Monday, February 22, 2021

അങ്ങനങ്ങനങ്ങനെ 




ചിലതങ്ങനെയാണ് 
ചിലരങ്ങനെയാണ് 
ചിലപ്പോളങ്ങനെയാണ് 

അതല്ലേ 
നമ്മൾ 
ഇങ്ങനെയായത് .

അന്നും ഇന്നും 

എത്തിനോട്ടങ്ങൾ 

തെന്നിവീഴാൻ  പാകത്തിന് .

കാഴ്ചക്കാരെ 

മാടിവിളിച്ച് 

വിട്ടു കള 

ഒന്ന് 

പറഞ്ഞു  മനസ്സിലാക്കാൻ 

പെടുന്ന  പാട് 

ജീവിതം 

ഇതെത്ര  കണ്ടതാ .

  ഒന്നുമില്ലെന്നേ 

 

കാടിൻറെ  നിഗൂഢതയിൽ 

കടലിന്റെ  ആഴങ്ങളിൽ 

മരുഭൂമിയുടെ  അനന്തതയിൽ 

''''''''''''''''''''''''''''

ഒന്നുമില്ലെന്നേ

Sunday, February 7, 2021

ലൈവ് 

അവൾ വെബ്ബിനാറിൽ 

ലൈവാണ് .

അല്ല  

  അവൾ വസ്ത്രങ്ങൾ 

ഇസ്തിരിയിടുകയാണ് 



നോക്കൂ 

ആ  വെളുത്ത  കസവുസാരി

 എത്ര പ്രയാസപ്പെട്ടാണവൾ   

മടക്കിയൊതുക്കുന്നത് 

അലമാരയിലേക്ക്  വലിഞ്ഞു  നീണ്ട് 

അടുക്കി  വക്കുന്നത് .

.

അവൾ  വെബ്ബിനാറിൽ  ലൈവാണ് 

അല്ല  

 അവൾ കുഞ്ഞിന്  മുലയൂട്ടുകയാണ് 

ആരാണിത്ര  മര്യാദയില്ലാതെ  അവളെ 

ഒച്ചവച്ചു  വിളിച്ചുകൂവുന്നത് 


അവൾ  വെബ്ബിനാറിൽ  ലൈവാണ് 

അല്ല 

നാളെകളെ  നുറുക്കി 

വറുത്ത് 

പുഴുങ്ങി യെടുക്കയാണ് .

അവൾ  ഇന്നിലല്ല 

നാളെയിലാണിപ്പോൾ 

അവൾ 

അവളല്ല 

നമ്മളൊക്കെത്തന്നെയാണ് .


അവൾ  വെബ്ബിനാറിൽ  ലൈവാണ്

അല്ല 

അവളുടെ  ഭർത്താവ്  അവളെ 

പ്രണയത്താൽ  ഉമ്മ വെക്കുകയാണ്‌ 

ഇപ്പോൾ 

ഇപ്പോൾ  മാത്രം 

അവൾ  ഇന്നിൽ  ജീവിക്കുന്നു .

വെബ്ബിനാർ  അവളാൽ  ലൈവാകുന്നു .

ഞാനെന്റെ  ഇണയെ  ഇത്രമനോഹരമായി 

ഇന്നേവരെ  ചുംബിച്ചിട്ടേയില്ലല്ലോ 

ഒരു  ചുവന്നതെറ്റാൽ 

വീഡിയോകളുടെ  ലൈറ്റണയുന്നു .

ഇന്നിൽ  ജീവിച്ച് 

ഇപ്പോൾ  ജീവിച്ച് 

ലൈവുകൾ 

ശരിക്കും 

ലൈവാകുന്നു . 


Sunday, December 27, 2020

രാത്രിയുടെ  ചീള് .

വവ്വാൽ  തലകീഴായി  തൂങ്ങിക്കിടക്കുന്നു 
നാളേക്കായി   ഉണക്കാനിട്ടൊരു 
കറുത്ത  തൂവാല   
രാത്രിയുടെ  ചീള് 

ഏറ്റവും  ഉയരംകൂടിയ  തേക്കിന്റെ 
ഏറ്റവും  ഉയരത്ത് .

ഡിസംബറിന്റെ  തണുപ്പിലേക്കത് 
ഊരി  വീണേക്കുമോ --ഇല്ല 
കാറ്റിന്റെ ഒക്കത്ത്
തങ്ങി  നിൽപ്പുണ്ട് .

കാക്കകൾ 
പകലിലാണ്  ജീവിക്കുന്നത് .
രാത്രിയെ  അവർ 
കൊത്തിവലിക്കാൻ  നോക്കുന്നു .
വവ്വാലിന്റെ  ശബ്ദ0
മനുഷ്യന്  താങ്ങാനാവാത്ത  ഉയർന്ന ആവൃത്തി 
അങ്ങിങ്ങു  ചീറ്റിതെറിച്ച് .

ആളുകൾ  കോടാലിയുമായെത്തുന്നു 
ഇരുട്ടിനെ  വെട്ടിത്തെളിക്കുന്നു 
പൊള്ളുന്ന  പകലിനെ 
മടിയിലിട്ട്  കൊഞ്ചിക്കുന്നു 

Friday, December 25, 2020

 വളർത്തു  ദോഷം 

ഉത്തരവാദിത്വമില്ലാത്തൊരു   വീട്ടമ്മയാകാൻ 

ആഗ്രഹമില്ലാഞ്ഞിട്ടല്ല 

അതിനു  ശ്രമിക്കുമ്പോഴെല്ലാം 

എൻറെ  ഉമ്മ 

ഉള്ളിൽ  കയറിയിരിക്കുമ്പോലെ 

തോന്നും 

.

പിന്നെ 

എത്ര ചെയ്താലും  പണിതീരാതെ 

എത്ര  സ്നേഹിച്ചാലും  മതിവരാതെ 

എത്ര  പ്രാർത്ഥിച്ചാലും  മനസ്സമാധാനം  കിട്ടാതെ 

എത്ര  ശാസിച്ചാലും  തൃപ്തി യാകാതെ 

ഞാൻ  തിളച്ചു  മറിഞ്ഞു കൊണ്ടേയിരിക്കും .

വളർത്തു  ദോഷം എന്ന്  ഇതിനേയും 

ഒന്ന്  പേരിട്ട്  വിളിച്ചു  തരാമോ ?