മധുരം പേറുന്നവൻ .
അയാളുടെ കണ്ണുകൾക്ക്
കാട്ടുതേനിൻറെ
കത്തലാണ്
പുഞ്ചിരിക്ക്
തേനിനേക്കാൾ
മധുരവും .
നഗ്നമായ
പാദങ്ങൾ കൊണ്ട്
എന്റെ
വീട്ടുമുറ്റത്തെ
അനുഗ്രഹിച്ചിരുന്ന
ഇപ്പോൾ ജീവിച്ചിരിപ്പുള്ള
ഒരേ ഒരു
മനുഷ്യജീവിയാണയാൾ .
ഭൂമിയിലേക്ക്
വേരാഴ്ന്നുപോയിട്ടുണ്ടെന്നു -
തോന്നിപ്പിക്കുമാറ്
അയാളുടെ ഞരമ്പുകളിലൊരു
കാട്ടുചോല
തിങ്ങി നിൽപ്പുണ്ട് .
വർഷങ്ങളായി
കാടിന്റെ
മണവും
നനവും
കരുതലും
അയാളിലൂടെയാണ്
ഞങ്ങളറിഞ്ഞത് .
ചൂടിനെയോ ,
തണുപ്പിനേയോ
-മഴയേയോ
അയാൾ
ഗൗനിക്കാറില്ല
മധുരം നുണഞ്ഞ
കുഞ്ഞുങ്ങളെപ്പോലെ -
മധുരത്താൽ വീർത്ത
കുഞ്ഞനുറുമ്പിനെപ്പോലെ
അവയെല്ലാം അയാളാൽ
അത്രയേറെ
വശീകരിക്കപ്പെട്ടിരുന്നു .
ഇത്രനാൾ
അയാളുടെ ഒഴുക്കിന്
തടസ്സം നിൽക്കുന്ന
ഒന്നും ഭൂമിയിൽ
സംഭവിച്ചിട്ടില്ലായിരുന്നു .
മധുരമൊഴിഞ്ഞപ്പോൾ
കാടൊഴിഞ്ഞപോലെ -ശ്വാസം നിലച്ചപോലെ .
അയാളറിയുന്നുണ്ടാവുമോ
ഒരു ഫോൺ നമ്പർപോലും
വാങ്ങിച്ചുവക്കേണ്ടി വന്നിട്ടില്ലാത്ത
നിറവിനെ
കണ്ണീരുപ്പാൽ ഞങ്ങൾ
കാത്തിരിക്കുന്നത് .

No comments:
Post a Comment