Sunday, November 24, 2019

അപേക്ഷ 

അലക്ഷ്യമായി  വിരിച്ച 
പത്രത്താള് 

അടക്കമില്ലാത്ത 
ചിരി 

സിപ്പ്  തുറന്നിട്ട 
ബാഗ് ;
അതിൽ നിന്നും  പുറത്തേക്കെത്തിനോക്കുന്ന 
നീലത്തൂവാല .

അടപ്പൂരിയ  പേന .
അന്തംവിട്ട  നിൽപ്പ് 

ഇത്രയെങ്കിലും

എന്റേതായി  ഞാൻ 
നിലനിർത്തിക്കോട്ടെ  എന്ന് 
വിനീതമായി 
അപേക്ഷിക്കുന്നു .

Wednesday, October 23, 2019

പൊട്ടക്കിണർ 

കാലം  പലതു  കഴിഞ്ഞുപോയി .പുതു 
കാവ്യം  ചികഞ്ഞൊരു  കാക്ക പാറി .
നേരും  നെറിയും  ചവച്ചു  തുപ്പി -അതിൻ 
നോവാസ്ഥി  പൊട്ടക്കിണറ്റിലെത്തി .

നേട്ടങ്ങളെല്ലാം  അഴിച്ചുവച്ച് 
സ്വപ്നക്കോ ട്ടങ്ങൾകൊണ്ട്  കിഴിച്ചെ ടുത്ത് 
പൂജ്യപ്പിറകിലൊളിച്ചിരുന്ന്‌ -പമ്മി 
  പൂച്ചയായ്  പിന്നെ  പതുങ്ങിവന്ന് .

കക്കാൻ  പഠിച്ചു   പഠിച്ചു  ജന്മം -കൃത്യ 
വക്കോളമെത്തി  പകച്ചു  നിന്ന് 
കണ്ടാലറിയാത്ത  ഭാവമെന്തേ -ഒന്നു 
കൊണ്ട് നിൻ  കണ്ണിൽ  കിനിഞ്ഞിടുന്നു .

നാക്കിൻ തലപ്പിലൂടൂർന്നവാക്ക് -തെന്നി
പേനക്ക്   സത്യ  സ്വരം  പകർന്നു .
നോക്കാൻ  മെനക്കെടാറില്ല  നമ്മൾ -ഒക്കെ 
നോട്ട പ്പിശകിൽ  കുറിച്ച്  വച്ചു .

ഞാനായി  ഞാനായി  ഞാൻ  വളരേ 
എന്നെ  ഞാനാക്കി  ഞാനാക്കി  വാഴ്ത്തീടേണം .
നീളുന്ന  ഭാവപ്പകർച്ചകൾ  നാം -ഒന്ന് 
നീന്താൻ  ഭയന്നാൽ  കഴിഞ്ഞു  കാര്യം .  



Saturday, August 31, 2019

മൂഢത 

കുറച്ച്  പൊക്കമുണ്ടായിരുന്നെങ്കിലെന്നു ----
ഞാനും 
കുറച്ചുകൂടി  കളറുണ്ടായിരുന്നെങ്കിലെന്നു --
നീയും   
ചിന്തിക്കുന്ന 
അതേ 
നടക്കായ്മകൊണ്ട് 
കുറച്ച് 
കഞ്ഞികിട്ടിയിരുന്നെങ്കിൽ  എന്ന് 
വിശക്കുന്നവനെ 
അളന്നെടുക്കരുത് .

ചിലപ്പോഴൊക്കെ 
ദൈവം 
നമ്മൾതന്നെയാണ് .

Friday, August 23, 2019

പ്രാണവേദന  

കവിത  തൂവി  പാഴായ  പാല് 
കവിത  തിങ്ങി  വേവേറിയ  ചോറ് 
കവിത  കുറുകി  ഉപ്പേറിയ  കറി 
കവിത  നീറി  കരിഞ്ഞുപോയ  ദോശ .

സൂര്യൻറെ 
ഒരു കണ്ണിറുക്കലിലേക്ക് 
ഇത്രമാത്രം 
പ്രാണപ്പെടുന്നതിന്റെ   വേദന 
അടുക്കളക്ക് 
മാത്രമേ  പേറാനാവൂ .
കിന്നാരം 

മഴ ; ഇരുട്ട്  ;അവധി 
എൻറെ  വീടിന്റെ 
തെക്കു  കിഴക്കേ  മുറി 
അതിന്റെ 
തെക്കു  കിഴക്കേ  മൂല .
ഞാൻ  തനിയെ ;

എന്നെ 
ഞാൻ 
ആത്മാർത്ഥമായി 
സ്നേഹിക്കുന്നെന്നു 
പ്രകൃതിയോടൊന്നു 
കിന്നരിച്ചോട്ടെ .
            നോവ്  

                  അസാന്നിധ്യം കൊണ്ട് 

നീ  
എന്നെ നോവിച്ച 
പ്രണയത്തിന്റെ 
അദൃശ്യമായ 
തേൻ  മുള്ളുകൾ .
അന്യൻ  

ഇന്നലെക്കൂടി 
ശ്രദ്ധിച്ചതാ 
ആരും 
തിരിഞ്ഞു നോക്കാത്ത 
ചലനശേഷി യില്ലാത്ത 
അവരുടെ  
വായിൽ 
അയാൾ  
ചോറുരുള 
വച്ചു  കൊടുക്കുന്നത് 

ഇന്ന് 
പൊട്ടിക്കരയാൻ 
ബന്ധുക്കൾ 
മത്സരിക്കുമ്പോൾ 
എത്രപെട്ടെന്നാണ് 
അയാൾ 
അന്യപുരുഷനായത് ;
അന്യ  മതസ്ഥനായത് 

 .
മയ്യിത്ത്
കാണാൻ  പാടില്ലാത്ത  മറ 
അവർക്കിടയിൽ  
വലിച്ചു 
കെട്ടപ്പെട്ടത് .