Thursday, October 22, 2020

പട്ടം 

ഒരു  ചിരി 
ഒരു  കളി 
ഒരു  പാട്ട് 
എത്രമാത്രം  ശ്രദ്ധിക്കപ്പെടാമെന്ന് 
ഒരിക്കൽ 
ഭ്രാന്തനായി  ജീവിച്ചവന് 
മാത്രമേ  അറിയൂ .

കണ്ടില്ലേ 
മാറ്റങ്ങളോരോന്നും 
ചങ്ങലകളെ  കോർക്കുന്നത് .
നോട്ടങ്ങളോരോന്നും അകലങ്ങളായി  പരിണമിക്കുന്നത് 
മൗനങ്ങൾ  ധിക്കാരമായും 
മോഹങ്ങൾ  അഹങ്കാരമായും 
മനസ്സിനെ വരിഞ്ഞുമുറുക്കി 
മറവിയെ 
കൊത്തുന്നത് .

ഒരു  ചിരി 
ഒരു  കളി 
ഒരു  പാട്ട് 
എത്രമാത്രം  ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്ന്   
ഒരിക്കൽ  ഭ്രാന്തനായി  ജീവിച്ചവൻറെ 
കൂടെ  ജീവിച്ചവർക്ക് 
മാത്രമേ  അറിയൂ .
ഒരു  പട്ടത്തിനായ് 
പൊട്ടാൻ  പാകപ്പെട്ട് 
വലിഞ്ഞു  പിണഞ്ഞു 
കുരുക്കു  വീഴുന്നവർ .

Tuesday, September 22, 2020

നടാടെ 

അമ്മിപോലെ 

ഉരലുപോലെ 

മാറാല പിടിച്ചു 

കിടപ്പുണ്ട് 

നടാടെ .


നടാടത്തെ  പെര 

നടാടത്തെ  പേറ് 

നടാടെ  കുത്ത്യേ  കെണറ് 

നടാടെ  കിട്ട്യേ ശമ്പളം 

നടാടെ കണ്ട പെണ്ണ് 

ഓൻ  ദുബായീന്ന് 

നടാടെ  കൊണ്ടന്ന  സാരി 


അങ്ങനെ 

നടാടെ  കൊണ്ട് 

തുടച്ചു മിനുക്കിയിരുന്ന 

മറക്കാനിഷ്ടപ്പെടാത്ത 

നല്ലോർമ്മകൾ 

(നടാടെ ..ആദ്യത്തെ) 

Friday, September 18, 2020

കേട്ടു ...കേട്ടു ..കേട്ടുകൊണ്ടിരിക്കുന്നു 
നിങ്ങളുടെ  സങ്കടങ്ങൾ 
എനിക്കു വച്ച് 
നീട്ടുന്നു .

എൻറെ സന്തോഷങ്ങളെ 
കൊത്തിയെടുത്തു
പറന്നുകളയുന്നു .

Sunday, August 23, 2020

പ്ലിങ്

പ്ലിങ് 


രമേശ്  , സുമേഷ് 

എന്റെ  വിജയത്തിന് 

ഇടം .വലം  

ഇവരുടെ  പേരുകൾ 

എത്ര പ്രണയത്തോടെയാണ്  ഞാൻ 

നിങ്ങൾക്കു  മുമ്പിൽ 

അവതരിപ്പിക്കുന്നതെന്നോ  .


ഇവരില്ലെങ്കിൽ 

ഇരുണ്ടു പോയേക്കാമായിരുന്ന 

വികല ദിനങ്ങളെ 

എത്ര  തെളിച്ചത്തോടെയാണ്  ഞാൻ 

നിങ്ങൾക്കായി 

ചിരിച്ചു  കാട്ടുന്നതെന്നോ .


വിഴുപ്പലക്കാനും 

പാത്രം  കഴുകാനും 

യന്ത്രങ്ങൾ  തന്നെയാണ്  നല്ലത് ;

അവയ്ക്ക്  ആൺ പേരുകളും 

Tuesday, July 28, 2020

എനമി  എ  ഹെഡ്            സമീറ  പി .പി 

വീടുകളിലേക്ക് 
കയറുമ്പോൾ
എങ്ങും  
കൊല്ലാനുള്ള 
ആക്രോശമാണ് ;
രക്ഷപ്പെടാനുള്ള 
മുറവിളികളും .

എങ്കിലും 
മക്കൾ  പുറത്തിറങ്ങുന്നില്ലല്ലോ 
കൊറോണപിടിക്കില്ലല്ലോ 
എന്നൊരാശ്വാസമുണ്ടമ്മമാർക്ക് .

അറിയാഞ്ഞിട്ടല്ല 
ഉന്നംപിടിച്ചുന്നംപിടിച്ച് 
കണ്ണുകൾ 
വിരൽ  തുമ്പിലൂടൂർന്നു 
പൊട്ടുന്നത് .

അതിർത്തി  ലംഘിച്ചു 
തെറിച്ചുവീഴുന്ന  തെറികൾ 
അങ്ങിങ്ങു  
മുളച്ചു  പൊങ്ങുന്നത് .

സമയത്തെ 
വെടിവച്ച് 
വെടിവച്ച് 
ജയങ്ങളെ 
തോൽവി 
പുതപ്പിക്കുന്നത് .

എനമി  എ  ഹെഡ് 

സംശയിക്കേണ്ട, 
ഒച്ചവെക്കുന്നതും 
ഓടിക്കിതക്കുന്നതും 
അമ്മതന്നെയാണ് 
നെഞ്ചിലേക്കുതന്നെ 
നിറയൊഴിച്ചേക്കുക .

Sunday, July 5, 2020

വ്യാഴനഷ്ടം 

ഒരു  വ്യാഴാഴ്ച്ച
എന്റെ  കയ്യിൽ  നിന്നും 
നഷ്ടപ്പെട്ടിട്ടുണ്ട് .

വ്യാഴത്തെക്കുള്ള  പ്ലാനുകൾ 
സ്നേഹം 
സൗഹൃദം 
പ്രണയം 
ദുഃഖം 
എല്ലാമെല്ലാം .

ഞാനറിഞ്ഞിരുന്നില്ല :
റാണിയാണ് പറഞ്ഞത് 
ഇന്ന്  വെള്ളിയാഴ്ചയാണെന്ന് 

ഇനിയിപ്പോ  ആർക്കെങ്കിലും 
കിട്ടിയിട്ടുണ്ടേൽ 
തിരിച്ചു  തരേണ്ട . 

ആ  പണിയൊക്കെ 
എനിക്ക്  ലാഭമായീന്ന് .........
അല്ല .......പിന്നെ .

Tuesday, June 30, 2020
















ധുരം പേറുന്നവൻ 

അയാളുടെ  കണ്ണുകൾക്ക് 
കാട്ടുതേനിൻറെ 
കത്തലാണ് 
പുഞ്ചിരിക്ക് 
തേനിനേക്കാൾ 
മധുരവും .

നഗ്നമായ 
പാദങ്ങൾ കൊണ്ട് 
എന്റെ 
വീട്ടുമുറ്റത്തെ 
അനുഗ്രഹിച്ചിരുന്ന 
ഇപ്പോൾ ജീവിച്ചിരിപ്പുള്ള 
ഒരേ ഒരു 
മനുഷ്യജീവിയാണയാൾ .

ഭൂമിയിലേക്ക് 
വേരാഴ്ന്നുപോയിട്ടുണ്ടെന്നു -
തോന്നിപ്പിക്കുമാറ് 
അയാളുടെ  ഞരമ്പുകളിലൊരു 
കാട്ടുചോല 
തിങ്ങി  നിൽപ്പുണ്ട് .

വർഷങ്ങളായി 
കാടിന്റെ 
മണവും 
നനവും 
കരുതലും 
അയാളിലൂടെയാണ് 
ഞങ്ങളറിഞ്ഞത് .




ചൂടിനെയോ ,
തണുപ്പിനേയോ 
-മഴയേയോ 
അയാൾ 
ഗൗനിക്കാറില്ല 
മധുരം നുണഞ്ഞ 
കുഞ്ഞുങ്ങളെപ്പോലെ -
മധുരത്താൽ  വീർത്ത 
കുഞ്ഞനുറുമ്പിനെപ്പോലെ 
അവയെല്ലാം  അയാളാൽ 
അത്രയേറെ 
വശീകരിക്കപ്പെട്ടിരുന്നു .

ഇത്രനാൾ 
അയാളുടെ ഒഴുക്കിന് 
തടസ്സം  നിൽക്കുന്ന 
ഒന്നും  ഭൂമിയിൽ 
സംഭവിച്ചിട്ടില്ലായിരുന്നു .

മധുരമൊഴിഞ്ഞപ്പോൾ 
കാടൊഴിഞ്ഞപോലെ -ശ്വാസം നിലച്ചപോലെ .

അയാളറിയുന്നുണ്ടാവുമോ 
ഒരു ഫോൺ നമ്പർപോലും 
വാങ്ങിച്ചുവക്കേണ്ടി  വന്നിട്ടില്ലാത്ത 
നിറവിനെ 
കണ്ണീരുപ്പാൽ ഞങ്ങൾ 
കാത്തിരിക്കുന്നത് .