Monday, August 27, 2018

പ്രളയോന്മാദം


നിന്നാളോർക്കുന്നുണ്ടോ 
മലയും 
കടലും 
പ്രണയത്തിലാണെന്ന് 
അന്ന്  ഞാൻ  പറഞ്ഞപ്പോൾ 
നിങ്ങൾ 
പരിഹസിച്ചു  ചിരിച്ചത് .


വിളിച്ചിറക്കി ക്കൊണ്ടോവാൻ 
വേലിയേറ്റം  വരെ  വന്ന് ;
കടൽ 
തിരിച്ചിറങ്ങി പ്പോകുന്നത് 
ഞാൻ  കണ്ടിട്ടുണ്ട് .

തന്റെ  പരിമിതികളെ 
കണ്ണീർപുഴകളിൽ  നിറച്ച് 
മല 
വിരഹ സന്ദേശമെഴുതുന്നതും .

പലവട്ടം  ചൂഷണം  ചെയ്യപ്പെട്ടിട്ടും 
പതിവു  തെറ്റിക്കാതെ 
പാരമ്പര്യ  പ്രൗഢി  കാത്തവൾ 
എന്തു  ദുരനുഭവത്താലാണ് 
തന്റെയുള്ളിലെ  ജീവനെ 
കശക്കിയെറിഞ്ഞ് 
ഒരുന്മാദിയെപ്പോലെ 
കടലിന്റേതാകാൻ 
തീരുമാനമെടുത്തത് .

Tuesday, August 14, 2018






ചെയിൻ  റിയാക്ഷൻ 


ഒരുജീവൻ   കയ്യേറുമ്പോൾ
പലജീവിതങ്ങളില്ല്ലാതാകുന്ന 
വരൾച്ചയിലേക്ക്
പ്രതികരണങ്ങൾ
പ്രതികാരമായി  അണപൊട്ടുന്നതിൽ 
അമ്പരക്കുന്നതെന്തിന് ?




ചോരച്ച  കണ്ണുനീരുറവയാണ്  
ചുറ്റിലും .;

വൃഷ്ടി  പ്രദേശത്ത്  
നിലക്കാത്ത  
നഷ്ടപ്പെയ്ത്തും .

Monday, August 13, 2018

നിരാശ
ഓർക്കുമ്പോൾ 
ജീവിച്ചതേയില്ലെന്നു  തോന്നിപ്പിക്കുന്നു ;

ചില  നിസ്സാരങ്ങൾ .

Monday, August 6, 2018

സമാധാനം 
ചിലയിടങ്ങളിൽ 
അടിച്ചമർത്തലുകളെ  
മനസ്സിലാക്കാൻ  പോലുമാവാത്തവരുണ്ട് .

ഭാഗ്യവാന്മാർ; 

അടിമയായിട്ടാണെങ്കിലും ,
അവർ 
സമാധാനത്തോടെ 
മരിക്കുന്നു .

Thursday, July 12, 2018


 പ്രണയം  പെയ്തൊഴിഞ്ഞിടം .


ഇതെന്റെ  പുറം  ജാട 
നിങ്ങളുടെ  കാഴ്ചപ്പാടിൽ 
പ്രണയത്താൽ 
മലിനമാക്കപ്പെട്ടത് .

കാഴ്ചകളെ  ഇരുട്ടിലാക്കി 
കാറ്റിന്റെ  വേഗത്തിൽ 
ചില്ലകളേറി 
ഇടിഞ്ഞു  വീഴുംവരെ 
നനവാർന്നത് .

ഇതെന്റെ  അകം 
ചകിതം . 
നിസ്സഹായതക്ക് - തൂക്കുകയർ സാക്ഷ്യം  
നിവൃത്തി  കേടിന്
ഏകാന്തത കൂട്ട് .


ഉണക്കി  ഉയർത്താനൊരു 
സൂര്യൻ 
നിങ്ങളുടെ  ഉറപ്പുകളിലെന്തേ
ഇപ്പോഴെങ്കിലും  
ഉദിച്ചു  വരാത്തൂ ?.

Wednesday, July 11, 2018

വൈറൽ  

ഒറ്റക്കിരിക്കലും  ചിലപ്പോൾ 
ഒന്നിച്ചു  ജയിക്കലാണെന്ന് 
കുറേ  വൈറസുകളോട് 
എനിക്കും 
പറയാനുണ്ട് .

Sunday, February 4, 2018

കളഞ്ഞു പോയ  കവിത .


റെയിൽവേ  ഗേറ്റിന്റെ
തൊട്ടുമുമ്പത്തെവളവിൽ
റംബുട്ടാൻ  കായ്ച്ചുനിൽക്കുന്ന
നീലച്ചായം  പൂശിയ  വീടിന്റെ
പടിഞ്ഞാറേ  മൂലയിലെ ;
പൊടിപിടിച്ച  -കുറ്റിമുല്ലയുടെ 
കഷണ്ടിത്തലയിലേക്കായിരിക്കും 
ചിലപ്പോൾ  അത്  തെറിച്ചുവീണിട്ടുണ്ടാവുക .

നേരം വൈകുന്നെന്നു 
പൊടുന്നനെയോർമ്മിപ്പിച്ച 
രെജിസ്റ്ററിൽ  വീഴാൻപോന്നൊരു 
ചുവപ്പുകുത്തിന്റെ -
ഭയമടിഞ്ഞ  ആഴത്തിലേക്കായിരിക്കും 
ചിലപ്പോളത്  ആണ്ടുപോയിട്ടുണ്ടാവുക .


ഒട്ടും  പ്രതീക്ഷിക്കാത്തൊരു  പ്രണയത്തിന്റെ 
നോക്കുപാലത്തിലിടിച്ചായിരിക്കും 
ചിലപ്പോളത്  തകർന്നടിഞ്ഞിട്ടുണ്ടാവുക  .


ആദ്യത്തെമഴയെ  പൂവിട്ടാഘോഷിക്കുന്ന 
കാട്ടുനാരകത്തിന്റെ 
ശാസ്ത്രീയനാമത്തിലായിരിക്കും 
ചിലപ്പോളത്  ഉടക്കിനിന്നിട്ടുണ്ടാവുക .


എന്തായാലും 
കളഞ്ഞുപോയ  കവിതയെ  വീണ്ടെക്കുകയെന്നാൽ 
പിരിഞ്ഞുപോയ  പ്രാണനെ  
തിരിച്ചു  വിളിക്കുക  -എന്നാണ് .