Saturday, August 2, 2025

 "കവിത്വം  ഒരു  പുഴുവാണ് .

പൂമ്പാറ്റയായ്  വിരിയാനങ്ങനെ

ചൊറിഞ്ഞും  ഉറങ്ങിയും ".

നിഴലായി  കവിതകൾ  കൂടെ  നടക്കുന്നതുകൊണ്ട്  എനിക്ക് അനീതികൾ കണ്ടാൽ  പ്രതികരിക്കണമെന്നൊരുൾ വിളി  ഉടലെടുക്കും .വാക്കുചുഴറ്റി  ഞാൻ ശത്രുവിനു  നേരെ  ചീറിയടുക്കും .എൻറെ  ചിന്തകൾ  അവർക്കുകൂടി  വേണ്ടിയുള്ള  വലിയ  ശരികളായിരുന്നെന്ന് അവർക്ക്  ബോധ്യപ്പെടുന്നത് വരെ യുദ്ധം നീണ്ടുനിൽക്കും .പയ്യെ ..പയ്യെ  ഒരുകവിതയായത് പുനർജജനിക്കും .ഓർമ്മകളങ്ങനെ കവിതയുടെ കുഞ്ഞു പെട്ടികളിലാക്കി ഇടയ്ക്കിടെ ഞാൻ വലിച്ചുകേ റ്റും .എന്തെന്നില്ലാത്തൊരനുഭൂതി  എന്നെ ആസകലം വന്നുപൊതിയും .യുദ്ധത്തിൽ അന്ന് ശത്രുപക്ഷത്തിലിരുന്നവർ അപ്പോഴേക്കും എന്റെ  ഏറ്റവും പ്രിയപ്പെട്ടവനായി  മാറിയിട്ടുണ്ടാകും .

                 അങ്ങനെ എന്നിലെ  കവിക്കൊരു  സപ്പോർട്ട്  സിസ്റ്റം  എന്ന രീതിയിലാണ്  ഞാൻ  സൈക്കോളജി യിൽ  മാസ്റ്റർ  ബിരുദമെടുത്തത് . psc  കിട്ടി  ഹയർ സെക്കണ്ടറി യിൽ  ഒരു ജോലി  ഉണ്ടായിട്ടും   പിന്നേം  പഠിക്കാനുള്ള  എന്റെ ഒരു ഇത് .ഹയർ സെക്കന്ററി യിൽ  കരിയർ  ഗൈഡൻസ്  ആൻഡ്  അഡലൈസെന്റ്  കൗൺസിലിങ്  സെൽ  സൗഹൃദ  ക്ലബ്ബിന്  രൂപം  നൽകിയതു  തൊട്ടു  സൗഹൃദ  കോർഡിനേറ്ററായി  ഞാൻ  പ്രവർത്തിച്ചുതുടങ്ങി  . .സത്യത്തിൽ  എന്നിലെ യഥാര്ത്ഥ  മനുഷ്യ സ്നേഹിപിറവിയെടുത്തത്   ഇവിടം തൊട്ടാണ് . ഭാരമായോ  ബാധ്യതയായോ  തോന്നാതെ  ഞാനെന്ന  വ്യക്തിയെ   മറ്റുള്ളവർക്കുകൂടെ  പ്രയോജനപ്പെടുന്നൊരു   സംവിധാനമാക്കി  മാറ്റിയത് ഈ ഇടപെടലുകളാണ്  .ക്ലാസ്സിലിരിക്കുന്ന  കുട്ടി  പല കാരണങ്ങൾ  കൊണ്ടാകും   അസ്വസ്ഥത  പ്രകടിപ്പിക്കുന്നത് .ഒന്ന്  അടുത്ത് ചെന്നു  സംസാരിച്ചാൽ  കാണാം  അവന്റെ കണ്ണിൽ നിന്നും നമ്മളറിയാത്ത  ജീവിത യാഥാർഥ്യങ്ങൾ  ഒഴുകി -ഒഴുകി പ്പോകുന്നത് .

           ഞാനും  സൗഹൃദക്കൊപ്പം  വളർന്നു . നിംഹാൻസ്  ബാംഗ്ളൂർ  ..ചൈൽഡ് ഡെവല പ്മെൻറ്  സെന്റർ  തിരുവനന്തപുരം  എന്നിവിടങ്ങളിൽ നിന്നും  ട്രെയ്നിങ്  പൂർത്തിയാക്കിയ  ആദ്യ  സ്റ്റേറ്റ്  ഫാക്കൽറ്റി മാരിൽ  ഒരാളായി .അങ്ങനെ  എൻറെ  ഇടം  മറ്റു  സ്കൂളുകളിലേക്ക് കൂടി  പടർന്നു പന്തലിച്ചു . .മെന്റൽ ഹെൽത്ത്  ക്ലാസ്സ് ,റീപ്രൊഡക്ടിവ്  ഹെൽത്ത് ക്ലാസ്സ് ,ലൈഫ് സ്കിൽ  ട്രെയിനിങ്. .കുട്ടികളുടെ  ലോകത്തിന്റെ മുതിർന്നവരറിയാത്ത  ദുഖങ്ങളിലൂടെ -സ്വപ്നങ്ങളിലൂടെ   ഞാൻ  യാത്ര തുടർന്നു .നമ്മൾ  മുതിർന്നവർ  എത്രയൊക്കെ  വലിയവരെന്നഹങ്കരിച്ചാലും   വരും  തലമുറ നമ്മെ  ഏറെദൂരം  പിന്നിലാക്കി  അതിവേഗം  കുതിച്ചുകൊണ്ടേയിരിക്കും  .  പലതും    പുതു തലമുറക്ക്    വിട്ടുകൊടുക്കാനുള്ള  മനസ്സില്ലായ്മയാണ്    നമ്മളിലുള്ള      ഏറ്റവും  വലിയ വീഴ്ച്ചയെന്ന്  തോന്നിയിട്ടുണ്ട്  .  ന മ്മളിലൂടെയാണ്   അവർ   വളർന്നു   വലുതാകുന്നത് .അവർക്ക്   സംഭവിക്കുന്ന  ഒരോ പിഴവുകൾക്കും    ഒരു പരിധിവരെ   നമ്മൾ തന്നെയാണ്   ഉത്തര വാദികൾ  .

 പ ഴയ തലമുറക്ക്സന്തോഷങ്ങളോട്  വല്ലാത്ത ഭയമാണ് .അതുകൊണ്ടുതന്നെയാണ്    പുതിയ തലമുറക്ക്    അവരോടൊപ്പം   കഴിയാൻ  തീരെ താല്പര്യമില്ലാത്തത്  .   വിശാലമായ    പുതിയലോകത്ത്   ആളുകൾക്ക്    സ്വന്തം  വ്യക്തിത്വത്തെ   അതിൻറെ  വൈവിധ്യമായ  തലങ്ങളിലൂടെ   തേച്ചുമിനുക്കാനുള്ള    അവസരങ്ങളേറെയാണ്.  പുതിയ തലമുറ വളരെ  ഫ്ലെക്സിബിൾ  ആണ്    ,മാറ്റങ്ങളോടൊപ്പം  വളരെ പെട്ടെന്ന്   മാറാൻ  കഴിവുള്ളവർ .   കടും പിടുത്തങ്ങളുടെ കൂട്ടിൽ അവരെ തളച്ചിടാൻ നമുക്കാവില്ല   അപ്പൊ ആകെക്കൂടി  ചെയ്യാനാവുന്നത്   അവരോടൊപ്പം   നമ്മളും വളരുക എന്നതാണ്   . അതായത്  എന്ത് വന്നാലും മാറ്റില്ല എന്നുപറഞ്ഞു  മുറുകെ പിടിച്ചിരിക്കുന്ന കുറെ ശീലങ്ങളെ അങ്ങ്  ചുട്ടെരിച്ചേക്കുക .മറ്റുള്ളവരെ  ബോധ്യപ്പെടുത്താൻ  കുട്ടികളിൽ   പലതും   അടിച്ചെല്പിക്കുന്നതിനു   പകരം   ശരിയെന്ന്    ബോധ്യ മുള്ള    കാര്യങ്ങളിലേക്ക്     ചു റ്റുമു ള്ളവരെക്കൂടി       പാകപ്പെടുത്താൻ   അവരെ   പരിശീലിപ്പിക്കുക .  അതുമല്ലെങ്കിൽ    വഴിമാറി നടക്കാൻ  ധൈര്യം  കൊടുക്കുക  

"ടീച്ചറെ..........ക്ലാസ്സ്  മരണ മാസ്സാട്ടോ  " എന്ന്  മോട്ടിവേഷൻ ക്ലാസ്സുകളിൽ  ഫീഡ് ബാക്ക്  നിറഞ്ഞപ്പോൾ  ഞാൻ  എന്നോട്  പറഞ്ഞു "സമീറാ ...നിനക്കിനിയും  ഒരുപാട് ദൂരം  സഞ്ചരിക്കാനുണ്ട് .നിന്നെപ്പോലുള്ളവരെ  പുതു സമൂഹം ആവശ്യപ്പെടുന്നുണ്ട്   .ജീവിച്ചു വെന്ന്  എനിക്ക്  തോന്നി എന്നതിനപ്പുറം  പലരുടേം  ജീവൻ  പിടിച്ചുനിർത്താൻ  എനിക്കായി  എന്നത്: ,.കൊട്ടി ഘോഷങ്ങളില്ലാതെ  അതീ വ  രഹസ്യമായി  പച്ച മനുഷ്യരിലേക്കിറങ്ങി എന്നത്  ,, ചിലയിടങ്ങളിൽ   ഭയമായും    ചിലയിടങ്ങളിൽ   ബലമായും   പ്രത്യക്ഷപ്പെട്ടത്.      , ഒരു വരണ്ട മരുഭൂമി കണക്കെ സൈക്കോളജി  യുടെ  പല തരം   കോഴ്‌സുകൾ    ആർത്തിയോടെ  കുടിച്ചു തീർത്തത്    . .ആരെയും ഒന്നും ബോധിപ്പിക്കാനില്ലാതെ  പലർക്കും     ജീവിതം തിരിച്ചുപിടിക്കാനുള്ള ഊർജ്ജമായത്  . ഒരു വാക്കുകൊണ്ട് ശക്തി പകരുന്നൊരു  നോട്ടം കൊണ്ട്   ചിലപ്പോഴൊക്കെ  ദൈവത്തോളം  കരുണയായത്  .

                അന്ന്    ഒരു വൈകുന്നേരം 4 .30 .ഞായറാഴ്ചയായതിനാൽ  ഉച്ചയുറക്കം  കഴിഞ്ഞു    ഞാൻ എഴുന്നേറ്റിട്ടേ  യുള്ളൂ  .വീട്ടിലെ  കാളിങ് ബെൽ രണ്ടു മൂന്നുവട്ടം  ശബ്ദിച്ചു .ആരാവുമിങ്ങനെ  നിർത്താതെ ..........   എ പ്പോഴും എവിടെയൊക്കെയോ  ഒളിച്ചിരിക്കുന്ന  തട്ടം  തപ്പിപ്പിടിച്ചെടുത്ത്  ഞാൻ  മെല്ലെ  വാതിൽ  തുറന്നു .അവളാണ്  .വീട്ടിലും  സ്കൂളിലും  എന്നും  പ്രശ്നക്കാരി ."ഞങ്ങക്കിവിടെ  വേറേം  കുറേ  പണീണ്ട്  കുട്ട്യേ .നിന്നെത്തന്നെ  നോക്കിയിരുന്നാ  പോരാ ." ഇടക്കിടക്ക്  ആത്മഹത്യാ  ഭീഷണി  മുഴക്കി  'അമ്മ സ്കൂളിൽ  സ്ഥിരമായി  വരാൻ  തുടങ്ങിയപ്പോ  ക്ലാസ്  ടീച്ചർക്കും  വല്ലാതെ  മടുത്ത  മട്ടാണ് .മൊബൈൽ  ഫോൺ  ഇത്ര  സുലഭമല്ലാത്ത  കാലമാണ് .

അവളുടെ  പ്രണയമാണ്  അമ്മയുടെ  പ്രശ്നം ."ഇതിന്റെ  താഴെ  ഒന്നുണ്ട് .അയ്‌നെക്കൊണ്ട്  ഒരു  പ്രശ്നോല്ല .ങ്ങളൊന്നു  ഹൈസ്കൂളി  ചോയ്ച്ചോക്കിം .ഓള്  ക്ലാസ്സില്  ഫസ്റ്റാ .അയിന്റെ  ഏഴയലത്ത്ക്ക്  എത്തോ  ബൾ .അയിന്റെ കളർ  ങ്ങള്  കണ്ടുക്കണോ .ടീച്ചറേ  ദേ  ങ്ങട്ടു  നോക്ക് .ആ നിക്കണ  ടീച്ചർടെ കളറാ ." ഇത്രേം  കേട്ടപ്പോൾ തന്നെ  അമ്മയും  മകളും തമ്മിലുള്ള  പ്രശ്നങ്ങളുടെ  ഒരു ഏകദേശ രൂപം കിട്ടി .ഓളെ  തന്തനെ  ങ്ങക്ക്  അറീലെ  .ഏതെങ്കിലും  ഒരു രാത്രി ഞാൻ  സമാധാനത്തോടെ  ഒറങ്ങീട്ടുണ്ടോ .ഈ നാലെണ്ണത്തിനേം  പെർക്കി  ഞാൻ നബീസൂന്റെ  പെരടെ  പിന്നി പ്പോയി  ഒളിക്കും .കുടിച്ച്  വെളിവില്ലാത്ത  ആളല്ലേ  ന്റെ കുട്ട്യോളെ  എന്തേലും  കാട്ട്യാലോ  .അങ്ങനെ  വളത്തിണ്ടാക്കിതാണ്  ന്നാലും   കള്ള്  തലേന്നങ്ങട്ട്  അറ ങ്ങ്യ എന്താ  സ്നേഹം .പിന്നെങ്ങനാ  ഒയിവാക്കി  പോവാ .

കള്ളുകുടിയന്റെ  ഭാര്യമാരുടെ  ഈ സൈക്കോളജി   സൈക്കിയാട്രിസ്റ്അ രുൺ .ബി .നായർ  സർ മിക്ക  ട്രൈനിങ്ങു കളിലും  പറയാറുള്ളത്  ഞാൻ ഓർത്തു .LEARNED HELPLESSNESS .അതെ  കുറെ കഴിയുമ്പോ പല വേദനകളും  നമുക്ക്  ഹരമായി മാറും .തുടർച്ചയായ  തോൽവികൾ കൊണ്ട്  മടുപ്പു  ബാധിച്ച മനസ്സ്. .ഇനി ഒന്നും  ചെയാൻ ശ്രമിച്ചാലും  ഒരു മാറ്റവുമുണ്ടാവില്ലെന്ന വിശ്വാസം അത്രമേൽ  ആഴത്തിൽ  അവരിൽ  വേരോടിയിരിക്കും . പ്രതികരണ  ശേഷിയില്ലാതെ  -പ്രതീക്ഷയില്ലാതെ    ഒച്ചപ്പാടുകൾക്കിടയിൽ  വിഷാദത്തിൻറെ  ഒറ്റപ്പെട്ട തുരുത്തിൽ  അവർ  അവരെത്തന്നെ  സ്വയം  ശിക്ഷിക്കുന്നുണ്ടാവും. 

  . "ടീച്ചറേ  ഒരു 50  ഉറുപ്പ്യ  തരൂ "      അവളുടെ  ശബ്ദം  എന്നെ  കുലുക്കി  വിളിച്ചു.മുറ്റത്തുള്ള  റോസാച്ചെടിയിലേക്ക്   ഒരു ലക്ഷ്യവുമില്ലാതെ  അവൾ  കണ്ണ് പായിച്ചു . , "ഈ   സമയത്ത്  എന്തിനാപ്പൊ 50  ഉറുപ്പ്യ" എനിക്കെന്തോ  സംശയം തോന്നി . അവൾക്ക്ക്   എന്തൊക്കെയോ   എന്നോട്  പറയാനില്ലേ  . അതെന്തായാലും    പതിവു  പരിഭവങ്ങളല്ല  . .പതിവായി  കാണുന്ന  ധിക്കാര  ഭാവം  എങ്ങോ  ചോർന്നു  പോയ പോലെ ."നീ  ഇങ്ങോട്ട് കേറി വാ...ടീച്ചറ്  നോക്കട്ടെ " അവൾ  അകത്തേക്ക്  കേറിയതും  മണ്ണെണ്ണയുടെ  മണം  വീടാകെ  പരന്നു. മേലാകെ  മണ്ണെണ്ണയൊഴിച്ച്   നടക്കുകയാണവൾ  ..ജീവിതം  അത്രക്ക് നരകതുല്യമായി  തോന്നിക്കാണണം  അവൾക്ക് .എന്നിട്ടും  ജീവിക്കാനുള്ള  അവസാന  ശ്രമമാണ്  അവളിപ്പോൾ  നടത്തിക്കൊണ്ടിരിക്കുന്നത് .

 ."ഉച്ചക്കെന്തേലും  കഴിച്ചോ  മക്കളേ ,ടീച്ചർ  ചോറെടുക്കട്ടെ ".ഞാൻ  അവളെക്കൊണ്ട്  മെല്ലെ  സംസാരിപ്പിക്കാൻ    ശ്രമിച്ചു ."വെള്ളയാഴ്ച്ചമുതൽ  ഒന്നും  കഴിച്ചിട്ടില്ല  ടീച്ചറേ .ഇനിക്ക്  മരിച്ചാ മതി ."   അച്ഛനടിച്ച      മുറിവുകൾ     അവളുടെ    മുഖത്ത്  വരയായും   തടിപ്പായും   നിഴലിച്ചു   നിന്നു . അവളുടെ  കാര്യത്തിൽ  കാര്യമായി  ഇടപെട്ടപ്പോൾ  എന്നെ സ്നേഹിക്കുന്ന  സഹപ്രവർത്തകരിൽ  പലരും  ഉപദേശിച്ചു ." വെറുതേ  വയ്യാ വേലി  പിടിക്കണ്ട  സമീറ .അവരൊന്നും  ഒരിക്കലും  നന്നാവില്ല  ,നമ്മളെക്കൊണ്ട്  ഒന്നും  ചെയ്യാനാവില്ല ."   കുടിയനായ  അച്ഛൻറെ   മക്കൾ  ഒരിക്കലും  നന്നാവില്ലെന്ന  മുൻധാരണയാണ്  ഇതിനു പിന്നിൽ   . 

  എന്തായാലും  ചൈൽഡ്‌ലൈനും  മറ്റും  ഇടപെട്ട്  പ്രശ്നം  ഏറെക്കുറെ  സോൾവാക്കി . അവളെ  ആ വീട്ടിൽ  നിന്നും   മാറ്റിപ്പാർപ്പിച്ചു  .കാലം  സഞ്ചരിച്ചുകൊണ്ടേയിരുന്നു  .പിന്നീടൊരിക്കൽ   പെരിന്തൽമണ്ണയിൽ   വെച്ച് ഞാനവളെ   കണ്ടു  .അ  വളിപ്പോ  രണ്ടു കുട്ടികളുടെ  അമ്മയാണ് .സ്വന്തമായി  വരുമാനമുണ്ട് . സ്നേഹ സമ്പന്നനായൊരു   ഭർത്താവുണ്ട്.      ഞാൻ  ചിന്തിച്ചു   സമാധാനത്തോടെ   ഒരു   രാത്രി  കിടന്നുറങ്ങണമെന്ന്  ആഗ്രഹിക്കാനുള്ള  അവകാശം  പോലും   അന്ന്അ വൾക്കില്ലായിരുന്നല്ലോ . താനൊരു  ഭദ്രതയില്ലാത്ത  ലോകത്താണ്  പിറന്നതെന്ന്  സമൂഹം  അവളെ  ഇടക്കിടെ  ഓർമ്മിപ്പിച്ചിരുന്നത്  എന്തിനായിരുന്നു  .ഒരു  നിമിഷം  കൊണ്ട്  തിരിച്ചു പിടിച്ച  ജീവിതം എത്ര  ആഘോഷമായാണവൾ  കൊണ്ടാടുന്നത് .

    ഒരാളുടെ  ജീവിതം  അയാളുടെ  മാത്രമാണ് .വെല്ലുവിളികൾ  ചുറ്റും  നിന്ന്  കൊലവിളി  നടത്തും  ചിലപ്പോൾ .ജീവിത  സാഹചര്യങ്ങൾ  പലർക്കും  പലതാവാം . തോറ്റുകൊടുക്കില്ലെന്നും  എനിക്ക് ഞാൻ മാത്രമേയുള്ളൂവെന്നും  എപ്പോൾ  ചിന്തിച്ചു  തുടങ്ങുന്നുവോ  അപ്പോൾ  മാറ്റങ്ങളുടെ  മഴവില്ല്  നമുക്കുമുമ്പിൽ പ്രത്യക്ഷപ്പെടും .അവനവനെ  സ്നേഹിക്കുക ,സ്വന്തം  കഴിവുകളെ  സ്വയം  പ്രോത്സാഹിപ്പിക്കുക .ഒറ്റപ്പെട്ടുവെന്ന്  തോന്നുമ്പോൾ  ഒരു ബട്ടർഫ്‌ളൈ   ഹഗുകൊണ്ട് .പേടിക്കേണ്ട -നിനക്ക്  ഞാനുണ്ടെടാ  എന്ന് സ്വയം  ധൈര്യം  പകരുക . ഓർക്കുക  ജീവിതം  ഒരിക്കലേയുള്ളൂ .അതി  മനോഹരമായ  ഭൂമി     ഒരുപാട്  സന്തോഷങ്ങൾ  നിറച്ച്  എവിടെയൊക്കെയോ നിങ്ങൾക്കായി  കാത്തിരിപ്പാണ് 

          

 

No comments:

Post a Comment