കത്രിക
ചിലരങ്ങനെ
അകന്നിരിക്കുന്നത്
തന്നെയാണ് നല്ലത് .
അടുത്തുപോയാൽ
അരിഞ്ഞുവീഴ്ത്തുമെന്നുറപ്പുള്ളവർ
ഉമ്മയോളം
ഞാൻ കാണേണ്ടതെല്ലാം
കണ്ടിരുന്ന കണ്ണ് ;
കേൾക്കേണ്ടതെല്ലാം
കേട്ടിരുന്ന കാത്
അറിയേണ്ടതെല്ലാം
നിറച്ചിരുന്ന മനസ്സ് .
എന്നോളം നിങ്ങൾ മറ്റൊന്നിലും
വിശ്വസിച്ചില്ലായിരുന്നു
നിങ്ങളോളം ഞാൻ മറ്റൊരാജ്ഞക്കും
അടിമപ്പെട്ടില്ലായിരുന്നു .
എൻ്റെ ശബ്ദങ്ങളിലെ ശൂന്യത
മൗനങ്ങളിലെ ഗാഢത
എത്ര വിദഗ്ധ മായാണ്
നിങ്ങൾ അരിച്ചു വേർതിരിച്ചെടുത്തത് .
നിങ്ങളുടെ നിശ്ചലതയുടെ പ്രതീക്ഷയായിരുന്ന
എൻ്റെ വേഗതകളെങ്ങിനെയാണ്
ഒറ്റശ്വാസത്തിൽ ഒരപായച്ചങ്ങലയിൽ
ഞാൻ പിടിച്ചു വലിച്ചു നിർത്തുക
ഞാനില്ലെങ്കിൽ നിങ്ങളെങ്ങനെ
എന്ന ധൃതിപ്പെടൽ
നിങ്ങളില്ലെങ്കിൽ ഞാനെന്ത് എന്ന
ചോദ്യ ചിഹ്നമായി പരിണമിച്ചിരിക്കുന്നു .
നെറ്റിത്തടത്തിൽ നിന്നേറ്റൊരു തണുപ്പ്
എന്നെയാകെ മരവിപ്പിച്ചിരിക്കുന്നു .
കണ്ണുകളിലൂടത് ഓർമ്മകളായി
ഉരുകിയൊലിക്കുന്നു .
ഇവിടം ഇപ്പോൾ തരിശുഭൂമിയായിരിക്കുന്നു .
നിശബ്ദമായ വൈകുന്നേരങ്ങ ളെങ്ങിനെയാണ്
എൻ്റെ ചിന്തകൾക്ക് വളമാവുക ?
കടുകുമണിയോളം പരിഭവങ്ങളിൽ മുങ്ങിത്തപ്പി
കടലോളം കവിതയാവുക .
അടിമ
ശത്രുവിനെ ശത്രുവായിത്തന്നെ
നിലനിർത്തുക എന്നത്
എത്ര ശ്രമകരമായ ജോലിയാണ്
.
നിന്നെക്കുറിച്ചു ചിന്തിക്കാതെ
എൻറെ ഒരുനിമിഷവും
കൊഴിഞ്ഞു പോകില്ലെന്നൊരു
വാഗ്ദാനമാണത് .
നിൻറെ ഉയർച്ച താഴ്ചകൾ
എന്നോളം
മറ്റൊരു ഹൃദയവും
തൊട്ടറിഞ്ഞിട്ടില്ലെന്നൊരു
കരുതലാണത് .
അകന്നിരുന്നിട്ടും
നമ്മളെത്രമാത്രം
അടുത്തിരിക്കുന്നുവെന്നൊരു
ഭ്രമപ്പെടുത്തലാണത് .
നിന്റെ നോട്ടങ്ങളിൽ
എൻറെ സ്വാത ന്ത്ര്യത്തെ
കുരുക്കിയിട്ടല്ലോ എന്നൊരു
കീഴ്പ്പെടലാണത് .
ശത്രുവിനെ ശത്രുവായിത്തന്നെ
നിലനിർത്തുക എന്നത്
എത്ര മൂഡമായ തീരുമാനമാണ്
ശത്രുവിനെ സുഹൃത്താക്കുവോളം
നമ്മളാ ശത്രുവിന്റെ
വെറും
അടിമ മാത്രമാണ്
ഷോളയൂർ കാഴ്ച്ചകൾ
പുറത്താക്കപ്പെട്ട പെണ്ണുങ്ങളും
പുറത്താക്കപ്പെട്ട ആണുങ്ങളും
പുറത്താക്കപ്പെട്ട കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്ക്
ചിറകു തുന്നുന്നു .
പഴുത്ത ഞാവൽ കാലത്തിലൂടെ
ആകാശത്തേക്കവർ
വലിഞ്ഞു കയറുന്നു .
വെളുത്ത മേഘക്കെട്ടുകൾക്ക്
നീലഛായം പൂശുന്നു .
സൂര്യനെ കുന്നിൻ ചെരുവിൽ
പ്രതിഷ്ഠിക്കുന്നു .
കാറ്റിനെ കാറ്റാടിയന്ത്രത്തിൽ തളയ്ക്കുന്നു .
നിലാവിൽ കുതിർന്ന് ഗുൽമോഹർ പെയ്ത വഴിയിലൂടെ
പെണ്ണുങ്ങൾ പുലർന്നു തുടങ്ങുന്നു .
കോടപുതച്ച ഓർമ്മകളെ
ചുടുചായയിൽ മുക്കി
ഉണക്കാനിടുന്നു .
കാടിന്റെ വാർത്തകളെ കീശയിലാക്കി
നടപ്പ് തുടരുന്നു .
കാടോളം വളരണം നമ്മളെന്ന്
ആവർത്തിക്കുന്നു .
താഴ്വാരത്തിനു മുഖംതിരിഞ്ഞൊരു
വെളുത്ത വീട്
വീടിനു കാവലിരിക്കുന്ന
രണ്ട് വെളുത്ത പട്ടിക്കുഞ്ഞുങ്ങൾ .
എത്ര കുരച്ചിട്ടും ആരേയും ഭയപ്പെടുത്താനാവാതെ
ചങ്ങലകൾ .
തുടുത്ത മാമ്പഴങ്ങൾക്ക് കാവലിരിക്കുന്നു
നരച്ച താടിക്കാരൻ .
പൊട്ടിച്ചെറിഞ്ഞ ചങ്ങലകൾക്ക് പകരം
നേർത്ത പുഞ്ചിരി .
കയ്യിൽ ഊന്നുവടി
തോളിൽ മുഷിഞ്ഞ പുതപ്പ്
എങ്കേ .............കണ്ണട ?
ഏലമലക്കാട്ടിലെ പെൺകുട്ടി
പെറ്റ പുലിയെ ഉമ്മവച്ചിട്ടുണ്ടത്രെ ;
എനാത് ?...............എനാത് ?
കണ്ണുകളിൽ കുമ്മിയാടുന്നു ...ആശ്ചര്യം
കേൾവികളിൽ ചോരയൂറ്റുന്ന അട്ടകൾ .
കാടിനെ .......നാടറിയട്ടെ
നാടിനെ ........കാടുണർത്തട്ടെ
ഉടയോർ
പതിവു തെറ്റുന്നു നമ്മളിന്നറിയാതെ
പലതു മങ്ങനെ മൂളി നടക്കുന്നു
പല വഴിക്കു പിരിയുന്നു നേരുകൾ
പറയുവാനുണ്ടൊരിത്തിരി പോരുകൾ
നിമിഷ നേരങ്ങൾ ചടുല വേഗങ്ങൾ
ഉടലു വെന്തുള്ള മുരുകും യാത്രകൾ
ഹൃദയ മാഴത്തിൽ പിഴുതെടുത്തിട്ട്
കടലു പോലതിൽ തിരകൾ പായിച്ച്
തുഴയുമാഴങ്ങൾ അതിരുവെട്ടിച്ച്‍
ഒടുവിൽ സൂര്യൻറെ ഇരുളു മോന്തീട്ട്
എവിടെ ഭൂമി കറങ്ങുന്നതില്ലയോ
എവിടെ സൂര്യൻ ഉദിക്കുന്നതില്ലയോ
എവിടെ മാനം ചിറകുകളില്ലയോ
എവിടെ വായു മിടിക്കുന്നതില്ലയോ
അടവു മാറ്റി പയറ്റുന്നു തന്ത്രങ്ങൾ
അനുഭവത്താൽ പഠിക്കാത്ത പാo ങ്ങൾ
ഉശിരാൽ വീശുന്ന ചോദ്യങ്ങളിൽ ചോര
ഉറവയായ് നൃത്തമാടുന്ന വേദികൾ
നിഴലുമാറും വെയിൽ നിറഞ്ഞാടും
കുളിരുമാറും കുരുവികൾ നീറും
ഉലകമെന്റേത് മാത്രമെന്നോതാൻ
ഉടയോർ നമ്മളങ്ങില്ലാതെയാവും