടല്ലേ ഞാനിന്ന് ഇവിടെ നിൽക്കുന്നത് .അല്ലേൽ വീടിൻറെ അകത്തളങ്ങളിൽ ചുമ്മാ റീൽസും നോക്കി കിടക്കുകയാവും .ഞാൻ എന്നെ മോട്ടിവേറ്റ് ചെയ്യാൻ ശ്രമിച്ചു .
നല്ല ബിൽഡിംഗ് .നല്ല ഹാൾ മുൻ വശത്ത് ഒരു കൈവരി .ദൂരെ വരി വരിയായി മലനിരകൾ . എല്ലാറ്റിനും മുകളിൽ കുത്തി മറിയുന്ന കാറ്റാടിയന്ത്രങ്ങൾ ,നട്ടുച്ചക്കും കുളിര് ,കുഞ്ഞു കാറ്റ് .കുട്ടികളുടെ കലാ പരിപാടികളുടെ കുറേ വിശ്വൽസ് ഒപ്പിയെടുത്ത് ഞാൻ പുറത്തിറങ്ങി .
" ചിക്കൻ ബിരിയാണിയാ .കഴിക്കണില്ലേ കഴിച്ച് പൊയ്‌ക്കോളൂട്ടോ "
പിന്നിൽ നിന്നും ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി .
"ഞാനും പുതിയതാ .രണ്ടു ദിവസം മുമ്പാ ജോയിൻ ചെയ്തേ .നല്ല സങ്കടണ്ടല്ലേ അപ്പൊ എൻറെ കാര്യം ആലോചിച്ചു നോക്കൂ .L P യിൽ നിന്നും പ്രൊമോഷനായതാ .മര്യാദക്ക് കുട്ടികളെ പഠിപ്പിച്ചു പോയ മതിയായിരുന്നു .അവിടെ ഉണ്ണിയപ്പം ണ്ടാർന്നു .അതു കഴിച്ചില്ലേ ഞാൻ കൊണ്ടോന്നതാ "
നിങ്ങടെ പേര്
"ജയശ്രീ കോഴിക്കോട്ട് ന്നാ പട്ടാമ്പിയില് ൻറെ ബന്ധുക്കളൊക്കെണ്ട "
ടീച്ചറെ കണ്ടതും എത്രയോ കാലമായി പരിചയമുള്ള ഒരാളെ കണ്ട ഫീൽ
"നിങ്ങൾ എവിടാ താമസിക്കുന്നെ "
റഷ്യാക്ക ആശങ്ക പങ്കു വച്ചു .
" അന്ന് ജോയിൻ ചെയ്ത് പോയേയുള്ളൂ . ഇവിടെ ഒരു കോൺവെന്റുണ്ടാത്രേ .വേറെ എവിടേം നില്ക്കാൻ പറ്റില്ലെന്നാ പറേ ണ് .ആന വരുന്ന സ്ഥലമാത്രേ .നമ്മടെ ഓഫീസ് റൂമിന്റെ മുമ്പിൽ ചുമരിൽ കണ്ടോ കാട്ടാന ഉറഞ്ഞ പാട് .നമുക്കൊന്നിച്ച് റൂം പോയി നോക്കാം പറ്റാച്ചാ ഒരു റൂമിൽ കിടക്കാലോ .എല്ലാ ടീച്ചർമാരും അവിടെത്തന്നെ യാത്രെ നിക്കണേ "
എന്തോ ഒരാശ്വാസം ഹൃദ്യമായ ചിരി ,തല കുലുക്കി കുലുക്കിയുള്ള സംസാരം "സത്യം ഒരുപാട് നാളായി പരിചയമുള്ള ആളെപ്പോലെ "
ഒന്നടുപ്പം കൂട്ടാൻ ഞാൻ കയറിപ്പറഞ്ഞു .
" ഈ കയറ്റം കയറി കുറച്ചങ്ങോട്ടു നടക്കണംത്രെ "
ജയശ്രീ ടീച്ചർ വഴി പറഞ്ഞു
"ഞാൻ വരണ വഴിക്ക് ഒരു നോക്ക് കണ്ടു .അപ്പൊ ഇറങ്ങി നോക്കാൻ പറ്റിയി ല്ല .അതെന്തായാലും നന്നായി ഇപ്പൊ കൂടെ ഒരാളായല്ലോ '"
മക്കൾ ചെറുതാണോ ഇത്രേം സങ്കടം
"മക്കളെ കാര്യല്ല ടീച്ചർ .ഉമ്മ കിടപ്പിലാ ,ഉമ്മാക്ക് ഞാനില്ലാതെ പറ്റില്ല "
" ടീച്ചർടെ ഉമ്മയാണോ ,മാഷ്ടെ ഉമ്മയാണോ "
"മാഷ്ടെ " ഞാൻ മറുപടി പറഞ്ഞു
ടീച്ചർടെ ഉമ്മയാണോ ,മാഷ്ടെ ഉമ്മയാണോ " ഈ ചോദ്യം ഞാൻ മുമ്പെവിടെയോ കേട്ടിട്ടുണ്ടല്ലോ
No comments:
Post a Comment