Friday, February 15, 2019

വെളിച്ചപ്പാട് 

ജീവിച്ചിരുന്നപ്പോഴുള്ള 
നമ്മുടെ 
അന്ധത  കണ്ടിട്ടാവണം

വാക്കുചുഴറ്റി

ചിലർ 
മരണാനന്തരം 
വെളിച്ചപ്പെട്ടുകൊണ്ടേ 
ഇരിക്കുന്നത് .

Thursday, January 3, 2019

ഞാൻ  വഴിപിഴച്ചുപോയി 


നിനക്കും  എനിക്കുമിടയിലൊരു 
കണ്കോണുണ്ട് 
അതിന്റെ   വിരിഞ്ഞ ശലഭങ്ങൾക്ക് 
പ്രബഞ്ചം ചുരുട്ടിയൊതുക്കുന്ന 
ഗർവ്വ് .


ഒരു  നോട്ടംകൊണ്ടിത്ര   വസന്തങ്ങളിൽ 
വിരുന്നെത്താമെങ്കിൽ  
അത് 
പ്രണയമല്ലാതെ 
മറ്റെന്താണ് ?.

നിനക്കും  എനിക്കുമിടയിലൊരു  
പുഞ്ചിരിയുണ്ട് 
അതിന്റെ   അടഞ്ഞ  അകത്തളങ്ങളിൽ  
ആത്മാക്കളുടെ  സമാഗമം 
ആനന്ദത്തിൻറെ  സിംഹാസനം 
  വെയിൽ  , 
വേനൽ  മഴ 
നിലാപ്പൊയ്ക   
കുറുകുന്ന  കവിത .

ഉണ്ട ചോറിന്  നന്ദികാണിച്ച് 
ഉപ്പുനനയുന്ന  തൂവാല .
 ഭയം , നിഴൽ 
നിശ്ശബ്ദത .


ഒരു  പുഞ്ചിരികൊണ്ടിത്ര   ഭാവങ്ങളെ  
പടച്ചൊളിപ്പിക്കാമെങ്കിൽ   
അത്  പ്രണയമല്ലാതെ 
മറ്റെന്താണ് ?

നിനക്കും  എനിക്കുമിടയിലൊരു 
വിളിദൂരമുണ്ട് .
അതിൻ്റെ  ഇണയകലങ്ങളിൽ 
വിരഹം  പ്രതിധ്വനിക്കുന്ന  ചൊടിപ്പ് .

നിർത്തൂ  
ഇവിടെ   ഈസ്റ്റോപ്പിലാണെനിക്കിറങ്ങേണ്ടത്  :

ഞാൻ  വഴി  പിഴച്ചു  പോയി .

കള്ളൻ 

ഞാൻ  നിലാവിൽ 
പതഞ്ഞു  പൊങ്ങുന്നു .
അയൽ  വീട്ടിലെ  
ടെറസ്സിനു  മുകളിൽ നിന്നും 
ഒരു 
കടലാസ്സിലേക്ക് 
പതിയെ   നിറഞ്ഞിറങ്ങുന്നു  .




Saturday, October 20, 2018

ഇടിഞ്ഞു  വീഴുമ്പോൾ .

ചവിട്ടിക്കയറിയ  പടികളെല്ലാം 
ഒലിച്ചുപോയിരിക്കുന്നു .
നോക്കൂ.......... /?
അന്ധരാണവർ .
അഴുകിയ  ഭ്രാന്താലയമാണ് 
താഴ്ച്ചയിൽ .

Monday, October 8, 2018

നല്ലത്. 

ഒരുവാക്ക്  മാറ്റിപ്പറയുമ്പോൾ 
ഒരുതോക്ക്   പത്തി താഴ്ത്തുന്നെങ്കിൽ 
അതല്ലേ  നല്ലത് .


ഒരു  മരം  മുറിക്കുമ്പോൾ 

ഒരു  ഭയം  മരിക്കുന്നെങ്കിൽ 
അതല്ലേ   നല്ലത് .


ഒരു  ചിരി  പടർത്തുവാൻ 

ഒരു  നുണ  പൊതിഞ്ഞു  നൽകാനായാൽ 
അതു  മാത്രം   നല്ലതാകുന്ന  പോലെ .

ദൈവം 
ഒരമ്മയെ  വാരിയെടുത്ത് 
പ്രളയം  മുറിച്ചു  കടക്കുന്നു .

Monday, August 27, 2018

പ്രളയോന്മാദം


നിന്നാളോർക്കുന്നുണ്ടോ 
മലയും 
കടലും 
പ്രണയത്തിലാണെന്ന് 
അന്ന്  ഞാൻ  പറഞ്ഞപ്പോൾ 
നിങ്ങൾ 
പരിഹസിച്ചു  ചിരിച്ചത് .


വിളിച്ചിറക്കി ക്കൊണ്ടോവാൻ 
വേലിയേറ്റം  വരെ  വന്ന് ;
കടൽ 
തിരിച്ചിറങ്ങി പ്പോകുന്നത് 
ഞാൻ  കണ്ടിട്ടുണ്ട് .

തന്റെ  പരിമിതികളെ 
കണ്ണീർപുഴകളിൽ  നിറച്ച് 
മല 
വിരഹ സന്ദേശമെഴുതുന്നതും .

പലവട്ടം  ചൂഷണം  ചെയ്യപ്പെട്ടിട്ടും 
പതിവു  തെറ്റിക്കാതെ 
പാരമ്പര്യ  പ്രൗഢി  കാത്തവൾ 
എന്തു  ദുരനുഭവത്താലാണ് 
തന്റെയുള്ളിലെ  ജീവനെ 
കശക്കിയെറിഞ്ഞ് 
ഒരുന്മാദിയെപ്പോലെ 
കടലിന്റേതാകാൻ 
തീരുമാനമെടുത്തത് .