Wednesday, July 31, 2019

ഭ്രാന്തി 

ക്ഷമിക്കുന്നതിനുമൊരു  പരിധിയുണ്ടെന്നൊരേറ് 
എന്നിൽ 
ചിലപ്പോൾ 
ഏറിവരാറുണ്ട് .

"ഭ്രാന്തി '"യെന്നു നിങ്ങൾ 
തോൽപ്പിച്ചു  കളഞ്ഞല്ലോ 
ആ ചെറു 
ചെറുത്തു നിൽപ്പിനെ .
വേരുകൾ 

നമ്മൾ  പരസ്പരം 
സന്തോഷം  തേടി 
വഴിപിരിയുന്നു .

വേരുകൾ 
സ്വാതന്ത്ര്യത്തെ 
വലിഞ്ഞു  മുറുക്കുന്നു .

നമുക്ക് 
ശ്വാസം 
മുട്ടുന്നു .

Thursday, July 25, 2019

പറയൂ 

ആർക്കൊക്കെയറിയാം 
ആണാവുന്നിടത്ത് 
ആളാവാൻ 
എനിക്കാവാത്തത് 
ഞാനായിരിക്കാൻ 
ശേഷിയുള്ളതു  കൊണ്ടാണെന്ന് .
എന്നെ  വിട്ടേക്ക്  മച്ചാനേ 

എഴുത്തിൻറെ  മിക്കയിടങ്ങളിലും
എന്തെന്നില്ല്ലാത്തൊരു
വീർപ്പുമുട്ടലാണെനിക്ക് .

നാട്യങ്ങളും
മൂടുപടങ്ങളും
വെളുക്കനെ  ചിരിക്കുന്ന തലയോട്ടികളും
തൂക്കിയിട്ടൊരു  ഗുഹക്കുള്ളിൽ
അകപ്പെട്ടപോലെ  തോന്നും .

ബഹുമാനം 
ചീഞ്ഞതിന്റെ
നനവും
നാറ്റവും
തലയ്ക്കു മുകളിലൂടെ
ഊർന്നിറങ്ങും .

മൂക്കുപൊത്തൽ
അനുസരണക്കേടാകുമോ
എന്നുഞാൻ
വെറുതെ
ശങ്കിക്കും .

പുകഴ്ത്തലുകളും
പുകഴ്ത്തലുകളിൽ  ധ്വനിച്ച  ഇകഴ്ത്തലുകളും
എന്നെത്തന്നെ  ഞാൻ  കേൾക്കുന്നൊരു
ഭീതി  ജനിപ്പിക്കും .

തുരുമ്പിച്ച
ഇരുമ്പിന്റെ  ഗന്ധമുള്ള
പഴയ  പ്രതാപങ്ങൾ
കോന്തലകളിൽ
നിന്നും
കോന്തലകളിലേക്ക്
ഏന്തുന്നത്  കണ്ട് 
എനിക്കപ്പോൾ
ചിരിപൊട്ടും .

വായപൊത്തൽ
താഴ്ത്തിക്കെട്ടലാകുമോ
എന്നുഞാൻ
വെറുതെ
ശങ്കിച്ചെന്നു
വരുത്തും .

ഞാൻ  വായിച്ചതൊന്നും
ആരും  വായിച്ചതില്ലല്ലോ
എന്നൊരു
വായനാക്കാറ്റ്
ആഞ്ഞുവീശും .
കാൽപാദങ്ങളിലൂടെ
ഒരു
നിസ്സാരമാക്കൽ
ഇഴഞ്ഞു
വലിഞ്ഞു
കയറും .


സാഹിത്യലോകം
നിർത്താതെ  പോകുന്നൊരു
ബസ്സാണത്രെ .
ഇടിച്ചു
കയറണമെന്ന്
ആളിറങ്ങുന്നതും
സീറ്റൊഴിയുന്നതും
നോക്കി  നോക്കി   കാത്തു  നിൽക്കണമെന്ന് .

ഞാനൊരു
ഓട്ടോപിടിച്ചങ്ങെത്തിയേക്കാം
എന്നെ
വിട്ടേക്ക്
മച്ചാനേ . 

Monday, May 27, 2019

വിവാഹം 
വിവാഹം  ചിലർക്ക് 
സ്വാതന്ത്ര  പ്രഖ്യാപനമാണ് .
ദേ  നോക്ക് 
എന്നെപ്പോലെ .

എത്ര  പെട്ടെന്നാണ്
  അടക്കമൊതുക്കങ്ങളുടെ   വർത്തുള ചലനത്തിൽ നിന്ന്
 ഞാൻ 
സ്വാതന്ത്രത്തിലേക്ക്  
തെറിച്ചു  വീണത് .

തറവാടിത്തത്തിന്റെ 
അസഹനീയമായ  ഭാരം 
മുതുകിൽ നിന്ന് 
ഉരുകിയടർന്നത് .

പൊട്ടിത്തെറിച്ചത് 
പൊട്ടിചിരിച്ചത് .

അടിച്ചൊതുക്കിയത് 
അഭയം  നൽകിയത് 

കവിതയെഴുതിയത് 
കഥപറഞ്ഞത് 
.
കാടുകയറിയത് 
കായൽ  നീന്തിയത് .

ഒരുമിന്നുകൊണ്ടെത്ര  പെട്ടെന്നാണ് നീ 
എന്നിലെ  എന്നെ 
ജ്വലിപ്പിച്ചത് .

Sunday, May 19, 2019

മോഷണം  കവിയെ  കലാകാരനാക്കുന്നു .
നല്ല  സ്വാധീനവും  വായനാലോകവുമുള്ള ഒരാൾക്കേ 
കവിത  മോഷ്ടിക്കാൻ  അർഹതയുള്ളൂ .

അധികമാരും  കണ്ടില്ലെന്നുറപ്പുള്ള  
മുന്തിയതെന്നത്ഭുതപ്പെട്ട 
ഒരു    കവിതയെ 
കയ്യിൽകിട്ടിയ  മാത്രയിൽ 
സ്വന്തം  പേരിൽ 
മുക്കിയല ക്കണം .

ആത്മാവിൻറെ  അവസാനതുള്ളിയും  പിഴിഞ്ഞുകളഞ്ഞു 
ആസകലം  വെടിപ്പാക്കണം .

എഴുത്തു  തംബ്രാക്കന്മാർ  
കണ്ണടച്ചാജ്ഞാപിക്കുന്ന 
ഏതെങ്കിലുമൊരു  ആനുകാലികത്തിന്റെ  തണലിൽ 
പറഞ്ഞുറപ്പിച്ച  ലക്കത്തിൽ 
ഉണക്കാനിടണം .

ഉറ്റവരോ  ഉടയവരോ  അറിഞ്ഞെത്തും മുമ്പ് 
അതിന്റെ  പൊന്നാടയിൽ 
ആദരണീയനാവണം .

പെറ്റമനസ്സിന്റെ  നോവുപേറി  
പാഞ്ഞെത്തുന്നവരോട് 
തെറ്റുപറ്റിപ്പോയെന്ന് 
പരിശുദ്ധനാവണം .

മോഷണം  ഒരു  കലയാണ് .
ഇങ്ങനെയൊക്കെയാണ് 
കവി 
ഒരുവലിയ 
കലാകാരനാവുന്നത് .

Sunday, April 7, 2019

മാന്യമഹാജനങ്ങളേ 

മാന്യ  മഹാ ജനങ്ങളേ 
നിങ്ങടെ 
കണ്ണ് 
കാത് 
നാക്ക് 
ഇതാ 
ഈപേനത്തുമ്പിൽ 
തൂക്കിലേറ്റപ്പെടാൻ 
പോകുന്നു .

മൗനം
മാപ്പർഹിക്കാത്ത  കുറ്റകൃത്യമാണ് ;
ചിലനേരങ്ങളിൽ .